Image

ബ്രിട്ടനില്‍ പുതിയ വൈറസ് കൂടുതല്‍ പേരിലേക്ക്, വിദേശ യാത്രകള്‍ക്ക് കര്‍ശന വിലക്ക്

Published on 28 January, 2021
ബ്രിട്ടനില്‍ പുതിയ വൈറസ് കൂടുതല്‍ പേരിലേക്ക്, വിദേശ യാത്രകള്‍ക്ക് കര്‍ശന വിലക്ക്
ലണ്ടന്‍ :ബ്രിട്ടനില്‍ രൂപമാറ്റം വന്ന പുതിയ വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. വിദേശയാത്രകള്‍ക്കും വിദേശങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കും ബ്രിട്ടീഷ് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. വിദേശത്തേക്ക് യാത്രപോകുന്നവര്‍ യാത്രയുടെ ആവശ്യം എന്തെന്ന് വെളിപ്പെടുത്തണം. യാത്ര ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന് തെളിവുകള്‍ സഹിതം ബോധിപ്പിക്കുകയും വേണമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

വിമാനക്കമ്പനി അധികൃതര്‍ യാത്രക്കാരുടെ സത്യവാങ്മൂലവും അടിയന്തര സാഹചര്യം വ്യക്തമാക്കുന്ന രേഖകളും പരിശോധിച്ചു മാത്രമേ യാത്രയ്ക്ക് അനുമതി നല്‍കൂ. പരിശോധനകള്‍ ശക്തമാക്കാന്‍ വിമാനത്താവളങ്ങളിലും പോര്‍ട്ടുകളിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ 22 രാജ്യങ്ങളില്‍നിന്നും ബ്രിട്ടനിലേക്ക് എത്തുന്നവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. കോവിഡിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ വ്യാപകമായ, ബ്രിസീല്‍ ഉള്‍പ്പെടെയുള്ള എട്ട് തെക്കേ അമേരിക്കന്‍ രാജ്യങ്ങളും, സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെയുള്ള പത്തിലേറെ ആഫ്രിക്കന്‍ രാജ്യങ്ങളും യൂറോപ്പില്‍ പോര്‍ച്ചുഗലും ഉള്‍പ്പെടുന്നതാണ് റെഡ് കാറ്റഗറിയിലുള്ള ഈ രാജ്യങ്ങള്‍. ഇന്ത്യ ഈ ലിസ്റ്റിലില്ല. റെഡ് കാറ്റഗറി രാജ്യങ്ങളില്‍നിന്നും എത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെ എയര്‍പോര്‍ട്ടില്‍നിന്നും നേരിട്ട് ഹോട്ടലില്‍ എത്തിച്ച് ക്വാറന്റീന്‍ ചെയ്യും. യാത്രക്കാരുടെ സ്വന്തം ചെലവിലാകും ഈ ഏകാന്തവാസം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതിന്റെ പിറ്റേന്നും ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത് 1725 മരണങ്ങളാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക