Image

ഡല്‍ഹി സ്‌ഫോടനം: സൂത്രധാരനെന്ന് സംശയിക്കുന്ന യുവാവ് പിടിയില്‍

Published on 07 October, 2011
ഡല്‍ഹി സ്‌ഫോടനം: സൂത്രധാരനെന്ന് സംശയിക്കുന്ന യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി കവാടത്തില്‍ നടന്ന സ്‌ഫോടനത്തിന്റെ ആസൂത്രകരില്‍ ഒരാളെന്ന് സംശയിക്കുന്ന യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വസിം ആണ് ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍നിന്ന് വ്യാഴാഴ്ച രാത്രി പിടിയിലായത്. യുവാവിനെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

വസിമിനെ പിടികൂടിയത് സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി വിലയിരുത്തുന്നു. നാലുപേര്‍ക്കൊപ്പമാണ് വസിം സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് സൂചന. ബംഗ്ലാദേശിലാണ് ആസൂത്രണം നടന്നത്. കിഷ്ത്വാറിലെ ഏതാനുംപേരുടെ സഹായത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്നും സൂചനയുണ്ട്.

ബംഗ്ലാദേശിലെ ഹര്‍ക്കത്ത് ഉല്‍ ജിഹാദി ഇസ്‌ലാമിയിലെ അംഗമാണ് വസിം എന്നാണ് എന്‍.ഐ.എ കരുതുന്നത്. വസിമിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലാവുന്ന മൂന്നാമത്തെ ആളാണ് വസീം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക