Image

മേളയുടെ നായകൻ ; ദൃശ്യം 2 -ലൂടെ വീണ്ടും - ആൻസി സാജൻ

Published on 24 February, 2021
മേളയുടെ നായകൻ ; ദൃശ്യം 2 -ലൂടെ വീണ്ടും - ആൻസി സാജൻ
ദൃശ്യം 2 - ന്റെ വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ തുടരുകയാണ്. ഭൂരിഭാഗം മലയാളികളും സിനിമ ഇതിനോടകം കണ്ടുകഴിഞ്ഞുവെന്ന് കരുതാം. രണ്ടാം ഭാഗം കടന്ന് ദൃശ്യം -3 നും സാധ്യതയുണ്ടെന്ന് സംവിധായകൻ കോട്ടയത്ത് വച്ച് പറഞ്ഞതും യാഥാർത്ഥ്യമാകാനിടയുണ്ട്.
ഇങ്ങനെ ദൃശ്യാത്ഭുതങ്ങൾക്കിടയിൽ വ്യത്യസ്തമായ ഒരു കാര്യം എടുത്തു പറയാനുള്ളത് പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ചായക്കടയിൽ സപ്ലയർ ജോലി ചെയ്യുന്ന, പൊക്കം കുറഞ്ഞ രഘു എന്ന കഥാപാത്രത്തെപ്പറ്റിയാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ പേരും രഘു എന്ന് തന്നെയാണ്.
ദൃശ്യത്തിന് വേണ്ടി എവിടുന്നോ കണ്ടെടുത്ത ആളല്ല അദ്ദേഹം. 1980-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത മേള എന്ന മികച്ച ചിത്രത്തിലെ നായകനായിരുന്നു രഘു. മമ്മൂട്ടിയുടെ ആദ്യത്തെ ലീഡ് റോൾ എന്ന് പറയാവുന്ന കഥാപാത്രം മേളയിലെ ബൈക്ക് അഭ്യാസിയായിരുന്നു.  സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലമുള്ള മേളയിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രമായിരുന്നു സർക്കസിലെ കുള്ളനായ രഘുവിന്റേത്.  സിനിമ കണ്ടവർക്കറിയാം ഒരു പക്ഷേ മമ്മൂട്ടിയെക്കാൾ അന്ന് പ്രേക്ഷക ശ്രദ്ധ  പിടിച്ചു പറ്റിയത് രഘുവായിരുന്നുവെന്ന് .
സർക്കസിൽ ജോലി ചെയ്യുന്ന കുള്ളനായ നായകൻ തന്റെ ഗ്രാമത്തിലെ  സുന്ദരിയായ പെൺകുട്ടിയെ കല്യാണം കഴിച്ച് നഗരത്തിലെത്തുന്നതും സർക്കസ് കൂടാരത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്നതും പിന്നീടുള്ള അന്ത:സംഘർഷങ്ങളുമാണ് മേളയുടെ കഥ. ഗോവിന്ദൻകുട്ടിയെന്ന കേന്ദ്ര കഥാപാത്രമായി രഘുവും മരണക്കിണറിലെ ബൈക്ക് അഭ്യാസിയായ രമേശ് എന്ന സാഹസികനെ മമ്മൂട്ടിയും മൽസരിച്ച പ്രതിഭയോടെയാണ് അവതരിപ്പിച്ചത്. കന്നട നടി അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായിക.
കാലം പോകെ രഘുവിനെ പരിമിത എണ്ണം സിനിമകളിലേ കാണാൻ കഴിഞ്ഞുള്ളു. ശാരീരിക പരിമിതികൾ കഥാപാത്രങ്ങൾക്ക് ചേർച്ച പകരാനാവാത്തതാവാം കാരണം. എന്തായാലും മേളയിൽ ഉജ്ജ്വലമായ അഭിനയത്തികവാണ് രഘു കാഴ്ചവച്ചത്.
മമ്മൂട്ടിക്കൊപ്പം മേളയിലെത്തിയ രഘു കാലങ്ങൾക്കുശേഷം മോഹൻലാലിനൊപ്പം ദൃശ്യം - 2 ലും അഭിനയിച്ചു. ഇക്കാലമത്രയും രഘു എന്തായിരുന്നു എവിടെയായിരുന്നു എന്നതിലൊന്നുമല്ല കാര്യം. ദൃശ്യം കണ്ടവർ രഘുവിനെ തിരിച്ചറിയുകയും മേളയിലെ നായകനെ ഒരിക്കൽ കൂടി ഓർമ്മയിൽ ചേർത്തു വയ്ക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാനം. ഏതായാലും മേള ഒരിക്കൽ കൂടി കാണുക തന്നെ...
യുട്യൂബിന് നന്ദി...
വരുംദിനങ്ങളിൽ സിനിമ രഘുവിന് ഇനിയും നന്മ വരുത്തട്ടെ എന്ന പ്രാർത്ഥനയും ചേർത്തു വയ്ക്കുന്നു.
മേളയുടെ നായകൻ ; ദൃശ്യം 2 -ലൂടെ വീണ്ടും - ആൻസി സാജൻ
മേളയുടെ നായകൻ ; ദൃശ്യം 2 -ലൂടെ വീണ്ടും - ആൻസി സാജൻ
മേളയുടെ നായകൻ ; ദൃശ്യം 2 -ലൂടെ വീണ്ടും - ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക