Image

മോശം ട്വീറ്റിന് റിപ്പബ്ലിക്കൻ സെനറ്റർമാരോട് ക്ഷമാപണം നടത്തി നീരാ ടാണ്ടൻ 

Published on 10 February, 2021
മോശം ട്വീറ്റിന് റിപ്പബ്ലിക്കൻ സെനറ്റർമാരോട് ക്ഷമാപണം നടത്തി നീരാ ടാണ്ടൻ 

ഫെബ്രുവരി 10:  യുഎസ് സെനറ്റ് പാനലിനു മുന്നിൽ ഹാജരാകുന്നതിനിടെ, ഇന്ത്യൻ-അമേരിക്കൻ നോമിനിയായ നീര ടണ്ഠൻ , ട്വീറ്റുകളിലൂടെ അപമാനിച്ചതിന് റിപ്പബ്ലിക്കൻ സെനറ്റർമാരോട് മാപ്പ് പറഞ്ഞു.

ചൊവ്വാഴ്ച സെനറ്റ് ഹോംലാൻഡ് സെക്യൂരിറ്റി ആന്റ് ഗവൺമെന്റ് അഫയേഴ്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായപ്പോഴാണ് ടണ്ഠൻ മുൻപ് ഉപയോഗിച്ച രൂക്ഷമായ ഭാഷയുടെ പേരിൽ ക്ഷമ ചോദിച്ചത്. 
മോശം ട്വീറ്റുകളുടെ റെക്കോർഡ് തന്നെ ടണ്ഠന്  ഉണ്ട്. 2020 നവംബറിൽ ബൈഡൻ കാബിനറ്റ് തസ്തികയായ മാനേജ്മെന്റ് ആൻഡ് ബജറ്റ് ഓഫീസ് (ഒഎംബി) ഡയറക്ടറായി നാമനിർദ്ദേശം ചെയ്ത സമയത്ത് ആയിരത്തിലധികം ട്വീറ്റുകൾ ഡിലീറ്റ് ചെയ്തതായി അവർ തന്നെ സമ്മതിക്കുന്നുണ്ട്.

സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ളതിനാൽ, റിപ്പബ്ലിക്കന്മാരുടെ എതിർപ്പ് വകവയ്ക്കാതെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ടൈ ബ്രേക്കർ വോട്ട് വഴി ടണ്ഠൻ നിയമിതയാകുമെന്നാണ് കണക്കുകൂട്ടൽ.

അങ്ങനെവന്നാൽ, യുഎസ് മന്ത്രിസഭയിൽ സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ-അമേരിക്കൻ താരമായിരിക്കും അവർ.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച നിക്കി ഹേലിയായിരുന്നു കാബിനറ്റ് റാങ്കുള്ള ആദ്യ ഇന്ത്യൻ -അമേരിക്കൻ. യുഎന്നിന്റെ സ്ഥിരം പ്രതിനിധിയായാണ് ഹേലി നിയമിതയായത്.

വോട്ടിങ്ങിനു മുൻപ് ടണ്ഠന് സെനറ്റ് ഹോംലാൻഡ് സെക്യൂരിറ്റി ആന്റ് ഗവൺമെന്റ് അഫയേഴ്സ് കമ്മിറ്റിയുടെയും സെനറ്റ് ബജറ്റ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണ്.

5 ട്രില്യൺ യുഎസ് ഡോളറിന്റെ ബജറ്റ് തയ്യാറാക്കുന്നതിന്  മേൽനോട്ടം വഹിക്കുന്ന ഒ‌എം‌ബിയുടെ ഡയറക്ടർ സ്ഥാനം യു‌എസിലെ ഏറ്റവും ശക്തമായ തസ്തികകളിലൊന്നാണ്

കമ്മിറ്റിക്ക് നൽകിയ പ്രാരംഭ പ്രസ്താവനയിൽ, ടണ്ഠൻ തന്റെ ഇന്ത്യൻ കുടിയേറ്റകാരിയായ  അമ്മ മായയെക്കുറിച്ചു വാചാലയായിരുന്നു.  വിവാഹമോചിതയായ ശേഷം രണ്ടുമക്കളെ വളർത്താൻ അമ്മ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ സംസാരിച്ചിരുന്നു.
അമ്മയുടെ ദൃഢനിശ്ചയവും അമേരിക്കയുടെ ഉദാരതയുമാണ്  ജീവിതം രൂപപ്പെടുത്തിയതെന്നാണ് ടണ്ഠൻ പറഞ്ഞത്.

' എന്നെ ഇവിടെ എത്തിച്ചതിന് അമ്മയുടെ മനക്കരുത്തിന് ആദ്യമേ നന്ദി പറയട്ടെ. അവരുടെ മാനവികതയിലെ  നിക്ഷേപങ്ങളിലും ഞങ്ങളുടെ സ്വപ്നങ്ങളിലും വിശ്വാസമർപ്പിച്ച ഈ മഹാരാജ്യത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കയാണ് അമ്മയ്ക്ക് കൂട്ടായി നിന്നത്. ദരിദ്രർക്കുവേണ്ടിയുള്ള സോഷ്യൽ സർവീസ് പ്രോഗ്രാമുകളെ ആശ്രയിച്ചാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ഭക്ഷണത്തിനുള്ള സൗജന്യ വൗച്ചറുകളും സർക്കാർ നൽകിയിരുന്ന വാടക സബ്സിഡിയുമെല്ലാം ഉപയോഗപ്പെടുത്തിയ കാര്യം പറയുന്നതിൽ എനിക്കൊരു സങ്കോചവുമില്ല. ഞാൻ ഇന്നിവിടെ നിൽക്കുന്നതിൽ ഈ രാജ്യത്തെ സോഷ്യൽ സർവീസ് പ്രോഗ്രാമുകൾക്ക് വലിയ പങ്കുണ്ട്. ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് സ്വന്തം ജീവിതാനുഭവങ്ങൾ മികച്ച തീരുമാനമെടുക്കാൻ എന്നെ സഹായിക്കും.' ടണ്ഠൻ വ്യക്തമാക്കി.

യേലിൽ നിന്ന് നിയമബിരുദം നേടിയിട്ടുള്ള ടണ്ഠൻ, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പ്രചാരണത്തിൽ സജീവമായിരുന്നു. അതിലൂടെയായിരുന്നു അവരുടെ വൈറ്റ് ഹൗസ് പ്രവേശനം.  ഹിലരി ക്ലിന്റന്റെ ഉപദേശകയും ആഭ്യന്തര നയങ്ങളുടെ അസ്സോസിയേറ്റ് ഡയക്ടറുമായിരുന്നു അന്ന്.
ടണ്ഠൻ ഡെപ്യൂട്ടി ക്യാമ്പയിൻ മാനേജർ  ആയിരുന്ന ഇലക്ഷനിൽ വിജയം നേടിയാണ് ഹിലരി സെനറ്റിൽ എത്തുന്നത്. തുടർന്ന്, നീരയെ അവരുടെ ലെജിസ്ലേറ്റീവ് ഡയറക്ടർ ആക്കി. ഹിലരി ക്ലിന്റനെ പ്രസിഡൻഷ്യൽ സ്ഥാനത്ത് മത്സരിക്കാൻ ഉപദേശംകൊടുത്തതും നീര ടണ്ഠൻ ആയിരുന്നു. അവർ വിജയിച്ചിരുന്നെങ്കിൽ , വൈറ്റ് ഹൗസിലെ ഉയർന്ന ഒരു തസ്തിക നീരയ്ക്ക് ലഭിക്കുമായിരുന്നു. 

ഒബാമയുടെ കാലയളവിൽ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ മുതിർന്ന ഉപദേശകയായും പ്രവർത്തന പരിചയമുണ്ട്.
ഒബാമയുടെ മുൻ കൗൺസിലർ ജോൺ പെഡസ്റ്റയുടെ ഇമെയിലുകൾ ഹാക്ക് ചെയ്യപ്പെട്ടപ്പോൾ, നീരയുടെ ചില മെയിലുകൾ വിവാദങ്ങൾക്ക് വഴി വച്ചു. പല പ്രമുഖ രാഷ്ട്രീയക്കാരെയും കുറിച്ച് ടണ്ഠൻ നടത്തിയ മൂർച്ചയുള്ള അഭിപ്രായപ്രകടനങ്ങൾ വെളിപ്പെട്ടത് അവർക്ക് നാണക്കേടുണ്ടാക്കി. സഭ്യമല്ലാത്ത  സംഭാഷണങ്ങളും ഇതിൽപ്പെടും. 
സി എ പി യിൽ ലഭിച്ച പരാതി കൈകാര്യംചെയ്യുമ്പോൾ, ലൈംഗീകാതിക്രമണത്തിനും പീഡനത്തിനും ഇരയായ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിലും നീര ടണ്ഠൻ വിമർശനങ്ങൾ നേരിട്ടിരുന്നു. 
റിപ്പബ്ലിക്കന്മാർക്ക് ഇപ്പോഴും ടണ്ഠനോട് ഇക്കാര്യങ്ങളുടെ പേരിൽ എതിർപ്പുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടാണ് അവർ ക്ഷമാപണം നടത്തിയത്.

Join WhatsApp News
മൂക്ക് കൊണ്ട് ക്ഷ, ണ്ണ, ട്ട 2021-02-10 23:27:14
'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം'. ആരുടെ കാല് വേണമെങ്കിലും പിടിക്കാം, ആരോട് വേണമെങ്കിലും മാപ്പ് പറയാം, നമുക്ക് സ്ഥാനം ലഭിച്ചാൽ മതി.
Anthappan 2021-02-11 04:32:35
To err is human. asking forgiveness is divine and courageous. And this is the quality you cannot find in Trump and that is weakness for him and his failure too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക