Image

ഗുജറാത്ത് റവന്യൂ മന്ത്രിയുടെ സഹോദരന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

Published on 09 August, 2020
ഗുജറാത്ത് റവന്യൂ മന്ത്രിയുടെ സഹോദരന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍


അഹമ്മദാബാദ്: ഗുജറാത്ത് റവന്യു മന്ത്രി കൗശിക് പട്ടേലിന്റെ സഹോദരന്‍ ഗൗതം പട്ടേലിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാവിലെ കുടുംബാംഗങ്ങള്‍ക്കൊപ്പം അല്പനേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ഗൗതം പട്ടേല്‍ ഒന്നാംനിലയിലെ മുറിയിലേക്ക് പോയത്. വീട്ടുകാര്‍ 
മുറിയിലെത്തിയ സമയത്താണ് അദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അഹമ്മദാബാദ് എസ്.പി. വീരേന്ദ്രയാദവ് പറഞ്ഞു. ഗൗതം പട്ടേലിന് എന്തെങ്കിലും മാനസിക പ്രയാസങ്ങളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആനന്ദ് ജില്ലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നടത്തിയിരുന്ന ഗൗതം പട്ടേല്‍ മന്ത്രി കൗശിക് പട്ടേലിന്റെ ഇളയ സഹോദരനാണ്. ഭാര്യയും ഒരു മകനുമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക