Image

സമരജീവികളെന്ന ഇത്തിക്കണ്ണികളും വിദേശ നശീകരണ പ്രത്യയ ശാസ്ത്രവും? (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 12 February, 2021
സമരജീവികളെന്ന ഇത്തിക്കണ്ണികളും വിദേശ നശീകരണ പ്രത്യയ ശാസ്ത്രവും?  (ഡല്‍ഹികത്ത് : പി.വി.തോമസ്)
കര്‍ഷക സമരം എ്ണ്‍പത് ദിവസവും കഴിഞ്ഞ് അനിശ്ചിതമായി തുടരുകയും അത് കൂടുതല്‍ ശക്തവും വ്യാപകവും ആക്കുവാന്‍ കര്‍ഷകസംഘടനകള്‍ തയ്യാറാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിലും ലോകസഭയിലും നടത്തിയ രണ്ട് പ്രസ്താവനകള്‍ ശ്രദ്ധേയമായി. സന്ദര്‍ഭം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചക്ക് മറുപടി നല്‍കവെ ആയിരുന്നു. ്‌സ്വാഭാവികമായിട്ടും അദ്ദേഹം മൂന്ന് കര്‍ഷക നിയമങ്ങളെയും ന്യായീകരിച്ചു. അത് പിന്‍വലിക്കില്ല. എന്നാല്‍ ക്ലോസ് ബൈക്ലോസ് ആയിട്ടുള്ള ചര്‍ച്ചക്ക് വാതില്‍തുറന്നു കിടക്കുകയാണെന്നും പറഞ്ഞു. ഇവിടെ അദ്ദേഹം ഗവണ്‍മെന്റിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. അത് തികച്ചും ന്യായവും- എന്നാല്‍ അദ്ദേഹം കര്‍ഷകരെ പ്രകോപിപ്പിക്കുന്ന ചില രൂക്ഷമായ പരാമര്‍ശങ്ങളും നടത്തുകയുണ്ടായി. ഒരു പുതിയ സംഘം രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്. ഇത് 'സമരജീവി'കളുടേതാണ്.  അഭിഭാഷകരുടെ ഒരു സമരം ഉണ്ടായാല്‍ ഈ സമരജീവികള്‍ അവിടെയുണ്ടാകും. വിദ്യാര്‍ത്ഥികളുടെ സമരം ഉണ്ടായാലും ഇവര്‍ അവിടെ ഉണ്ടാകും ചിലപ്പോള്‍ കര്‍ട്ടന്‍ പിറകിലും മറ്റു ചിലപ്പോള്‍  അതിന് പുറത്തും ആയിരിക്കും ഇവരുടെ സ്ഥാനം. ഈ രീതിയിലുള്ളവരെ നമ്മള്‍ തിരിച്ചറിയണം. ഈ സമരജീവികള്‍ ഇത്തിള്‍ക്കണ്ണികള്‍(പരജീവികള്‍) ആണ്. ഒരു പുതിയ എഫ്.ഡി.ഐ.യും ഇപ്പോള്‍ ഇവിടെയുണ്ട്. (സാധാരണ എഫ്.ഡി.ഐ. ഫോറിന്‍ ജയറക്ടറ് ഇന്‍വെസ്റ്റ്‌മെന്റ് ആണ്.). പുതിയ എഫ്.ഡി.ഐ.എന്നത് ഫോറിന്‍ ഡിസ്ട്രിക്ടീവ് ഐഡിയോളജി- വിദേശ നശീകരണ പ്രത്യശാസ്ത്രം-ആണ്. ഇതില്‍ നിന്നും രാജ്യത്തെ രക്ഷിക്കേണ്ടിയിരിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ചത് കര്‍ഷകസമരത്തിന്, ലഭിക്കുന്നത് വിദേശ നശീകരണ പ്രത്യയ ശാസ്ത്രത്തിന്റെ പിന്തുണയാണ് എന്നാണ്.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ലോകസഭയില്‍ ഇതേ സന്ദര്‍ഭത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇത് അല്പം കൂടെ പരിഷ്‌കരിച്ചു. കര്‍ഷകസമരം സംശുദ്ധമാണ്. പക്ഷേ സമരജീവികള്‍ ഇതിനെ പിന്തുണക്കുമ്പോള്‍ ഇത് കളങ്കപ്പെടുന്നു. ഇക്കൂട്ടര്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ ജയിലിലായവരെയും, നക്‌സലൈറ്റുകളെയും ഭീകരവാദികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ഗവണ്‍മെന്റ് മാത്രമല്ല രാജ്യം മുഴുവനും ഈ സമരജീവികളെ കരുതലോടെ വീക്ഷിക്കണം. കാരണം ഇവര്‍ കര്‍ഷകരുടെയിടയില്‍ അകാരണമായ ഭീതി വിതക്കുന്നു.

പ്രധാനമന്ത്രിയുടെ പരാമര്‍ശനങ്ങള്‍ കര്‍ഷകരും-ഗവണ്‍മെന്റും തമ്മിലുള്ള വിശ്വാസ കമ്മി വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സമരജീവികള്‍, വിദേശ നശീകരണ പ്രത്യയ ശാസ്ത്രത്തിന്റെ പിന്തുണ എന്ന പ്രയോഗങ്ങള്‍ കര്‍ഷകസമരക്കാര്‍ അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കരുതുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കടന്നാക്രമിച്ചുകൊണ്ട് ഇവര്‍ പറഞ്ഞത് ഇതുപോലുള്ള സമരക്കാരും സമരജീവികളും ആണ് ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടിതന്നതെന്നാണ്. ഇത് വളരെ ശ്രദ്ധേയം ആണ്. കര്‍ഷക നേതാക്കന്മാരുടെ വാദം സാമ്രാജ്യത്വ ശക്തികളില്‍ നിന്നും ഇന്‍ഡ്യയെ വിമോചിപ്പിക്കുവാനായി അന്നത്തെ സമരജീവികള്‍ സംഘടിപ്പിച്ച് സമരം ചെയ്തതുപോലെ കുത്തക കോര്‍പ്പറേറ്റുകളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രരാക്കുവാനാണ് ഈ സമരം, ഈ സംഘര്‍ഷം. ഇവര്‍ക്ക് ശക്തമായ ഒരു പോയിന്റ് ഉണ്ട്, ഉന്നയിക്കുവാനെന്നതില്‍ സംശയം ഇല്ല. വിദേശ നശീകരണ പ്രത്യയശാത്രത്തിന്റെ പിന്തുണ എന്ന പ്രയോഗത്തെയും കര്‍ഷക സമരക്കാര്‍ ഖണ്ഡിക്കുകയുണ്ടായി. ഇതുപോലുള്ള ശക്തികളില്‍ നിന്നും സമരത്തെയും സമരക്കാരെയും അകത്തിനിര്‍ത്തിയിരിക്കുകയാണെന്നും ഇവര്‍ വാദിക്കുന്നു. പ്രധാനമന്ത്രിയുടെ ഈ നിലപാട് തികച്ചും അപകടകരം ആണെന്നും കര്‍ഷകര്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. സമരം ഒരു ജീവിതമാര്‍ഗ്ഗം ആക്കിയവര്‍ ആണോ കര്‍ഷകസമരത്തെ നയിക്കുന്നതും അതിന് ഒരു ദിശയും ഊര്‍ജ്ജവും നല്‍കുന്നത്? ചെങ്കോട്ടയിലെ ചില അനിഷ്ടസംഭവങ്ങള്‍ ഒഴിച്ചാല്‍ (ജനുവരി 26) 80 ദിവസം നീണ്ടുനിന്ന സുദീര്‍ഘമായ ഈ സമരം സമാധാനപരമായിരുന്നു. ചെങ്കോട്ടയിലെ സംഭവങ്ങളെ കര്‍ഷകര്‍ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ 80 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ രോഗം കൊണ്ടും തണുപ്പുകൊണ്ടും മരിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്തിട്ടുണ്ട്. പക്ഷേ, അവര്‍ ആരെയും കൊന്നിട്ടില്ല. പഞ്ചാബിലും മറ്റും മൊബൈല്‍ ടവ്വറുകള്‍ തകര്‍ക്കുക തുടങ്ങി ചില അപലപനീയ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, അല്ല കര്‍ഷക സമരത്തിന്റെ ആത്മാവ്, മുഖം, മുദ്രാവാക്യം. ഇത് തടയേണ്ടത് സംസ്ഥാന ഗവണ്‍മെന്റും പോലീസും ക്രമസമാധാനപാലകരും ആണ്. പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ നിന്നും ഇങ്ങനെ ഒരു പ്രസ്താവനയിലൂടെ കര്‍ഷകസമരത്തെ സമരജീവികളുടെ സൃഷ്ടിയെന്നും സമരജീവികളെ ഇത്തിക്കണ്ണികള്‍ എന്നും വിളിച്ച് ആകേഷേപിക്കുന്നതും അപലപിക്കുന്നതും ജനാധിപത്യത്തിന് നിരക്കുന്നതാണോ? അതുപോലെ തന്നെ കര്‍ഷകരസമരത്തെ വിദേശ നശീകരണ പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയായി ചിത്രീകരിക്കുന്നതും സ്വന്തം ഗവണ്‍മെന്റിന്റെ പരാജയം സമ്മതിക്കുന്നതിന് തുല്യമാണ്. അങ്ങനെ ഒരു പ്രത്യയശാസ്ത്രം ഇവിടെ ഉണ്ടെങ്കില്‍ അതിനെ വേരോടെ പിഴുതുകളയേണ്ടതിന്റെ ഉത്തരവാദിത്വം ഗവണ്‍മെന്റിനാണ്. ഇതിനുമുമ്പ് ജനകീയ സമരങ്ങളെ അരുണ്‍ ജയ്റ്റിലി ഉല്പാദിപ്പിക്കപ്പെട്ട സമരങ്ങള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. അതുപോലെ തന്നെ അദ്ദേഹം ഇവ അര്‍ബ്ബന്‍ നക്‌സലൈറ്റുകളുടെ സൃഷ്ടിയാണെന്നും ആരോപിക്കുമായിരുന്നു.

ഇതിന്റെയെല്ലാം ഫലമായി ഇന്‍ഡ്യയെ ഒരു പോലീസ് സ്‌റ്റെയിറ്റ് ആയി മാറ്റരുത്. ദേശദ്രോഹപരമായതെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്ന ഓണ്‍ലൈന്‍ കണ്ടന്റുകളെ തെരഞ്ഞ് പിടിച്ച് ദേശദ്രോഹികളെ അറസ്റ്റു ചെയ്യുവാനുള്ള ഒരു ശ്രമവും ആഭ്യന്തര മന്ത്രാലയം നടത്തുന്നുണ്ട്.. ഇതിനായിട്ടുള്‌ള ഒരു ഔദ്യോഗിക വിജ്ഞാപനവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പശുസംരക്ഷക വിജിലാന്റെ ഗ്രൂപ്പുകളുടെ അഴിഞ്ഞാട്ടം പോലെ ഇതും അശാന്തിയും അരക്ഷിതാവസ്ഥയും ഉളവാക്കും. മാത്രവുമല്ല ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായ അഭിപ്രായ-വിയോജന സ്വാതന്ത്ര്യത്തിന് എതിരാണ്. ആരാണ് ഈ ദേശദ്രോഹപരമായ ഓണ്‍ലൈന്‍ കണ്ടന്റുകളെ വിലയിരുത്തുന്നത്? എന്താണ് ഇതിന്റെ നിര്‍വ്വചനം? ഏതാണ് ഇതിന്റെ ഇപ്പോഴത്തെ നിയമം? അങ്ങനെ ഒന്നും ഇപ്പോള്‍ ഇല്ല നിയമപരമായി എന്നത് ആണ് വസ്തുത. ഈ നീക്കം സ്വതന്ത്രചിന്തകരായ വ്യ്ക്തികളെ പീഢിപ്പിക്കുവാനുള്ള  ശ്രമം ആണ്. ഇത് പൗരനെയും പൗരനെയും തമ്മില്‍ അടിപ്പിക്കുവാനുള്ള കുതന്ത്രം ആണ്.

ഇതിന്റെ തന്നെ തുടര്‍ച്ചയാണ് ഗവണ്‍മെന്റും ട്വിറ്റര്‍ ഇന്‍ഡ്യയും തമ്മിലുള്ള ശീതയുദ്ധം. രാജ്യവിരുദ്ധമായ(ഗവണ്‍മെന്റ് എന്ന് വായിക്കുക) 257 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടയണം എന്നാണ് ഗവണ്‍മെന്റിന്റെ ഉത്തരവ്. കാരണം ഇവയും കര്‍ഷകസമരത്തെ പിന്തുണക്കുന്നു. ഇവര്‍ ഖാലിസ്ഥാനികളും പാക്കിസ്ഥാന്‍ ഭീകരവാദികളും ആണ്. ആദ്യമൊക്കെ ട്വിറ്റര്‍ ഇന്‍ഡ്യ ഇതിനെ അുസരിച്ചില്ല. അപ്പോള്‍ ഗവണ്‍മെന്റ് അറസ്റ്റ് ഭീഷണി മുഴക്കി. ഒടുവില്‍ ട്വിറ്റര്‍ ഗവണ്‍മെന്റുമായി ഒരു ചര്‍ച്ചക്ക് തയ്യാറായി. പക്ഷേ, ഗവണ്‍മെന്റ് നിരാകരിച്ചു ഇത്. അങ്ങനെ ട്വിറ്റര്‍ 126 വിവാദ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടഞ്ഞു. ട്വിറ്റര്‍ ഇന്‍ഡ്യ ബാക്കി അക്കൗണ്ടുകള്‍ തടയുവാന്‍ വിസമ്മതിച്ചത് ഇത് അഭിപ്രായസ്വാതന്ത്ര്യം എന്ന് ഇന്‍ഡ്യയും ട്വിറ്ററും വിലമതിക്കുന്ന മനുഷ്യന്റെ മൗലീകാവകാശ ധ്വംസനം ആണെന്നാണ്. മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടയുവാന്‍ ട്വിറ്റര്‍ ഇന്‍ഡ്യ ഇനിയും തയ്യാറായിട്ടില്ല. പ്രശ്‌നം തീര്‍ന്നിട്ടില്ല ഇതുവരെ. ഗവണ്‍മെന്റ് തടയുവാന്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടുകളില്‍ കാരവന്‍ മാസികയുടെയും ഉണ്ട്. ഇത് ഗവണ്‍മെന്റിനെ വിമര്‍ശന ബുദ്ധ്യാ നിരീക്ഷിക്കുന്ന ഒരു ശ്രേഷ്ഠ മാധ്യമം ആണ്. ഇതിനെക്കുറിച്ച് ട്വിറ്ററിന്റെ മേധാവി ജാക്ക ഡോര്‍സെ പ്രതികരിച്ചത് ഇങ്ങനെയാണ്: 'ഞങ്ങള്‍ മാധ്യമങ്ങള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, ആക്ടിവിസ്റ്റുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എതിരെ നടപടി എടുത്തിട്ടില്ല.  കാരണം അത് സ്വാതന്ത്ര അഭിപ്രായപ്രകടനമെന്ന മൗലീകാവശത്തിന്റെ ധ്വംസനം ആണ്. പക്ഷേ, കേന്ദ്രമന്ത്രി രവി ശങ്കര്‍പ്രസാദ് ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ ആണ്: അഭിപ്രായ സ്വാതന്ത്ര്യം പരിപൂര്‍ണ്ണം അല്ല. അത് ന്യായമായ നിബന്ധനകള്‍ക്ക് വിധേയം ആണ്.

ഇതെല്ലാം ആണ് കര്‍ഷക സമരം ഉയര്‍ത്തിയിരിക്കുന്ന ചില രാഷ്ട്രീയ-അന്താരാഷഅട്രീയ ചോദ്യങ്ങള്‍. ഈ സമരം എവിടെചെന്ന് നില്‍ക്കും? ആര് ഇതിനെ പരിഹരിക്കും? മോദിയോ? കര്‍ഷകരോ? കോടതിയോ? മോദിയാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി. ഇത് പരിഹരിക്കേണ്ടത് അദ്ദേഹത്തിന്റെ ജനാധിപത്യപരമായ ഉത്തരവാദിത്വം ആണ്. പകരം കര്‍ഷകരെ സമരജീവികള്‍, ഇത്തികണ്ണികള്‍, വിദേശ നശീകരണ പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടികള്‍ എന്നും മറ്റും പറഞ്ഞ് പാര്‍ലിമെന്റില്‍ നിന്നും അധിക്ഷേപിക്കുകയല്ല വേണ്ടത്. കര്‍ഷകരും സമാധാനപരമായ ഒരു സമവായത്തിന്റെ വഴിയില്‍ സ്വാഭിമാനവും സ്വന്തംഭാവിയും നിലനിറുത്തിക്കൊണ്ട് തയ്യാറാകണം. തുറന്ന മനസോടെ ഒരു സന്ധിസംഭാഷണത്തിന് ഗവണ്‍മെന്റും കര്‍ഷകരും മുന്നോട്ട് വരണം. സംഭാഷണം വഴിമുട്ടി നില്‍ക്കരുത്. പുതിയ വഴികള്‍ തുറക്കണം.

ഗവണ്‍മെന്റ് കടുംപിടുത്തം നിറുത്തണം. കര്‍ഷകരും പ്രതികരിക്കുന്നവരും പ്രതിഷേധിക്കുന്നവരും വിയോജിക്കുന്നവരും ഭരണാധികാരിയെ ചോദ്യം ചെയ്യുന്നവരും സമര ജീവികളും സമരതൊഴിലാളികളുമായി മുദ്രകുത്തപ്പെടുന്നവരും ജനാധിപത്യ വിരുദ്ധം ആണ്. ഭരണാധികാരിക്ക് ഹോശാന പാടുന്ന മാധ്യമങ്ങളും, ആക്ടിവിസ്റ്റുകളും, രാഷ്ട്രീയക്കാരും മാത്രമല്ല ഇവിടെയുള്ളത്. ചോദ്യംചെയ്യുന്നവര്‍ ഉണ്ട്. ചോദ്യം ചെയ്യുന്നവരെ അടച്ചാക്ഷേപിക്കുന്നത് ഒരു കാലത്ത് ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ കവചം ആയിരുന്നു. സി.ഐ.എ.-ഏജന്റ് തുടങ്ങിയ ആരോപണങ്ങള്‍ ഓര്‍മ്മിക്കുക. ഇതെല്ലാം ഒരു തരം രാഷ്ട്രീയ ഭീതി ആണ്. അത് അസുരക്ഷിതാവസ്ഥയില്‍ നിന്നും ഉടലെടുക്കുന്നതാണ്. ദുര്‍ബ്ബലനായ രാഷ്ട്രീയ ഭരണാധികാരിക്ക്. സ്വേച്ഛാധിപതിയായ ഫാസിസ്റ്റ് ഭരണാധികാരിക്ക് അത് ഒരു സ്വഭാവ സവിശേഷത ആണ്.  സുപ്രീം കോടതി അഭിപ്രായ-വ്യക്തി-മനുഷ്യാവകാശ-രാഷ്ട്രീയ-പ്രതിഷേധ സ്വാതന്ത്ര്യത്തെ പലകുറി വിധി ന്യായങ്ങളിലൂടെ സാധൂകരിച്ചിട്ടുള്ളതാണ്. കാരണം ഇത് ജനാധിപത്യപരമായ അവകാശം ആണ്. ഇന്‍ഡ്യ ഇ്‌പ്പോഴും ഒരു ജനാധിപത്യ മതേതര രാഷ്ട്രം തന്നെ ആണ് ഭാഗ്യവശാല്‍. സമാധാനപരമായി സമരം ചെയ്യുവാനുള്ള അവകാശത്തെയും സുപ്രീംകോടതി ഈ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ അംഗീകരിച്ചിട്ടുള്ളതാണ്. മഹാത്മജിയുടെ സത്യാഗ്രഹ തത്വശാസ്ത്രത്തിലൂടെ ഒരു ജനകീയ പ്രക്ഷോഭണം നടത്തുന്ന കര്‍ഷകരെ ഇത്തിള്‍ക്കണ്ണികളായ സമരജീവികള്‍ എന്നും വിദേശ നശീകരണ പ്രത്യയശാസ്ത്രത്തിന്റെ ഇരകള്‍ എന്നും വിളിച്ചാക്ഷേപിക്കുന്നത് സ്വീകാര്യം അല്ല.

സമരജീവികളെന്ന ഇത്തിക്കണ്ണികളും വിദേശ നശീകരണ പ്രത്യയ ശാസ്ത്രവും?  (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക