ആകാം ആകാതിരിക്കാം (കവിത: വേണുനമ്പ്യാര്‍)
kazhchapadu
07-Jan-2021
വേണുനമ്പ്യാര്‍
kazhchapadu
07-Jan-2021
വേണുനമ്പ്യാര്‍

ഉണ്ണിക്കായകളുടെ ഒടുവിലത്തെ പടന്നയ്ക്കും
വാഴക്കുടപ്പന്റെ മൊത്തിനുമിടയില്‍
മെടഞ്ഞിട്ടതുപോലെ കാണപ്പെടുന്നത്
ഒരു കന്യകയുടെ മുടിയാകാം
ആകാതിരിക്കാം
പഴുതില്ലാത്ത നീലാകാശത്തിനു
താഴോട്ട് പോരാന്‍ ആവതല്ല
ത്രാണി പോര ഭൂമിക്കു മേലോട്ട് പൊങ്ങിനിവരാനും
ഇത്രയ്ക്ക് സുന്ദരമായി പിന്നെ മുടി
മെടഞ്ഞതാരായിരിക്കും
.jpg)
പ്രണയം നടിച്ചെത്തിയ ഏതോ കള്ളക്കാമുകനാകാം
ആകാതിരിക്കാം
അടര്‍ന്നു വീണ കൂമ്പിന്‍പോളകള്‍ക്കും
വാവല്‍ ചപ്പിയിട്ട തേനല്ലികള്‍ക്കും ഇടയിലൂടെ
ഉറുമ്പുകള്‍ നര്‍ത്തകിയായ ഒരു കരിമ്പടപ്പുഴുവിനെയും പേറി
മുന്നോട്ട് വച്ചടിക്കുന്നത്
ചുവന്ന മാളത്തിലിട്ട് ഭോഗിക്കാനാകാം
ആകാതിരിക്കാം
ആ ദൃശ്യം ആസ്വദിച്ച സൂര്യനമ്മാവന്‍
മദയാനയുടെ ആകാരം പൂണ്ടു വന്ന
ഒരു മഴമേഘത്തിനു പിറകില്‍
ഒറ്റയ്ക്ക് കണ്ണാരം പൊത്തിക്കളിച്ചു
കാറ്റിനോട് മല്ലിട്ട് തളര്‍ന്ന
വാഴയിലകള്‍ തോരണമായി തൂങ്ങി നിന്നു
അത് വാഴക്കുടപ്പനു കീഴെ കളിക്കാന്‍ വരാറുള്ള
ബാല്യങ്ങള്‍ക്കു വേണ്ടിയാകാം, ആകാതിരിക്കാം
വാഴപ്പച്ച അതിരിട്ട അസംഖ്യം ഓട്ടകളിലൂടെ
അനന്തതയുടെ കരിനീലകൃഷ്ണമണികള്‍
വരണ്ട ഭൂമിയെ ഉറ്റു നോക്കി
പകല്‍ മൂന്ന് മണിക്ക് ഒരിടി
അത് പകലുറങ്ങുന്ന വീട്ടമ്മമാര്‍ക്ക് വേണ്ടിയാകാം
ആകാതിരിക്കാം
പിന്നെ തുടം തുടം
കുടം കുടം
തുടം തുടം
കുടം കുടം
കത്തി നില്‍ക്കുന്ന വെയിലിലും
തുമ്പിക്കൈ വണ്ണത്തില്‍........
മഴയും വെയിലും ഒപ്പത്തിനൊപ്പം
തുളുമ്പി പ്രകാശിക്കും സ്പന്ദങ്ങള്‍..........
ഇതൊക്കെ നിത്യതയുടെ അപാരതയുടെ
അനുഗ്രഹാശിസ്സുകളാകാം
ആകാതിരിക്കാം
അല്ലെങ്കില്‍ പഴമക്കാരുടെ ഭാവനയിലെ
അണ്ണാറക്കണ്ണന്റെ ബര്‍ത്ത്‌ഡേ!
നിഷ്‌ക്രിയതയുടെ ഊര്‍ജ്ജസ്വലമായ ശരങ്ങളായി
അയലത്തെ കുട്ടികള്‍
കൂക്കിവിളിച്ചെത്തി
റെഡ് വെല്‍വെറ്റ് കേക്കില്ല
മെഴുകുതിരിയില്ല
ബലൂണില്ല
കടലാസ്സു പൂക്കുറ്റിയില്ല.
അവര്‍ ബി പി എല്‍ കുട്ടികള്‍
ബോണ്‍ പോയറ്റ്സ് ഓഫ് ലൈഫ്!
കൂര്‍പ്പിച്ച ഓട്ടിന്‍തുണ്ട് കൊണ്ട്
വാഴക്കുടപ്പനു കീഴെ വീണു കിട്ടിയ പോളകള്‍
പിറന്നാള്‍സദ്യക്കായി നുറുക്കുമ്പോള്‍
വാസന്റെയും മാര്‍ട്ടിന്റെയും റഫീക്കിന്റെയും തലക്കുമീതെ
പാല്‍വെള്ളയില്‍ നീലക്കുറിയിട്ട അഞ്ചാറ് ശലഭങ്ങള്‍
വട്ടമിട്ടു പാറിക്കളിച്ചു
ശലഭങ്ങളും ക്ഷണിക്കാതെ വന്ന അതിഥികളാണോ
ആകാം ആകാതിരിക്കാം
തോരന് നുറുക്കി തളര്‍ന്ന വാസന്‍
കഴുത്തു നിവര്‍ത്തി മുകളിലേക്ക് ചെരിഞ്ഞു നോക്കി
തെങ്ങിന്‍തലപ്പുകളില്‍ നിന്ന് തെങ്ങിന്‍തലപ്പുകളിലേക്ക്
ആകാശം വഴി വളഞ്ഞു നില്‍ക്കുന്നു
ആരെയുമറിയിക്കാതെ കടന്നു വന്ന ഒരു വര്‍ണസ്വപ്നം!
നിറങ്ങള്‍ ഏഴും ദൈവം പണയത്തിന്മേല്‍
കടം വാങ്ങിയതാകാം
ആകാതിരിക്കാം
സൂര്യനെയും മഴമേഘത്തെയും ഈട് വെച്ചാല്‍പ്പിന്നെ
വാരിക്കോരി കൊടുക്കാതിരിക്കുമോ പുല്ലും പൂക്കളും പഴങ്ങളുമൊക്കെ
'റഫീക്കേ, നോക്കെടാ ആകാശം....'
വിസ്മയത്തില്‍ സ്‌നാനപ്പെട്ട് വാസന്‍ ഒച്ചയിട്ടപ്പോഴേക്കും
ഒരു സ്വപനത്തിലെന്നോണം കുലവില്ലെങ്ങോ.....
അനന്തരം അവന്റെ മിഴികള്‍ നനഞ്ഞുപോയത്
കൊച്ചുകണ്‍പീലികളില്‍ മറ്റൊരു മഴവില്ല് പടര്‍ത്താനാകാം,
ആകാതിരിക്കാം!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments