ഒരപ്പൂപ്പന്താടിപോലെ അയാൾ ഒഴുകി .. ബന്ധനങ്ങളില്ലത്തെ .. ഭാരമില്ലാതെ .. വായുവിൽ .. മെല്ലെ മെല്ലെ വേഗത കൂടി .. അഗാധമായ ഒരു ഗർത്തത്തിലേക്കു ശബ്ദമില്ലാതെ അയാൾ വീഴുകയാണ് .. താഴെ കൂർത്ത പാറക്കുന്നുകൾ .. ഛന്നഭിന്നമാകാൻ ഇനി ഒരു നിമിഷാർദ്ധം മാത്രം ..
രമേശ് മേനോൻ ഞെട്ടി ഉണർന്നു.
വികാസ്പുരിയിലെ അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ ഒന്നിൽ പത്താംനിലയിലെ ഒരു ഫ്ലാറ്റിൽ വെളിച്ചം വീണു.
ഡിസംബറിൻ്റെ മഞ്ഞിൽ കുളിരണിഞ്ഞു നിൽക്കുന്ന തലസ്ഥാനനഗരി - ന്യൂഡൽഹി.
രമേശ് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു ക്ലോക്കിൽ നോക്കി. സമയം വെളുപ്പിന് മൂന്നര. അടുത്ത് സുഖസുഷുപ്തിയിൽ ഉറങ്ങുന്ന അയാളുടെ പഞാബികാരി ഭാര്യ പ്രിയങ്കയും എട്ടു വയസ്സുകാരൻ മകൻ രോഹനും. രമേശ് ജാറിൽ നിന്നും ഗ്ലാസ്സിലേക്കു വെള്ളം പകർന്നു കുടിച്ചു. നെറ്റിയിലെ വിയർപ്പുകണങ്ങൾ കൈകൊണ്ട് തുടച്ചു.
ബെഡ്റൂമിൽ നിന്നും ഇറങ്ങി അയാൾ ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കൂട്ടിൽപ്പെട്ട മെരുപ്പൂച്ചയെ പോലെ മനസ്സ് അസ്വസ്ഥമാക്കുന്നു. അയാൾ ജനലിലൂടെ പുറത്തേക്ക് നോക്കി. താഴെ ഉറങ്ങുന്ന നഗരം. വിജനമായ വഴികൾ. വഴിയരുകിൽ നിശ്ചലമായി കിടക്കുന്ന വാഹനങ്ങൾ.
ഓർമ്മകൾ ഇരമ്പുന്നു.
'രാമു…', അടുക്കളപ്പടിയിൽ നിന്നും ദേവകിയമ്മ വിളിച്ചു. രാമുവും കൂട്ടുകാരും തെങ്ങുംതോപ്പിൽ കളിക്കുകയായിരുന്നു.
'ഇനി പലഹാരം കഴിച്ചിട്ടു മതി കളി. കൈയും കാലും കഴുകി വരൂ കുട്ടികളെ', ദേവകിയമ്മ എല്ലാരോടുമായി പറഞ്ഞു.
രാമുവും കൂട്ടുകാരും കിണറ്റിൻ കരയിലേക്ക് നടന്നു.
അമ്മയുടെ ഓർമ്മകൾ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു. സ്നേഹസമ്പന്നയായിരുന്നു അമ്മ. നാട്ടുകാരുടെയും, പഞ്ചായത്ത് സ്കൂളിലെ കുട്ടികളുടെയും പ്രിയപ്പെട്ട ദേവകി ടീച്ചർ.
'ക്യാ ഹുവാ രമേശ്, ഇത്ന ജൽദി ക്യോഉം ജാഗ് ഗയ?' . മുന്നിൽ നിൽക്കുന്ന പ്രിയങ്കയുടെ ശബ്ദം കേട്ട് രമേശ് ഓർമ്മകളിൽ നിന്നും ഉണർന്നു ..
'ഒന്നുമില്ല ... ഉറക്കം വന്നില്ല', രമേശ് മറുപടി പറഞ്ഞു.
പ്രിയങ്ക അയാളുടെ അടുത്ത് സോഫയിൽ ഇരുന്നു. അവൾ അയാളുടെ കരങ്ങൾ കവർന്നു.
'അഞ്ചുമണിയായി, ഞാൻ ചായ ഉണ്ടാക്കാം'. ഹിന്ദിയുടെ ചുവയുള്ള മലയാളത്തിൽ കൊഞ്ചി പറഞ്ഞുകൊണ്ട് അവൾ കിച്ചണിലേക്കു പോയി.
അപ്പോഴും രമേശ് അയാളുടെ അസ്വസ്ഥതയുടെ കാരണം തേടുകയായിരുന്നു.
രണ്ടു കപ്പുകളിൽ ചായയുമായി കിച്ചണിൽ നിന്നും വന്ന പ്രിയങ്ക കപ്പുകൾ ടീടേബിളിൽ വച്ചു. അവൾ സോഫയിൽ അയാളോട് ചേർന്നിരുന്നു.
ചായ കുടിക്കുമ്പോൾ കുസൃതി നിറഞ്ഞ കണ്ണുകളോടെ അവൾ രമേശിൻ്റെ കണ്ണുകളിൽ നോക്കി. 'സുഭേ ഹോനെ കേലിയെ ... കാഫി ടൈം ബാക്കി ഹേ' . അവൾ കണ്ണിറുക്കി കുസൃതിയോടെ ചിരിച്ചു. രമേശിനും ചിരിവന്നു.
വിശാലമായ തെങ്ങും തോപ്പിൻ്റെ നടുവിലാണ് നന്ദനം വീട്. രമേശ് ജനിച്ചു വളർന്ന വീട്. പ്രഭാത സൂര്യ കിരണങ്ങൾ തെങ്ങുകൾക്കു ഇടയിലൂടെ ഭൂമിയിലേക്കു ചെരിഞ്ഞു വീണു. ദേവകിയമ്മ മരിച്ചിട്ടു എട്ടു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ജാനകി ഇന്നും നന്ദനത്തിലെ ജോലിക്കാരിയായി തുടരുന്നു. ഭക്ഷണം ഉണ്ടാകാനും, വീട് വൃത്തിയാക്കാനും ജാനകി എന്നും നന്ദനത്തിൽ വരും.
വീടിനുള്ളിലെ അശുഭകരമായ നിശബ്ദത ജാനകി ശ്രദ്ധിച്ചു. രാഘവ മേനോൻ ഇന്ന് തനിച്ചാണ് ആ വീട്ടിൽ താമസിക്കുന്നത്. 'അങ്ങൂന്ന് എഴുന്നേറ്റില്ലേ ..', ജാനകി പിറുപിറുത്തു.
രാഘവമേനോൻ്റെ മുറിയുടെ ജന്നൽപ്പടിയിൽ വന്നു നോക്കിയ ജാനകി തറയിൽ കമിഴ്ന്നു വീണു കിടക്കുന്ന രാഘവ മേനോനെ കണ്ടു ഞെട്ടി ഉറക്കെ വിളിച്ചു പോയി "അയ്യോ .. ".
'വിഷ്ണുകുഞ്ഞെ ... വിഷ്ണുകുഞ്ഞെ ..', അടുത്ത വീടായ കൊച്ചുമഠം ഇല്ലം ലക്ഷ്യമാക്കി ഓടികൊണ്ട് ജാനകി വിളിച്ചു
ന്യൂഡൽഹി. ഗ്രെയ്റ്റർ കൈലാഷ് പാർട്ട് രണ്ടിലെ ഓഫീസിലേക്ക് ലിഫ്റ്റിൽനിന്നും ഇറങ്ങുകയായിരുന്നു രമേശ് മേനോനും സംഘവും.
രമേശിൻ്റെ മൊബൈൽ ചിലച്ചു. നാട്ടിൽ നിന്നും കൂട്ടുകാരൻ വിഷ്ണു നമ്പൂതിരിയാണ്. രമേശ് ഫോൺ എടുത്തു.
'രാമു ഞാൻ വിഷ്ണുവാണ്. ഞാൻ പറയുന്നത് നീ സമാധാനമായി കേൾക്കണം'.
വിഷ്ണു സംസാരിച്ചു കഴിഞ്ഞപ്പോൾ രമേശ് ഒരു നിമിഷം കണ്ണടച്ച് നിന്നു.
'രമേഷ്ജി ക്യാ ഹുവാ', ഒരു സഹപ്രവത്തകൻ അന്വേഷിച്ചു.
'മൈ ഫാദർ ഈസ് ഇൻ ഐ സി യു', രമേശ് പറഞ്ഞു. എന്നിട്ട് ആരോടെന്നില്ലാതെ രമേശ് പറഞ്ഞു, 'ലൂക്സ് ലൈക് ... ഹി ഈസ് ക്രിട്ടിക്കൽ'.
'രാഘവാ .. നിൻ്റെ അനിയൻ കിണറ്റിൽ വീണു ചത്തു ',
പഞ്ചായത്തു സ്കൂളിൻ്റെ പടിയിൽ നിന്ന് കൂനൻ വാസുക്കുട്ടൻ കിതച്ചുകൊണ്ട് വിളിച്ചു പറഞ്ഞപ്പോൾ കേട്ടവരെല്ലാം ഒരു നിമിഷം സ്തംഭിച്ചു നിന്നു.
കുഞ്ഞു രാഘവൻ പിന്നെ ഒരു ശബ്ദവും കേട്ടില്ല. കുന്നുംപുറത്തുള്ള പഞ്ചായത്ത് സ്കൂളിൽ നിന്നും അവൻ നിലവിളിച്ചു കൊണ്ടു വീട്ടിലേക്കു ഓടി. ഏഴു സഹോദരങ്ങളിൽ ഏറ്റവും ഇളയവനാണ് ഏഴു മാസം മാത്രം പ്രായമുള്ള ഉണ്ണിക്കുട്ടൻ. രാഘവൻ രാവിലെ സ്കൂളിലേക്കു പോകുമ്പോൾ നല്ല ഉറക്കമായിരുന്നു ഉണ്ണിക്കുട്ടൻ.
കുട്ടിയായിരുന്ന രാഘവന് താങ്ങാവുന്നതിലും അധികമായിരുന്നു സംഭവിച്ചത്. മണ്ണിൽ ഇഴഞ്ഞു നടന്ന ഉണ്ണിക്കുട്ടൻ ചുറ്റുകെട്ടില്ലാത്ത കിണറ്റിൽ വീഴുന്നത് നിർഭാഗ്യവശാൽ ആരും ശ്രദിച്ചില്ല. കുഞ്ഞിനെ കാണാതെ അമ്മ ലക്ഷ്മിക്കുട്ടിയമ്മ അവിടെയെല്ലാം ഓടിനടന്നു. ഒടുവിൽ അയൽക്കാരാണ് കുഞ്ഞിനെ അടുത്ത വീട്ടിലെ ചുറ്റുകെട്ടില്ലാത്ത കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്.
രാഘവമേനോൻ ഞെട്ടി ഉണർന്നു കണ്ണ് തുറന്നു. സമയത്തെക്കുറിച്ചോ കാലത്തെക്കുറിച്ചോ ഒന്നും അയാൾക്ക് ബോധമുണ്ടായിരുന്നില്ല.
ഐ സി യു വിലെ ബെഡ്ഡിൽ മുകളിൽ കറങ്ങുന്ന ഫാനും നോക്കി രാഘവമേനോൻ കിടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ, യുദ്ധം കഴിഞ്ഞ യുദ്ധഭൂമി പോലെ കലഹങ്ങൾ ഇല്ലാത്ത മനസ്സ്. ഈ ശാന്തത അയാൾക് അന്യമായിരുന്നു. ഈ കഴിഞ്ഞ അറുപത്തിയെട്ടു വർഷങ്ങളിലും ഒരിക്കലും അയാൾ ഈ ശാന്തത അനുഭവിച്ചിട്ടില്ല.
ഓർമയുടെ മങ്ങിയ വെളിച്ചത്തിൽ അയാൾ തപ്പിത്തടഞ്ഞു. വെളുപ്പിനെ മൂന്നരയ്ക് എഴുന്നേറ്റത്തോർകുന്നു. പിന്നെ കണ്ണിൽ ഇരുട്ട് കയറിയതും.
രാഘവമേനോന് അസഹ്യമായ തലവേദന അനുഭവപെട്ടു. അത് സാധാരണമായി തോന്നുന്ന തലവേദന ആയിരുന്നില്ല. തലയ്ക്കുള്ളിൽ പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്നു ... ഒരു അഗ്നിപർവതം !!!
ആശുപത്രിയിൽ തിരക്കിട്ട ജോലികൾ നടക്കുന്നു. രോഗികളുടെ രക്ത പരിശോധനകൾ. പ്രഭാതത്തിൽ തയാറാകേണ്ട റിപ്പോർട്ടുകളിൽ വ്യാപൃതരായി ഡ്യൂട്ടി ഡോക്ടറുമാരും നഴ്സുമാരും. ചിലയ്ക്കുന്ന അലാറമുകൾ, വിവിധ ഡിപ്പാർട്‌മെൻണ്ടുകളിൽ കൈമാറേണ്ട സന്ദേശങ്ങൾ.
ആ ബ്രിഹത്തായ ആശുപത്രിയിലെ ലാബിൽ രാഘവമേനോൻ്റെ രക്തകോശങ്ങൾ ഒരു മൈക്രോസ്കോപ്പിൻ്റെ ലെൻസിൽ തെളിഞ്ഞു നിന്നു.
ഓഫീസ് കെട്ടിടത്തിലെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു ലിഫ്റ്റിലേക്കു നടക്കുകയായിരുന്ന പ്രിയങ്കയുടെ ഫോൺ ചിലച്ചു. ഫോണിൽ രമേശ് അയച്ച സന്ദേശം. 'ഗോട് എ മെസ്സേജ് ഫ്രം വിഷ്ണു. ഫാദർ ഈസ് ക്രിറ്റിക്കലി ഇൽ ഇൻ ഐ സി യൂ'. പ്രിയങ്ക ഒരു നിമിഷം സ്തംഭിച്ചു നിന്നു.
പുറമെ ശാന്തത കാണിക്കുമെങ്കിലും രമേശ് മനസ്സ് ഉഴുതുമറിക്കും. അതിരുകൾ ചവിട്ടിമെതിച്ചു കാടുകയറും. പ്രിയങ്ക രമേശിനെ ഓർത്തു ആശങ്കപ്പെട്ടു.
പ്രിയങ്ക കാർ റിസപ്ഷനു മുന്നിൽ നിർത്തിയപ്പോൾ രമേശ് ഡോർ തുറന്നു മുൻസീറ്റിൽ ഇരുന്നു. പ്രിയങ്ക കാർ ഓടിക്കുമ്പോൾ രണ്ടുപേരും മൗനമായിരുന്നു.
'രമേശ് ഹാവ് സം വാട്ടർ' പ്രിയങ്ക അവളുടെ ബാഗിലേക് ചൂണ്ടിക്കൊണ്ട് മൃദുവായി പറഞ്ഞു. രമേശ് ബാഗ് തുറന്നു, കുപ്പിയിൽ നിന്നും രണ്ടു കവിൾ വെള്ളം കുടിച്ചു.
രമേശ് ഒന്നും ഉരിയാടാതെ പുറത്തേക് നോക്കി ഇരുന്നു. പ്രിയങ്ക കാർ ഓടിച്ചുകൊണ്ട് രമേശിനെ ശ്രദിച്ചു.
'രമേശ് വാട്ട് ഈസ് ദി പ്ലാൻ ', പ്രിയങ്ക ചോദിച്ചു.
'ഐ ഡോണ്ട് നോ, ഐ ഡോണ്ട് ഫീൽ ലൈക് ഗോയിങ്', ആത്മഗതം പോലെ രമേശ് പറഞ്ഞു.
'ഡോണ്ട് ബി സില്ലി രമേശ്. വി മസ്റ്റ് ഗോ. വി ആർ ഗോയിങ്. ഓക്കെ', ആത്മസംയമനത്തോടെ പ്രിയങ്ക രമേശിനെ ശകാരിച്ചു.
പത്താം നിലയിലേക്കുള്ള ലിഫ്റ്റിൽ നിൽകുമ്പോൾ അതിരാവിലെ സ്വപ്നം കണ്ടുണർന്നതും, വിഷ്ണു പറഞ്ഞ പോലെ അച്ഛൻ വീണതും എല്ലാം ഒരു മാലയിൽ മുത്തുകൾ കോർക്കുന്നതുപോലെ രമേശ് ഓർത്തു. നടന്ന സംഭവങ്ങൾക്കൊക്കെ ഒരു ക്രമമുള്ളതുപോലെ രമേശ് മേനോന് തോന്നി.
രമേശ് കിടക്കുകയായിരുന്നു. പ്രിയങ്ക അയാളുടെ അടുത്ത് കട്ടിലിൽ വന്നിരുന്നു. അയാളുടെ നെഞ്ചിൽ വിരലുകൾ തഴുകി അവൾ ചോദിച്ചു. 'രമേശ് .. രമ്യയെ അറിയിക്കേണ്ട?'
രമേശ് പ്രിയങ്കയെ ദയനീയമായി നോക്കി. അയാളുടെ കണ്ണുകളിൽ അവൾ ദുഃഖം കണ്ടു.
വിമാനത്തിൽ സീറ്റ് ബെൽറ്റിടാൻ രോഹനെ സഹായിക്കുകയായിരുന്നു പ്രിയങ്ക. 'മമ്മ, വാട്ട് ഹാപ്പെൻഡ് ടു ഗ്രാൻഡ്പാ', രോഹൻ പ്രിയങ്കയോട് ചോദിച്ചു.
'ഗ്രാൻഡ്പാ കാ തബിയത് ടിക് നഹി ഹേ ബേട്ട. ഹം വഹാം പഹുഞ്കേ ദാദാജിക്കോ സംഭാലുങ്ക' പിയങ്ക അവൻ്റെ മുടിയിൽ തലോടി പറഞ്ഞു.
ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള മുത്തച്ഛനെ രോഹൻ ഓർക്കാൻ ശ്രമിച്ചു.
വിമാനത്തിനുള്ളിൽ കൂട്ടിലടക്കപെട്ട കിളിയെ പോലെ രമേശ് വീർപ്പുമുട്ടി. വിമാനം ഉടൻ പുറപ്പെടുമെന്നു വിളംബരം വന്നു. രമേശ് കിളിവാതിലിലൂടെ പുറത്തേക്കു നോക്കി. റൺവേയിൽ മിന്നുന്ന വിളക്കുകൾ. വിമാനം അതിൻ്റെ ചക്രങ്ങളിൽ നീങ്ങി തുടങ്ങി. രമേശ് ഒരു ഉറക്കത്തിലേക്കു വഴുതി വീണു.
വിമാനത്തിൻ്റെ ചക്രങ്ങൾ ഭൂമിയിൽ തൊട്ടപ്പോൾ ഉണ്ടായ കുലുക്കത്തിൽ രമേശ് മേനോൻ ഉണർന്നു. കിളിവാതിലിലൂടെ രമേശ് പുറത്തേക്ക് നോക്കി. വിമാനം നെടുമ്പാശേരിയുടെ റൺവേയിലൂടെ ഓടുകയാണ്. വിമാനത്തിൻ്റെ വേഗത സാവധാനത്തിലായി. വിമാനം പാർക്ക് ചെയ്തു നിന്നു. വാതിലുകൾ തുറന്നു. യാത്രക്കാർ ഓരോന്നായി വാതിൽ ലക്ഷ്യമാക്കി നടന്നു.
രമേശ് വാച്ചിൽ നോക്കി. സമയം രാത്രി പതിനൊന്നു മണി.
എയർപോർട്ടിൽ നിന്നും കയറിയ ടാക്സി കാർ ആശുപത്രിയിലെ പോർച്ചിൽ ബ്രേക്കിട്ടു നിന്നപ്പോൾ നേരം പുലരുകയായിരുന്നു. രമേശും പ്രിയങ്കയും രോഹനും കാറിൽ നിന്നും ഇറങ്ങി. ഡ്രൈവർ ഡിക്കി തുറന്നു പെട്ടിയും ബാഗുകളും ഇറക്കി വച്ചു.
രമേശും പ്രിയങ്കയും രോഹനും ഐ സി യു വിലേക്കു പ്രവേശിക്കുമ്പോൾ രാഘവമേനോൻ ഉറക്കം ഉണർന്നിരുന്നു. പ്രിയങ്ക കൈകൾ കൂപ്പി രാഘവമേനോനെ വണങ്ങി. രമേശ് നിസ്സംഗനായി അച്ഛനു മുന്നിൽ നിന്നു. രോഹൻ അവൻ്റെ മുത്തച്ഛനെ ആദ്യമായി കാണുകയായിരുന്നു. അത്ഭുതം കൂറുന്ന കണ്ണുകളുമായി രാഘവമേനോൻ അവരെ കണ്ടു കിടന്നു.
രമേശ് ഓർത്തു. അരോഗദൃഢഗാത്രനായിരുന്നു അച്ഛൻ. അച്ഛന് ഒരുപാടു വയസ്സായിരിക്കുന്നു. കാലവും, ആരോഗ്യവും ആർക്കുവേണ്ടിയും കാത്തിരിക്കുകയില്ലലോ!
ആശുപത്രിക്കു പുറത്തു പട്ടണം സജീവമാകുകയായിരുന്നു.
ഡോക്ടർ തോമസ് എബ്രഹാം മുരടനക്കി പറഞ്ഞു. മിസ്റ്റർ രമേശ് മേനോൻ , താങ്കളുടെ അച്ഛൻ്റെ ടെസ്റ്റുകൾ പുരോഗമിക്കുന്നു. ബോൺമാരോ സാമ്പിൾ എടുത്തു, കൂടുതൽ ടെസ്റ്റുകൾ നടക്കുന്നു. പ്രഥമ ദൃഷ്ട്യാ മനസിലായത് ഇത് 'ലിംഫോബ്ളാസ്റ്റിക് ലുക്കിമിയ' ആണെന്നാണ്. എ കോമൺ ഫോം ഓഫ് കാൻസർ.
ഡോക്ടർ തുടർന്നു. 'ഇനി കീമോതെറാപ്പി തുടങ്ങണം. അതിനു രോഗിയെ സജ്ജമാക്കി എടുക്കണം'.
ഡോക്ടറുടെ പിറകിലെ ജനലിലൂടെ രമേശ് ആകാശത്ത് നീങ്ങുന്ന മേഘങ്ങൾ കണ്ടു. താഴെ സജീവമാകുന്ന പട്ടണം കാണാം. വഴിയിൽ നിരയായി നീങ്ങുന്ന വാഹനങ്ങൾ. വഴിയരുകിൽ തുറന്നു തുടങ്ങുന്ന കടകളും സ്ഥാപനങ്ങളും. ദൂരെ റെയിൽവേ സ്റ്റേഷൻ കണ്ടു. വെയിലിൽ തിളങ്ങുന്ന പാളങ്ങൾ കണ്ടു. പ്ലാറ്റുഫോറത്തിലെ മഞ്ഞ ബോർഡ് കണ്ടു. മഞ്ഞയിലെ കറുത്ത അക്ഷരങ്ങൾ വ്യക്തമല്ലെങ്കിലും രമേശ് വായിച്ചു .. തിരുവല്ല.
രമേശും പ്രിയങ്കയും രോഹനും അന്ന് രാത്രി നന്ദനം വീട്ടിലാണ് കഴിഞ്ഞത്.
അമ്മയുടെ മരണശേഷം കഴിഞ്ഞ എട്ടു വർഷങ്ങൾ അയാൾ ആ വീട്ടിൽ വന്നിട്ടില്ല. വരാൻ അയാൾക്കു തോന്നിയുമില്ല. വല്ലപ്പോഴും സുഹൃത്തായ വിഷ്ണുവിനെ ഫോണിൽ വിളിക്കും. അത്രതന്നെ.
ഡൽഹിയിൽ പ്രിയങ്കയെ കണ്ടുമുട്ടിയതും പിന്നെ വിവാഹിതരാകാൻ തീരുമാനിച്ചതും ഒരു കത്തിലൂടെയാണ് രമേശ് അന്ന് വീട്ടിൽ അറിയിച്ചത്. അമ്മയ്ക്ക് വിരോധം ഒന്നും ഉണ്ടാവില്ലെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു. അച്ഛൻ്റെ സമ്മതം രമേശ് പ്രതീക്ഷിച്ചിരുന്നുമില്ല. പഞ്ചാബിലായിരുന്നു വിവാഹം നടത്തിയത്. നാട്ടിൽ നിന്നും വന്നു വിവാഹത്തിൽ പങ്കെടുത്തത് കൂട്ടുകാരനായ വിഷ്ണു മാത്രമായിരുന്നു. അമ്മ മരിച്ചപ്പോൾ രമേശ് ഒറ്റയ്ക്കായിരുന്നു നാട്ടിൽ വന്നത്. പ്രിയങ്ക രോഹനെ ഗർഭം ധരിച്ചു പൂർണ ഗർഭിണിയായിരുന്നു അന്ന്.
രമേശിന് അന്ന് രാത്രി ഉറങ്ങാൻ സാധിച്ചില്ല. ദേവകിയമ്മയുടെ ഗന്ധം ആ വീടിനുള്ളിൽ ഇപ്പോഴും തങ്ങി നില്കുന്നു എന്ന് രമേശിന് തോന്നി. മണം മരണത്തെയും അതിജീവികുന്നു !
ജീവിതം എന്നും അമ്മയ്ക്ക് ചുറ്റുമായിരുന്നു. രമേശ് അമ്മയെ ഓർത്തു. സ്കൂളിൽ പോകുന്ന അമ്മ. വസ്ത്രങ്ങൾ അലക്കുന്ന അമ്മ. ഭക്ഷണം തരുന്ന അമ്മ. ജീവിതം മക്കൾക്കുവേണ്ടി ജീവിച്ച അമ്മ. ഇരുട്ടിൽ രമേശ് ഒരു കുഞ്ഞിനെപ്പോലെ ഹൃദയംപൊട്ടി കരഞ്ഞു.
ന്യൂയോർക്ക്. ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ വരുകയും പോകുകയും ചെയുന്നു. തിരക്കിട്ടു നീങ്ങുന്ന യാത്രക്കാർ. നീണ്ടു കിടക്കുന്ന ഗിഫ്റ്റിഷോപ്പുകൾ, ബുക്ക് ഷോപ്പുകൾ, ബാങ്കുകൾ, ഫോറിൻ എക്സ്ചേഞ്ച് ഓഫിസുകൾ, ഭക്ഷണശാലകൾ, രാജ്യാന്തര വിമാനങ്ങളുടെ ടിക്കറ്റ് കൗണ്ടറുകൾ.
രമ്യ മേനോൻ ടിക്കറ്റ് കൗണ്ടറിൽ നിന്നും പാസ്സ്പോര്ട്ടും ടിക്കറ്റുകളും വാങ്ങി. രമ്യയുടെ കൂടെ അവളുടെ പതിമൂന്നുകാരായ ഇരട്ടക്കുട്ടികൾ - മകനും, മകളും - ഉണ്ട്.
ഡിസംബറിലെ ഇരുണ്ട പ്രഭാതത്തിൽ മേഘങ്ങൾക്കിടയിൽ നിന്നും പുറത്തു വരാൻ സൂര്യൻ മടിച്ചു നിന്നു. രമ്യാ മൊബൈലിൽ ഒരു സന്ദേശം എഴുതി, 'ബോർഡിങ് ഫ്ലൈറ്റ് വിത്ത് കിഡ്സ്'. ആ സന്ദേശം അവൾ നാട്ടിലുള്ള അവളുടെ അനിയൻ, രമേശ് മേനോൻ്റെ നമ്പറിലേക്ക് അയച്ചു.
ഒരു ഓൺകോളജിസ്റ്റായ രമ്യക്ക് എളുപ്പം മനസിലാകും അവളുടെ അച്ഛന് എന്താണ് സംഭവിക്കുന്നതെന്ന്. കാൻസർ അത് ഭീകരമാണ്, അനുഭവിക്കുന്ന രോഗിക്കും, ചികിൽസിക്കുന്ന ഡോക്ടർക്കും. രമേശ് ഇമെയിൽ ചെയ്തുതന്ന റിപോർട്ടുകൾ രമ്യ വിമാനത്തിൽ ഇരുന്നു ഒന്നുകൂടി പഠിച്ചു.
ഒരു കാര്യം രമ്യ വേദനയോടെ മനസസിലാക്കി. അച്ഛൻ്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. രമ്യ ഓർത്തു. അമ്മയുടെ മരണശേഷം കഴിഞ്ഞ എട്ടു വർഷമായി രമ്യ നാട്ടിൽ വന്നിട്ടില്ല. മാസത്തിൽ ഒരു പ്രാവിശ്യം അമേരിക്കയിൽ നിന്നും അച്ഛനെ ഫോണിൽ വിളിക്കുമായിരുന്നു എന്നുമാത്രം.
ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സെയിൻസസ്സിൽ ജൂനിയർ ഡോക്ടറായി ജോലി ചെയുമ്പോൾ ഒരു മെഡിക്കൽ ക്യാമ്പിൽ വച്ചാണ് ജർമ്മനിക്കാരനായ ഡോക്ടർ റിച്ചാർഡിനെ രമ്യ കണ്ടുമുട്ടുന്നത്. സൗഹൃദം പ്രണയമായി പിന്നെ അവർ വിവാഹിതരാകുവാൻ തീരുമാനിച്ചു. രമ്യ ഓർത്തു. അച്ഛന് അംഗീകരിക്കാൻ കഴിഞ്ഞില്ല. രമേശിനും അമ്മയ്ക്കും സമ്മതമായിരുന്നു. 'മോളുടെ ഇഷ്ടമാണ് പ്രധാനം', അമ്മ കത്തിൽ എഴുതി. ജർമ്മനിയിൽ വച്ച് ഇരട്ട കുട്ടികൾ ജനിച്ചപ്പോൾ അവരുടെ ഫോട്ടോ അമ്മയ്ക്ക് അയച്ചു കൊടുത്തു. 'അമ്മയ്ക്ക് സന്തോഷമായി', അമ്മ മറുപടി എഴുതി. അതിനടുത്ത ദിവസമായിരുന്നു അമ്മ മരിച്ചത്. രമ്യക്ക് അവസാനമായി അമ്മയെ ഒരു നോക്ക് കാണുവാൻ സാധിച്ചില്ല. രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ രമ്യയും റിച്ചാർഡും കുട്ടികളും അമേരിക്കയിലേക്ക് കുടിയേറി.
രാഘവമേനോൻ ഒരു കോൺട്രാക്ടർ ആയിരുന്നു. കെട്ടിടങ്ങളും, റോഡുകളും, പാലങ്ങളും പണിയുന്ന കോൺട്രാക്ടർ. അനേകം ആളുകൾ അയാളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു.
യാദൃച്ഛികമായിട്ടാണ് കോൺട്രാക്ട് ബിസിനസ് ഉള്ള പണിക്കരെ രാഘവമേനോൻ കണ്ടുമുട്ടുന്നത്. പണിക്കരും ഭാര്യയും വേഗം അയാളുടെ കുടുംബ സുഹൃത്തുക്കളായി മാറി. പലപ്പോഴും അവർ വീട്ടിൽ വരുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അങ്ങനെ ഒരവസരത്തിൽ പണിക്കരുടെ ഭാര്യയിൽ അയാൾക്ക് താല്പര്യം തോന്നി തുടങ്ങി. ആരും പറയാതെ തന്നെ ദേവകിയമ്മ അത് മനസിലാക്കുകയും, സ്വയം അപമാനം അനുഭവിക്കുകയും ചെയ്തു
രമേശ്‌മേനോന് ആ ദിവസം ഇനിയും മറക്കുവാൻ സാധികുന്നില്ല.
രമേശ് അന്ന് ഹൈസ്കൂളിൽ പഠിക്കുന്നു. ഒരു അദ്ധ്യാപകൻ്റെ അപ്രതീക്ഷിതമരണം മൂലം സ്കൂൾ രാവിലെ തന്നെ അവധി പ്രഖാപിച്ചു. രമേശ് ഉച്ചയ്ക്ക് മുമ്പേ വീട്ടിൽ എത്തി. രാഘവമേനോൻ്റെ മുറിയിൽ അടക്കിപ്പിടിച്ച സംസാരവും ചിരിയും കേട്ടു. മുറി അകത്തുനിന്നും പൂട്ടിയിരുന്നു.
രമേശ് വല്ലാതെ അസ്വസ്ഥനായി. അമ്മ സ്കൂളിൽ പോയി ഇനി വൈകുന്നേരമേ എത്തുകയുള്ളൂ. കുറെ നേരം കഴിഞ്ഞു. മുറി തുറന്നു രാഘവമേനോനും പിന്നിൽ പണിക്കരുടെ ഭാര്യയും പുറത്തു വന്നു.
പ്രതീക്ഷിക്കാത്ത സമയത്തു രാമുവിനെ കണ്ട രാഘവമേനോൻ ഈർഷ്യയോടെ ചോദിച്ചു 'നിനക്കിന്നു സ്കൂൾ ഇല്ലേ ?'. അയാളുടെ ശബ്ദം ക്രമാതീതമായി ഉയർന്നിരുന്നു. രാമുവിൻ്റെ നോട്ടം പണിക്കരുടെ ഭാര്യയുടെ കണ്ണുകളിലേക്കായിരുന്നു. അത് നേരിടാനാവാതെ അവർ ഇളിഭ്യയായി നിന്നു.
ഒരുദിവസം ദേവകിയമ്മ അടുക്കളയിൽ മറഞ്ഞുനിന്ന് കണ്ണുനീർ തുടയ്ക്കുന്നത് രമേശ് കണ്ടു. ഒന്നും ചോദിക്കാതെ രമേശ് പിൻവാങ്ങി. അമ്മ ഒരുപാട് ദുഖിക്കുന്നു എന്നോർത്ത് അവനു വിഷമമായി.
അന്നൊരു പൂർണ്ണചന്ദ്ര രാത്രിയായിരുന്നു. ആകാശത്തെ ചന്ദ്രനെ ജനലിലൂടെ നോക്കി രാമു കട്ടിലിൽ ഉറങ്ങാതെ കിടന്നു. ചന്ദ്രകിരണങ്ങൾ രാമുവിൻ്റെ തലയിൽ തലോടിയപ്പോൾ രാമു ഉറങ്ങിപ്പോയി.
മുഖംമൂടികൾ അഴിയുന്നു !!!
രമേശ് ഐസിയുവിലെ ൽ സോഫയിൽ ഇരുന്നു. തൊട്ടപ്പുറത്തു, ചില്ലുമറയ്ക്കപ്പുറം കൃത്രിമ ശ്വസോച്ഛാശ്വം നൽകുന്ന മാസ്ക് മുഖത്ത് ഘടിപ്പിച്ചു രാഘവമേനോൻ ഉറങ്ങുന്നു.
രമേശ്മേനോൻ ഒരു ആത്മപരിശോധനയ്ക്കു മുതിരുകയായിരുന്നു.
എന്തിനാണ് ഞാൻ ഈ ഓർമകളുടെ ഭാണ്ഡം പേറി ജീവിക്കുന്നത്. ഓരോ ദിവസവും മുറിവുകളിൽ സ്വയം കുത്തി വേദനിക്കുകയായിരുന്നില്ലേ ഞാൻ. മനുഷ്യർ എല്ലാവരും ഇങ്ങനെയാണോ.
സുഖവും ദുഖവും ഉളവാകുന്ന ഓർമ്മകൾ അതെന്തുതന്നെ ആയാലും വെറും ഓർമ്മകൾ മാത്രമല്ലെ. കഴിഞ്ഞതിന് ഇനി മാറ്റമില്ലലോ. ചിന്തകൾ കൊണ്ട് നാം തന്നെയല്ലേ നമ്മുടെ നരകം സൃഷ്ടിക്കുന്നത്.
വേദനകളെ ഉണങ്ങാൻ അനുവദിക്കാതെ കുത്തി നോവിച്ചു വേദന അനുഭവിക്കുകയായിരുന്നില്ലേ ഞാൻ.
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ആഗ്രഹിക്കുന്നത് പോലെ തന്നെ ആവുമോ, ഇല്ല. .
രമേശ് അച്ഛനെ ഓർത്തു. മരണം കാത്തുകിടക്കുന്ന ആ മനുഷ്യൻ എൻ്റെ അച്ഛൻ ആയിരുന്നില്ലെങ്കിൽ എന്തായിരുന്നിരിക്കും ആ മനുഷ്യനോടുള്ള എൻ്റെ മനോഭാവം. ഒരു മനുഷ്യൻ .. എല്ലാ ചോദനകളും കാമനകളും ഉള്ള .. മരിച്ചുപോകുന്ന ഒരു വെറും മനുഷ്യൻ.
എവിടെയോ വായിച്ച വരികൾ രമേശിന് ഓർമ്മ വന്നു. രോഗങ്ങൾ അദൃശ്യരായ ശത്രുക്കളാണ്. അവർ എപ്പോഴും നമ്മളുടെ കൂടെത്തന്നെയുണ്ട്. നമ്മുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്, നമ്മളുടെ വീഴ്ച പ്രതീക്ഷിച്ചുകൊണ്ട്. ഒരിക്കൽ അടിപതറിപ്പോയാൽ, ശരീരത്തിനോ മനസ്സിനോ ക്ഷീണം സംഭവിച്ചുപോയാൽ അവർ ചാടിവീഴും. ചിലപ്പോൾ പൂർണമായും കീഴ്പ്പെടുത്തും അല്ലെങ്കിൽ വീണ്ടും അവസരത്തിനായി പതുങ്ങിയിരിക്കും ക്ഷമയോടെ.
രമേശ് ഓർത്തു, രോഗങ്ങളിൽ നിന്നും ചിലപ്പോൾ രക്ഷപെട്ടേക്കാം. പക്ഷെ ഒടുവിൽ നമ്മൾ മരണത്തിനു മുന്നിൽ പരാജയപ്പെടുന്ന യുദ്ധമല്ലേ .. ജീവിതം.
ഒരു മരണത്തിനു നാം വിധിയോട് കടപ്പെട്ടിരിക്കുന്നു!
കിമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ അറിയാൻ മാസങ്ങൾ എടുക്കും. ഹൃദയത്തെയും, വൃക്കകളെയും, ഞരമ്പുകളെയും അത് ബാധിക്കും. പലതരം ടെസ്റ്റുകളും സ്കാനിങ്ങും വേണ്ടിവരും. രോഗി ചികിത്സയുമായി പ്രതികരിക്കുന്നുണ്ടോ എന്ന് നിരന്തരമായി പരിശോധിക്കണം. അതനുസരിച്ചു അടുത്ത കിമോതെറാപ്പികൾ ക്രമീകരിക്കണം. അതിൻ്റെ ഇടവേളകൾ ക്രമപ്പെടുത്തണം.
രാഘവമേനോൻ ഓർത്തത് ദേവകിയമ്മയെ കുറിച്ചായിരുന്നു. മരണം വരെ തൻ്റെ കൂടെ ജീവിച്ച ഭാര്യ. ഒരു പരാതി. ഒരു വിഷമം. ഒന്നും അവൾ എന്നോട് പറഞ്ഞിരുന്നില്ലലോ. ഇത്ര ക്രൂരനാവാൻ തനിക്കെങ്ങനെ കഴിഞ്ഞു. ദേവകിയോട് താൻ നീതിപുലത്തിയിരുന്നോ. മക്കളെ താൻ ഒരച്ഛനെപോലെ സ്നേഹിച്ചിരുന്നോ. ഒരുത്തരം അയാൾക്ക് കിട്ടിയില്ല.
വർഷങ്ങൾക്കു മുമ്പ് രാഘവൻ ആദ്യമായി ദേവകിയെ കണ്ട ദിവസം.
ഒരു കല്യാണ വീട്. കൈയിൽനിന്നും ഉതിർന്നുവീണ മിഠായി എടുക്കാൻ തിരിഞ്ഞു നിന്ന രാഘവൻ കണ്ടത്, താഴെ വീണ മിഠായി എടുത്തു രാഘവൻ്റെ നേർക് നീട്ടിപിടിച്ചുകൊണ്ട് ഒരു കൊച്ചു മിടുക്കി. മുടി രണ്ടായി പിന്നിയിട്ട്, പട്ടുപാവാടയും ഉടുപ്പും ഇട്ട് ഒരു കൊച്ചു പെൺകുട്ടി. ഒരു നറുചിരിയോടെ രാഘവൻ അത് വാങ്ങി. പെൺകുട്ടി തിരിഞ്ഞു ഓടി.
'എന്താ നിൻ്റെ പേര് ', രാഘവൻ വിളിച്ചു ചോദിച്ചു. 'ദേവകീ .. ..', അവൾ നീട്ടിവിളിച്ചു പറഞ്ഞുകൊണ്ട് ഓടിമറഞ്ഞു.
‘ദേവകി ..എൻ്റെ ദേവകി ..', ശബ്ദമില്ലാതെ അയാൾ വിളിച്ചു. സ്വപ്നത്തിൽ നിന്നും ഉണർന്ന രാഘവമേനോൻ കൺമുൻപിലെ കാഴ്ച കണ്ടു പകച്ചുപോയി.
കുട്ടികാലത്തെ ദേവകിയെ എടുത്തുവെച്ചപോലെ ഒരു പെൺകുട്ടി. അവളുടെ അടുത്ത് നിൽക്കുന്ന കൗമാരപ്രായത്തിലെ തൻ്റെ രൂപസാദൃശ്യം ഉള്ള ഒരാൺകുട്ടി.
ഒന്നും ഗ്രഹിക്കാൻ സാധിക്കുന്നില്ല. കാഴ്ചകളെല്ലാം വളരെ ദൂരെയാണല്ലോ. കണ്ണ് തെളിഞ്ഞപ്പോൾ ദൃശ്യങ്ങൾ വ്യക്തമാകാൻ തുടങ്ങി. പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും പിന്നിൽ മധ്യവയസ്കയായ ഒരു സ്ത്രീ നിൽക്കുന്നു.
വർഷങ്ങൾക്കുശേഷം അച്ഛൻ്റെ മുന്നിൽ രമ്യ നിറകണ്ണുകളോടെ നിന്നു. സ്വന്തം മകളെ തിരിച്ചറിയാൻ രാഘവമേനോന് കുറെ സമയം വേണ്ടിവന്നു. വിധിയെ അയാൾ ശപിച്ചു. ഒരു മൂക സാക്ഷിയെ പോലെ രമേശ് മേനോൻ എല്ലാം കണ്ടു നിന്നു. മൗനം വളരെ നേരം അവിടെ തളം കെട്ടി നിന്നു.
മനഃസാന്നിധ്യം വീണ്ടെടുത്ത രാഘവമേനോൻ ഓർത്തു. പ്രകൃതി ... ഈശ്വരൻ എല്ലാം മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. എൻ്റെ ദേവകിയെപ്പോലെ എൻ്റെ കുഞ്ഞിൻ്റെ മകൾ, എന്നെ പോലെ ഒരു മകൻ.
രാഘവമേനോൻ പെൺകുട്ടിയെ നോക്കി വാത്സല്യത്തോടെ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു. മോളുടെ ... പേരെന്താണ്.
മുത്തച്ഛൻ്റെ കണ്ണുകളിൽ നോക്കി അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, 'ദേവകി'. ഓടി മറയുന്ന ഒരു പട്ടുപാവാടകാരി അയാളുടെ കണ്ണിൽ മിന്നി മാഞ്ഞു.
അയാളുടെ കണ്ണുകൾ നിറയുകയായിരുന്നു. മെല്ലെ കണ്ണുകൾ ചെരിച്ചു രാഘവമേനോൻ ആൺകുട്ടിയെ നോക്കി. മുത്തച്ഛനെ നോക്കി അവൻ പറഞ്ഞു 'രാഘവ്'.
രാഘവമേനോൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. രമ്യ അച്ഛൻ്റെ കാലുകളിൽ മുഖം അമർത്തി. ഒരു ദീർഘനിശ്വാസത്തോടെ രാഘവമേനോൻ കണ്ണുകൾ ഇറുക്കി അടച്ചു.
ആ കണ്ണുകൾ പിന്നെ ഒരിക്കലും തുറക്കാതെ രാഘവമേനോൻ വിധിയോട് കടം വീട്ടി.