Image

ജൂഡീഷ്യല്‍ കൗണ്‍സിലില്‍ നിന്ന്‌ സംതൃപ്‌തിയോടെ പടിയിറക്കം

Published on 14 October, 2011
ജൂഡീഷ്യല്‍ കൗണ്‍സിലില്‍ നിന്ന്‌ സംതൃപ്‌തിയോടെ പടിയിറക്കം
ന്യൂയോര്‍ക്ക്‌: ഫൊക്കാനാ പിളര്‍ന്ന്‌ ഫോമ പിറവിയെടുത്തപ്പോള്‍ രൂപംകൊണ്ട നൂതന ആശയമായിരുന്നു ജുഡീഷ്യല്‍ കൗണ്‍സില്‍. സംഘടനയിലെ വഴക്കും വക്കാണവും ഒഴിവാക്കാനും വഴിതെറ്റിപ്പോകുന്ന പ്രവര്‍ത്തകരെ നേര്‍വഴിക്കാക്കാനുമുള്ള ചുതലയുമായാണ്‌ ഈ നയതന്ത്ര സംവിധാനം ഉണ്ടായത്‌.

സംഘടനയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൗണ്‍സിലിന്‌ അധികാരമുണ്ട്‌. പ്രസിഡന്റോ സെക്രട്ടറിയോ പോലും അതിനു വിധേയമാണ്‌. നടപടി എടുത്താല്‍ അത്‌ കൗണ്‍സില്‍, ജനറല്‍ കൗണ്‍സിലില്‍ കാര്യകാരണ സഹിതം വിശദീകരിച്ചാല്‍ മതി. നടപടിയെടുക്കപ്പെടുന്നവര്‍ക്കും പരാതിയുണ്ടെങ്കില്‍ ജനറല്‍ കൗണ്‍സിലിലാണ്‌ പറയേണ്ടത്‌.

ചുരുക്കത്തില്‍ ഏറെ അധികാരങ്ങളുള്ള സംവിധാനമാണ്‌ അഞ്ചംഗ ജുഡീഷ്യല്‍ കൗണ്‍സില്‍. പക്ഷെ, അധികാരം ഉപയോഗിക്കാതെതന്നെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വഴി കാര്യങ്ങള്‍ നടത്തിയെടുക്കുന്നതില്‍ കൗണ്‍സില്‍ ജാഗ്രത കാട്ടുന്നു.

വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നുള്ള തോമസ്‌ കോശിയാണ്‌ ഇപ്പോഴത്തെ കൗണ്‍സില്‍ ചെയര്‍. വിന്‍സെന്റ്‌ ബോസ്‌, വര്‍ഗീസ്‌ ഫിലിപ്പ്‌, മാത്യു എടപ്പാറ, ജോര്‍ജ്‌ തോമസ്‌ എന്നിവര്‍ അംഗങ്ങളും.

മൂന്നുവര്‍ഷം പിന്നിട്ട കൗണ്‍സിലിനു പകരും പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുക്കാന്‍ ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍ ജനറല്‍ കൗണ്‍സില്‍ ചേരുന്നു. ജനറല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ്‌ തങ്ങളിലൊരാളെ ചെയര്‍മാനായി നിശ്ചയിക്കുക.

കാര്യമായ മത്സരമൊന്നും പ്രതീക്ഷിക്കാത്ത കൗണ്‍സില്‍ അംഗത്വത്തിന്‌ ചില മുന്‍ നേതാക്കളുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു.

മുന്നുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ അഭിമാനത്തോടും സംതൃപ്‌തിയോടുംകൂടിയാണ്‌ താന്‍ പടിയിറങ്ങുന്നതെന്ന്‌ നിലവിലുള്ള ചെയര്‍ തോമസ്‌ കോശി പറഞ്ഞു. സംഘടനയില്‍ ചില പ്രശ്‌നങ്ങള്‍ രൂപപ്പെട്ടപ്പോഴും തെറ്റായ പ്രവണതകള്‍ ഉയര്‍ന്നപ്പോഴും അവയെ മുളയിലേ നുള്ളാന്‍ കഴിഞ്ഞു. അധികാരമോ ഭീഷണിയോ ഉപയോഗിച്ചായിരുന്നില്ല അത്‌. പാളിച്ചകള്‍ കാണുമ്പോള്‍ അവ പാളിച്ചകളാണെന്ന്‌ ചൂണ്ടിക്കാട്ടുമ്പോള്‍ തന്നെ പലരും അതില്‍ നിന്ന്‌ പിന്‍മാറുന്നതാണ്‌ കണ്ടത്‌. പരസ്‌പരമുള്ള ബഹുമാനം സംഘടനയില്‍ ഏറെയുണ്ടെന്നും മനസ്സിലായി.

ഇത്തരമൊരു സംവിധാനം ഫൊക്കാനയില്‍ ഉണ്ടായിരുന്നെങ്കില്‍ സംഘടന പിളരില്ലായിരുന്നു. കേസും വഴക്കുമൊന്നും ഉണ്ടാകുമായിരുന്നില്ല. ഈ സംവിധാനം എല്ലാ സംഘടനകളിലും കൊണ്ടുവരണമെന്നും അടുത്തയിടയ്‌ക്ക്‌ വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റിലേഷന്‍ കമ്മീഷണറായി നിയമിതനായ തോമസ്‌ കോശി പറഞ്ഞു.

വീണ്ടും ഇതേ സ്ഥാനത്ത്‌ വരണമെന്ന്‌ പലരും പറയുന്നുണ്ടെങ്കിലും തത്‌കാലം ഒരു സ്ഥാനവും ഏറ്റെടുക്കാന്‍ ഉദ്ദേശമില്ലെന്ന്‌ തോമസ്‌ കോശി പറഞ്ഞു. സംഘടനയുടെ സജീവ പ്രവര്‍ത്തകനായി തുടരും.

അധികാരമുണ്ടെങ്കിലും ജുഡീഷ്യല്‍ കൗണ്‍സില്‍ പിന്നണിയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുന്നവരാണ്‌. പ്രത്യേകിച്ച ഗ്ലാമറോ, പത്രവാര്‍ത്തകളില്‍ വരാനുള്ള സാധ്യതകളോ ഇല്ല. പക്ഷെ, നിശ്ശബ്‌ദമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നുള്ളത്‌ ഏറെ സന്തോഷം പകരുന്നു. തോമസ്‌ കോശി പറഞ്ഞു.

ഓരോ റീജിയണില്‍ നിന്നും ആരൊക്കെ ഏതൊക്കെ സ്ഥാനത്തേക്ക്‌ മത്സരിക്കണമെന്ന്‌ ചിലര്‍ ചേര്‍ന്ന്‌ തീരുമാനിക്കുന്ന സ്ഥിതി വരുമെന്ന്‌ കണ്ടപ്പോള്‍ കൗണ്‍സിലാണ്‌ ഇടപെട്ട്‌ തടഞ്ഞത്‌. ഇലക്ഷനും ജനാധിപത്യ സംവിധാനത്തിനും തടസ്സമായ നടപടികളൊന്നും പാടില്ലെന്ന്‌ കൗണ്‍സില്‍ നിലപാട്‌ അംഗീകരിക്കുകയും ചെയ്‌തു.
ജൂഡീഷ്യല്‍ കൗണ്‍സിലില്‍ നിന്ന്‌ സംതൃപ്‌തിയോടെ പടിയിറക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക