Image

ടി.എസ് ചാക്കോ 83 -ലേക്ക്; അമേരിക്കന്‍ മലയാളികളുടെ അമരക്കാരന്‍

Published on 27 August, 2020
ടി.എസ് ചാക്കോ 83 -ലേക്ക്; അമേരിക്കന്‍ മലയാളികളുടെ അമരക്കാരന്‍

മൂന്നരപതിറ്റാണ്ടുകാലമായി അമേരിക്കന്‍ മലയാളികളുടെ സാമുദായിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രശോഭിത വ്യക്തിത്വമാര്‍ന്ന ടി.എസ്. ചാക്കോ 83-ന്റെ പൂര്‍ണ്ണനിറവിലേക്ക്. മലയാളികള്‍ക്ക് ഏറ്റവും ആദരണീയനും, സ്‌നേഹസമ്പന്നനുമായ ടി.എസ്. ചാക്കോ സാമൂഹിക പ്രതിബദ്ധതയുടെ പര്യായമാണ്.

1983-ലാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. അക്കാലം മുതല്‍ അമേരിക്കയിലുള്ള മലയാളികളുടെ ക്ഷേമത്തിനും, ജീവിതപുരോഗതിക്കും ആവശ്യമായ പ്രവര്‍ത്തനപദ്ധതികളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രമുഖ മലയാളികളില്‍ ഒരാളാണ് ടി.എസ് ചാക്കോ.

കേരളത്തില്‍ അദ്ദേഹം വിവിധ ഹെല്‍ത്ത് സെന്ററുകളില്‍ ഫാര്‍മസിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ട്രാന്‍വര്‍കൂര്‍ ടീ എസ്റ്റേറ്റിന്റെ ഇടുക്കി ജില്ലയിലുള്ള വണ്ടിപ്പെരിയാര്‍, പീരുമേടി, ഏലപ്പാറ തുടങ്ങിയ മേഖലകളില്‍ 18 വര്‍ഷത്തോളം അദ്ദേഹം സേവനം അനുഷ്ഠിച്ചു. അവിടെ അക്കാലത്ത് വിവിധ തോട്ടങ്ങളിലായി ഏകദേശം ഒന്നര ലക്ഷത്തോളം തൊഴിലാളികളുണ്ടായിരുന്നു. അവരെ ഏകോപിപ്പിച്ചുകൊണ്ട് 1966-ല്‍ സ്റ്റാഫ് യൂണിയനുണ്ടാക്കുന്നതിനു ആദ്യകാല നേതൃത്വം നല്‍കിയ വ്യക്തിയാണ് ടി.എസ്. ചാക്കോ.

മനുഷ്യസ്‌നേഹിയും, സാമൂഹിക പ്രവര്‍ത്തകനും എന്ന നിലയില്‍ ടി.എസ് ചാക്കോ ആദ്യകാലം മുതല്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയനാണ്. കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ ബര്‍ഗന്‍ കൗണ്‍സില്‍ മലയാളി ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് എന്ന നിലയിലും, സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായും അദ്ദേഹം അമേരിക്കന്‍ മലയാളി സമൂഹത്തിനുവേണ്ടി ചെയ്തിട്ടുള്ള സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കത്തക്കതല്ല. മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള ബര്‍ഗന്‍ കൗണ്‍സിലിന്റെ ദേശീയ അവാര്‍ഡ് ടി.എസ് ചാക്കോയ്ക്ക് ലഭിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ശ്രേഷ്ഠതകൊണ്ടാണ്. ജപ്പാന്‍, കൊറിയ, ഫിലിപ്പ്യാ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വ്യക്തികളെ ആയിരുന്നു ഈ അവാര്‍ഡിനു പരിഗണിച്ചിരുന്നത്. ഇതു ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ ആണു ടി.എസ്. ചാക്കോ, കേരളത്തിലെ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൗണ്ടേഷന്റെ 2012-ലെ പ്രവാസി പ്രതിഭാ പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായി.

അമേരിക്കയിലെ ലൈറ്റ് ഓഫ് ലവ് എന്ന സംഘടനയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയിലും ടി.എസ് ചാക്കോ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

മാര്‍ത്തോമാ സഭയുടെ ആസ്ഥാനമായ തിരുവല്ലാ പുലാത്തീനില്‍ വച്ചു നടന്ന ചടങ്ങില്‍ ഏറ്റവും നല്ല മാതൃകാ ഭര്‍ത്താവിനുള്ള അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. ഭദ്രമായ കുടുംബം ഭദ്രമായ സമൂഹത്തിനു സഹായകരമാകും എന്ന വിശ്വാസപ്രമാണമാണ് ടി.എസ് ചാക്കോയുടെ ജീവിത വിജയത്തിന്റെ അടിസ്ഥാനം. കേരളത്തിലും അമേരിക്കയിലും ഒട്ടനവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും അദ്ദേഹം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. വ്യക്തിബന്ധങ്ങളെ ഏറ്റവും അധികം കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തനാക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ചാക്കോച്ചന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ടി.എസ് ചാക്കോയ്ക്ക് ജന്മദിനാശംസകള്‍. 

Join WhatsApp News
Mini 2020-08-27 12:32:03
Happy birthday T S Chacko uncle. May God bless you with many more healthy years ahead. Mini, Thekkethil.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക