Image

ഓണത്തിന്‌ ഒരു നിറച്ചൂട്ട്‌ (കവിത: സെബാസ്റ്റ്യന്‍ പാലത്ര)

Published on 03 September, 2014
ഓണത്തിന്‌ ഒരു നിറച്ചൂട്ട്‌ (കവിത: സെബാസ്റ്റ്യന്‍ പാലത്ര)
തമ്പ്രാനൊന്നും പറഞ്ഞില്ലേലും
തമ്പ്രാട്ടി പറഞ്ഞെല്ലാരും ചെല്ലാന്‍
ഓണത്തിന്‌ നാളിലില്ലത്തേയ്‌ക്ക്‌
പ്രാതലുമവിടെത്തന്നെയാകാമല്ലോ

ചേറിന്റെ നിറമാണ്‌ കിടാങ്ങള്‍ക്കെല്ലാം
എങ്കിലുമരുമയാണെല്ലാവരും
തേവനും കുഞ്ഞനും മൂത്തകുഞ്ഞും
മതിയെടാ ചേറിലുരുണ്ടതിന്‌

പോകെടാ മാപ്ലേടെ കടയിലേക്ക്‌
വാങ്ങെടാ ഓരോ കുമ്പിളെണ്ണ
തേക്കെടാ തലമുതല്‍ കാലുവരെ
കാശോ! ഓണത്തിന്‌ പിറ്റേന്ന്‌

എന്നിട്ട്‌ ചാടെടാ തെക്കേത്തോട്ടില്‍
തേക്കെടാ ദേഹം ചകിരികൊണ്ട്‌
പോട്ടെടാ ചെളിയെല്ലാം ദേഹത്തുന്ന്‌
പോട്ടെടെ ചേറിന്റെ മണവുമിന്ന്‌

മക്കളെ കറമ്പി കുഞ്ഞാളി
അമ്മേ വിളിക്ക്‌ പോകാമിപ്പോള്‍
അച്ചാ താ ഒരു വെള്ളിരൂപാ
നെറ്റിയില്‍ കുത്തട്ടെ പൊട്ടൊന്നിന്‌

നോക്കട്ടെ മക്കളെ മുറുക്കാന്‍ പൊതിയില്‍
ഇല്ലല്ലോ മക്കളെ ഒന്നുമില്ല
തമ്പുരാന്‍ തരുമല്ലോ വെള്ളിരൂപ
ഇന്നത്തെ നിറച്ചൂട്ടില്ലത്തല്ലോ
ഓണത്തിന്‌ ഒരു നിറച്ചൂട്ട്‌ (കവിത: സെബാസ്റ്റ്യന്‍ പാലത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക