Image

അധ്യാപകന്‍ മൊഴി മാറ്റി; അന്വേഷണം വഴിമുട്ടി

Published on 06 October, 2011
അധ്യാപകന്‍ മൊഴി മാറ്റി; അന്വേഷണം വഴിമുട്ടി
തിരുവനന്തപുരം: ആര്‍ ബാലകൃഷ്‌ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ ആക്രമണത്തിന്‌ ഇരയായ അധ്യാപകന്‍ കൃഷ്‌ണകുമാര്‍ വീണ്ടും മൊഴി മാറ്റി. ഇതോടെ അന്വേഷണം വഴിമുട്ടി. പോലീസ്‌ ഇന്ന്‌ അധ്യാപകന്റെ മൊഴിയെടുത്തപ്പോള്‍ താന്‍ സംഭവദിവസം കടയ്‌ക്കലില്‍ പോയിരുന്നുവെന്നും ജ്യോത്സ്യനെ കണ്ടിരുന്നുവെന്നും പറഞ്ഞു. ഡിവൈഎസ്‌പിമാരായ ഷാനവാസ്‌, അജിത്‌ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു മൊഴിയെടുക്കല്‍. കൃഷ്‌ണകുമാറിന്റെ ഭാര്യയും വാളകം സ്‌കൂളിലെ പ്രധാനാധ്യാപികയുമായ ഭാര്യ ഗീതയുടെ മൊഴിയും പൊലീസ്‌ വീണ്ടും രേഖപ്പെടുത്തി. ഇരുവരുടെയും മൊഴി വീഡിയോയില്‍ പകര്‍ത്തി.

എന്നാല്‍ നേരത്തെ താന്‍ കടയ്‌ക്കലോ നിലമേലോ പോയിട്ടില്ലെന്നായിരുന്നു കൃഷ്‌ണകുമാര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. സംഭവ ദിവസം താന്‍ സ്വന്തം കാറോടിച്ചു ഡിഇഒ ഓഫിസിലും സ്‌കൂളിലും പോയി മടങ്ങുംനേരം നാലംഗ സംഘം ആക്രമിച്ചതായാണു കൃഷ്‌ണകുമാര്‍ കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നത്‌. ഇവരെ കണ്ടാലറിയാമെന്നും പറഞ്ഞിരുന്നു.

എന്നാല്‍, കൃഷ്‌ണകുമാര്‍ ഡിഇഒ ഓഫിസില്‍ പോയ ശേഷം വൈകിട്ട്‌ വീട്ടില്‍ മടങ്ങിയെത്തിയെന്നും ചായ കുടിച്ച ശേഷം ആറരയോടെയാണു നിലമേലില്‍ പോയതെന്നും ഭാര്യ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. രാത്രി 10.10നു നിലമേല്‍ ജംക്ഷനില്‍ നിന്നു തന്നെ ഫോണില്‍ വിളിച്ചെന്നും അരമണിക്കൂറിനകം വീട്ടിലെത്തുമെന്നും പറഞ്ഞിരുന്നതായി ഭാര്യ പൊലീസിനു മൊഴി നല്‍കിയിരുന്നു.

പിന്നീടു കൃഷ്‌ണകുമാറിന്റെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഭാര്യ പറഞ്ഞതാണു ശരിയെന്നു തെളിഞ്ഞു. മാത്രമല്ല, ആക്രമിക്കപ്പെടുന്നതിനു മുന്‍പുള്ള മൂന്നു ദിവസങ്ങളിലും ഇദ്ദേഹം നിലമേലിലും കടയ്‌ക്കലിലും പോയിരുന്നതായും ടവര്‍ ലൊക്കേഷന്‍ വഴി സ്ഥിരീകരിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക