Image

ജീവിത ഗന്ധങ്ങൾ : അന്നാ പോൾ

Published on 07 December, 2024
ജീവിത ഗന്ധങ്ങൾ : അന്നാ പോൾ

ആനന്ദത്തിന്റെ അലച്ചാർത്തുകൾ നിലച്ചുപോയ എന്റെ മുറിയ്ക്കും എനിയ്ക്കും
മരുന്നുകളുടെ ഗന്ധമാണിപ്പോൾ.
അസഹനീയ വേദനയിലും ജീവിതത്തെ ശൂന്യമാകാതെ
എന്നും നിത്യ സുഗന്ധിയായ് നിലനിർത്തുന്ന ഗന്ധങ്ങളുണ്ട്.
പാൽമണം മാറാത്ത കുഞ്ഞുടുപ്പുകൾ 
വീടാകെ പരത്തുന്ന സുഗന്ധം
കുളിപ്പിച്ചു മടിയിലിരുത്തിത്തരുന്ന പേരക്കുട്ടിയുടെ കുഞ്ഞുടലിന്റെ അനിർവചനീയമായ സുഗന്ധം,
വേദന ഇല്ലാതാക്കുന്ന അവളുടെ പുഞ്ചിരിയുടെ മാന്ത്രികത!!

പഴയതും പുതിയതുമായ എത്രയെത്ര ഗന്ധങ്ങൾ. കാഴ്ചയേക്കാൾ കേൾവിയേക്കാൾ സ്പർശത്തേക്കാൾ
ഇന്ദ്രിയങ്ങളെ ഉണർത്തുന്ന ഗന്ധങ്ങൾ!!
ജീവിതത്തിലുടനീളം നമ്മെ ചൂഴ്ന്നു നിൽക്കുന്ന
അമ്മയുടെ വ്യത്യസ്ത ഗന്ധങ്ങൾ.....
ദിനാരംഭത്തിൽ
ഉന്മേഷം നൽകി പരന്നൊഴുകുന്ന കാപ്പിയുടെ ഗന്ധം,
പുറകേ അടുക്കളയും കടന്നു പരക്കുന്ന 
ഗന്ധങ്ങൾ.....
അരിവേവുന്നതിന്റെ,കറികളുടെ,ദോശ മൊരിയുന്നതിന്റെ നാവിൽ വെള്ളമൂറിക്കുന്ന 
എണ്ണമറ്റ ഗന്ധങ്ങൾ...
അമ്മ പണിയെടുത്തു കുഴഞ്ഞു നിൽക്കുമ്പോൾ
ഉപ്പുകലർന്ന വിയർപ്പിന്റെ ഗന്ധം...
തുണിത്തുമ്പിലെപ്പോഴും എന്തെങ്കിലും ഗന്ധം..
. അച്ചാറിൻറെ.. മീനിന്റെ.......
പിന്നെ അമ്മയുടേതു മാത്രമായ ഒരു ഗന്ധം....
ഞായറാഴ്ചകളിൽ മാത്രം തുറക്കുന്ന തുണിപ്പെട്ടിയുടെ ഗന്ധം
കാലം പോകെ പോകെ സുഗന്ധങ്ങൾ മരുന്നിന്റേയും കുഴമ്പിന്റേയും ഗന്ധങ്ങൾക്കു വഴിമാറുന്നു..

ഒടുവിലൊരുദിവസം 
പുകയുന്ന കുന്തിരിക്കത്തിന്റേയും കത്തിയമരുന്ന മെഴുകുതിരികളുടേയും
ചന്ദനത്തിരികളുടേയും
ഗന്ധം പുതച്ച്,
വാടിയ പൂക്കളുടെ . 
പൂപ്പൽ പിടിച്ച സെമിത്തേരിയിലെ 
തുറന്ന കല്ലറകളിൽ ഒളിഞ്ഞിരിക്കുന്ന
ജീർണ്ണതയുടെ ഗന്ധം....

ഓർമ്മകളിൽ അടുക്കി വെച്ചിരിക്കുന്ന സുഗന്ധങ്ങൾ അടരുകളായ് ഉണരുന്നൂ....
കൊയ്ത്തു കാലത്തെ വയലിന്റെ വാസന 
കറുകംപുല്ലിന്റെ ഗന്ധം... ചേറിന്റെ ഗന്ധം.. 
നടവരമ്പിലൂടെ ഒഴുകിയെത്തുന്ന
കൈതപ്പൂവിന്റെ ഗന്ധമുള്ള വയൽക്കാറ്റ്... 
ഇട വഴികളിൽ പതിഞ്ഞു കിടന്നു സൗമ്യ സുഗന്ധം പടർത്തുന്ന ഇലഞ്ഞിപ്പൂക്കൾ 
പകൽപ്പൂക്കളേക്കാൾ തീക്ഷ്ണ ഗന്ധമുള്ള നിശാഗന്ധികൾ

ഇന്ദ്രിയങ്ങളെ ഉണർത്തുന്ന പാലപ്പൂ ഗന്ധം... 
മാമ്പഴങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധം
വേനൽ മഴയിൽ നനഞ്ഞ മണ്ണിന്റെ ത്രസിപ്പിക്കുന്ന ഗന്ധം
ജൂൺ മാസത്തിലെ സ്ക്കൂൾ തുറക്കൽ തരുന്ന
പുതിയ യൂണിഫോമിന്റെ, പുത്തൻ പാഠപുസ്തകങ്ങളുടെ, നനഞ്ഞ ശീലക്കുടയുടെ, ഉച്ചയ്ക്കു തുറക്കുന്ന പൊതിച്ചോറിന്റെ
നീളൻ വരാന്തയിൽ നിരന്നിരിക്കുന്നവർക്കു 
മുന്നിൽ വിളമ്പുന്ന ഉപ്പുമാവിന്റെ ഗന്ധം...
പ്രിയപ്പെട്ട കൂട്ടുകാരിയുടെ കുട്ടി ക്യൂറ പൗഡറിന്റെ മണം ശ്രീദേവിയുടെ ചന്ദനക്കുറിയുടെ നേർത്ത സുഗന്ധം തെക്കേവീട്ടിലെ അമ്മൂമ്മയുടെ ഭസ്മക്കുറിയുടെ
കത്തുന്ന നിലവിളക്കിൻറെ എള്ളെണ്ണ മണം... കോരിച്ചൊരിയുന്ന മഴയത്തു സഹപാഠിയുടെ ചിത കത്തിയെരിഞ്ഞ ഗന്ധം..... 
നിറഞ്ഞ യൗവ്വനത്തിന്റെ മോഹന ഗന്ധങ്ങൾ 
അലഞൊറിഞ്ഞുണരുന്ന യാമങ്ങങ്ങളിൽ
ഉടലുകളിൽ പരക്കുന്ന അജ്ഞാത പുഷ്പഗന്ധം 
കിടപ്പറയുടെ ചുവരുകളെ അലങ്കരിക്കുന്നു
എണ്ണമറ്റ ഗന്ധങ്ങൾ ഒഴുകിപ്പടർന്ന സിരകളിൽ .. മസ്തിഷ്ക്കത്തിൽ,നെഞ്ചകങ്ങളിൽ ചിറകടിച്ചു പറക്കുമ്പോൾ പറയാതിരിക്കുന്നതെങ്ങിനെ ?
ഒഴുകിയെത്തുന്ന ഗന്ധങ്ങൾക്കൊപ്പം ദുഃഖവും നിരാശയും നഷ്ടബോധവും ഉണരുന്നു.....
ബാല്യവും കൗമാരവും യൗവ്വനവും കേവലമൊരു ശ്വാസം പോലെ വേഗം കഴിഞ്ഞു പോയി.
അവയുടെ തീഷ്ണ ഗന്ധങ്ങൾ ഓർമ്മയിൽ അവശേഷിപ്പിച്ചു കൊണ്ടു്... 
അതേ ഓർമ്മിക്കാൻ എന്തെല്ലാം ബാക്കിയാക്കി 
കാലം അതിന്റെ നൈരന്തര്യം തുടരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക