Image

ശതാബ്ദത്തിന്റെ കുതിപ്പുമായി കേരള കൗമുദി

Published on 12 December, 2011
ശതാബ്ദത്തിന്റെ കുതിപ്പുമായി കേരള കൗമുദി
ന്യൂയോര്‍ക്ക്: രാഷ്ടീയ -സാമൂഹിക-സാംസ്കാരിക മേഖലയില്‍ മലയാളിയോടൊപ്പം നടക്കുകയും മാറ്റത്തിന്റെ കുതിപ്പില്‍ ഊര്‍ജ്ജം പകര്‍ന്നും പുതിയ പ്രതീക്ഷയുടെ വാതായനങ്ങള്‍ തുറന്നുകാട്ടിയും ഒരു ശതാബ്ദം പിന്നിടുന്ന കേരള കൗമുദിക്ക് പ്രവാസി മലയാളികളും അഭിവാദ്യമര്‍പ്പിച്ചു.

ശ്രീനാരായണ ഗുരുവിന്റെ ആശീര്‍വാദത്തോടെ തുടങ്ങിയ പ്രസ്ഥാനം ഗുരു തുടങ്ങിവെച്ച സാമൂഹിക മാറ്റങ്ങളുടെ തേരാളിയായ ചരിത്രമാണ് ഒരു നൂറ്റാണ്ടിന് പറയുവാനുള്ളതെന്ന് ന്യൂഹൈഡ് പാര്‍ക്കിലെ വൈഷ്ണവ കമ്യൂണിറ്റി ഹാളില്‍ നടന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത യുണൈറ്റഡ് നേഷന്‍സ് ചീഫ് ഡി ക്യാബിനറ്റ് അംബാസിഡര്‍ വിജയ് നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. പുരോഗമാനാശങ്ങളെ എക്കാലവും പിന്തുണയ്ക്കുന്നതില്‍ കേരള കൗമുദി മടികാട്ടിയിട്ടില്ല.

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പത്രം ജാഗരൂകരായിരുന്നു. മാധ്യമ രംഗത്തെ അതിപ്രസരവും മത്സരവും മൂലം വാര്‍ത്തകളുടെ വിശ്വാസ്യത ഇന്ന് ചോര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കുന്നുവെങ്കിലും കേരള കൗമുദി വാക്കുകളില്‍ സത്യത്തിന്റെ ഉള്‍ക്കാമ്പ് നിറയ്ക്കുവാന്‍ ഒരുകാലത്തും മറന്നുപോയിട്ടില്ല. നൂറ്റാണ്ട് പിന്നിടാനുള്ള വിജയരഹസ്യവും ഈ വിശ്വാസ്യത തന്നെ.

പണ്ടൊക്കെ പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ യഥാര്‍ത്ഥമായി ചിത്രീകരിച്ചാല്‍ മതിയായിരുന്നു. ഇന്നത് വിശകലനവും അഭിപ്രായവും വേണ്ടിവരുന്ന സ്ഥിതിയായി. പക്ഷംപിടിക്കാതെ വാര്‍ത്തകള്‍ കൊടുക്കാനാവാത്ത സ്ഥിതി വന്നിരിക്കുന്നു.

നമ്മുടെ ചിന്താഗതിയെ നിയന്ത്രിക്കുന്നത് നമ്മുടെ കാഴ്ചപ്പാടുകളാണ് (പെര്‍സെപ്ഷന്‍). ശ്രീലങ്കയെപ്പറ്റിയോ മ്യാന്‍മറിനെപ്പറ്റിയോ താന്‍ നല്‍കുന്ന വിശദീകരണം തന്റെ മുകളിലുള്ളവര്‍ എങ്ങനെ കാണുന്നു എന്നതാണ് കാര്യം. അവരുടെ കാഴ്ചപ്പാടാണ് അവരുടെ ചിന്താഗതിയായി മാറുന്നത്. ഒരേകാര്യംതന്നെ ഓരോരുത്തരും കാണുന്നതിലെ വൈജാത്യത്തെപ്പറ്റി ടൈം മാസികയുടെ നാല്‍പ്പതാം വാര്‍ഷികപ്പതിപ്പില്‍ 48 വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥിയായിരിക്കെ വായിച്ചതോര്‍ക്കുന്നു.

ഹൈന്ദവ വിശ്വാസത്തിന് അനുസൃതവുമാണ് ഈ ചിന്താഗതി. പരമമായ സത്യം കണ്ടെത്താനുള്ള അന്വേഷണവുമാണ് ജീവിതം എന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. ആത്യന്തിക സത്യം കണ്ടെത്തുക എളുപ്പമല്ലെന്നും ഹൈന്ദവര്‍ വിശ്വസിക്കുന്നു.

ചുരുക്കത്തില്‍ ജീവിതമെന്നപോലെ ഒരു സത്യാന്വേഷണമാണ് പത്രപ്രവര്‍ത്തനവും. ആ പ്രയാണത്തില്‍ കേരള കൗമുദി ഉത്തരോത്തരം വിജയിക്കട്ടെ എന്നദ്ദേഹം ആശംസിച്ചു.

നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യത്തിന്റെ കണ്ണിയാണ് താന്‍ എന്നതില്‍ അഭിമാനമുണ്ടെന്ന് കേരള കൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അന്‍ജു ശ്രീനിവാസന്‍ പറഞ്ഞു. കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് കേരള കൗമുദി ഓഫീസില്‍ പോയിരുന്നത് ഇന്നും മനസ്സിലുണ്ട്. അച്ഛച്ചനായ കെ. സുകുമാരന്റെ പിതാവ് സി.വി. കുഞ്ഞിരാമന്‍ ആണ് തുടക്കമിട്ടതെങ്കിലും അച്ഛച്ചന്റെ കാലത്താണ് പത്രം വിശ്വാസ്യതയും വിജയവും നേടിയെടുത്തത്.

പുതുമകളെ അംഗീകരിക്കാന്‍ പത്രം ഒരിക്കലും മടികാട്ടിയിട്ടില്ല. 1997-ല്‍ ഇന്റര്‍നെറ്റില്‍ ആദ്യമായി പ്രസിദ്ധീകരണം തുടങ്ങിയ പത്രങ്ങളിലൊന്ന് കേരള കൗമുദിയായിരുന്നു. ലോകമെമ്പാടും ജനം വാര്‍ത്തയ്ക്കായി കേരള കൗമുദി ഡോട്ട്‌കോമില്‍ എത്തുന്നു. ഈ പാരമ്പര്യം പിന്തുടര്‍ന്ന് കേരള കൗമുദി ടിവി ചാനല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. അത് ഐ.പി.ടി.വി വഴി ഇപ്പോള്‍ അമേരിക്കയില്‍ ലഭ്യമാണ്. റോക്കു ബോക്‌സ് വഴി ബോം ടിവി ആണ് അത് പ്രസാരണം ചെയ്യുന്നത്.

രണ്ട് ദശാബ്ദമായി കാലിഫോര്‍ണിയയില്‍ താമസിക്കുന്ന താനും അമേരിക്കന്‍ മലയാളിയാണെന്നവര്‍ പറഞ്ഞു.

കേരള കൗമുദി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി. ജോജോ ഒരു നൂറ്റാണ്ടിന്റെ ചരിത്രം വിവരിച്ചു. മയ്യനാട് പ്രസ്സും മറ്റും ആയിക്കഴിഞ്ഞപ്പോള്‍ ഇനിയൊരു പത്രമാകാം എന്നുപറഞ്ഞത് ഗുരുവാണ്. അധ്യാപകനായ സി.വി. കുഞ്ഞിരാമന്‍ അതിന്റെ സാരഥ്യമേറ്റെടുത്തു. തുടര്‍ന്ന് കേരളത്തിലുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കെല്ലാം പിന്നില്‍ കേരള കൗമുദി ഉണ്ടായിരുന്നു. നിവര്‍ത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരത്തിലെത്തിച്ച പ്രക്ഷോഭം തുടങ്ങിയവയൊക്കെ ഉദാഹരണം. സ്വാതന്ത്ര്യാനന്തരകാലത്ത് വിമോചന സമരത്തെ ശക്തമായി എതിര്‍ത്ത ഏക പത്രം കേരള കൗമുദിയായിരുന്നു. ഇന്നിപ്പോള്‍ വിമോചന സമരം തെറ്റായിപ്പോയി എന്ന വിശ്വാസക്കാരാണ് ഏറെയുള്ളത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുവിന്റെ ആശയങ്ങള്‍ ഒരിക്കലും പത്രം കൈവിട്ടിട്ടില്ലെന്ന് ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍ ചൂണ്ടിക്കാട്ടി. ഫൊക്കാനയുമായുള്ള നല്ല ബന്ധം പോള്‍ കറുകപ്പിള്ളി എടുത്തുകാട്ടി. പത്തുവര്‍ഷം മുമ്പത്തെ മാധ്യമരംഗമല്ല ഇന്നുള്ളതെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് ആന്‍ഡ്രൂ പാപ്പച്ചന്‍ ചൂണ്ടിക്കാട്ടി. ലോകം ആഗോളവത്കരിക്കപ്പെടുകയും ഡിജിറ്റലൈസ്ഡ് ആകുകയും ചെയ്തു. ഇക്കാലഘട്ടത്തിലെ പത്രപ്രവര്‍ത്തനവും മുമ്പെങ്ങുമില്ലാത്ത വെല്ലുവിളികള്‍ നിറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വാസുദേവ് പുളിക്കല്‍, ജോര്‍ജ് തുമ്പയില്‍, തോമസ് ടി. ഉമ്മന്‍, ടി.എന്‍. നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യു.എസ് പ്രതിനിധി പ്രസന്നന്‍ ഗംഗാധരന്‍ സ്വാഗതവും, കേരള കൗമുദി യു.എസ്. ബ്യൂറോ ചീഫ് ജയിംസ് വര്‍ഗീസ് നന്ദിയും പറഞ്ഞു.
ശതാബ്ദത്തിന്റെ കുതിപ്പുമായി കേരള കൗമുദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക