Image

നിലപാട് കടുപ്പിച്ച് കര്‍ഷകര്‍, കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ച, ഇന്നും ചര്‍ച്ച

Published on 04 December, 2020
നിലപാട് കടുപ്പിച്ച് കര്‍ഷകര്‍, കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ച, ഇന്നും ചര്‍ച്ച
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക നേതാക്കളും നടത്തിയ ഇന്നലത്തെ ചര്‍ച്ചയിലും തീരുമാനമായില്ല. താങ്ങുവില ഉറപ്പാക്കാന്‍ ഭേദഗതി ഉള്‍പ്പെടെയുള്ള കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് കേന്ദ്രം തയാറായെങ്കിലും ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിച്ച് ഒരാഴ്ചയിലേറെയായി നടക്കുന്ന സമരം പിന്‍വലിക്കാന്‍ കര്‍ഷകനേതാക്കള്‍ വിസമ്മതിച്ചു. നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. ഇന്ന് വീണ്ടും ചര്‍ച്ച നടക്കും.

ഇന്നലെ വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചര്‍ച്ച ഏഴ് മണിക്കൂറിലേറെ നീണ്ടു കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിനെ കൂടാതെ റെയില്‍വേമന്ത്രി പിയുഷ് ഗോയല്‍, വാണിജ്യ വ്യവസായ സഹമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള എം.പിയുമായ സോം പ്രകാശ് എന്നിവരും സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്നുള്ള 40 നേതാക്കളും പങ്കെടുത്തു.

കര്‍ഷകര്‍ അറിയിച്ച ആശങ്കകള്‍ വിശദമായി കേട്ട തോമര്‍ പൂര്‍ണമായും അനുനയ നിലപാടാണ് എടുത്തത്. താങ്ങുവില തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയതായി യോഗശേഷം കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. നിയമപരമായി കര്‍ഷകര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് കേന്ദ്രം പരിഗണിക്കും. സര്‍ക്കാരിന് ഈഗോ ഇല്ല. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നേരിയ പുരോഗതിയുള്ളതായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക