പാതിരാക്കാറ്റിന്റെ മൗനം ( കവിത ) ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ
SAHITHYAM
28-Nov-2020
SAHITHYAM
28-Nov-2020
അലസമാം കാറ്റിന്റെ കൈവിരൽ തൊട്ടപ്പോൾ
താനേ ചലിച്ചൊരു ചില്ല, ഒരു പൂമരചില്ല
കാറ്റിന്റെ കുളിരിൽ ചില്ലയുണർന്നു, പൂമരച്ചില്ലയുണർന്നു
ആ രാവൊരു സംഗമഭൂമിയായി, ഒരു സംഗമഭൂമിയായി-
പൊൻനിലാവങ്ങ് മുഖം മറച്ചു; നീലമേഘത്താൽ മുഖം മറച്ചു.
നക്ഷത്ര ദീപങ്ങൾ കണ്ണുചിമ്മി, വാനിൽ നിന്നങ്ങ് കണ്ണുചിമ്മി
ചില്ലയിൽ പൂവിട്ട പൂക്കാളാ രാവൊരു നിത്യ വസന്തമാക്കി-
ഒരു നിത്യവസന്തമാക്കി, രാവൊരു നിത്യവസന്തമാക്കി
കാറ്റോട് പൂമരം കഥകൾ ചൊല്ലി, ജന്മാന്തരങ്ങൾ തൻ വ്യഥകൾ ചൊല്ലി
പാഴ്മരമായതും, പൂമരമായതും താനായിരുന്നെന്ന് ചില്ലവിതുമ്പി
കാവിന്റെ ഇരുളിൽ ഇലഞ്ഞിയായ് പൂത്തതും
അമ്പലമുറ്റത്തെ ചെമ്പകമായതും ഉദ്യാനമദ്ധ്യത്തിൽ
ചന്ദനമരമായ് സുഗന്ധം പകർന്നതും താനെന്ന് ചൊല്ലീ-
കാറ്റിനുറങ്ങാൻ പൂമരം തല്പമൊരുക്കി,
നിഴലും നിലാവുമായ് കൈകോർത്ത് മയങ്ങി, രാവിൽ മയങ്ങി.
കാറ്റ്, ആനന്ദ ഭൈരവി രാഗം മൂളി, രാവിൻ കളിയരങ്ങിൽ
കാറ്റിന്റെ ഹൃദയം ചില്ലയിൽ തങ്ങുമ്പോൾ യാത്രാമൊഴിക്ക് നേരമായി;
നാടോടിയായൊരു കാറ്റ് പൂമരച്ചില്ലയെ തൊട്ടുതലോടി
ചില്ലതൻ മാറിന് മണിമുത്തമേകി കാറ്റ് പറന്നുപോയി.
കാറ്റാം കാമുകൻ പോയ് മറഞ്ഞതു നോക്കി പൂമരം വിങ്ങിക്കരഞ്ഞു,
അകലുന്ന കാറ്റിന്റെ താളത്തിൽ നിറമുള്ള പൂക്കളും ഇലകളും കൊഴിഞ്ഞു,
ഹാ, എൻ അന്തരംഗമേ നീ നിറച്ച അമൃതചഷകം പൊലിഞ്ഞു
ഒരു ജന്മ സുകൃതമായി നീതന്ന സാന്ത്വനം സുരഭിലമായി കാറ്റേ
നിൻ അന്തരംഗത്തിൽ ഞാനല്ലോ നിത്യവസന്തം!
ഇനിയൊരു ജന്മത്തിൽ കണ്ടാലറിയുമോ നമ്മൾ
മറ്റൊരു ജന്മത്തിൻ കഥയാരറിഞ്ഞു!
ഭൂമിയും ഭൂമിപ്പെറ്റമ്മയും ഞാനും ഒറ്റത്തുരുത്തുകളല്ലോ
വരുമൊരു നാൾ ഭൂമി വരണ്ടു പോയിടാം. ജലമതിൽ ഇല്ലാതെയായിടാം.
സൂര്യതാപം താങ്ങിടാനാവാതെ ഞാൻ ഉണങ്ങി വരണ്ട് പോയിടാം
അലയും വഴികളിൽ ഭാവങ്ങൾ മാറുന്ന കാറ്റേ വിട
പൂമരം വിതുമ്പി, ഗദ്ഗദം കണ്ണീർകണമായ് മന്നിലേക്ക് അടർന്നു വീണു-
എല്ലാം രാവിന്റെയിരുളിൽ അമർന്നു നിശ്ചലം
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments