Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയില്‍; 500 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

Published on 09 August, 2020
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയില്‍; 500 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 136.2 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും.

ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും. 500 കുടുംബങ്ങളിലെ 1700 ഓളം ആളുകളെയാണ് മാറ്റുക. വണ്ടിപ്പെരിയാര്‍, വള്ളക്കടവ് മുതല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഇന്നലെ രാത്രിയാണ് 136 അടി ആയി ഉയര്‍ന്നതെന്നും 138 ല്‍ എത്തും മുന്നേ തുറക്കുകയാണ് സുരക്ഷിതമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് കത്ത് തമിഴ്‌നാടിന് നല്‍കും. പ്രദേശത്തുനിന്ന് 1700 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. കുറച്ചാളുകള്‍ കാമ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഡാം തുറക്കേണ്ടി വന്നാല്‍ പകല്‍ തന്നെയാകും തുറക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി ആവുന്ന മുറയ്ക്ക് വെള്ളം പെരിയാറിലേക്ക് തുറന്നുവിടണമെന്ന് കേന്ദ്ര ജലകമ്മിഷനും ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാടിന് കത്ത് നല്‍കുകയും ചെയ്തു. ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പും തമിഴ്‌നാട് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക