Image

പുലിയെ പിടിച്ച്‌ കറിവെച്ച്‌ കഴിച്ച സംഭവം; 'പ്രതികള്‍ക്ക്' സ്വീകരണം നല്‍കാനൊരുങ്ങി നാട്ടുകാര്‍

Published on 24 January, 2021
പുലിയെ പിടിച്ച്‌ കറിവെച്ച്‌ കഴിച്ച സംഭവം; 'പ്രതികള്‍ക്ക്' സ്വീകരണം നല്‍കാനൊരുങ്ങി നാട്ടുകാര്‍
മാങ്കുളത്ത് പുലിയെ കെണിവെച്ച്‌ പിടിച്ച്‌ കറിവെച്ചവര്‍ക്ക് പിന്തുണയുമായി നാട്ടുകാര്‍. കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വന്യജീവി ക്രമം പതിവാണെന്നും പരാതിപ്പെട്ടിട്ടും നടപടി ഇല്ലായിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. 

സ്ഥിരം ശല്യമായിരുന്ന പുലിയെ പിടികൂടിയവര്‍ക്ക് സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികളെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വന്യജീവി ആക്രമണത്തിനെതിരെ പരാതികള്‍ ഉന്നയിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും ആടിനേയും കോഴികളേയും മാസങ്ങള്‍ക്ക് മുമ്ബ് പുലി പിടിച്ചിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

പുലിയെ കെണിവച്ച്‌ പിടിച്ച്‌ ഇറച്ചി പാകം ചെയ്തു കഴിച്ച മാങ്കുളം മുനിപ്പാറ മേഖല വന്യജിവികളുടെ സ്ഥിരം വിഹാര മേഖലയാണ്. കാലിന് പരിക്കേറ്റ ഒരാട് ഇപ്പോഴും തൊഴുത്തിലുണ്ട്. നാളിതുവരെ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ഈ സാഹചര്യത്തിലാണ് പുലിയെ കൊന്ന് കറിവെച്ചവര്‍ക്ക് നാട്ടുകാര്‍ പിന്തുണ നല്‍കുന്നത്. എന്നാല്‍ വന്യമൃ​ഗശല്യം സംബന്ധിച്ച്‌ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. -

പുലിയെ പിടികൂടുന്നതും കൊല്ലുന്നതും നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ പുലിയെ പിടിക്കാന്‍ ഗൂഢാലോചന നടത്തിയാല്‍ പോലും ശിക്ഷ അനുഭവിക്കേണ്ടി വരും.

പുലിയ പിടികൂടിയ കേസില്‍ മുനിപാറ കൊള്ളിക്കടവില്‍ പി കെ വിനോദ്, ബേസില്‍ ഗാര്‍ഡന്‍ വീട്ടില്‍ വി പി കുര്യാക്കോസ്, മാങ്കുളം പെരുമ്ബന്‍കുത്ത് ചെമ്ബന്‍പുരയിടത്തില്‍ സി എസ് ബിനു, മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന്‍, മാങ്കുളം വടക്കുംചേരില്‍ വിന്‍സെന്‍റ് എന്നിവരാണ് അറസ്റ്റിലായത്. പുലിയുടെ തോല്‍, നഖങ്ങള്‍, പല്ല് എന്നിവയും കറിവെച്ച ഇറച്ചിയും വനപാലകര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

പുള്ളിപ്പുലി പറമ്ബില്‍ വരാറുണ്ടെന്ന് മനസ്സിലാക്കിയ ഒന്നാം പ്രതി വിനോദ് കെണിയൊരുക്കി ഒരു മാസത്തോളം കാത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. വിനോദിന്റെ സുഹൃത്തുക്കളായ കുര്യാക്കോസും ബിനുവുമാണ് കെണി ഉണ്ടാക്കാന്‍ സഹായിച്ചത്. 

കാട്ടുപന്നിയെ പിടികൂടാന്‍ വയ്ക്കുന്ന കമ്ബിക്കെണിയുടെ വലിയ രൂപമാണു പുള്ളിപ്പുലിയെ കുടുക്കാന്‍ ഉപയോഗിച്ചത്. രണ്ടു മരങ്ങള്‍ക്കിടയില്‍ കട്ടി കൂടിയ നൂല്‍ക്കമ്ബി വലിച്ചു കെട്ടിയാണ് കെണി ഒരുക്കിയത്. പുലി കുടുങ്ങിയാല്‍ കുതറും തോറും മുറുകുന്ന തരത്തിലായിരുന്നു ക്രമീകരണമെന്നും പൊലീസ് പറയുന്നു. പുള്ളിപ്പുലിയുടെ തോലും നഖങ്ങളും പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.

 പിന്നീട് പ്രതികളെത്തി പുലിയെ കശാപ്പു ചെയ്തു മാംസവും തോലും വേര്‍ തിരിച്ചു വീതിക്കുകയായിരുന്നു. ഒന്നാം പ്രതി വിനോദ് പുലിത്തോലും നഖവും പെരുമ്ബാവൂര്‍ സ്വദേശിയ്ക്ക് വില്‍ക്കാനാണ് ശ്രമിച്ചത്. പുലിത്തോലിന്റെ ചിത്രം വാട്സാപ്പില്‍ അയച്ചു കൊടുത്താണ് കച്ചവടം ഉറപ്പിച്ചത്. 

വിനോദ് അഞ്ചുലക്ഷം രൂപ ചോദിച്ചു. 25,000 തരാമെന്നു പെരുമ്ബാവൂര്‍ സ്വദേശി സമ്മതിച്ചു. ഒടുവില്‍ മൂന്ന് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. വിനോദിന്റെ ഫോണില്‍ നിന്ന് ഇതുസംബന്ധിച്ച ചാറ്റ് മെസേജുകളും പൊലീസ് കണ്ടെടുത്തു.

പുലിത്തോല്‍ ഉണങ്ങാന്‍ വെയിലത്ത് വച്ചതും വില്‍പനയ്ക്കു ശ്രമിച്ചതുമാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടാന്‍ കാരണമായത്. തോല്‍ കേടു വരാതിരിക്കാന്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ വനപാലകര്‍ക്ക് ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക