Image

ബൈഡൻ കാബിനറ്റിലെ അംഗങ്ങളെപ്പറ്റി അഭ്യൂഹങ്ങൾ പലവിധം

Published on 29 November, 2020
ബൈഡൻ  കാബിനറ്റിലെ അംഗങ്ങളെപ്പറ്റി അഭ്യൂഹങ്ങൾ പലവിധം
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ കാബിനറ് പട്ടികയിൽ ആരൊക്കെയെന്നത്  ഇതിനോടകം വാഷിംഗ്ടണിൽ ചർച്ചയായി. അതെ സമയം പഴയ കുപ്പിയും പഴയ വീഞ്ഞുമായി പാഴ്ജയ ചതുപ്പ് നിലം പുംസഥപിക്കുകയാണ് ബൈഡൻ എന്നും ആക്ഷേപമുയർന്നു. (വാഷിംഗ്ടണിലെ സ്വാമ്പ് (ചതുപ്പ്) വെള്ളം ഒഴുക്കിക്കളയുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം എന്നോർക്കുക)

സ്റേറ് സെക്രട്ടറിയായി ആന്റണി ബിങ്കനെയും ഹോംലാൻഡ് സെക്രട്ടറിയായി അലജാന്ദ്രോ  മയോർക്കസിനെയും  ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. 

ദിവസങ്ങൾക്കുള്ളിൽ ടീമിലെ മറ്റു ആളുകളുടെ പേരുകൾ ചേർക്കുന്നതോടെ സ്ഥിതി സങ്കീർണമായേക്കാം. മത്സരാർത്ഥികളെ നിർണയിക്കുന്നത്  അവരുടെ പ്രത്യയശാസ്ത്രം, ലിംഗം, വംശീയത, പാർട്ടിയുടെ അംഗീകാരം, സൗഹൃദം, കഴിവ്, വ്യക്തിപരമായ പശ്ചാത്തലം, മുൻപത്തെ പ്രവർത്തനമേഖല എന്നിങ്ങനെ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ്.

അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ  ബൈഡനെ സഹായിക്കുന്നവരും വിവരങ്ങൾ ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല.  എന്നിരുന്നാലും,വാഷിംഗ്ടണിലെ പതിവുരീതിപോലെ പ്രസിഡന്റ് -ഇലക്ടിനു താല്പര്യമുള്ളവരുടെ പേരുകളാണ് ചർച്ചകളിൽ ഇടയ്ക്കിടെ ഉയർന്നുകേൾക്കുന്നത്.  സൂം കോളിലൂടെയും ട്വിറ്റർ പോസ്റ്റുകളിലൂടെയും നിയമനിർമ്മാതാക്കളുടെ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ലോബികൾ മുഖേനയും രാഷ്ട്രീയ നിരീക്ഷകരിലൂടെയുമെല്ലാം ഗോസിപ്പുകൾ  കൊഴുക്കുന്നു. 

വരും ആഴ്ചകളിൽ കൂടുതൽ അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിക്കുമെന്ന ഉറപ്പ് മുതിർന്ന ട്രാന്സിഷൻ അഡ്വൈസർ ജെന്നിഫർ സാകി പങ്കുവച്ചു.  ഒബാമ ഭരണകൂടത്തിലെ ഡെപ്യൂട്ടി അറ്റോർണി ജനറൽ സാലി ക്യൂ. യേറ്റ്സ്   അടുത്ത അറ്റോർണി ജനറലായാൽ,  ട്രംപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നും അഭ്യൂഹമുണ്ട്. പക്ഷെ, ഈ നിയമനം  റിപ്പബ്ലിക്കന്മാർ സെനറ്റിൽ അംഗീകരിക്കുമോ എന്ന് സംശയമുണ്ട്.. 

യേറ്റ്സ് അല്ലെങ്കിൽ  ഈ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്  2013 ൽ എഫ് ബി ഐ ഡയറക്ടർ സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ലിസ മൊണാക്കോയെ ആണ്. മസാച്യുസെറ്സ് മുൻ ഗവർണർ  ഡേവൽ  പാട്രിക്കാണ് മറ്റൊരാൾ . കാലിഫോർണിയ അറ്റോർണി ജനറൽ സേവ്യർ ബസെറയ്ക്കും സാധ്യതയുണ്ട്.

ഡിഫേസ് സെക്രട്ടറിയായി ക്ലിന്റൺ-ഒബാമ കാലങ്ങളിൽ പ്രവർത്തനപരിചയമുള്ള മിഷേൽ എ. ഫ്ലോർനോയ് പെന്റഗണിനെ നയിച്ചേക്കും.  മുൻ ഡെപ്യൂട്ടി എനർജി സെക്രെട്ടറിയും ദേശീയ സുരക്ഷ കൗൺസിൽ അംഗവുമായ എലിസബത്ത് ഷെർവുഡ് രണ്ടാൾ ആണ് സാധ്യതയുള്ള മറ്റൊരാൾ.  റിട്ടയർഡ് ആർമി ജനറൽ ലോയ്ഡ് ജെ. ഓസ്റ്റിന്റെ പേരും ചർച്ചചെയ്യപ്പെടുന്നുണ്ട്. 

ഒബാമയുടെ കാലയളവിൽ , പെന്റഗണിൽ  ഉന്നത അഭിഭാഷകനായി പ്രവർത്തിക്കുകയും പിന്നീട് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ആകുകയും ചെയ്ത  ജെ  ജോൺസനും പരിഗണിക്കപ്പെടുന്നു. 

ഒബാമയ്‌ക്കൊപ്പം പ്രവർത്തിച്ച മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തോമസ് ഇ. ഡോണിലോണിന് സി ഐ എ യുടെ ചുമതല ലഭിക്കാൻ സാധ്യതയേറെയാണ്. അദ്ദേഹത്തിന്റെ സഹോദരൻ മൈക് ഡോണിലോൺ ബൈഡന്റെ അടുത്ത രാഷ്ട്രീയ ഉപദേശകരിൽ ഒരാളാണ്.

മുൻ ഫെഡറൽ റിസേർവ് ചെയറായിരുന്ന ജാനറ്റ് എൽ. യെല്ലെൻ ട്രഷറി സെക്രട്ടറി ആയേക്കും. സാമ്പത്തികശാസ്ത്രജ്ഞൻ റോഗർ ഡബ്ലിയു. ഫെർഗുസൺ ജൂനിയറാണ് ഈ സ്ഥാനത്തേക്ക് ബൈഡന്റെ പട്ടികയിലുള്ളത്. കറുത്തവർഗക്കാരൻ എന്നതുകൊണ്ട് ഫെർഗുസൺ നിയമിക്കുന്നതിലൂടെ ബൈഡനു തന്റെ വാക്ക് പാലിക്കാൻ കഴിയും. ഈ സ്ഥാനത്തേക്ക് കേൾക്കുന്ന മറ്റെല്ലാ പേരുകളും വെളുത്തവരുടേതാണ് ( ബ്രൂസ് റീഡ്, ഓസ്റ്റൻ ഗൂൾസ്ബീ , ജീൻ സ്‌പെർലിങ്, ബ്രയാൻ ഡീസ് എന്നിവരെല്ലാം തന്നെ ക്ലിന്റൺ-ഒബാമ കാലയളവിൽ സാമ്പത്തിക രംഗത്ത് പ്രവർത്തിച്ചവരാണ്).

കോൺഗ്രസിലെ  സൗത്ത് കരോലിന പ്രതിനിധി ജെയിംസ്. ഇ. ക്ളൈബേൺ ,  ഒഹിയോയിൽ നിന്നുള്ള ആഫ്രിക്കൻ - അമേരിക്കൻ  മാർസിയ എൽ. ഫഡ്‌ജിനെ കാർഷിക സെക്രട്ടറി ആക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് . 

മഹാമാരിയെ നേരിടുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒബാമ ഭരണകൂടത്തിൽ ദേശിയ സാമ്പത്തിക കൗൺസിലിന്റെ ഡയറക്ടറായിരുന്ന ജെഫ്‌റി ഡി. സീയെന്റ്സിന് ചുമതല നൽകിയേക്കും. 'കോവിഡ് സാർ' എന്നാണ് ബൈഡൻ ഈ പദവിക്ക് നൽകിയിരിക്കുന്ന  പേര്.  മുൻ സർജൻ ജനറൽ ആയിരുന്ന വിവേക് എച്ച്. മൂർത്തിയും ഈ സ്ഥാനത്തിന് യോഗ്യനാണ്. വൈറസുമായി ബന്ധപ്പെട്ട ട്രാന്സിഷൻ പാനലിൽ ബൈഡന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നത് മൂർത്തിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക