മുന്‍മുഖ്യമന്ത്രി ഇകെ നായനാരുടെ പത്‌നി ശാരദടീച്ചര്‍ക്ക് തൊണ്ണൂറാം പിറന്നാള്‍. തളിപ്പറമ്പിലെ പാര്‍ഥാ കണ്‍വെന്‍ഷന്‍സെന്ററില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി അവര്‍ പിറന്നാള്‍ കേക്ക് മുറിച്ചു. സുരേഷ് ഗോപി, ഇ.പി ജയരാജന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍ തുടങ്ങിയവര്‍ക്ക് ടീച്ചര്‍ മധുരം പങ്കു വച്ചു.
ശനിയാഴ്‌ച നവതി ഘോഷിച്ച ശാരദ ടീച്ചർ; സഖാവിന്റെ നിഴലിൽ 46 വർഷം
സഖാവ് നായനാര്‍ തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രാഷ്ട്രീയ നേതാവായിരുന്നുവെന്നു പറഞ്ഞ സുരേഷ് ഗോപി, ശാരദടീച്ചര്‍ തന്റെ ആഗോള അമ്മയാണെന്ന് വിശേഷിപ്പിച്ചു. 'ആ അമ്മയുടെ പിറക്കാത്ത മകനാണ് ഞാന്‍'
ശനിയാഴ്ച നവതി ഘോഷിച്ച ശാരദ ടീച്ചര്‍; സഖാവിന്റെ നിഴലില്‍ 46 വര്‍ഷം
ഇ.കെ. നായനാരില്‍ നിന്ന് 1987ലെ കേരള ഗവര്‍മെന്റിന്റെ മികച്ച റിപ്പോര്‍ട്ടിങ്നുള്ള പുരസ്‌കാരം സ്വീകരിച്ച ആളാണ് ഈ ലേഖകന്‍. തിരുവനന്തപുരം പ്രസ് ക്‌ളബ്ബില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: 'ഓനും ജേര്ണലിസ്‌റ് ആയിരുന്നെടോ. ഇപ്പോഴത്തെ ജേര്ണലിസ്റ്റുകളൊക്കെ അച്ചായന്മാര്‍ പറയുന്നത് കേട്ട് പേനാ ഉന്തുന്നവരല്ലേടോ!'
എല്ലാവരും ചിരിച്ചു. പക്ഷേ ആ പരാമര്‍ശം എന്നെ ചൊടിപ്പിച്ചു. മറുവടി പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു: 'എനിക്ക് അങ്ങിനെ ഒരനുഭവം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിമാരില്‍ ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ആളാണ് നായനാര്‍. കാരണമുണ്ട്..' ഇത്രയും പറഞ്ഞിട്ട് ഞാന്‍ ഒരു മനിമിഷം നിന്നു. എന്താണെടോ എന്നമട്ടില്‍ അദ്ദേഹം എന്റെനേരെ നോക്കി.
കല്യാശേരി ശാരദാസില്‍; ഒപ്പം മക്കള്‍, മകളെപ്പോലൊരാള്‍ പി ശരണ്യ.
എന്റെ വീടിനടുത്തുള്ള ഏറ്റുമാനൂര്‍ അമ്പലത്തില്‍ നിന്ന് ഏഴരപൊന്നാനകളില്‍ ഒന്ന് മോഷണം പോയപ്പോള്‍ പോലീസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ നിയമസഭയില്‍ പ്രതിപക്ഷം നിര്‍ത്തിപൊരിച്ചു. മതിയായ പാറാവിടാത്ത നായനാര്‍ രാജിവയ്ക്കണമെന്ന് വരെ പ്രതിപക്ഷം ആവശ്യപ്പെട്ടു.
സ്വസിദ്ധമായ ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞ മറുപടി ലോകമലയാളികളെയാകമാനം ചിരിപ്പിച്ചു: 'ഭഗവാനെന്തിനാടോ പാറാവ്?' എന്റെ വിശദീകരണം കേട്ട് സദസിനോടൊപ്പം നായനാരും ചിരിച്ചു.
സഖാവ് എന്നും ജനനായകന്‍
പിന്നീടൊരിക്കല്‍ ഗോവാ ഫിലിം ഫെസ്റ്റിവല്‍ കാണാന്‍ പോകും വഴി കല്യാശ്ശേരിയില്‍ എത്തിയപ്പോഴേക്കും നായനാര്‍ അന്തരിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഞങ്ങള്‍ക്ക് ചായയും പലഹാരവും തന്നു സല്‍ക്കരിക്കാന്‍ ശാരദടീച്ചറെ പ്രേരിപ്പിച്ചത് സഖാവിനോടൊപ്പം ഞാനും ഭാര്യയും മക്കളും നില്‍ക്കുന്ന ചിത്രമാണ്.
ടീച്ചര്‍ ആനന്ദാശ്രുക്കളോടെ ഞങ്ങളെ ആശ്ലേഷിച്ചു. രാവിലെ എട്ടരയായിട്ടും എതിര്‍വശത്തെ ചെറിയ ക്ഷേത്രത്തില്‍ നിന്ന് ഭഗവല്‍സ്തുതികള്‍ ഉയരുന്നു. ഈ 'ശല്യം' ഒഴിവാക്കിക്കൂടേ?' എന്ന് ഞാന്‍ ടീച്ചറോട് ചോദിച്ചു.
കൈപിടിച്ചു നടത്തിയത് ഞാനോ സഖാവോ?
'ശരിയാണ്. വീതംകിട്ടിയ പുരയിടവും ഒരുപാടു മുറികളുമുള്ള തറവാട് വേണ്ടെന്നു വച്ച് ഈ ചെറിയ സ്ഥലം വാങ്ങി രണ്ടു നില വീട് വയ്ക്കുകയായിരുന്നു. എനിക്ക് സ്‌കൂളില്‍ ജോലിയുണ്ടല്ലോ. ലോണ്‍ ഒക്കെ സംഘടിപ്പിച്ചു. 'ശാരദേ നിന്റെ ഇഷ്ട്ടം പോലെ ചെയ്യൂ. പക്ഷെ എനിക്ക് വലിയൊരു മുറിവേണം. പുസ്തകങ്ങള്‍ വയ്ക്കാന്‍ നാലു അലമാരികളും മേശയും ചാരുകസേരയും ഇടാന്‍ സ്ഥലം വേണം,' സഖാവ് പറഞ്ഞു.
അമ്പലത്തില്‍ നിന്നുള്ള ശബ്ദശല്യം അവരോടൊന്നും സൂചിപ്പിച്ച് മാറ്റാവുന്നതല്ലേ ഉള്ളു എന്ന് പലതവണ ഞാന്‍ പറഞ്ഞതാണ്. അപ്പോഴെല്ലാം, 'പാടില്ല പാടില്ല ശാരദേ..നമ്മെ മറന്നൊന്നും ചെയ്തുകൂടാ' എന്ന ചങ്ങമ്പുഴ വരികള്‍ ഉദ്ധരിച്ചുകൊണ്ടാവും മറുപടി. 'മതസൗഹാര്‍ദ്ദം ഹനിച്ചുകൂടാ' എന്നും പറയും.
സമയം അതിക്രമിച്ചു ശാരദേ
നായനാരെപ്പോലെ സ്‌നേഹവതിയായ ആ ടീച്ചര്‍ക്ക് ഡിസംബര്‍ 7നു നവതിയാഘോഷം എന്ന് കേട്ട് എന്നോടൊപ്പം ത്രില്ലടിച്ച മലയാളികള്‍ ഏറെയുണ്ടാവും. അതിനെപ്പറ്റി ആദ്യം മനോഹരമായി റിപ്പോര്‍ട് ചെയ്ത കേരളകൗമുദി കണ്ണൂര്‍ ലേഖിക പി. ശരണ്യയെ വിളിച്ച് അഭിന്ദിക്കുകയൂം ഫോട്ടോ ഗ്രാഫര്‍ ആഷ് ലിയുടെ നമ്പര്‍ വാങ്ങുകയും ചെയ്തു.
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദധാരിയാണ് പരിയാരം സ്വദേശി ശരണ്യ. ആഷ്ലി ജോസ് ആകട്ടെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മുക്കാല്‍ നൂറ്റാണ്ടു മുമ്പ് കണ്ണൂരിലേക്കു കുടിയേറിയ ഞാലിമാക്കല്‍ കുടുംബത്തിലെ അംഗം. ബാഗ്‌ളൂരില്‍ നിന്ന് ബിഎഫ്എയും ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമയും നേടി.
നായനാരുടെ മെഴുകു പ്രതിമ കണ്ടു വിതുമ്പുന്ന ടീച്ചര്‍
നവതിയായിട്ടും യവ്വനത്തിളപ്പോടെ ടീച്ചര്‍ തങ്ങളെ സ്വീകരിച്ചതായി ഇരുവരും പറഞ്ഞു. 'ജീവിതം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി മാറ്റിവച്ചതുകൊണ്ടാണ് എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നത്. കല്യാ ശേരിയെക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ നടന്നില്ല'
'അദ്ദേഹത്തിന് ഇവിടം ഏറെ ഇഷ്ട്ടമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും ഇവിടെ നില്‍ക്കുന്നത്. അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിന്നില്ലല്ലോ എന്നു മക്കള്‍ക്കു സങ്കടമുണ്ട്. അതുകൊണ്ടാണ് സഖാവിന്റെ മരണശേഷം അസ്ഥി കന്യാകുമാരിയിലെ ത്രിവേണിയില്‍ ഒഴുക്കിയത്.
ഇയാളെ ഞാന്‍ ആദ്യത്തെ കാണുന്നതാ-സുരേഷ് ഗോപിയോടൊപ്പം
'മക്കള്‍ക്ക് ആകെക്കൂടി ചെയ്യാന്‍ അവശേഷിച്ചത് അതാണ്. പക്ഷെ അത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി. ഞങ്ങള്‍ക്കെല്ലാം വേദനയുണ്ടായി. വിഎസിനെ വിളിച്ചപ്പോള്‍ 'കുടുംബകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ല' എന്ന മറുപടിലഭിച്ചു. അത് വലിയ ആശ്വാസമായി.
എറമ്പാല കൃഷ്ണന്‍ നായനാര്‍ക്കു കൃഷ്ണന്‍ എന്ന പേരുണ്ടെങ്കിലും ഈശ്വര വിശ്വാസി ആയിരുന്നില്ല. പക്ഷെ എനിക്ക് വിശ്വാസമുണ്ട്. അതില്‍ അദ്ദേഹം ഇടപെട്ടതേയില്ല. എനിക്ക് എന്റെ വഴി. നിനക്ക് നിന്റെ വഴി എന്നായിരുന്നു മനോഭാവം.
കോടിയേരി പോയ ശേഷം എം.വി. ജയരാജനാണ് എന്തെങ്കിലുമൊക്കെ ആവശ്യത്തിന് വിളിക്കാറ്, എംവി ഗോവിന്ദനും വിളിക്കാറുണ്ട്. അല്ലേലും നേതാക്കന്‍മാരെ ഒന്നുമല്ല ഞാനിപ്പോള്‍ സ്ഥിരമായി വിളിക്കാറുള്ളത് ഡോക്ടര്‍മാരെയാണ്,' ടീച്ചര്‍ പൊട്ടിച്ചിരിച്ചു.
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
ഒന്നിച്ച് കളിച്ചുവളര്‍ന്നവരാണ് ഞങ്ങള്‍. എന്നേക്കാള്‍ 16 വയസ്സിന്റെ മൂപ്പുള്ള അദ്ദേഹവുമായുള്ള വിവാഹം 1958ല്‍. സഖാവിനു അന്ന് 39 വയസ്. എനിക്ക് 23. അദ്ദേഹം കടന്നു പോയ 2004 വരെ 46 വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജിവിച്ചു. ആദ്യനാളുകളില്‍ അദ്ദേഹം ജയിലില്‍ കഴിയുമ്പോള്‍ കുട്ടികളുമായി മാസത്തിലൊരിക്കല്‍ ഞാന്‍ ജയില്‍ സന്ദര്‍ശിക്കുമായിരുന്നു. കുട്ടികളോട് പറയും: ഇതാണ് അച്ഛന്റെ വീട്.
ശാരദേ എന്ന ആ നീണ്ട വിളികേള്‍ക്കാന്‍ എന്നെന്നും കാത്തിരിക്കയാണ് ടീച്ചര്‍. കണ്ണൂരില്‍ ആദ്ദേഹത്തിന്റെ മെഴുകുപ്രതിമ കണ്ടു നില്‍ക്കുമ്പോള്‍ എന്താ എന്നെ വിളിക്കാത്തേ എന്നു വിഷമിച്ചു ഞാന്‍ വിതുമ്പി. എന്നെ പിണറായിയും ജയരാജനും കോടിയേരിയും പിടിച്ച് പിന്നിലൊരിടത്തു കസേരയില്‍ കൊണ്ടിരുത്തുകയായി
രുന്നു.
ഇനി കല്യാശേരി വീട്ടില്‍ കാതോര്‍ത്ത്
സഖാവിന്റെ പിറന്നാള്‍ ഒരിക്കല്‍ പോലും ആഘോഷിച്ചിട്ടില്ല. ആളെ അടുത്തു കിട്ടിയിട്ട് വേണ്ടേ? ഇത്തവണ തൊണ്ണൂറിന്റെ നിറവില്‍ ഞാന്‍ പായസമുണ്ടാക്കും, പയറുപായസം. നാലു മക്കള്‍ക്കുവിളമ്പും. എട്ടു കൊച്ചു മക്കള്‍ക്കും. ഒരു കൊച്ചുമകനു ഉണ്ണികൃഷ്ണന്‍ എന്ന് പേരിട്ടു. പത്രക്കാര്‍ വട്ടമിട്ടപ്പോള്‍ പറഞ്ഞു: നിങ്ങള്‍ പോയി ജ്ഞാനപ്പാന വായിക്കണം.
പാര്‍ട്ടി യും ജനവും നിന്നെ നോക്കിക്കൊള്ളും, മരണത്തിനു മുമ്പ് സഖാവ് എന്നോട് പറഞ്ഞു. അത് ശരിയായോ എന്ന ചോദ്യത്തിന് ഇങ്ങിനെ മറുപടി: 'പാര്‍ട്ടിയുടെ കാര്യം എനക്കറിയില്ല, പക്ഷെ ജനം എന്റെകൂടെയുണ്ട്.'
ചിത്രങ്ങള്‍ക്കു കടപ്പാട്: ആഷ്ലി ജോസ്, കണ്ണൂര്‍