Image

ജോസഫ് മെത്രാപ്പോലീത്ത ദരിദ്രര്‍ക്കും മര്‍ദ്ദിതര്‍ക്കുമായി പ്രവര്‍ത്തിച്ചഅസാമാന്യ വ്യക്തിത്വമെന്ന് പ്രധാനമന്ത്രി

Published on 18 October, 2020
ജോസഫ് മെത്രാപ്പോലീത്ത ദരിദ്രര്‍ക്കും മര്‍ദ്ദിതര്‍ക്കുമായി പ്രവര്‍ത്തിച്ചഅസാമാന്യ വ്യക്തിത്വമെന്ന് പ്രധാനമന്ത്രി

തിരുവല്ല:കാലം ചെയ്ത ഡോ.ജോസഫ് മെത്രാപ്പൊലിത്ത ദരിദ്രര്‍ക്കും മര്‍ദ്ദിത ജനവിഭാഗത്തിനുമായി പ്രവര്‍ത്തിച്ച അസാമാന്യ വ്യക്തിത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 


മാനവികതയും സഹാനുഭൂതിയും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നും സ്മരിക്കപ്പെടും- പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ നവതി ആഘോഷത്തില്‍ പങ്കെടുത്ത കാര്യവും മോദി അനുസ്മരിച്ചു.


സമുദായത്തിന്റേയും സമൂഹത്തിന്റേയും നന്മയ്ക്കു വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച തിരുമേനിയുടെ വേര്‍പാട് സമൂഹത്തിന് വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. മത സൗഹാര്‍ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രവാചകനായിരുന്നു ജോസഫ് മെത്രാപ്പൊലിത്തയെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍ അനുസ്മരിച്ചു


അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ ഗാന്ധിയും


തിരുവനന്തപുരം/ന്യുഡല്‍ഹി: മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും വയനാട് എം.പിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും. 


സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അനുസ്മരിച്ചു. അശരണരുടേയും ആലംബഹീനരുടേയും ശബ്ദമമാണ് നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി അനുശോചന സന്ദേശത്തില്‍ പറയുന്നു.


മുഖ്യമന്ത്രിയൂടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:


സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. സമൂഹത്തിലെ അശരണരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇതിനുദാഹരണമാണ്.


പ്രളയം, ഭൂകമ്ബം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം രാജ്യമെമ്ബാടും സഞ്ചരിച്ചു. കേരളം സുനാമിയും മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. മതനിരപേക്ഷമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നല്‍കിയത്. സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വേര്‍പാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണ്. ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.


രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:


അശരണരുടേയും ആലംബഹീനരുടേയും ശബ്ദമമാണ് നഷ്ടമായത്. മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷനെന്ന നിലയില്‍ സഭയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രോപൊലീത്തയുടെ കാരുണ്യ വര്‍ഷം കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളില്‍ അനുഭവിക്കാനായി. 


ദുരിതബാധിതരേയും ഭിന്നലിംഗക്കാരേയും ഭിന്ന ശേഷിക്കാരേയും രോഗികളേയുമടക്കം തിരുമേനി ചേര്‍ത്തു പിടിച്ചു. സാമൂഹ്യ തിന്മകള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും സഭാകാര്യങ്ങളില്‍ പരിഷ്‌ക്കരണവാദത്തിന് മുന്‍കൈയെടുക്കുകയും ചെയ്ത മെത്രോപ്പൊലീത്ത സഭാ ഐക്യത്തിനു വേണ്ടിയും നിലകൊണ്ടു. മാര്‍ത്തോമ സഭക്കു മാത്രമല്ല നമ്മുടെ പൊതു സമൂഹത്തിനു തന്നെ വലിയ നഷ്ടമാണ് തിരുമേനിയുടെ വിയോഗം. ആദരാജ്ഞലികള്‍


മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള.


ക്രിയാശക്തിയും ജ്ഞാന ശക്തിയും ഇച്ഛാശക്തിയും സംഗമിച്ച സ്ഥിതപ്രജ്ഞനായ കര്‍മ്മയോഗിയെയാണ് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള.


സാമൂഹ്യ സേവനവും ആത്മീയതയില്‍ ഊന്നിയ മനുഷ്യ നിര്‍മ്മിതിയും ജീവിത വൃതമാക്കിയ അദ്ദേഹം കഠിനാദ്ധ്വാനവും നിരന്തര യാത്രയും നടത്തി മാര്‍ത്തോമ സഭയെ ലോകമെമ്ബാടും വ്യാപിപ്പിക്കാന്‍ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്.


എഴുത്തിന്റെ വീഥിയില്‍ തനിക്ക് എന്നും അദ്ദേഹം പ്രോത്സാഹനം നല്‍കിയിരുന്നഎന്നും 2016 ല്‍ ചെങ്ങന്നൂരില്‍ താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരിക്കെ തന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹം തയ്യാറായത് ഓര്‍ക്കുന്നു എന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.


ജീവിതത്തിലുടനീളം തളര്‍ച്ച യറിയാത്ത ഒരു പോരാളിയായിരുന്നു മെത്രാപ്പൊലീത്ത എന്നും കൊറോണ ശമിച്ച ശേഷം മിസോറാമില്‍ വരാമെന്നും രാജ്ഭവനില്‍ അതിഥിയായി താമസിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് നടപ്പാക്കാനാവാതെ പോയതില്‍ തനിക്ക് വേദനയുണ്ട് എന്നും
ഡോ: ജോസഫ് മാര്‍ മെത്രാപ്പൊലീത്തയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്ന വേളയില്‍ അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക