വേദവാക്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാചാരമുള്ള വാക്കാണ് 'തത്ത്വമസി'. ആത്മസംസ്‌കരണത്തിന്റെ പതിനെട്ടു പടികള്‍ കയറുംമുമ്പ് ഭക്തര്‍ക്ക് വായിക്കാന്‍ പാകത്തില്‍ ക്ഷേത്രത്തിന് മുന്‍പിലായി ഈ വാക്ക് എഴുതിവച്ചിട്ടുണ്ട്. 'അത് നീ ആകുന്നു...' എന്നാണര്‍ത്ഥം. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് തത്ത്വമസി. ശബരിമല സന്നിധാനത്ത് ഭക്തനും അയ്യപ്പന്‍, ഈശ്വരനും അയ്യപ്പന്‍. വേദാന്തപ്പൊരുളായ ശബരീശന്റെ സന്നിധിയില്‍ ഭക്തരെ വരവേല്‍ക്കുന്ന തത്വമസി എന്ന മഹാവാക്ക് അന്വര്‍ഥമാണ്.
പിന്നെയെന്തിനാണ് സ്വാമിദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിവേചനം കല്‍പ്പിക്കുന്ന വി.ഐ.പി പരിഗണന സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്..? വി.ഐ.പികള്‍ക്ക് കൂടുതല്‍ അനുഗ്രഹം, അല്ലത്തവര്‍ക്ക് കുറഞ്ഞ കടാക്ഷം എന്നൊന്നുണ്ടോ..? വി.ഐ.പികളെന്ന് മേനിനടിച്ചത്തുന്ന പല ഞാഞ്ഞൂലുകളുടെയും ശരം വിട്ടതു പോലുള്ള വരവും പോക്കും, കുഞ്ഞുകുട്ടികളെ ചുമലിലേന്തി മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇതേച്ചൊല്ലി കാലാകാലങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം ഉച്ചത്തിലുള്ള ശരണംവിളിയില്‍ അലിഞ്ഞു പോയതുമാത്രം മിച്ചം.
ഇപ്പോള്‍ നടന്‍ ദിലീപിനും സംഘവും നടത്തിയ ദര്‍ശനം വിവാദമായിരുക്കുന്നു. ഇവര്‍ക്ക് വി.ഐ.പി പരിഗണന നല്‍കിയതിനെ ശക്തമായ ഭാഷയില്‍ ആവര്‍ത്തിച്ച് അപലപിച്ചിരിക്കുകയാണ് കേരള ഹൈക്കോടതി. ഇക്കഴിഞ്ഞ 5-ാം തീയതി രാത്രി നടയടയ്ക്കുന്നതിന് മുമ്പ് ഹരിവരാസനം തുടങ്ങുന്ന സമയത്താണ് ദിലീപും പരിവാരങ്ങളുമെത്തിയത്. ഹരിവരാസനം പാടിത്തീര്‍ന്ന് നടയയ്ക്കുന്നതുവരെയുള്ള പത്ത് മിനിറ്റ് നേരം ദിലീപ് സോപാനത്ത് തന്നെ വണങ്ങി നിന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഹരിവരാസനം പാടുന്ന നേരത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്നിരിക്കെയാണ് ദിലീപും സംഘവും അവിടെ യഥേഷ്ടം നില്‍പ്പുറപ്പിച്ചത്. തന്‍മൂലം ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ദര്‍ശനം സാധ്യമായില്ല. അവരെല്ലാം നിരാശരായി മടങ്ങുകയും ചെയ്തു. പതിനെട്ടാം പടികയറിയല്ല ദിലീപ് ശ്രീകോവിലിന് മുന്നിലെത്തിയത്. നടന് വി.ഐ.പി പരിഗണന കൊടുത്ത്, മറ്റ് ഭക്തര്‍ക്ക് ദര്‍ശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം, മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായിട്ടാണ് വി.ഐ.പി ദര്‍ശനം നടത്തിയത് എന്നു പറഞ്ഞ ഹൈക്കോടതി ദേവസ്വം ബോര്‍ഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്നും വ്യക്തമാക്കി.
പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോര്‍ഡിന്റെ മറുപടി. ഇത് സ്പെഷല്‍ സെക്യൂരിറ്റി സോണ്‍ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്..? മറ്റുള്ളവരുടെ ദര്‍ശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തില്‍ കുട്ടികളും ഉണ്ടായിരുന്നുവെന്നും രണ്ടും മൂന്നും മണിക്കൂര്‍ ക്യൂ നിന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ ഭക്തര്‍ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ഹരിവരാസനം പാടുന്ന സമയം മുഴുവന്‍ അവിടെ നില്‍ക്കാന്‍ ദിലീപിന് എങ്ങനെ അനുമതി കിട്ടിയെന്ന് കോടതി ചോദിച്ചു. കുട്ടികള്‍ അടക്കമുളളവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നില്ലേ. ദിലീപിന് സ്പെഷല്‍ ട്രീറ്റ്മെന്റ് എങ്ങനെ കിട്ടി..? ജില്ലാ ജഡ്ജിമാര്‍ അടക്കമുളളവരെ അവിടെ ഈ സമയം കണ്ടല്ലോയെന്നും കോടതി ചോദിച്ചു.
സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളടക്കം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടന്ന് ദിലീപിന് വി.ഐ.പി പരിഗണന കിട്ടിയോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം ആരംഭിക്കുകയും ദേവസ്വം വിജിലന്‍സ് എസ്.പിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വത്തിന് കൈമാറുകയും ചെയ്തു. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയക്ക് കൈമാറുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞിരുന്നു.
സുപ്രീം കോടതിയുടേത് ഉള്‍പ്പെടെയുള്ള ഉത്തരവുകള്‍ പ്രകാരം ഭരണഘടനാ പദവിയിലുള്ള വ്യക്തികള്‍ക്ക് മാത്രമേ ശബരിമലയില്‍ ഇത്തരം മുന്‍ഗണനാ പരിഗണന അനുവദിക്കൂവെന്നും അതിനാല്‍ ദിലീപിന്റെ ദര്‍ശനം പ്രസ്തുത ഉത്തരവിന്റെ ലംഘനമാണ്. ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന കോടതിയലക്ഷ്യ നടപടികളാണുണ്ടാവേണ്ടത്. ദിലീപിന് വി.ഐ.പി പരിഗണന കിട്ടാന്‍ മാത്രം എന്ത് കനപ്പെട്ട പദവിയാണോ കല്‍പ്പിച്ച് കിട്ടിയിട്ടുള്ളത്..?