അകലേക്കകലേക്കു കണ്ണുപായിച്ച് പ്രതീക്ഷയോടെ എത്രയെത്ര കാത്തിരിപ്പുകൾ..
അല്ലെങ്കിലും ജീവിതം തന്നെ ശുഭ പ്രതീക്ഷകളുടെ വലിയൊരു കാത്തിരിപ്പാണല്ലോ. നാളുകളെണ്ണി , നിമിഷങ്ങളെണ്ണി അങ്ങനെയങ്ങനെ ഒരുപാടൊരുപാടു കാത്തിരിപ്പുകൾ . കാത്തിരിക്കുമ്പോൾ നമുക്കു രണ്ടു കണ്ണുകൾക്കു പകരം ആയിരം കണ്ണുകളുണ്ടാകുന്നു പറയാൻ കവികൾക്കല്ലാതെ മറ്റാർക്കാണു കഴിയുക ?
"ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ . എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻകിളീ..."
എന്തൊരു സുഖമാണാ കാത്തിരിപ്പുകൾക്ക് . വരുന്നുണ്ടോ ? വന്നുവോ ? എന്ന് കൂടക്കൂടെ ആകാംക്ഷയോടെ ഒന്നൂടെ എത്തി നോക്കാൻ , സുഗന്ധമായും ശബ്ദമായും കുളിർ തെന്നലായും തഴുകുമെന്നു തോന്നിപ്പിക്കാൻ , നിറവായി തെളിയുന്നതു സ്വപ്നം കാണാൻ ഈ വരികൾ പഠിപ്പിച്ചതേറെയാണ് .
" പൈങ്കിളീ മലർ തേൻകിളി ..."
എന്ന ഏറ്റുപാടൽ വളരെ ലാളിത്യമുള്ള , തെളിമയുള്ള സംഗീതം നൽകി ജെറി അമൽദേവ് സാധാരണക്കാരെക്കൊണ്ടു വരെ പാടിപ്പിച്ചപ്പോൾ അന്നത്തെ തലമുറയുടെ താളം പോലെ പാട്ടുപാടാനറിയാത്തവരും അതേറ്റുപാടി നടന്നു .
എന്റെ പത്താം ക്ലാസ്സിന്റെ ഓട്ടോഗ്രഫ് താളിൽ പ്രിയ കൂട്ടുകാരി അനു
"പൈങ്കിളീ മലർ തേൻകിളി " -
യെ
"അമ്പിളീ മലർ തേൻകിളീ ..."
എന്ന് ,
ഒരു വരി എടുത്തു മാറ്റി എഴുതിയപ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് അതിൽത്തന്നെ എത്ര നേരം നോക്കിയിരുന്നുവെന്നോ ? അങ്ങനത്തെ സ്നേഹ വാക്കുകളെല്ലാം അന്യമായിരുന്ന എനിക്ക് ആ അക്ഷരങ്ങൾ ചുറ്റും നൃത്തം വയ്ക്കുന്നതായി തോന്നി . അതിൽ നോക്കി സ്വയം ചിരിക്കുകയും ആനന്ദിക്കുകയും ചെയ്ത് നിർവൃതിയോടെ എത്ര നേരം ഇരുന്നുവെന്നറിയില്ല .
"മഞ്ഞുവീണതറിഞ്ഞില്ല ...
പൈങ്കിളീ മലർ തേൻകിളീ..
വെയിൽ വന്നു പോയതറിഞ്ഞില്ല ...
ഓമനേ നീ വരും നാളു മെണ്ണിയിരുന്നു ഞാൻ : വന്നു നീ വന്നു നിന്നു നീയെന്റെ ജന്മ സാഫല്യമേ..."
വെയിലും മഞ്ഞും മാറിമാറി വന്നിട്ടും നാളുകളെണ്ണി കാത്തിരിക്കുവാൻ തോന്നിപ്പിക്കുന്ന ഒരു കുഞ്ഞു സുഖമില്ലേ ?
കരച്ചിലും ചിരിയും മാറിമാറി വരുന്ന നിമിഷങ്ങളിൽ ഈ പാട്ടും ഒപ്പമെത്തും . ഈ ഈണമിങ്ങനെ കാതുകളിൽ നിറച്ചു വച്ച് എത്രയോ സ്വപ്നമേച്ചിൽപ്പുറങ്ങളിലേക്കു മനസ്സ് ഊളിയിട്ടിട്ടുണ്ട് . ആയിരം കണ്ണുകളോടെ നിങ്ങളും നാളുകളെണ്ണി ഒരിക്കലെങ്കിലും ഒരാളെയെങ്കിലും കാത്തിരുന്നിട്ടില്ലേ ?
അന്നത്തെ പ്രൈവറ്റു ബസുകളിൽ സ്ഥിരം കേൾക്കുന്ന പാട്ടായതു കാരണം പിന്നെ എപ്പോൾ ആ വരികൾ കേട്ടാലും ബസിന്റെ കമ്പിയിലേക്ക് തല ചായ്ച്ച് ദൂരേയ്ക്ക് നോക്കാൻ വെറുതേ ഒരുൾപ്രേരണ . കാത്തിരിപ്പിന്റെ , പ്രതീക്ഷയുടെ വരാതിരിക്കില്ല എന്ന ഉറപ്പിനെ ഒക്കെ ബിച്ചു ഈ വരികളിൽ നിറച്ചു വച്ചു .
" തെന്നലുമ്മ കളേകിയോ: കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ ... ഉള്ളിലേ.. മാമയിൽ നീലപ്പീലികൾ വീശിയോ.."
വേറൊരു പാട്ടിലും കേട്ടിട്ടില്ലാത്ത , ഒത്തിരി ഇഷ്ടം തോന്നുന്ന ഒരു കുഞ്ഞു വാക്കുണ്ട് ഈ വരികളിൽ . 'തെന്നലുമ്മ ' . ബിച്ചുവിന്റെ മാത്രം വാക്ക് . വല്ലാതെ ഓമനത്വം തോന്നുന്നില്ലേ ? തെന്നൽ എന്നാൽ കാറ്റ് . മന്ദമാരുതനൊപ്പം കുഞ്ഞു തുമ്പിയും തമ്പുരുവും മാമയിലും നീലപ്പീലികളുമെല്ലാം ചേർന്ന് സുന്ദരമായ ഒരു മൃദുചുംബനം കൊരുത്തിട്ട പോലെ . മനസ്സ് നീലപ്പീലി വിരിച്ചാടും നേരം ഒന്നുകൂടി ഈ പാട്ടിനോട് ഒരിഷ്ടക്കൂടുതൽ . എന്തു രസമാണ് മനസ്സിലിട്ട് മൂളി മൂളി ഈണങ്ങളിൽ കാത്തിരിക്കാൻ .
മുത്തശ്ശിയെ അന്വേഷിച്ചു വന്ന കൊച്ചുമകളും കൊച്ചുമകളെ കാത്തിരുന്ന മുത്തശ്ശിയും . ഒരുപാടു സമ്മാനങ്ങളും സ്നേഹവും അവർക്കിടയിൽ പങ്കു വയ്ക്കപ്പെടുന്നതു കൺ നിറയെ കണ്ട് മനസ്സിൽ എത്രയോ വട്ടം മാമയിലുകൾ നീലപ്പീലികൾ വീശിയിരിക്കുന്നു . ചിത്രചേച്ചിയുടെ കുയിൽ നാദവും കൂടി ആയപ്പോൾ പറയാനില്ല . കാലമെത്ര കഴിഞ്ഞു പോയിട്ടും ആ മഞ്ഞ മന്ദാരങ്ങൾ പിന്നെയും കൊതിപ്പിച്ച് വിളിക്കുന്നുവോ ? എന്റെ മനസ്സിപ്പോഴും ഒരു കാത്തിരിപ്പിന്റെ ഓരത്താണോ ? മനസ്സിന്റെ എത്രയോ കാത്തിരിപ്പുകൾക്കു മൂക സാക്ഷിയാണീ പാട്ട് .
" എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞമന്ദാരമേ ..
എന്നിൽ നിന്നും പറന്നു പോയൊരു ജീവചൈതന്യമേ.."
ഹിമകണം പൊഴിയുന്ന ഇതളുകളുമായി മുറ്റത്തു വിടർന്നു ചിരിച്ച മഞ്ഞമന്ദാരപ്പൂവുകൾ ! വെള്ളമന്ദാരപ്പൂവുകളേയും ചുവന്ന തെറ്റിപ്പൂങ്കുലകളേയുമെല്ലാം മറന്ന് ഞാൻ മഞ്ഞ റോസാപ്പൂവും മഞ്ഞമന്ദാരവും ഇഷ്ടപ്പെടാൻ തുടങ്ങിയത് ഓരോരോ വരികളിലൂടെ . ഓരോരോ പൂക്കളിലും ഓരോരോ പാട്ടും ഓരോരോ പാട്ടിലും ഓരോരോ പൂക്കളേയും കാണാൻ തുടങ്ങിയ കാലം മുതൽ എപ്പോഴും എന്റെ പാട്ടോർമപ്പൂക്കളിൽ മുൻ നിരയിൽ നിന്നതും മഞ്ഞമന്ദാരങ്ങൾ തന്നെയാണ് .
മുത്തശ്ശിയെ തേടി വന്ന ഗേളിയുടെ വീട്ടിലും മഞ്ഞ പൂക്കളായിരുന്നുവല്ലോ കൂടുതലും . ഇപ്പോഴും ചില കാത്തിരിപ്പുകൾ അനന്തമായ് നീളുമ്പോൾ എന്തിനെന്നറിയാതെ മനസ്സ് ആ മഞ്ഞമന്ദാരപ്പൂക്കളിലേയ്ക്ക് ഓടിപ്പോയി ചേക്കേറും . അതിന്റെ വശ്യ സുഗന്ധം എന്റെ ഈണമായ് മാറും . അപ്പോൾ ഹിമകണം വറ്റിയ ആ മന്ദാരപ്പൂവിൻ ഗദ്ഗദവും എൻ നിശ്വാസവും കൂടി ഒരു വിങ്ങലായ് കൂടു കൂട്ടും . വീണ്ടുമിതാ ഒരിക്കൽക്കൂടി , ഈ ഇലകൊഴിയും ശിശിരത്തിൽ , ഓർമ്മയുടെ ഓരങ്ങളിൽ മഞ്ഞമന്ദാരങ്ങൾ വിരിയാൻ വെമ്പുന്നു . അതിനൊരു കൂട്ടായി , അതിൽ നല്ല മഞ്ഞ നിറം പകർത്തി വീണ്ടുമീ ഗാനം .
____________________
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലർ തേൻകിളീ
വെയിൽ വന്നുപോയതറിഞ്ഞില്ലാ
പൈങ്കിളീ മലർ തേൻകിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
വെയിൽ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും
നാളുമെണ്ണിയിരുന്നു ഞാൻ
പൈങ്കിളീ മലർ തേൻകിളീ
വന്നു നീ വന്നു നിന്നു നീയെൻറെ
ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്നു നീയെൻറെ
ജന്മ സാഫല്യമേ
(ആയിരം)
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
പൈങ്കിളീ മലർ തേൻകിളീ
എൻറെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ
(ആയിരം .)
________________
Read More: https://emalayalee.com/writer/297