Image

കാറപകടത്തില്‍പെട്ട അമ്മയെ ആറു വയസ്സുകാരന്‍ രക്ഷിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 13 December, 2011
കാറപകടത്തില്‍പെട്ട അമ്മയെ ആറു വയസ്സുകാരന്‍ രക്ഷിച്ചു
ആല്‍ബനി (ന്യൂയോര്‍ക്ക്‌): അപകടത്തില്‍ പെട്ട്‌ തലകീഴായി 50 അടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ കാറില്‍ നിന്ന്‌ സ്വന്തം അമ്മയെ ആറു വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി.

ആല്‍ബനിയില്‍ നിന്ന്‌ ഏതാനും മൈലകലെയുള്ള ബേണ്‍ എന്ന സ്ഥലത്ത്‌ റൂട്ട്‌ 85-നും 443-നുമിടക്കുള്ള രണ്ടു മൈല്‍ ദൂരത്തിലായിരുന്നു സംഭവം നടന്നത്‌. അമ്മ ഡെലോറസ്‌ ഡോബറായിരുന്നു കാറോടിച്ചിരുന്നത്‌. ആറു വയസ്സുള്ള മകന്‍ ആരണ്‍ പുറകിലെ സീറ്റിലിരിക്കുകയായിരുന്നു.

പുറകിലിരിക്കുന്ന മകന്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ തിരിഞ്ഞു നോക്കിയ ഒരു സെക്കന്റിനുള്ളില്‍ കാര്‍ എതിര്‍ വശത്തുള്ള ലൈനിലേക്ക്‌ മാറുകയും, ഒരു കൂട്ടിയിടി ഒഴിവാക്കാന്‍ സ്റ്റിയറിംഗ്‌ വീല്‍ വെട്ടിച്ചപ്പോള്‍ റോഡരികിലെ മഞ്ഞില്‍ പുതഞ്ഞ്‌ കാര്‍ നിയന്ത്രണം വിട്ട്‌ തലകീഴായി മറിയുകയുമായിരുന്നു എന്ന്‌ ഡെലോറസ്‌ പിന്നീട്‌ പറഞ്ഞു. 50 അടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ തലകീഴായി വീണ കാറില്‍ നിന്ന്‌ ആറു വയസ്സുകാരന്‍ ആരണ്‍ എങ്ങനെയോ ഊര്‍ന്നിറങ്ങി സീറ്റ്‌ ബെല്‍റ്റില്‍ കുടുങ്ങിക്കിടന്ന അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റോഡില്‍ നിന്ന്‌ അകലെ താഴ്‌ചയിലായിരുന്നു കാര്‍ കിടന്നിരുന്നതുകൊണ്ട്‌ മറ്റു യാത്രക്കാര്‍ക്ക്‌ പെട്ടെന്ന്‌ കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമില്ല.

കാറിന്റെ വാതില്‍ തുറക്കാന്‍ ആരണ്‍ പണിപ്പെട്ടെങ്കിലും കഴിഞ്ഞില്ല. മഞ്ഞുറഞ്ഞു കിടന്നതിനാല്‍ തണുപ്പും അതികഠിനമായിരുന്നു. ഷൂസ്‌ കാറിനുള്ളില്‍ അഴിച്ചിട്ടിരുന്നതിനാല്‍ വെറും സോക്‌സ്‌ മാത്രമേ ആരണ്‍ ധരിച്ചിരുന്നുള്ളൂ. അമ്മയെ രക്ഷിക്കാന്‍ ആ ആറു വയസ്സുകാരന്‍ പണിപ്പെട്ടെങ്കിലും കഴിയാതെ വന്നപ്പോള്‍ 50 അടി ഉയരത്തിലുള്ള റോഡിലേക്ക്‌ കയറി മറ്റു വാഹനങ്ങളെ കൈകാട്ടി നിര്‍ത്തി വിവരങ്ങള്‍ പറയുകയായിരുന്നു. അപകട വാര്‍ത്തയറിഞ്ഞ്‌ ബേണ്‍, വെസ്റ്റര്‍ലോ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി. കാര്യമായ പരിക്കുകളേല്‍ക്കാതിരുന്ന അമ്മയേയും മകനേയും ആല്‍ബനി മെഡിക്കല്‍ സെന്ററിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

`ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മന:സ്സാന്നിദ്ധ്യമാണ്‌ ഏറ്റവും അനിവാര്യമായി വേണ്ടത്‌. ഈ കുഞ്ഞ്‌  അതിനൊരു മാതൃകയാണ്‌.' ആക്ടിംഗ്‌ ആല്‍ബനി കൗണ്ടി ഷെരീഫ്‌ ക്രെയിഗ്‌ ആപ്പിള്‍ അഭിപ്രായപ്പെട്ടു. നാട്ടിലും വീട്ടിലും സ്‌കൂളിലും ഒരു ഹീറോയുടെ പരിവേഷമണിഞ്ഞ്‌ വിലസുകയാണ്‌ ഈ ആറു വയസ്സുകാരന്‍.
കാറപകടത്തില്‍പെട്ട അമ്മയെ ആറു വയസ്സുകാരന്‍ രക്ഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക