Image

പ്രിയപ്പെട്ട പശു: ബ്രാഹ്മണ പശു മുതൽ പാൽ വിലക്കയറ്റം വരെ (ഡോ. മാണി സ്കറിയ)

Published on 08 December, 2024
പ്രിയപ്പെട്ട പശു: ബ്രാഹ്മണ  പശു മുതൽ പാൽ വിലക്കയറ്റം വരെ (ഡോ. മാണി സ്കറിയ)

വ്യക്തിജീവിതത്തിലെ അനുഭവങ്ങളാണ് പല അന്വേഷണങ്ങൾക്കും വഴിയൊരുക്കുന്നത്.  ഓർഗാനിക് മിൽക്കിന്റെ വിലയിലെ മാറ്റങ്ങളെക്കുറിച്ച്  ഞാൻ ശ്രദ്ധിച്ചതും നിർണായകമായ ചില കണ്ടെത്തലുകൾ നടത്തിയതും അത്തരം അനുഭവത്തിൽ നിന്നാണ്.  

നവംബറിൽ കാലിഫോർണിയയിലെ ഫ്രെസ്‌നോയിലേക്കുള്ള  യാത്രയ്ക്കിടെ പെട്രോൾ  ഗാലന് $5.50 ആണെന്നറിഞ്ഞു.  തുടർന്ന്, ടെക്സാസിലെ ഒരു സ്റ്റോറിൽ നിന്ന് ഓർഗാനിക് എന്ന് ലേബൽ ചെയ്ത പാലും മുട്ടയും വാങ്ങി. കൗതുകം എന്ന നിലയിലാണ് ഒരു ഗാലൺ ഓർഗാനിക് ഹോൾ മിൽക്കിന്റെ വില  നോക്കിയത്. $9.49 എന്ന് കണ്ട് അമ്പരന്നു. ഒരു പായ്ക്ക്  ഓർഗാനിക് മുട്ടയുടെ (18-എണ്ണം) വില $10.49 ആയിരുന്നു.

പാൽ വിലനിർണ്ണയ വിഷയത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ  എനിക്ക്  പ്രേരണ ആയത് നിസ്സാരമായി നമ്മൾ തള്ളിക്കളഞ്ഞേക്കാവുന്ന ഈ അനുഭവമാണ്. ഇതിനായി  ധാരാളം പ്രസിദ്ധീകരണങ്ങൾ റഫർ ചെയ്യുകയും വിശ്വസനീയമായ സ്രോതസ്സുകളെ സമീപിക്കുകയും ചെയ്തു. പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട  നിർമ്മാതാക്കൾ, വിതരണക്കാർ, ചില്ലറ വ്യാപാരികൾ എന്നിവർക്കിടയിൽ ലാഭവിതരണത്തിൻ്റെ തുല്യമായ സാഹചര്യം ഉണ്ടായിരിക്കേണ്ടതാണ്. എല്ലാ കാർഷികോൽപ്പന്നങ്ങളുടെയും കാര്യം ഇങ്ങനെയാണ്.

ചില്ലറ വിൽപ്പന വിലയുടെ 50-55% പാൽ ഉത്പാദകർക്ക് ലഭിക്കണം. എന്നാൽ, വിതരണക്കാർ ഇത് വെട്ടിക്കുറയ്ക്കുന്നു. ചില്ലറ വ്യാപാരികൾ സാധാരണയായി 20% മുതൽ 40% വരെയുള്ള ഒരു മാനദണ്ഡം ചേർക്കുന്നുമുണ്ട്. ഉൽപ്പാദനച്ചെലവ്, വിപണി ആവശ്യകത, വിതരണ ശൃംഖലകളുടെ കാര്യക്ഷമത, പ്രാദേശിക മത്സരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഈ ശതമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ഈ ഘടകങ്ങൾ ക്ഷീരവ്യവസായത്തിലെ ലാഭവിഹിതത്തെ ഗണ്യമായി സ്വാധീനിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്, ഇത് പ്രാദേശിക വ്യതിയാനങ്ങളിലേക്ക് നയിക്കും.

സൗമ്യമായ പെരുമാറ്റവും ശാന്തമായ സാന്നിധ്യവും വയലുകൾക്ക് സമാധാനവും  പരിപാലിക്കുന്നവർക്ക് സന്തോഷവും നൽകുന്ന ശ്രേഷ്ഠമായ സൃഷ്ടിയാണ് പശു.  ശരീരത്തെ പോഷിപ്പിക്കുകയും രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന പാലും ചീസും പാലുൽപ്പന്നങ്ങളുടെ ഒരു നിരയും  പ്രദാനം ചെയ്യുന്നതിലൂടെ കാർഷികമേഖലയിലെ പശുക്കളുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ഇവ നിർണായക പങ്ക് വഹിക്കുന്നു. പുൽമേടുകൾ നിയന്ത്രിക്കാനും ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കാനും മണ്ണിനെ സമ്പുഷ്ടമാക്കാനും ഇവ സഹായിക്കുന്നു. മാലിന്യങ്ങളെ മണ്ണിൻ്റെയും സസ്യങ്ങളുടെയും ആരോഗ്യത്തിന് മൂല്യവർദ്ധിത മാന്ത്രിക മിശ്രിതമാക്കി മാറ്റുകയും ചെയ്യുന്നു.  ആരോഗ്യദായകമായ ഓർഗാനിക് മിൽക്ക് പ്രദാനം ചെയ്യുന്ന ശക്തിയും പ്രതിരോധശേഷിയും വിസ്മയിപ്പിക്കുന്നതാണ്. പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ചും ഭൂമിയുമായി ഇണങ്ങി ജീവിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങൾ ബോധവാന്മാരായിരിക്കണം.

മനുഷ്യർ പാൽ കുടിക്കുന്നത് ശീലമാക്കിയിട്ട്  ആയിരക്കണക്കിന് വർഷങ്ങളായി.  ബിസി 8,000 - 5,000 കാലത്തും  മനുഷ്യർ മൃഗങ്ങളെ വളർത്തിയതിന് തെളിവുണ്ട്. മിഡിൽ ഈസ്റ്റിലെ നിയോലിത്തിക്ക് സംസ്കാരങ്ങളിൽ, കന്നുകാലികൾ, ആടുകൾ എന്നിവ മേഞ്ഞിരുന്നു. ഇന്ത്യയിൽ, പാൽ ഉപഭോഗത്തിൻ്റെ ഈ പുരാതന സമ്പ്രദായം സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ഹിന്ദുമതത്തിൽ, പശുക്കളെ പവിത്രമായി കണക്കാക്കുകയും അഹിംസ, മാതൃത്വം, ഫലഭൂയിഷ്ഠത എന്നിവയെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. പല ഹിന്ദുക്കളും പശുക്കളെ ഗോമാതാവായി കാന്റ്  അവയെ ഉപദ്രവിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്നു.

ടെക്സസിലെ കിംഗ് റാഞ്ച് പോലെയുള്ള സ്ഥലങ്ങളിൽ കന്നുകാലി വളർത്തൽ ഗണ്യമായി വർദ്ധിച്ചു. ടെക്‌സാസിലെ കിംഗ്‌സ്‌വില്ലിൽ 825,000 ഏക്കർ വിസ്തൃതിയുള്ള റാഞ്ചിൽ , 1906-ൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ഇന്ത്യൻ ബ്രാഹ്മണ പശുവിനെയാണ് (Brahmin cow) സന്താനോദ്‌പാദനത്തിനു  പ്രധാനമായും ഉപയോഗിച്ചത്. ടെക്സാസിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ഇവയുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്. ഇവയുമായി ചേർന്നുള്ള സങ്കരയിനങ്ങൾക്ക്  മെച്ചപ്പെട്ട വളർച്ചാ നിരക്കും ഫലഭൂയിഷ്ഠതയുമുണ്ട്. ബ്രാഹ്മണ കന്നുകാലികൾക്ക്  രോഗ പ്രതിരോധശേഷി കൂടുതലാണ്. അവയുടെ ജനിതകശാസ്ത്രഘടന മാംസത്തിൻ്റെ ഗുണനിലവാരം വർധിപ്പിക്കുന്ന തരത്തിലാണ്, പ്രധാനമായും ആംഗസ് പോലുള്ള ഇനങ്ങളുമായി ചേരുമ്പോൾ. ശ്രദ്ധാപൂർവമായ പ്രജനന തന്ത്രങ്ങളിലൂടെ, കിംഗ് റാഞ്ച്  വിപണി ആവശ്യങ്ങൾ നിറവേറ്റുന്ന പ്രതിരോധശേഷിയുള്ള കന്നുകാലികളെ ഉത്പാദിപ്പിക്കുകയും കന്നുകാലി വ്യവസായത്തിൽ ആധിപത്യം സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇന്ന് തിരിഞ്ഞ്  ചിന്തിക്കുമ്പോൾ,ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കയിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ നമ്മുടെ നാട്ടിലെ പശുക്കളെ എത്തിച്ചതിലൂടെ സാധിച്ചതോർത്ത് അഭിമാനിക്കാം.

കഴിഞ്ഞ മുപ്പത് വർഷമായി ഓർഗാനിക് ക്ഷീരോത്പാദനം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. യു.എസ്. ഓർഗാനിക് ഫുഡ്സ് പ്രൊഡക്ഷൻ ആക്ടിൽ വേരൂന്നിക്കൊണ്ട് 2000-ൽ USDA-യുടെ നാഷണൽ ഓർഗാനിക് പ്രോഗ്രാം (NOP) സ്ഥാപിക്കുന്നതിലൂടെയാണ് ഈ മാറ്റം പ്രാഥമികമായി ഊർജിതമാക്കിയത്. ജൈവ കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിന് ഏകീകൃത ദേശീയ മാനദണ്ഡങ്ങൾ സ്ഥാപിച്ച ഈ നിയമം, മുമ്പ് സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു.

ഓർഗാനിക് ഡയറി ഫാമിലെ പശുക്കളുടെ ഭക്ഷണത്തിൻ്റെ 30% എങ്കിലും മേച്ചിൽപ്പുറങ്ങളിൽ നിന്നാണെന്ന് ഉറപ്പുവരുത്തണം എന്നാണ് നിയമം. ആൻറിബയോട്ടിക്കുകളും ഹോർമോണുകളും നിരോധിക്കുകയും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങൾ നിലനിർത്തുകയും വേണമെന്നുമുൾപ്പെടെ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സർട്ടിഫൈഡ് ഓർഗാനിക് ഫാമുകൾ ലാഭകരമാണെങ്കിലും സർട്ടിഫിക്കേഷൻ പേപ്പർവർക്കുകളും ഉൽപ്പാദനച്ചെലവും വെല്ലുവിളി ഉയർത്തുന്നതായാണ് സർവ്വേഫലം സൂചിപ്പിക്കുന്നത്. കുറച്ചുകൂടി വിപുലമായി നടത്തുന്ന സർട്ടിഫൈഡ് ഓർഗാനിക് ഫാമുകൾ കൂടുതൽ കാര്യക്ഷമതയും സാങ്കേതിക പുരോഗതിയും പ്രകടമാക്കുകയും പരമ്പരാഗത ഫാമുകളേക്കാൾ ഉയർന്ന വിലയ്ക്ക് പാൽ നൽകാൻ തീരുമാനിക്കുകയും ചെയ്തു. വടക്കുകിഴക്കൻ ഫാമുകളിൽ കാലിത്തീറ്റയ്ക്ക് ഉയർന്ന ചിലവാണ്. എന്നാൽ, പാശ്ചാത്യ ഫാമുകളിൽ ആധുനിക രീതികൾ കൂടുതൽ വേഗത്തിൽ സ്വീകരിച്ചതുകൊണ്ട് ഇത്ര വലിയ പണച്ചിലവ് വരുന്നില്ല.

ഓർഗാനിക് ഡയറി ഉൽപ്പാദനത്തിലെ വളർച്ച ഉപഭോക്തൃ മുൻഗണനകളും മാറുന്ന വിപണിയും അനുസരിച്ചാണ് വ്യതിചലിക്കുന്നത്.

പശുവിൻ്റെ അകിടിൽ നിന്ന് നമ്മുടെ ഗ്ലാസിൽ എത്തുന്നതുവരെ ധാരാളം പ്രോസസുകൾ നടക്കുന്നുണ്ട്. പശുക്കളെ കറക്കുന്നത് കൈകൊണ്ടോ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ചോ ചെയ്യാം. ശേഖരിക്കുന്ന പാൽ ഫാമിലെ ശീതീകരിച്ച ടാങ്കുകളിൽ സൂക്ഷിക്കുകയും ഇൻസുലേറ്റഡ് ട്രക്കുകളിൽ സംസ്കരണ പ്ലാൻ്റുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതാണ് അടുത്ത കടമ്പ.പിന്നീട് ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ ഇത് പാസ്ചറൈസേഷന് വിധേയമാക്കുകയും സ്ഥിരതയുള്ള ഘടനയ്ക്കായി ഏകീകരിക്കപ്പെടുകയും ചെയ്യുന്നു. സീൽ ചെയ്ത പാത്രങ്ങളിൽ പാക്ക് ചെയ്ത ശേഷം, പാൽ പലചരക്ക് കടകളിൽ വിതരണം ചെയ്യുന്നു, അവിടെ അത് ഉപഭോക്താക്കൾക്ക് വിൽക്കുന്നു.

പാലിന്റെ പുതുമ നിലനിർത്താനും പ്രോസസ്സിംഗ് സൗകര്യങ്ങളിലേക്ക് പോകുമ്പോൾ കേടാകാതിരിക്കാനും ശ്രദ്ധ ചെലുത്തും. അതിൻ്റെ ഗുണനിലവാരം വിലയിരുത്തുന്നതിന് നിരവധി പരിശോധനകൾ നടത്തും. പാലിലെ സ്വാഭാവിക കൊഴുപ്പ്, സാധാരണയായി 3.5% നും 3.7% നും ഇടയിലോ ആയിരിക്കുന്നത് 2 ശതമാനമോ 1 ശതമാനമോ ആക്കി ക്രമപ്പെടുത്തും.

അടുത്തതായി, പാൽ പാസ്ചറൈസേഷന് വിധേയമാക്കും. ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനുള്ള ഒരു നിർണായക ഘട്ടമാണിത്. സാധാരണഗതിയിൽ, പാൽ കുറഞ്ഞത് 15 സെക്കൻഡ് നേരത്തേക്ക് 161°F (72°C) വരെ ചൂടാക്കപ്പെടുന്നു, ഈ രീതി ഹൈ-ടെമ്പറേച്ചർ ഷോർട്ട്-ടൈം (HTST) പാസ്ചറൈസേഷൻ എന്നറിയപ്പെടുന്നു. ഈ ചൂടാക്കൽ പ്രക്രിയയ്ക്ക് ശേഷം, ബാക്ടീരിയയുടെ വളർച്ചയെ തടയുന്നതിനായി പാൽ പെട്ടെന്ന് ഏകദേശം 39°F (4°C) വരെ തണുപ്പിക്കുന്നു.

സംസ്‌കരിച്ച ശേഷം, അണുവിമുക്തമാക്കിയ പാത്രങ്ങളിലോ പ്ലാസ്റ്റിക് ജഗ്ഗുകളിലോ കുപ്പിയിലോ ആക്കുന്നതിന് മുമ്പ് പാൽ വീണ്ടും തണുപ്പിക്കുന്നു. ഓരോ പാക്കേജിലും പോഷക ഉള്ളടക്കം, കാലഹരണപ്പെടൽ തീയതികൾ, മറ്റ് നിയന്ത്രണ വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാനപ്പെട്ട ലേബലിംഗ് വിവരങ്ങൾ ഉൾപ്പെടുത്തും.

ഓർഗാനിക് മിൽക്ക് സാധാരണ പാലിൻ്റെ വിലയുടെ 1.5 മുതൽ 2 മടങ്ങ് വരെ വിലയ്ക്കാണ് വിൽക്കുന്നത്.

പരമ്പരാഗത പാലിന് $3-$4 വില വരുമ്പോൾ ഓർഗാനിക്  പാലിൻ്റെ ശരാശരി വില $8 മുതൽ $10 വരെയാണ്. 2010 മുതൽ 2020 വരെ ഒരു പതിറ്റാണ്ടിനിടയിൽ,  പാലിൻ്റെ ശരാശരി വിലയിൽ പ്രകടമായ വർദ്ധനവ് കാണാൻ സാധിക്കും, പ്രത്യേകിച്ച് ജൈവ മേഖലയിൽ. ഓർഗാനിക്  മിൽക്കിന്  വില 2010-ൽ ഗാലന് ഏകദേശം $3.50 - $5.00 ആയിരുന്നത്  2020-ഓടെ ഗാലന് $6.50 - $8.00 ആയി. ഇതിനു വിരുദ്ധമായി, പരമ്പരാഗത പാൽ വിലയിൽ വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. 2010-ൽ ഒരു ഗാലന് $2.50 - $3.50 ആയിരുന്നത്  2020-ൽ ഗാലന് ഏകദേശം $3.00 - $4.00 ആയി നേരിയ വർദ്ധനവേ കാണിച്ചുള്ളൂ.

ഓർഗാനിക് ഭക്ഷണങ്ങളോടുള്ള വർദ്ധിച്ചുവരുന്ന താൽപര്യം പാൽ വിപണിയിലും പ്രതിഫലിച്ചു എന്നതാണ് സത്യം.

മാണി സ്കറിയ, പി.എച്ച് ഡി.

(അമേരിക്കയിൽ കൃഷിയിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ കോട്ടയം സ്വദേശിയായ ഡോ.  മാണി സ്കറിയ, ടെക്‌സാസ് എ ആൻഡ് എം യൂണിവേഴ്‌സിറ്റി സിസ്റ്റത്തിലെ പ്രൊഫസർ എമെരിറ്റിസ്സും  ടെക്‌സാസിലെ സിട്രസ് ഫ്രൂട്ട്സ് ഉത്പാദകനും വിപണനക്കാരനുമാണ്.)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക