Image

ഉടപ്പത്തേക്കാളുമധികം (ഇമലയാളി കഥാമത്സരം 2024: കെ. എം. റെജി)

Published on 08 December, 2024
ഉടപ്പത്തേക്കാളുമധികം (ഇമലയാളി കഥാമത്സരം 2024: കെ. എം. റെജി)

“ഇവിടെ ചിലതൊക്കെ നടക്കുന്നുണ്ട്,” തോബിയാസ് ചേട്ടൻ ചുറ്റുപാടും നോക്കിക്കൊണ്ട് ഡേവിസിന്റെ  ചെവിയിൽ    പറഞ്ഞു.”ആരോരുമറിയാത്തൊരു     പ്രണയ കഥ .”
ലഞ്ച് ബ്രേക്കിനിടെ,  റിക്രിയേഷൻ റൂമിലിൽ  പത്രം വായിക്കുകയായിരുന്ന ഡേവിസ്  തലയുയർത്തി നോക്കി.
തോബിയാസ് ചേട്ടൻ പോസ്റ്റ് ഓഫീസിൽ പോയിട്ട് വരുന്ന വഴിയാണ്. ഉച്ചയ്ക്കത്തെ ഭക്ഷണം പോലും കഴിച്ചിട്ടില്ല. അയാളുടെ കോളറിനു  താഴെ മടക്കി വെച്ചിരിക്കുന്ന, ഇളം നീല നിറത്തിലുള്ള കൈലേസ്   വിയർപ്പിൽ  കുതിർന്നിരിക്കുന്നു
 വീണ്ടും അയാൾക്കെന്തോ പറയണമെന്നുണ്ടായിരുന്നു.പക്ഷേ, തൊട്ടടുത്ത കസേരയിലിരിക്കുന്ന ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയിട്ടാവണം,  അവിടെ നിന്നും മെല്ലെ  നീങ്ങി.
വർഷങ്ങൾക്ക് മുമ്പ്, മുന്നിലൂടെ   ഒരു ചെറുചിരിയുമായി  നടന്നു പോയ തോബിയാസ് ചേട്ടൻ,  വീണ്ടും  എന്റെ മനസ്സിലേക്ക് വരുവാനുള്ള കാരണം, രാവിലെ ലാൻഡ് ഫോണിൽ വന്ന ഒരു വിളിയാണ്. ഒരു കൗതുകത്തിനായി മാത്രം സൂക്ഷിക്കുന്ന എന്റെ ലാൻഡ് ഫോണിൽ ഇപ്പോൾ അധികം ആരും വിളിക്കാറില്ല.അമ്മ മരിക്കുന്നതിന് മുമ്പ് ഇതിലായിരുന്നു വിളിച്ചിരുന്നത്.എന്തോ ഇതിന്റെ മണിയടി നാദം കേൾക്കുമ്പോൾ എനിക്ക് ഇന്നലെകളെയായാണ് ഓർമ്മ വരിക.
പറ്റെ  വെട്ടിയ മുടിയുടെ  മുക്കാൽ  ഭാഗത്തും  നര ബാധിച്ചിട്ടുണ്ട്. കണ്ണിന്  താഴെയുളള  മാംസപേശികൾ  തടിച്ചു വീർത്തിരിക്കുന്നു. ഏതോ വേദന കടിച്ചമർത്തുന്നുവെന്നു  തോന്നിക്കുന്ന മുഖഭാവം. പക്ഷേ, അതിനിടയിൽ എപ്പോഴൊക്കെയോ തെളിഞ്ഞു വരുന്ന ഒരു കുസൃതിച്ചിരി.അതൊക്കെയായിരുന്നു അന്ന് ഞാൻ കണ്ട   തോബിയാസ് ചേട്ടൻ.
പുതിയ ഓഫീസിൽ ജോയിൻ ചെയ്ത ദിവസം  അയാളെപ്പറ്റി ആരൊക്കെയോ പറഞ്ഞു തന്നു. മൂന്നു വർഷത്തിലധികമായി ഇതേ ഓഫീസിലാണ്   ജോലി ചെയ്യുന്നത്. ഓഫീസിലെ കാര്യങ്ങളെല്ലാം   വശമാക്കിയിട്ടുണ്ട്.കൂടെയുള്ളവരുടെയെല്ലാം   കുടുംബ പശ്ചാത്തലവും മറ്റു വിവരങ്ങളും അയാൾക്കറിയാം. ആർക്കു വേണമെങ്കിലും കഴിയാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കും.
യാത്രയുടെ   ബുദ്ധിമുട്ടോർത്ത്, വന്നതിന്റെ   അടുത്ത ദിവസം തന്നെ  ലോഡ്ജിൽ ഒരു മുറി തരപ്പെടുത്തിയെടുത്തു. സൌകര്യത്തിന് ഒരു വീട് കിട്ടിയാൽ ഭാര്യയേയും കൂടെ കൂട്ടാമല്ലോയെന്ന് പിന്നീടാണോർത്തത്. മോൾക്ക് മെഡിക്കൽ കോളേജിൽ  അഡ്മിഷൻ കിട്ടിയതു  കൊണ്ട് ഇനി അതും കുഴപ്പമില്ല. ലോഡ്ജിൽ, അടുത്ത മുറിയിൽ താമസിക്കുന്ന മെഡിക്കൽ റെപ്രെസെൻന്റേറ്റീവ്,  ഒരു വീട്ബ്രോക്കറെ  പരിചയപ്പെടുത്തി തന്നു. രാജനെന്നാണയാളുടെ പേര്. ഒഴിഞ്ഞുകിടക്കുന്ന വാടക  വീടുകളുടെ കാര്യം പറഞ്ഞ്,  അയാൾ ഓഫീസിൽ വല്ലപ്പോഴുമൊക്കെ  വരുമായിരുന്നു,
“സാറേ,ഇപ്പോ ഇവിടെ വന്നു പോയതാരാണ്?”ഒരു ദിവസം തോബിയാസ് ചേട്ടൻ ലേശം സങ്കോചത്തോടെ വന്നു ചോദിച്ചു.
“അയാളൊരു വാടക വീടിന്റെ കാര്യം പറഞ്ഞു വന്നതാ. എന്തേ പരിചയമുണ്ടോ?”
“ഇല്ല. ഞാനൊരു കാര്യം പറഞ്ഞാ സാറ് പിണങ്ങുവോ?” അയാൾ കുറച്ചു കൂടി അടുത്തു വന്നു.
“എന്താന്നു വെച്ചാൽ പറഞ്ഞോളു .”
“അയാൾ ആള് ശരിയല്ല,” തോബിയാസ് ചേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“അയാളെ പരിചയമുണ്ടോന്ന്  അതാ ഞാൻ ചോദിച്ചത്.”
“അയാളെ കണ്ടപ്പോ എനിക്കങ്ങനെ തോന്നി, അത്രയുള്ളൂ. സാറിനിഷ്ടമുണ്ടെങ്കിൽ കേട്ടാ  മതി.”
തോബിയാസ് ചേട്ടൻ പിന്നെ അവിടെ നിന്നില്ല.എങ്കിലും എനിക്കയാളോട് ദേഷ്യമാണ് തോന്നിയത്. യാതൊരു പരിചയവുമില്ലാത്ത ഒരാളെപ്പറ്റി അനവസരത്തിലുള്ള   അഭിപ്രായം എന്തിനാണ്?
അക്കാലത്ത് തോബിയാസ് ചേട്ടന്റെ ചില നടപടികൾ എനിക്ക് അനിഷ്ടമുണ്ടാക്കിയെന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല. ക്ലാസ്സ് ഫോർ ജീവനക്കാരുടെ അന്നത്തെ  യൂണിഫോം വെളുത്ത നിറത്തിലുള്ള പാന്റ്സും ഷർട്ടുമാണ്. നിവൃത്തിയുണ്ടെങ്കിൽ അയാൾ അത് ധരിക്കയില്ല. മേലുദ്യോഗസ്ഥരാരെങ്കിലും ഓഫീസിൽ  വരുന്ന ദിവസം അയാളെ വഴക്കു പറഞ്ഞാണ് യൂണിഫോമിടുവിക്കുന്നത്. ഇടയ്ക്ക് ഓഫീസ് ആവശ്യത്തിന് പുറത്തു പോകുമ്പോൾ നിർബന്ധമായും വേഷം മാറി,മുണ്ടും ഷർട്ടുമായാണ് യാത്ര. എന്താണിങ്ങനെയെന്ന് ചോദിച്ചാൽ, അയാൾ നിഷ്കളങ്കമായി ചിരിക്കുക മാത്രം ചെയ്യും .
ജൂനിയർ ഓഫീസറായ   വേണുഗോപാലനാണ് പിന്നീട് അതിനൊരു വിശദീകരണം തന്നത്. തോബിയാസ് ചേട്ടന് ടൌണിൽ  കുറച്ച് പരിചയക്കാരുണ്ട്. കുറച്ച് നാട്ടുകാർ കച്ചവട ആവശ്യത്തിന് ടൌണിൽ  വന്നു പോകുന്നുമുണ്ട്. എല്ലാവരോടും ഇതിനൊക്കെ എപ്പോഴും സമാധാനം പറയേണ്ടല്ലോ എന്നൊക്കെയാണ് അയാൾ പറയുന്നത്.
തോബിയാസ് ചേട്ടനെക്കുറിച്ചുള്ള എന്റെ  കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുവാൻ പിന്നീടുള്ള ചില സംഭവങ്ങൾ കാരണമായി. കർക്കടക മാസത്തിലെ മഴ ചാറ്റലുള്ള ഒരു വൈകുന്നേരമായിരുന്നു അതിലൊന്ന്. അന്ന് ഓഫീസിൽ നിന്നും കുറച്ചു താമസിച്ചാണ് ഇറങ്ങിയത്. ലോഡ്ജിലേക്ക് നേരത്തെ ചെന്നിട്ടു വലിയ കാര്യമൊന്നുമില്ല. മാസാദ്യം നൽകേണ്ട ചില റിപ്പോർട്ടുകൾ തയ്യാറാക്കാനുമുണ്ട്.എല്ലാം കഴിഞ്ഞ് പുറത്തിറങ്ങി, ഒരു ചായയും കുടിച്ചു വഴിയരികിലൂടെ നടന്നു പോകുമ്പോൾ ഒരു ഓട്ടോറിക്ഷ പിന്നിൽ നിന്നും തട്ടി. ബാലൻസ് തെറ്റി വീണപ്പോൾ കൈയുടെ മുട്ടിനും കാൽവിരലിനും ചെറിയ മുറിവുണ്ടായി.ആരോ ഒരു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. ഫ്രാക്ചർ ഒന്നുമില്ലെങ്കിലും, കുറച്ചു ശരീരവേദനയുണ്ട്.ഡ്രസിങ് കഴിഞ്ഞു പുറത്തേക്കു വരുമ്പോൾ തോബിയാസ് ചേട്ടൻ അവിടെ നിൽക്കുന്നു.  എന്താ ഇവിടെയെന്ന് ഞാൻ ചോദിക്കുന്നതിനു മുമ്പേ അയാൾ പറഞ്ഞു.
"ഞാൻ പുറകെ വരുമ്പോൾ സാറിനെ ഓട്ടോയിൽ കയറ്റുന്നതാ കണ്ടത്.ഭാഗ്യത്തിന്, കുഴപ്പൊന്നുമില്ലല്ലോ." എത്ര തടഞ്ഞിട്ടും കൂട്ടാക്കാതെ, അയാൾ തന്നോടൊപ്പം ലോഡ്ജിലുമെത്തി.
"നിങ്ങളെന്താ ഇന്ന് വീട്ടിൽ പോകാൻ വൈകിയത്."ഞാൻ വെറുതെ ചോദിച്ചു.
അത്, എന്റെ അയൽപക്കത്തുള്ള ഗോപാലൻ മാഷിന് ഒരു പൊസ്തകം വേണം. ഒരിടത്തും കിട്ടാനില്ല. ഞാൻ അതിന്റെ പുറകെയായിരുന്നു.
അടുത്ത ദിവസം രാവിലെയും, ഓഫീസിൽ പോകുന്നതിനു മുമ്പ് അയാൾ ലോഡ്ജിൽ വന്നു.
"സാറിന് വീടൊന്നും ഇതുവരെ ശരിയായില്ലേ. ഇപ്പോൾ ആ ബ്രോക്കറെയും അതുവഴി കാണുന്നില്ലല്ലോ.    "
അയാൾ എന്തിനാണോ അപ്പോൾ അത് ചോദിച്ചത്. രാജൻ എന്റെ പക്കൽ നിന്നും കുറച്ചു പണം വാങ്ങിയെന്നും, അതിന് ശേഷം  ആളെ കാണാനില്ലെന്നും, തോബിയാസ് ചേട്ടനോട് എന്തായാലും ഞാൻ പറഞ്ഞില്ല.
തോബിയാസ് ചേട്ടൻ, ഡേവിസിനോട് പറയാൻ തുടങ്ങിയ പ്രേമകഥ എന്തെന്നറിയുവാനുള്ള കൗതുകം എനിക്കുമുണ്ടായി. ആ  ഓഫീസിൽ വിവാഹം കഴിക്കാത്തവരായി, പുതിയ ബാച്ചിൽ വന്ന രണ്ടോ മൂന്നോ കുട്ടികൾ മാത്രമേയുള്ളു. ഒരു വിമൽകുമാർ, ഒരു തോമസ് മാത്യു  പിന്നെ ഒരു മിനിമോൾ. അതുകൂടാതെ പറയുവാനുള്ള പേര് വേണുഗോപാലന്റെതാണ്. അയാൾക്കിപ്പോൾ തന്നെ പത്തുമുപ്പത്തെട്ടു വയസ്സ് കാണും.കൃഷിഭവനിൽ ജോലിയുള്ള അയാളുടെ മൂത്ത സഹോദരൻ പോലും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല.
ഡേവിസിനോട് അക്കാര്യം  ചോദിച്ചപ്പോഴേ അവൻ ചിരി തുടങ്ങി. "അത് മറ്റാരും അല്ല വേണുഗോപാലൻ സർ ആണ്. "
“നമ്മുടെ വേണുഗോപാലനോ ?”
“അതേന്നെ, മറ്റേത് ജമുനാ   മാഡവും .“ 
ഓഫീസിൽ ജമുനാ  റാണി  എന്നൊരു സീനിയർ ക്ലാർക്ക് ഉണ്ട്. അവർ ഭർത്താവുമായുള്ള ബന്ധം വേർപെടുത്തി, അടുത്തൊരു വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുന്നു. ഓഫീസിൽ വരിക, ജോലി ചെയ്തു പോകുക എന്നതിനപ്പുറം അവർക്ക് ആരുമായും ഒരു ബന്ധവുമില്ല.  ഈശ്വരാ അവരെക്കുറിച്ച് തന്നെ വേണം ഇത്തരം കഥകളുണ്ടാക്കാൻ!
വേണുഗോപാലനുമായി നല്ല അടുപ്പമുണ്ടായിരുന്നെങ്കിലും ഇക്കാര്യമൊന്നും ഞാൻ സംസാരിച്ചില്ല.തോബിയാസ് ചേട്ടന്റെ നേരമ്പോക്കുകളിൽ ഒന്നായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പക്ഷെ, ഡേവിസ് ഇതിനെപ്പറ്റി വേണുവിനോട് സംസാരിച്ചുവെന്നും, വേണു അത് വളരെ ഗൗരവത്തോടെ കേട്ടിരുന്നുവെന്നും പിന്നീടറിഞ്ഞു.
തോബിയാസ് ചേട്ടന്റെ മകളുടെ വിവാഹം ഒരു ചിങ്ങമാസത്തിലായിരുന്നു.എല്ലാ വർഷത്തെയും പോലെ അവധികൾ ആഘോഷമാക്കാനുള്ള  തിരക്കിലായിരുന്നു ഞങ്ങളപ്പോൾ. അടുപ്പിച്ചുള്ള നാല് അവധിദിനങ്ങൾക്ക് ഇടയ്ക്കുള്ള ഒരു തിങ്കളാഴ്ചയാണ് കല്യാണം.എന്തു ചെയ്യാം, എല്ലാവർക്കും നാട്ടിൽ പോകണം.അടുത്തുള്ളവർക്കും കൂടി ഓരോ യാത്രയാണ്.പക്ഷെ വിവാഹത്തിന് ആരെങ്കിലും ചെന്നില്ലെങ്കിൽ മോശമാണ്. തോബിയാസ് ചേട്ടൻ അതുപോലെ വിളിച്ചതാണ്. ഒടുവിൽ ഞങ്ങൾ മൂന്നുപേർ, ഞാനും വേണുവും ഡേവിസും കൂടി വിവാഹത്തലേന്നാൾ അവിടം  വരെ പോകാനുള്ള തീരുമാനമായി.
തോബിയാസ് ചേട്ടനോട് ചോദിച്ച്,  സ്ഥലപ്പേരൊക്കെ കുറിച്ചു വാങ്ങിയാണ് യാത്ര പുറപ്പെട്ടത്.കുട്ടനാടൻ കായലിന്റെ കാഴ്ചകളിലൂടെ ഏതാണ്ട് രണ്ടുമണിക്കൂർ ബോട്ടിൽ പോകണം. ഉച്ചവെയിൽ ചാഞ്ഞ്  ഞങ്ങളുടെ മേൽ വീണുവെങ്കിലും ഒട്ടും ക്ഷീണം തോന്നിയില്ല.പറയാനാണെങ്കിൽ ഓഫീസിലെ നൂറുകൂട്ടം കാര്യങ്ങളുണ്ടായിരുന്നു.സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ബോട്ട് ജെട്ടിയുടെ പേര്, മുന്നിലുള്ള ആരോടോ ചോദിച്ചറിഞ്ഞ്  വേണു വിളിച്ചു പറഞ്ഞു "എണീറ്റോ അടുത്തയിടമാണ്. "
ബോട്ട് ജെട്ടിയുടെ സമീപത്തായി , തോബിയസ് ചേട്ടൻ പറഞ്ഞത് പോലെ,  ഒരു പലചരക്കു കടയുണ്ട്. അയാളുടെ വീടേതാണെന്നു ചോദിക്കാൻ ഞാൻ അങ്ങോട്ട്‌ നടക്കുമ്പോൾ വേണു എന്നെ കൈകൊണ്ടു തടഞ്ഞു. "സാറിവിടെ നിന്നാ മതി, ഞാൻ ചോദിച്ചിട്ട് വരാം."
വേണുവിന്റെ അസാധാരണമായ നീക്കത്തിന് ഒരു അനുബന്ധമെന്നോണം ഡേവിസ് എന്നെ നോക്കി ചിരിച്ചു. "അതേ,കഴിഞ്ഞ ദിവസം പോകുമ്പോൾ തോബിയാസ് ചേട്ടൻ ഞങ്ങളെ വിളിച്ച് ഒരു കാര്യം പറഞ്ഞു. ഈ നാട്ടിൽ വന്നു പുള്ളീനെ തിരക്കുമ്പോ ഒരിക്കലും തോബിയാസ് ചേട്ടനെന്നു പറയരുത്.  തോബിയാസ് സാറെന്നേ തിരക്കാവൂ. അല്ലെങ്കിൽ തോബിയാസ് എന്നായാലും  കുഴപ്പമില്ല."
കടയിൽ നിന്നും വേണു തിരികെ വന്നപ്പോൾ കൂടെ, നരച്ച കൊമ്പൻ മീശയുള്ള ഒരു മനുഷ്യനുമുണ്ടായിരുന്നു. അയാളുടെ ബലിഷ്ഠമായ കരങ്ങൾക്ക് സാധാരണയിലധികം നീളമുണ്ടെന്നു തോന്നി."ഇതാണ് ജോസേട്ടൻ. തോബിയാസ് സർ വള്ളവുമായി പറഞ്ഞയച്ചതാണ്."
ജോസേട്ടൻ ചിരിച്ചപ്പോൾ അയാളുടെ  മുൻനിര പല്ലുകൾക്കിടയിലുള്ള  വലിയൊരു വിടവ് ദൃശ്യമായിരുന്നു. അയാൾ എല്ലാവരോടും മുന്നോട്ട് നടക്കാനുള്ള അംഗ്യം കാട്ടി.
ഞങ്ങളെ ഓരോരുത്തരെയായി വള്ളത്തിൽ കയറ്റിയിട്ട്,അയാൾ യാതൊരു തിടുക്കവും കാട്ടാതെ, കൈത്തോട്ടിലൂടെ വള്ളം തുഴഞ്ഞു. ഒരു കാൽ മുന്നിലെ വള്ളപ്പടിയിലേക്കു നീട്ടിവെച്ച്, നിശ്ശബ്ദനായിരുന്നു    തുഴയുന്ന അയാളുടെ കൈകളുടെ   ചലനം നോക്കി ഞാനിരുന്നു.  ചായുന്ന നിഴലുകൾ വെള്ളത്തിൽ  ഓരോരോ   ചിത്രങ്ങൾ വരച്ചു.
"നിങ്ങൾ   തമ്മിലുള്ള അടുപ്പം എങ്ങനാ."അയാളെക്കൊണ്ട് എന്തെങ്കിലുമൊന്ന്  സംസാരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഡേവിസ്.
"അടുപ്പത്തിന്റെ കാര്യം ചോദിച്ചാ അതൊടപ്പത്തേക്കാളുമധികമെന്നു കൂട്ടിക്കോളൂ."അയാൾ ചിരിച്ചു.”ആള് നല്ലോനാ.എല്ലാർക്കും ഉപകാരിയാ. പക്ഷേ..”
ജോസേട്ടൻ എന്തോ കഥ പറയാനുള്ള പുറപ്പാടെന്നു കരുതി ഞങ്ങൾ നിവർന്നിരുന്നു.പക്ഷെ ഒന്നുമുണ്ടായില്ല. അയാൾ വള്ളം പതിയെ ഒരു കടവിലേക്ക് അടുപ്പിക്കുന്നതാണ് കണ്ടത്.
കരയിൽ തോബിയസ് ചേട്ടൻ ഞങ്ങളെയും കാത്തു നിൽപ്പുണ്ടായിരുന്നു.സ്വർണ്ണക്കരയുള്ള മുണ്ടും വെളുത്ത ജുബ്ബായുമായിരുന്നു വേഷം. തോണിക്കാരനോട് എന്തോ പറഞ്ഞിട്ട് അയാൾ ഞങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.
പഴക്കമുള്ള, സാമാന്യം വലിപ്പമുള്ള വീട് പുതുതായി പെയിന്റ് അടിച്ച്, മനോഹരമാക്കിയിട്ടുണ്ട്. വാകമരത്തിന്റെ വലിയൊരു ശിഖരം,  മുറ്റത്തേക്ക് ചാഞ്ഞ് നിൽക്കുന്നു . 
തോബിയസ് ചേട്ടൻ, ഭാര്യയെ വിളിച്ച് ഞങ്ങളെ പരിചയപ്പെടുത്തി. കൂട്ടുകാർക്കിടയിൽ നിന്നും മണവാട്ടിയെ വിളിച്ചു കൊണ്ടുവരാമെന്നും   പറഞ്ഞ്, പെട്ടെന്നവർ  അകത്തേക്കു പോയി.
വിശേഷ വസ്ത്രങ്ങളണിഞ്ഞെത്തിയ മണവാട്ടിയുടെ മുഖം അത്ര പ്രസന്നമല്ലായിരുന്നു. കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുള്ളതു പോലെ. അവൾ ഞങ്ങളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. 
“അവളുടെ ചേച്ചി ഇതുവരെയും എത്തിയില്ല. അതാണ് വിഷമം.”അമ്മ പറഞ്ഞു. 
“ചേച്ചി എവിടാണ്.”ഞാൻ ചോദിച്ചു. 
“ഇടുക്കിയിലാ. വഴിയൊക്കെ ബുദ്ധിമുട്ടല്ലേ.”തോബിയാസ് ചേട്ടൻ അങ്ങനെ പറഞ്ഞത്, തുടർന്നുള്ള സംഭാഷണം ഒഴിവാക്കാൻ വേണ്ടിയാണെന്ന് വ്യക്തം. ഞങ്ങൾ കൂടുതലൊന്നും ചോദിച്ചില്ല.
നേരം വൈകാൻ തുടങ്ങിയപ്പോൾ കൂടുതലാളുകൾ അങ്ങോട്ടേക്ക് വരാൻ തുടങ്ങി. ആരോ മൈക്ക് ശരിയാക്കുന്നു.  ചിലർ മുറ്റത്ത് കസേരകൾ വലിച്ചിടുന്നു.
"ശരിക്കും ഞങ്ങളുടെ ചടങ്ങുകളൊക്കെ ഇനിയാണ് തുടങ്ങുന്നത്."തോബിയസ് ചേട്ടൻ പറഞ്ഞു.
"എല്ലാം ഭംഗിയായി നടക്കട്ടെ, ഇനി ഞങ്ങൾ ഇറങ്ങുകയാണ്."ഞാൻ യാത്ര പറഞ്ഞു.
"നിങ്ങൾ ഇതൊക്കെ കാണാനുണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്. സാരമില്ല,പൊക്കോളൂ." തോബിയാസ് ചേട്ടന്റെ ശബ്ദമൊന്നിടറിയെന്നു തോന്നി.
    "വീട്ടുകാർ നോക്കിയിരിക്കില്ലേ. ഞങ്ങക്ക് പോകാതിരിക്കാൻ പറ്റുവോ."തോബിയസ് ചേട്ടന്റെ കൈകളിൽ പിടിച്ച് ഡേവിസ് പറഞ്ഞു.
"നിങ്ങൾ പൊക്കോളൂ. ഇന്ന് ഞാനിവിടെ നിന്നോളാം."വേണുഗോപാലൻ ഞങ്ങളെ മാറ്റിനിറുത്തി  പറഞ്ഞു.
"ഒറ്റയ്ക്കോ?"ഡേവിസിനു വിശ്വസിക്കാനായില്ല.
"അതെ. അതൊരു   ആവശ്യമാണ്."വേണുവിന്റെ തീരുമാനം ദൃഡമായിരുന്നു .
ബോട്ട് ജെട്ടിയിലേക്ക് ഞങ്ങളെ വിട്ടത് ജോസേട്ടനായിരുന്നില്ല, മറ്റൊരാളായിരുന്നു. മടക്കയാത്രയിലുടനീളം ഞങ്ങൾ സംസാരിച്ചത് വേണുഗോപാലനെപ്പറ്റിയായിരുന്നു.

നാളുകൾ അധികം കഴിയുന്നതിനു മുമ്പ് എനിക്കൊരു പ്രൊമോഷൻ കിട്ടി. അതോടൊപ്പം പാലക്കാട്ടേക്കുള്ള സ്ഥലം മാറ്റവും. പ്രൊമോഷൻ ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും പെട്ടെന്നാകുമെന്നു കരുതിയില്ല. അതുകൊണ്ടുതന്നെ പല കാര്യങ്ങളും   തിടുക്കത്തിൽ ചെയ്യേണ്ടതായി വന്നു.പരിചയക്കാരോടു പോലും  യാത്ര പറയാൻ പറ്റിയില്ല.
പുതിയ സ്ഥലത്ത് തിരക്ക് കൂടുതലായിരുന്നു,ഉത്തരവാദിത്തവും.  പഴയ സൗഹൃദങ്ങൾ  പുതുക്കാനുള്ള സാഹചര്യമോ സന്ദർഭമോ തീരെ ഇല്ലായിരുന്നുവെന്നു വേണം പറയാൻ. പോരാത്തതിന്, ഭാര്യക്ക് ഒരു ഓപ്പറേഷൻ ആവശ്യമായി വന്നതുകൊണ്ട്, കുറച്ചു ദിവസം ലീവ് എടുത്ത് വീട്ടിലും നിന്നു
ഒരു ദിവസം,സുഹൃത്തുക്കൾ അയച്ച പുതുവത്സര ആശംസാകാർഡുകൾ തുറന്നു നോക്കുമ്പോൾ, അതിനിടയിൽ വേണുഗോപാലന്റെ ഒരു കത്തും കണ്ടു.
"പ്രിയപ്പെട്ട ജോൺസൺ സാറിന്,ഇത്രയും നാൾ ഒരു കത്തുപോലും അയക്കാൻ പറ്റാഞ്ഞതിൽ ക്ഷമ ചോദിക്കുന്നു. പിന്നെ സാറിന് സുഖമല്ലേ? ഒരു വിശേഷപ്പെട്ട കാര്യം അറിയിക്കാനാണ് ഇപ്പോൾ ഇതെഴുതുന്നത്. ഞനൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു.പെൺകുട്ടി മാറ്റാരുമല്ല, നമ്മുടെ ജമുനയാണ്.(സാറിന്റെ മുഖത്തെ ഭാവങ്ങൾ എനിക്ക് കാണാൻ പറ്റും) സാരമില്ല,കാണുമ്പോൾ എല്ലാം പറയാം. വിവാഹത്തിന്റെ തീയ്യതി തീരുമാനിച്ചിട്ടില്ല.ലളിതമായൊരു ചടങ്ങായിരിക്കും. വളരെകുറച്ചു ആളുകളെ മാത്രമേ വിളിക്കൂ. എല്ലാം വിശദമായി അറിയിക്കാം. എന്തു തടസ്സമുണ്ടെങ്കിലും സാർ വരാതിരിക്കരുത്.
-സസ്നേഹം വേണു. "
വേണുവിന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് അന്ന് രാത്രി തന്നെ ഞാൻ വിളിച്ചു. അവന് ജമുനയെപ്പറ്റി മാത്രമേ പറയാനുണ്ടായിരുന്നുള്ളു. ചെറുപ്പത്തിൽ അവൻ കടന്നുപോയ അതേ അനുഭവങ്ങളിൽ കൂടി തന്നെയാണ് ജമുനയും പോയിട്ടുള്ളത്. അതുകൊണ്ട് പരസ്പരം മനസ്സിലാക്കുവാൻ ഇരുവർക്കുമാകും.
"തോബിയാസ് ചേട്ടൻ ഇപ്പോൾ എന്തു പറയുന്നു,"  അങ്ങനെയൊരു  ചോദ്യമാണ് പെട്ടെന്നു   മനസ്സിൽ വന്നത് .
"അങ്ങേരുടെ കാര്യം കുറച്ചു കഷ്ടമാണ്. രണ്ടാഴ്ച മുമ്പ് വീട്ടിലെ ബാത്‌റൂമിൽ ഒന്ന് വീണു. എല്ലിന് എന്തോ പൊട്ടലുണ്ട്. ഇപ്പോൾ ലീവ് എടുത്തിരിക്കുകയാ. ഞാനും ജമുനേം   കാണാൻ പോയിരുന്നു. കല്യാണത്തിന് കൂടാൻ പറ്റില്ലെന്ന് പറഞ്ഞ്, കുറെ സങ്കടപ്പെട്ടു."
വേണു പറഞ്ഞതുപോലെ തന്നെ തോബിയാസ് ചേട്ടൻ, അവന്റെ വിവാഹത്തിനു പങ്കെടുക്കാനുണ്ടായിരുന്നില്ല.

പിന്നീടൊരിക്കലും ആ മനുഷ്യനെ ഞാൻ നേരിൽ കണ്ടിട്ടില്ല.
ഇന്നിപ്പോൾ വേണുവിന്റെ വിവാഹം കഴിഞ്ഞിട്ടു തന്നെ പത്തിരുപത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകണം. പുതിയ സ്ഥലങ്ങൾ, പുതിയ സഹൃദങ്ങൾ, പുതിയ ജീവിതാനുഭവങ്ങൾ, അതിലെവിടെയും തോബിയാസ് ചേട്ടനെ ബന്ധിപ്പിക്കുന്ന യാതൊന്നുമില്ലായിരുന്നു. ഓരോ വർഷവും ആരൊക്കെയോ വരികയും ആരൊക്കെയോ പോവുകയും ചെയ്യുന്നതിനപ്പുറം ആരെപ്പറ്റിയാണ് കൂടുതൽ ചിന്തിക്കുവാനുള്ള  നേരം ?
ഒടുവിൽ അതിനുള്ള അവസരവുമായി.
“ഇത് ജോൺസൺ സാറിന്റെ നമ്പരാണോ?"ഒരു സ്ത്രീയുടെ ശബ്ദമാണ് അപ്പുറത്തു  നിന്നും കേട്ടത്..
"അതേ. ആരാണ്."ഞാൻ ചോദിച്ചു.
“ഹാവൂ!അപ്പോൾ നമ്പർ ശരിയാണല്ലേ. പണ്ട് സാറിന്റെ കൂടെയൊണ്ടാരുന്ന ഒരാൾക്ക് വേണ്ടിയാ വിളിക്കുന്നെ. ആൾക്ക്  സാറിനോട് എന്തോ പറയാന്നുണ്ടെന്ന്..”
“ആരാണെന്ന് മനസ്സിലായില്ല.”
"സാറിന്റെ കൂടെ ജോലീലൊണ്ടാരുന്ന തോബിയാസ് സെബാസ്റ്റിയന്റെ  ഭാര്യയാ."
പറഞ്ഞ പേര് എനിക്ക് വ്യക്തമായില്ല. ഞാൻ വീണ്ടും ചോദിച്ചു. "ആരുടെ ഭാര്യ."
"സാർ ഓർക്കുന്നുണ്ടോന്നറിയില്ല, ഒരു തോബിയാസ് സെബാസ്റ്റ്യൻ."അവർ സംശയത്തോടെ പറഞ്ഞു.
"യെസ്. "പെട്ടെന്നുണ്ടായ ഓർമ്മത്തളളലിൽ ചോദിച്ചു."എവിടെ തോബിയാസ് സാർ."
അങ്ങേത്തലയ്ക്ക  ശബ്ദം ഒരു നിമിഷം നിലച്ചു.
ഫോൺ കട്ട്‌ ചെയ്യാതെ, അവർ അടുത്തുള്ള ആളോടു പറയുന്നത്കേട്ടു.
"ഞാൻ പറഞ്ഞില്ലേ, അങ്ങേർക്ക് നിങ്ങളെ ഓർമയുണ്ടാവില്ലെന്ന്."
ഫോൺ ഡിസ്‌കണക്ടായി.
തോബിയാസ് ചേട്ടനെ കിട്ടാനായി,വന്ന നമ്പറിലേക്ക് ഞാൻ വീണ്ടും  ഡയൽ ചെയ്തു. 
വീണ്ടും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക