Image

മനസ്സിന്റെ ഒരു മടക്ക രാത്ര: വാര്‍ദ്ധക്യവും ഓര്‍മ്മക്കുറവും -(ലേഖനം : ജോസഫ് പൊന്നോലി)

ജോസഫ് പൊന്നോലി Published on 12 February, 2021
  മനസ്സിന്റെ ഒരു മടക്ക രാത്ര: വാര്‍ദ്ധക്യവും ഓര്‍മ്മക്കുറവും -(ലേഖനം : ജോസഫ് പൊന്നോലി)
തന്മാത്ര എന്ന 2005 ലെ മലയാളം സിനിമ മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കുകയില്ല . അതില്‍ അല്‍ഷിമേര്‍സ്  ബാധിച്ച  ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രമേശന്‍ നായരുടെ ജീവിതം മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ ജീവിച്ചു കാണിച്ചു.  പദ്മരാജന്‍ എഴുതിയ  ''ഓര്‍മ്മ'' എന്ന ചെറുകഥയെ ആസ്പദമാക്കി ബ്ലെസി എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ''തന്മാത്ര''. അല്‍ഷിമേഴ്സ് എന്ന രോഗത്തിന്റെ ഭീകരാവസ്ഥ ആ ചിത്രത്തില്‍ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. 


കാന്‍സര്‍ ( അര്‍ബുദം) കഴിഞ്ഞാല്‍ മുതിര്‍ന്നവരെ ഏറ്റവുമധികം ബാധിക്കുന്ന ആരോഗ്യപ്രശ്‌നമാണ് മേധാക്ഷയം അഥവാ ഡിമെന്‍ഷ്യ.  വാര്‍ദ്ധക്യത്തില്‍ ഓര്‍മ്മക്കുറവ് വളരെ പ്രകടമാണ്.  പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും കൂടുതല്‍ സമയം വേണ്ടി വരുന്നു. പല കാര്യങ്ങളും ഓര്‍മ്മയില്‍ തങ്ങി നിര്‍ത്താന്‍ വിഷമമായി തീരുന്നു. പരിചയമുള്ള ആള്‍ക്കാരുടെ പേരുകള്‍, സ്ഥലങ്ങള്‍ ഇവ ഓര്‍മ്മയില്‍ നിന്നും വീണ്ടെടുക്കുക പ്രയാസമായി തീരുന്നു. സ്വാഭാവികമായ  മറവി വാര്‍ധ്യക്യത്തിന്റെ ഒരു ഭാഗമാണ്. 50 വയസ്സിനു ശേഷം ഓര്‍മ്മശക്തിയില്ലായ്മ എല്ലാവര്ക്കും അനുഭവപ്പെടാറുണ്ട്. 


പക്ഷേ, ചിന്താശക്തിയേയും തീരുമാനം എടുക്കാനുള്ള കഴിവിനെയും, ശരീരത്തിന്റെ നിയന്ത്രണവും ചലനത്തേയും പ്രതികൂലമായി  ബാധിക്കുന്ന അവസ്ഥയില്‍ ഇത് രോഗമായി മാറുന്നു. ഈ  അവസ്ഥ  സങ്കീര്‍ണമാകുമ്പോള്‍  അല്‍ഷേമേഴ്സ് രോഗമായി മാറാനും  ഡിമെന്‍ഷ്യ (മേധാക്ഷയം) എന്ന രോഗാവസ്ഥയിലേക്കു നീങ്ങാനും സാധ്യതയുണ്ട്.  


മറവിയുടെ  കാരണം എന്താണ്, നമ്മുടെ  ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുന്നു, അല്‍ഷേമേഴ്സ് രോഗവും ഡിമെന്‍ഷ്യ  രോഗാവസ്ഥയും  എങ്ങനെ തടയാം, രോഗം  വന്നാല്‍ എങ്ങനെ നേരിടണം, ഓര്‍മ്മശക്തിയെ എങ്ങനെ പരിപോഷിപ്പിക്കാം  എന്നീ കാര്യങ്ങള്‍ ഈ ലേഖനത്തില്‍  വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ്. 

ഓര്‍മ്മയും ഓര്‍മ്മക്കുറവും 

പ്രായം കൂടും തോറും നമ്മുടെ ശരീരത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. നമ്മുടെ തലച്ചോറില്‍  സംഭവിക്കുന്ന മാറ്റത്തിന്റെ ലക്ഷണമാണ് മറവി. പ്രായം കൂടുംതോറും പ്രശ്‌നം രൂക്ഷമാകുന്നു. 



ആദ്യമായി മനുഷ്യന്റെ ഓര്‍മ്മശക്തിയെ സഹായിക്കുന്ന മസ്തിഷ്‌ക ഭാഗങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യശരീരത്തിലെ നാഡിവ്യവസ്ഥയുടെ (നേര്‍വസ് സിസ്റ്റം) കേന്ദ്രമാണ് മനുഷ്യമസ്തിഷ്‌ക്കം. തലച്ചോറിന്റെ വലതുഭാഗം ശരീരത്തിന്റെ ഇടതുഭാഗത്തേയും തലച്ചോറിന്റെ ഇടതുഭാഗം ശരീരത്തിന്റെ വലതുഭാഗത്തേയും പ്രവര്‍ത്തനെങ്ങളെ നിയന്ത്രിക്കുന്നു


മഷ്തിഷ്‌കത്തില്‍ സെറിബ്രം എന്ന ഭാഗം സുബോധത്തിന്റെ വിവിധ വശങ്ങളായ  സംസാരം, വിചാരം, വികാരം, ചലനങ്ങള്‍, സ്പര്‍ശം, കാഴ്ച, കേള്‍വി  എന്നിവയെ നിയന്ത്രിക്കുന്നു.  കൂടാതെ ഓര്‍മ്മശക്തിയെയും നിലനിര്‍ത്തുന്നു.  സെറിബ്രത്തിന്റെ മുന്‍ഭാഗം(frontal lobe)   സംസാരം, വിചാരം, വികാരം, ചലനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു .  

 ഓര്‍മ്മകള്‍ രൂപപ്പെടുന്ന ഭാഗങ്ങള്‍  ആണ്  ടെമ്പറല്‍ ദളങ്ങള്‍, ഹിപ്പോകമ്പസ് എന്നിവ .  പ്രീ-ഫ്രോണ്ടല്‍ കോര്‍ട്‌സ് ആണ്  പ്രധാനമായിട്ടും

നമ്മുടെ വര്‍ക്കിംഗ് മെമ്മറി ആയി പ്രവര്‍ത്തിക്കുന്നത്.  ബേസല്‍ ഗാംഗ്ലിയ, സെറിബെല്ലം ഇവയ്ക്കും നമ്മുടെ  സബ്കോണ്‍ഷ്യസ്  പ്രവര്‍ത്തനത്തില്‍ പങ്കുണ്ട്. 


ഹിപ്പോകാമ്പസ്  നമ്മുടെ അറിവ് ആര്‍ജിക്കലിലും   ഓര്മശക്തിയിലും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇത്  ടെംപോറല്‍ ലോബിന്റെ അകത്തു സ്ഥിതി ചെയ്യുന്നു. ഒരാള്‍ക്ക്  ബ്രയിനിന്റെ ഓരോ അര്‍ദ്ധ ഗോളത്തിലും  ഓരോ ഹിപ്പോകാമ്പസ്സ് ഉണ്ട്.  അതിനു പല രീതിയിലും ക്ഷതം സംഭവിക്കാം. ഉദാഹരണത്തിന്, മാനസിക രോഗങ്ങള്‍ മൂലം, അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദം മൂലം.  കൂടാതെ വീഴ്ചയില്‍ നിന്നോ, പ്രഹരം ഏല്‍ക്കുന്നതില്‍ നിന്നോ,  രക്തധമനികള്‍ക്കു കേടു സംഭവിച്ചു സ്‌ട്രോക്ക് സംഭവിക്കുന്നതില്‍ നിന്നോ ക്ഷതം സംഭവിക്കാം. 



ന്യൂറോണുകളുടെലോകം

ആരോഗ്യമുള്ള ഒരാളുടെ മസ്തിഷ്‌കത്തില്‍ ഏകദേശം 100 ബില്ല്യണ്‍ ന്യൂറോണുകളും, അവതമ്മില്‍ നൂറു ട്രില്ല്യണ്‍ കണക്ഷനുകളും ഉണ്ട്. സിനാപ്‌സുകള്‍ എന്നറിയപ്പെടുന്ന ഈ കണക്ഷനുകളില്‍ക്കൂടിയാണ് ന്യൂറോണുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത്. ഇതിനു സഹായമാവുന്നതു  ന്യൂറോ ട്രാന്‍സ്മിറ്റര്‍സ് എന്ന് പറയുന്ന കെമിക്കല്‍സ് അഥവാ  പ്രോടീനുകള്‍ ആണ്. ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം തകരാറില്‍  ആകുമ്പോളാണ് ഓര്‍മ്മശക്തി നശിക്കുന്നത് 


 പ്രായം  കൂടും തോറും സെറിബ്രല്‍ കോര്‍ട്ടക്‌സ് (സെറിബ്രത്തിന്റെ മടങ്ങിയുള്ള ആവരണം) ചുരുങ്ങുന്നു. അതിന്റെ ഫലമായി  ചിന്താശേഷി, ആസൂത്രണം, ഓര്‍മ്മശക്തി എന്നിവയ്ക്ക് കേടുപാട് സംഭവിക്കുന്നു അല്ലെങ്കില്‍  നശിക്കുന്നു.  വാര്‍ധക്യത്തില്‍ പഴയകാര്യങ്ങള്‍ വ്യക്തമായി ഓര്‍ക്കുകയും സമീപകാലസംഭവങ്ങള്‍ വിസ്മരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്  കാണുന്നത്.  പല രോഗങ്ങള്‍കൊണ്ടും മസ്തിഷ്‌കത്തിന്  ക്ഷതം സംഭവിക്കാറുണ്ട് 



രോഗങ്ങള്‍ 

മേധാക്ഷയം (ഡിമെന്‍ഷ്യ)
ചിത്തഭ്രമം ഓര്‍മ്മശക്തിയില്ലായ്മ സ്മൃതിനാശം മേധാക്ഷയം എന്നൊക്കെ പറയുന്ന ഡിമെന്‍ഷ്യ മഷ്ടിഷ്‌കത്തെ ബാധിക്കുന്ന രോഗം മൂലം ഓര്‍മ്മശക്തി , സംസാരശേഷി, ചിന്താശക്തി, ശരീരത്തിന്റെ പ്രവര്‍ത്തനം, ചലനം ഇവയെ ബാധിക്കുന്ന പൊതുവായ അവസ്ഥയെ സൂചിപ്പിക്കുന്നു.   അല്‍ഷിമേഴ്സ് രോഗമാണ് കൂടുതലും ഡിമെന്‍ഷ്യ എന്ന അവസ്ഥക്ക് കാരണമാകുന്നത്. 

 അല്‍ഷേമേഴ്സ് രോഗം  (സ്മൃതിനാശം) 
തന്മാത്ര  എന്ന മലയാള സിനിമയിലെ രമേശന്‍നായര്‍  എന്ന കഥാപാത്രം അല്‍ഷിമേഴ്സ് രോഗത്തിന്റെ ഭീകരത  വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.  മലയാള കവയിത്രി ബാലാമണിയമ്മ, അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റോണാള്‍ഡ് റീഗണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹാരോള്‍ഡ് വില്‍സണ്‍ , ഇന്ത്യന്‍ കേന്ദ്ര മന്ത്രി ആയിരുന്ന ജോര്‍ജ് ഫെര്‍ണണ്ടസ് എന്നിവര്‍ ഈ രോഗം ബാധിച്ചവരില്‍ ചിലരാണ്.  തന്മാത്ര കൂടാതെ ഐറിസ് (2001),  ദ് നോട്ട്ബുക്ക് (2004), എന്നീ സിനിമകളിലും ഈ രോഗം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 


65 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കാണ് സാധാരണമായി അല്‍ഷിമേഴ്സ് കണ്ടു വരുന്നത്.  അല്‍ഷിമേഴ്‌സിന്റെ രോഗലക്ഷണങ്ങള്‍ ആണ് ഓര്‍മ്മക്കുറവ്, ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്, ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുക, സ്ഥലകാല ബോധം നഷ്ടപ്പെടുക , സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാനോ ആലോചിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാനോ കഴിയാതെ വരുക, ഒരു കാര്യത്തിലും താല്പര്യം ഇല്ലാതെ ആവുക, ഏകാഗ്രത നഷ്ടപ്പെടുക, സംസാരരീതിയിലും പ്രകടമായ മാറ്റം, ദൈനംദിനപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട്, മുതലായവ. 


വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുന്നു,  സമീപ    കാലത്തെ സംഭവങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുന്നില്ല  എന്നത് പ്രാഥമിക ലക്ഷണമാണ് 

സംസാരിക്കാനുള്ള വൈഷമ്യം, എഴുതാനും വായിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുക, അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ട് , അലഞ്ഞുതിരിഞ്ഞ് നടക്കല്‍, പെട്ടെന്ന് ദേഷ്യംവരുക  എന്നീ ലക്ഷണങ്ങള്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പ്രകടമാണ്.    

 

അവസാന ഘട്ടത്തില്‍  പേശികള്‍ ശോഷിക്കുകയും നടക്കാനോ സ്വന്തമായി ഭക്ഷണംകഴിക്കാനോ ഉള്ള ശേഷി നഷ്ടമാവുന്നു. ന്യൂമോണിയ, അള്‍സര്‍, ശ്വാസതടസം, ഇനീ രോഗങ്ങള്‍ മരണത്തിലേക്ക് നയിക്കുന്നു. 


അല്‍ഷിമേഴ്‌സ് രോഗത്തില്‍ സിനാപ്‌സുകള്‍ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുകയും, ക്രമേണ സിനാപ്‌സുകളും ന്യൂറോണുകളും നശിക്കുകയും ചെയ്യുന്നു. രോഗത്തിന്റെ അവസാന ഘട്ടങ്ങളില്‍, മസ്തിഷ്‌കം ചുരുങ്ങുന്നു.


ചികിത്സ

രോഗ നിര്‍ണയത്തിന് സി. ടി സ്‌കാന്‍(Computerized Tomography) എം. ആര്‍.ഐ (Magnetic Reosnance Imaging), സിംഗിള്‍ ഫോട്ടോണ്‍ എമിഷന്‍ കമ്പ്യൂട്ടഡ് ടോമോഗ്രാഫി(Single Photon Emission Computed Tomography) പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രാഫി (positron emission tomography) എന്നിവ സഹായിക്കുന്നു 


അല്‍ഷിമേഴ്‌സ് രോഗത്തിനു ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും, മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ കുറയ്കുന്നു 

രോഗപ്രതിരോധം

ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലി എന്നിവ അല്‍ഷിമേഴ്‌സിന് സാധ്യത കൂട്ടുന്നു. ചെസ്സ് പോലെയുള്ള കളികളോ മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകിയുള്ള ജീവിതശൈലിയോ ഈ രോഗത്തിനുള്ള സാധ്യത കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.


ഓര്‍മ്മശക്തി പരിപോഴിപ്പിക്കാന്‍ 

ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയിലേക്കു നയിക്കുന്ന അല്‍ഷിമേഴ്സ്, സ്‌ട്രോക്ക് എന്നീ രോഗങ്ങള്‍ തടയാന്‍, പൊതുവായ ആരോഗ്യം പരിപോഷിപ്പിക്കുന്നതോടൊപ്പം ഓര്മശക്തിയെയും പുഷ്ടിപ്പെടുത്തേണ്ടതായിട്ടുണ്ട്. 

ശ്രദ്ധ, ആസൂത്രണം, ചിന്ത, ഓര്‍മ്മശക്തി എന്നിവ പരിപോഷിപ്പിക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. 

മാനസിക ആരോഗ്യവും, തലച്ചോറിന്റെ പ്രവര്‍ത്തനവും നിലനിര്‍ത്താനും  പോഷിപ്പിക്കാനും  ഉതകുന്ന ചില കാര്യങ്ങള്‍ ചുവടേ ചേര്‍ക്കുന്നു  (ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍,  ഹെല്‍ത്ത് പബ്ലിഷിംഗ് നു  അവലംബം): ഇവ ഈ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും: 

1 .  വായനയിലും  പഠിത്തത്തിലും മുഴുകിയിരിക്കുന്നത് തലച്ചോറിനും  മനസ്സിനും ഗുണംചെയ്യും.  ജോലി ചെയ്യുക, എന്തെങ്കിലും ഹോബിയില്‍  മുഴുകുക,  പുതുതായിട്ട് എന്തെങ്കിലും പഠിക്കുക, എഴുതുക, ചെസ്സ്, ബ്രിഡ്ജ്,  ചീട്ടുകളി എന്നിങ്ങനെ വിനോദപ്രദമായ കളികളില്‍ ഏര്‍പ്പെടുക,  ക്രോസ്സ്വേര്‍ഡ്  ജിഗ്സോ കളികളില്‍ ഏര്‍പ്പെടുക,  പഠിപ്പിക്കുക, സംഗീതം, അഭിനയം, ചിത്രകല ഇവയില്‍ ഏര്‍പ്പെടുക, സാമൂഹ്യ, സാംസ്‌കാരിക സംരംഭങ്ങളില്‍ ഏര്‍പ്പെടുക , ഇവയെല്ലാം മനസ്സിന്റെ  കൂര്മശക്തി വളര്‍ത്താനും, മാനസികാരോഗ്യം നിലനിര്‍ത്താനും മനസ്സിന്റെ ഉണര്‍വും ഉന്മേഷവും പരിപോഴിപ്പിക്കാനും  സഹായിക്കും.  


2.   നമ്മുടെ  എല്ലാ ഇന്ദ്രിയങ്ങളെയും  കാഴ്ച, കേള്‍വി, സ്പര്ശനം  മണം , രുചി ഇവയെല്ലാം  ദൈനംദിന ജീവിതത്തില്‍ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.  

 

3.   മാനസിക സമ്മര്‍ദ്ദം  ഒഴിവാക്കണം. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുക.  സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കുക.  ഇഷ്ടമുള്ളവരുമായി  സമ്പര്‍ക്കം പുലര്‍ത്തുക. 


4. ഭക്ഷണ രീതി  വ്യായാമം  ഉറക്കം  ഇവ ശരീരത്തിന്റെയും മനസ്സിന്റെയും  ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. 


4. ഓര്‍മശക്തിയെ ബലപ്പെടുത്താന്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു. സാധാരണ കാര്യങ്ങള്‍ക്കു ഓര്‍മശക്തിയെ അവലംബിക്കാതിരുന്നാല്‍  മസ്തിഷ്‌ക്ക സമ്മര്‍ദ്ദം കുറയ്ക്കാം. 

കലണ്ടറുകള്‍, പ്ലാന്നര്‍, മാപ്, കടയില്‍ പോകുംപോള്‍  വാങ്ങിക്കേണ്ട  സാധനങ്ങളുടെ ലിസ്റ്റ്, ഫയലുകള്‍, അഡ്രസ് ബുക്ക്, ഇവയുടെ ഉപയോഗം  മൂലം സാധാരണയായി നമ്മുക്ക് വേണ്ട പല കാര്യങ്ങളും ഓര്‍മ്മയെ അവലംബിക്കാതെ ലഭ്യമാക്കാം. 

 

കണ്ണാടി, പേഴ്‌സ്, ചാവികള്‍, സെല്‍ ഫോണുകള്‍  അങ്ങനെ സാധാരണ ഉപയോഗിക്കുന്ന സാധനങ്ങള്‍ വെയ്ക്കാന്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങള്‍ ഉപയോഗിക്കുക. 


ഓഫീസിലും വീട്ടിലും അടുക്കും ചിട്ടയും ഏര്‍പ്പെടുത്തുക. മേശമേലും അലമാരികളിലും  സാധനങ്ങള്‍ അങ്ങുമിങ്ങും വാരി വലിച്ചിടുന്ന സ്വഭാവം ഒഴിവാക്കുക. ഇത് മനസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. 

 

ഓര്മിക്കേണ്ട കാര്യങ്ങള്‍ പലപ്രാവശ്യം ഉരുവിട്ടാല്‍ അവ മനസ്സില്‍ പതിയും.  ഉദാഹരണത്തിന് പുതിയതായി പഠിക്കുന്ന കാര്യങ്ങള്‍ പല തവണ ആവര്‍ത്തിക്കുകയും പല ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ ഇടവിട്ട് ആ കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ ശ്രമിക്കുന്നതും  നന്നായിരിക്കും. ചില കാര്യങ്ങള്‍ ഉറക്കെ വായിച്ചാല്‍ മനസ്സില്‍ തങ്ങിയിരിക്കും. അതുപോലെ കേള്‍ക്കുകയോ, വായിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ ചുരുക്കി എഴുതി നോട്ടുകള്‍ എഴുതുന്ന  സ്വഭാവവും നല്ലതാണ്.  ചില വാക്കുകള്‍, നമ്പറുകള്‍, പേരുകള്‍ ഓര്‍മ്മിക്കാന്‍ അവയെ എന്തുകൊണ്ടെങ്കിലും താരതമ്യപ്പെടുത്തിയാല്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പമാണ്. 

 . 

ഉറക്കം 

ഉറക്കത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതായിട്ടുണ്ട്. ഉറക്കം നമ്മുടെ എനര്‍ജി ലെവല്‍ അഥവാ മാനസിക ഊര്‍ജ്ജത്തിന്റെ അളവ് ഉത്തേജിപ്പിക്കുന്നു.  ഉറക്കത്തില്‍ സ്വപ്നം കാണുന്ന അവസ്ഥക്കു വിപരീതമാണ് ശാന്തമായ ഉറക്കം. ശാന്തമായ ഉറക്കത്തില്‍ ആണ് ശരീരം സ്വയം റിപ്പയര്‍ അഥവാ സെല്ലുകളെ പുനര്ജീവിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.  ഈ പ്രക്രിയയില്‍ ATP എന്ന മോളിക്യൂള്‍ (തന്മാത്ര) ഉത്പാദിപ്പിക്കപ്പെടുന്നു.  സ്വപ്നങ്ങള്‍ മനസ്സിനെ പൂര്‍വാവസ്ഥയില്‍ കൊണ്ടുവരുവാനും, ആവശ്യമില്ലാത്ത കാര്യങ്ങള്‍  മനസ്സില്‍ നിന്നും നീക്കം ചെയ്യാനും, ഗ്രഹണശക്തി കൂട്ടാനും, ഓര്‍മ്മശക്തി വളര്‍ത്താനും സഹായിക്കുന്നു.  മുതിര്‍ന്നവര്‍ 7 മുതല്‍ 9 മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണമെന്നാണ് വിദഗ്ദാഭിപ്രായം. 


മറവി നല്ലതോ?

മറവി മൂലം പലതും മറക്കാനും പൊറുക്കാനും കഴിയുമ്പോള്‍  മറവി മനുഷ്യനു  ഗുണം ചെയ്യുന്നു എന്നു വേണം കരുതാന്‍. ചിലര്‍ വേദനകള്‍ മറക്കാനും  ജീവിതത്തില്‍ നിന്നുമൊരു ഒളിച്ചോട്ടം എന്നവണ്ണം ലഹരിയിലേക്കും, മദ്യത്തിലേക്കും മറ്റും അഭയം പ്രാപിക്കുന്നു. അത്  ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു.   മറവി ഒരു രോഗമായി തീരുമ്പോള്‍ അതിനു പ്രതിവിധി കണ്ടെത്തേണ്ടത് ആവശ്യമാണ്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നു. 


ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള മനക്കരുത്ത് വളര്‍ത്തി എടുക്കേണ്ടത്  അത്യാവശ്യമാണ്. മാനസികാരോഗ്യം നിലനിര്‍ത്താന്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിതം നേരിടേണ്ടതാണ്.  വയലാറിന്റെ കവിതാശകലം ഇവിടെ അര്‍ത്ഥവത്താണ്:

'' സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ  നിങ്ങള്‍ സ്വ ര്‍ഗ്ഗകുമാരികളല്ലോ  

നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍   നിശ്ചലം  ശൂന്യമീലോകം ..'' 

കാലം ആര്‍ക്കുവേണ്ടിയും കാത്തിരിക്കുകയില്ല എന്ന ചിന്ത നമ്മെ ഊര്‍ജ്ജസ്വലരാക്കട്ടെ.

  മനസ്സിന്റെ ഒരു മടക്ക രാത്ര: വാര്‍ദ്ധക്യവും ഓര്‍മ്മക്കുറവും -(ലേഖനം : ജോസഫ് പൊന്നോലി)
Join WhatsApp News
MTNV 2021-02-12 18:12:39
Supplementing Magnesium as well as B12 as chewable can also be added to the above list of good recommendations . Easy, inexpensive way to use Magnesium would be as Magnesium chloride salt flakes available on line , to be used as salt water massage on the body ; it would absorb through the skin and is also useful for a variety of ailments - to help prevent strokes , heart attacks , for good sleep , improve immunity against viruses as well as to help deal with addictions since alcohol use depletes the body of magnesium . Lots of on line articles on same . Diets with enough green leafy vegetables , lentils and all also good sources . B12 as chewable also easy to buy , wide range in dosage , hence overdosing unlikely with reasonable use of both of the above . Using the time to love and thank God , for every new heart beat He grants , every breath , every drop of new sun light - as a gift in His Divine Will , a good means to thus also make up for those who often unable to do so , esp. if caught up in the bitterness of self pity and unforgiveness . The Lord took up the scourging and such, in The Passion , to help deliver us from all unholy attachments and thus thanking Him , for every drop of the Precious Blood , on behalf of others too who are not doing same - good precious means too to help all to be in the Light and Love of the Divine Will , set free from the effects of the darkness in minds and hearts from the rebellious self will .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക