ബിസിനസ്സുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ബിസിനസ്സുകൾ ലാഭേച്ഛയുള്ള സംരംഭങ്ങളാണ്, അതായത് അവരുടെ പ്രാഥമിക ലക്ഷ്യം പണം ഉണ്ടാക്കുക എന്നതാണ്! ഒരു ബിസിനസ്സിൻറെ വിജയം കണക്കാക്കുന്നത് തന്നെ വരുമാനം, മാർജിൻ, ലാഭം തുടങ്ങിയ സാമ്പത്തിക പദങ്ങളിലാണല്ലോ!
മറുവശത്ത് ചാരിറ്റി ഓർഗനൈസേഷനുകൾ, എൻ.ജി.ഒ.കൾ എന്നിവ തികച്ചും വ്യത്യസ്തമായ തത്വങ്ങളിൽ പ്രവർത്തിക്കുന്നു. അവരുടെ പ്രാഥമിക ദൗത്യം പൊതുനന്മയെ സേവിക്കലാണ്; ലാഭത്തേക്കാളുപരി സേവനമാണ്; ഒരു കൈത്താങ്ങ് ആവശ്യമുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനം ഉറപ്പാക്കലാണ്.
ഒരു ചാരിറ്റി ഭരണസമിതിയുടെ വിജയം അളക്കേണ്ടത് ഭരണ കാലയളവിൽ നടത്തിയ പ്രോഗ്രാമുകളുടെ എണ്ണത്തിലോ, അടുത്ത കമ്മിറ്റിക്ക് കൈമാറുന്ന പണത്തിൻറെ അളവിലോ അല്ല, മറിച്ച് ലോകത്തിലും സ്പർശിക്കുന്ന ജീവിതത്തിലും ചെലുത്തുന്ന സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ്! ആത്യന്തികമായി നേതൃത്വ വിജയം നിർണ്ണയിക്കുന്നത് അവർ സമാഹരിക്കുന്ന പണമല്ല, മറിച്ച് പിരിച്ചെടുത്ത പണം എത്രത്തോളം ഫലപ്രദമായി വിനിയോഗിച്ചു എന്നതിലാണ്.
അമേരിക്കയിലുടനീളമുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിവിധ മലയാളി സംഘടനകളയാലും, അസോസിയേഷനുകളെ ഒരുമിച്ച് കൊണ്ടുവരുന്ന മാതൃസംഘടനകളായാലും, അവരുടെ ഭരണം കഴിഞ്ഞപ്പോൾ 50,000 ഡോളർ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു എന്ന് അവകാശപ്പെട്ടാൽ, ആ ഭരണസമിതി പൂർണ്ണ പരാജയമായിരുന്നു എന്ന് വായിക്കണം. 50 അംഗങ്ങൾക്കും അല്ലെങ്കിൽ 50 അംഗ സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഓരോ കുട്ടിക്കും, കോളേജ് പഠനത്തിനായി ആയിരം ഡോളർ വീതം സ്കോളർഷിപ് കൊടുക്കാൻ തോന്നിയിരുന്നെങ്കിൽ ഈ പണം പിരിച്ചതിന് എന്തെങ്കിലും അർത്ഥം ഉണ്ടായേനെ.
സ്‌കൂളുകൾ നിർമ്മിക്കുന്നതിനോ, ആരോഗ്യ പരിരക്ഷ നൽകുന്നതിനോ, ഒരു ദുരന്തത്തോട് പ്രതികരിക്കുന്നതിനോ, അല്ലെങ്കിൽ നിർദ്ദിഷ്‌ട പദ്ധതികൾക്കോ ചാരിറ്റിക്ക് ഫണ്ട് ലഭിച്ചിട്ടുണ്ടെങ്കിൽ, ആ ഫണ്ടുകൾ ഏറ്റവും ആവശ്യമുള്ളപ്പോൾ ചെലവഴിക്കേണ്ടതുണ്ട്, ചാരിറ്റി ഓർഗനൈസേഷനുകൾക്ക് ലഭിച്ച സംഭാവനകൾ സമയബന്ധിതവും ഫലപ്രദവുമായ രീതിയിൽ ഉപയോഗിക്കാനുള്ള ധാർമ്മിക ബാധ്യത ചാരിറ്റികൾ പലപ്പോഴും മറന്നു പോകുന്നു; സംഭാവനകൾ പലിശയുള്ള അക്കൗണ്ടിൽ പൂട്ടിയിരിക്കരുത്.
പ്രാഥമികമായി സമ്പാദ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭരണാധികാരികൾ ഉള്ള ചാരിറ്റികൾ, അവരുടെ പ്രധാന ദൗത്യം ഫലപ്രദമായി നിറവേറ്റുന്നതിൽ പരാജയപ്പെടുന്നതായി കാണാം. പിരിച്ചടുത്ത പണം ബാങ്കിലെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ സൂക്ഷിക്കുന്നത് ചാരിറ്റി മാനേജ്മെൻ്റിലെ കാര്യക്ഷമതയില്ലായ്മയെ വിളിച്ചോതുന്നു. ദേശീയമായാലും പ്രാദേശികമായാലും സംഘടനകൾ ഫണ്ടുകൾ സജീവമായി ഉപയോഗിക്കേണ്ടതുണ്ട്!
നേതൃത്വ സ്ഥാനങ്ങളിൽ ഉള്ളവർക്ക് ഫണ്ട് എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ, സംഘടന അതിൻറെ ദൗത്യത്തിൽ ഗുരുതരമായ പരാജയം രുചിക്കുന്നു. ചാരിറ്റി ഓർഗനൈസേഷനുകൾ സ്ഥാപകർക്കോ നിക്ഷേപകർക്കോ വേണ്ടി സ്വത്ത് ശേഖരിക്കാൻ ലക്ഷ്യമിടുന്നില്ല, ആവശ്യമുള്ളവരെ സഹായിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവർ സ്വരൂപിക്കുന്ന പണം അവരുടെ ദൗത്യം നിറവേറ്റുന്നതിനാണ്. ചാരിറ്റികൾ പൊതുജനങ്ങളോടും ദാതാക്കളോടും ഏറ്റവും പ്രധാനമായി അവർ സേവിക്കുന്ന കമ്മ്യൂണിറ്റികളോടും ഉത്തരവാദിത്തമുള്ളവരാണ്.