പഴകി തുരുമ്പെടുത്തു തുടങ്ങിയ ആ സൈക്കിൾ ഇത്ര ദൂരം ചവുട്ടി വരുന്നതു തന്നെ ക്ലേശകരമായ ഒരു ജോലിയാണ്, എങ്കിലും കൃത്യം ഒൻപതു മണിക്കു തന്നെ അതിൽ അയാൾ അവിടെ എത്തി. പലരും പറഞ്ഞു 'ഇപ്പോ ഈ സൈക്കിളൊക്കെ താൻ അല്ലാതെ ആരാ ചവിട്ടുക?!. ഇപ്പോ ആധാർ കാർഡിൻ്റെയും റേഷൻ കാർഡിൻ്റെയും കോപ്പി കൊടുത്താൽ ഒരു ടൂ വീലർ സ്വന്തമാക്കാം, തരം പോലെ തവണകൾ അടച്ചു തീർത്താൽ പോരെ? തവണ തെറ്റിയാൽ തന്നവർ തന്നെ അത് തിരികെ എടുത്തു കൊണ്ടു പോകുമെന്നു മാത്രം ആരും പറഞ്ഞില്ല. അയാളും അതൊക്കെ ആഗ്രഹിയ്ക്കാഞ്ഞല്ല, തവണകൾ കൃത്യമായി അടയ്ക്കാൻ കഴിയും എന്ന വിശ്വാസം അയാൾക്ക് ഇല്ലായിരുന്നു. നിറം മങ്ങിയ ശീല കുടയ്ക്കു താഴെ നിറമുള്ള ടീ ഷർട്ടുകൾ ഹാങ്ങറുകളിൽ കോർത്ത് തൂക്കി ഇടുകയാണ് ആദ്യത്തെ ജോലി. എല്ലാം ഒരുവിധം മെനയായി ചെയ്‌തു തീർക്കാൻ കുറഞ്ഞത് അര മണിക്കൂർ നേരമെടുക്കും അയാളുടെ വരവ് പ്രതീക്ഷിച്ചിരുന്നതു പോലെ ഒരു വരയൻ കൊറ്റി അയാളുടെ തലയ്ക്കു മുകളിലൂടെ ചിറകടിച്ചു റോഡിന്റെ അപ്പുറത്തെ ഉണങ്ങി വരണ്ട പാട വരമ്പിലേക്ക് താഴ്ന്നിറങ്ങി, കെട്ടിക്കിടക്കുന്ന ഇത്തിരി വെള്ളത്തിൽ കണ്ണു നട്ട് ഇരിപ്പായി; അനവധി നാളുകളായി അയാൾ അതിനെയും അത് അയാളെയും കാണുന്നു.
>>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക