ബസിറങ്ങി കടല്‍ക്കാറ്റേറ്റ് തീരത്തൂടെ നടന്നു നേരം സന്ധ്യയോടടുക്കുന്നു. ഒരു പകല്‍ എരിഞ്ഞടങ്ങുകയാണ്. ഓരോ ദിനവും ഓരോ കാര്യങ്ങള്‍ നല്‍കി ജീവിതത്തിനെ മുന്നോട്ടേക്ക് കൊണ്ടുപോകുന്നു. എന്നും കാണുന്ന കാഴ്ചകളില്‍പ്പോലും ചിലനേരം വ്യത്യസ്തത തോന്നിയേക്കാം. അത് ഓരോ മനുഷ്യന്റെയും മനസനുസരിച്ചിരിക്കുമല്ലോ. കടല്‍ എന്നും പ്രിയപ്പെട്ടതായിരുന്നു. മിക്കപ്പോഴും അസ്തമയസൂര്യനെ നോക്കി കടല്‍ക്കാറ്റേറ്റ് ഒറ്റയ്ക്കിരിക്കാറുണ്ട്. നമ്മള്‍ ഒറ്റയ്ക്കായാലും മനസ്സില്‍ നൂറുകൂട്ടം കാര്യങ്ങളാവും തിരയടിക്കുക. എങ്കിലും ജീവിതത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയിൽ നമുക്കു മാത്രമായി ഇത്തിരി നേരം തനിച്ച് ശാന്തമായിരിക്കാന്‍ ഈ കടല്‍ക്കാറ്റ് ധാരാളം. കടപ്പുറത്തെ സിമന്റ് ബെഞ്ചിന്റെ ഓരത്തായി ഇരുന്നു. എങ്ങും ബഹളം തന്നെ. ഓരോ മനുഷ്യര്‍ക്കും പറയാൻ എന്തോരം കഥകളാണുള്ളത്. ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം വന്നവ൪, പ്രായമായവരുടെ ഒരു ഗ്രൂപ്പ്, യുവത്വത്തിന്റെ ഹരം ഒരിടത്ത്. ഇത്രയും തിരക്കുകള്‍ നിറഞ്ഞ ലോകത്തിലും തങ്ങളുടെ മാത്രമായ ലോകത്ത് ജീവിക്കുന്ന പ്രണയിതാക്കള്‍. ആകെ സുന്ദരമാണ്...
ഇന്ദു രാവിലെ മുതലുള്ള ഓരോ കാര്യങ്ങളും ഓര്‍ത്തെടുത്തു. അച്ഛന് വാങ്ങാനുള്ള മരുന്ന് മറക്കരുത്. അടുക്കളയിലേക്ക് വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് അമ്മ തന്നത് ബാഗില്‍ ഇരിപ്പുണ്ട്. അനിയത്തിക്ക് കോളേജിലേക്ക് ഫീസ് നാളെത്തന്നെ കൊടുക്കണം. വീടുവച്ച വകയിലെ പലിശ പെരുകിപ്പോകാതെ നാളെത്തന്നെ അതും അടയ്ക്കണം. എല്ലാവരുടെയും ആവശ്യങ്ങള്‍ പറഞ്ഞു. തനിക്ക് എന്താണാവശ്യം. ഒന്നുമില്ലേ...? ഇന്ന് ശമ്പളം കിട്ടി. ജോലിയുള്ളത് എന്നും ഒരു ധൈര്യമാ. അതുകൊണ്ട് കഷ്ടപ്പെട്ട് പഠിച്ച് ഒരു ക്ലറിക്കല്‍ പോസ്റ്റ് ഒപ്പിച്ചെടുത്തു. ഇന്ന് അതുമാത്രമല്ലല്ലോ. മറ്റൊരു പിറന്നാള്‍ കൂടി കഴിഞ്ഞുപോവുകയാണ്. ആര്‍ക്കും അത് ഓര്‍മ്മയില്ലല്ലൊ. അല്ലെങ്കിലും മുന്നോട്ടുള്ള ഓട്ടപ്പാച്ചിലില്‍ ജീവിതത്തിന്‍റെ ചില തീയതികള്‍ക്ക് എന്താണിത്ര പ്രത്യേകത. എങ്കിലും...
അതെ ഇന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആണ്. ഇരുപതുകള്‍ കഴിഞ്ഞുപോയിരിക്കുന്നു. മുപ്പതുകള്‍ക്ക് സ്വാഗതം. വ്യത്യസ്തമായി ഒന്നും തോന്നുന്നില്ല. ഡയറിയിലെ ഓരോ പേജുകൾ മറിക്കുംപോലെ ഓരോ അധ്യായവും ഓരോ ദിനങ്ങളായി എന്തോ കുത്തിക്കുറിച്ച് മറഞ്ഞുപോകുന്നു. ഇടയ്ക്ക് ഓര്‍ക്കും, എന്തേ തനിച്ചായി. ഓട്ടപ്പാച്ചിലിനിടയില്‍ അങ്ങനെയൊന്ന് വല്ലപ്പോഴെങ്കിലും തോന്നുമല്ലോ. എന്തോ... അതിനു ശരിക്കും ഉത്തരം തന്‍റെ തന്നെ ഉള്ളിലെവിടെയോ മറച്ചിട്ടിരിക്കുകയല്ലേ. ആര്‍ക്കോ എന്തിനോ വേണ്ടി, പ്രതീക്ഷ തീര്‍ത്തുമില്ലാത്ത ഒരു പ്രതീക്ഷ.
നന്നേ ഇരുട്ടുപരക്കാന്‍ തുടങ്ങുന്നു. കുട്ടിക്കാലത്ത് ഇരുട്ട് പേടിയായിരുന്നു. അമ്മുമ്മ പറഞ്ഞ യക്ഷിക്കഥകളിലൊക്കെയും മേമ്പൊടി ഇരുട്ടുപിടിച്ച അന്തരീക്ഷം തന്നെയായിരുന്നു. പില്‍ക്കാലത്തെ ചില അനുഭവങ്ങളാണ് ഇരുട്ടില്‍ ഭയക്കേണ്ടത് യക്ഷികളെയല്ലെന്ന് മനസ്സിലാക്കിത്തന്നത്. ഓരോന്നോര്‍ത്താൽ ലോകത്ത് എന്തിനെയാണ് ആരെയാണ് വിശ്വസിക്കേണ്ടതെന്നും സ്നേഹിക്കേണ്ടതെന്നും തോന്നിപ്പോകുന്നു. 'സ്നേഹം...' വെറുതെ ഒന്നു ചിരിച്ചു. ഞാനെന്നോടുതന്നെ സംസാരിക്കുന്ന നിമിഷങ്ങളിലാണല്ലോ ചിലതെല്ലാം ഓര്‍ത്തെടുക്കുന്നത്. നമ്മെ നമ്മളോളം ആഴത്തില്‍ മനസ്സിലാക്കാൻ മറ്റാര്‍ക്കെങ്കിലും കഴിയ്യോ...? ചോദ്യങ്ങള്‍ പലപ്പോഴും മനസ്സിനെ കുഴയ്ക്കുന്നവയാണ്. എങ്കിലും ഇതൊന്നും ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാ ഓരോരുത്തരും വ്യത്യസ്തരാകുന്നത്.
അന്തിമയങ്ങുന്ന കടപ്പുറത്തേക്ക് കമിതാക്കളുടെ വരവ് കൂടുന്നതേ ഉള്ളൂ. ഒരു പകലിനു അവസാനം ആകെ കിട്ടുന്ന ഇത്തിരി നേരങ്ങള്‍ പ്രിയപ്പെട്ട ആളോടൊപ്പം വര്‍ത്താനം പറയാൻ, കൈപിടിച്ചു നടക്കാൻ, അസ്തമയം കാണാന്‍. ഹാ... എന്തു സുന്ദരം. പറയാനും കേള്‍ക്കാനും ആളുണ്ടാകുന്നത് നല്ലതുതന്നെ. പക്ഷേ, ഒരിക്കലും അങ്ങനെ ഒരാള്‍ കടന്നുവരാത്ത ചില ജീവിതങ്ങളും ഇല്ലെ. ചില തനിച്ചായിപ്പോകലുകള്‍.
നഗരത്തിലെ ബഹളത്തിനിടയില്‍ ഒരുപക്ഷേ അലിഞ്ഞില്ലാതെയായി തിരക്കിലൊഴുകിക്കൊണ്ടിരിക്കുന്നവര്‍. മറ്റുള്ളവര്‍ക്കായ് ഓടിയോടി കിതയ്ക്കുന്നവര്‍. ഒടുക്കം എന്തെന്നറിയാതെ, ഇന്നില്‍ ജീവിക്കാത്തവര്‍. ഉണ്ട്. ഒരുപക്ഷേ ഇന്ദു ആ കൂട്ടത്തില്‍ തന്നെയാവും. അവള്‍ മനസിൽ പറഞ്ഞു. അതെ. തനിച്ച് സംസാരിക്കുന്നത് പോലും തനിക്കെന്നോ ഉള്ള ശീലമാണ്. പുസ്തകവായനയുടെ കൂടുതലാവാം ചിലപ്പോള്‍ സ്വപ്നലോകത്ത് ജീവിച്ചുപോകുന്നത്.
ഇരുട്ടുപരക്കാൻ തുടങ്ങിയതോടെ മെല്ലെ എഴുന്നേറ്റു നടന്നു. ധൃതി തീരെയില്ല. എന്തിന് ഇങ്ങനെ തിരക്കിട്ട് ഓടിയിട്ട് എന്തുചെയ്യാന്‍. ചുറ്റുപാടും കാണാതെ, അറിയാതെ നാളേയ്ക്കുവേണ്ടി ധൃതി പിടിച്ച് ഓടാന്‍ വയ്യ. അങ്ങനെ ഓടിത്തളര്‍ന്നിരിക്കുന്നു.
'ഒരു മസാലദോശ വാങ്ങാം'. പിറന്നാളാണ്. സന്തോഷങ്ങളിൻ പണ്ടുമുതല്‍ക്കേ കൂടെയുണ്ടായിരുന്ന ഒന്നാണല്ലൊ. മിക്കവരും വല്യ വല്യ കാര്യങ്ങള്‍ തേടിപ്പോകുമ്പോൾ ചില ചെറിയ സന്തോഷങ്ങളെക്കൂടി മുറുകെ പിടിക്കുന്നതല്ലേ നല്ലത്.
വീട്ടിലെത്തി, ഒന്നു ഫ്രഷ് ആയി കട്ടിലില്‍ വന്നു കിടന്നു. ഇല്ല ഒന്നുമില്ല. എന്തൊക്കെയോ ഉള്ളിൽ നീറിപ്പടരുമ്പോഴും ഒന്നുമില്ലെന്ന് നമ്മള്‍തന്നെ സ്വയം പറയുന്ന കാര്യമില്ലെ. അങ്ങനെ തന്നെ. എങ്കിലും...
ഓഫീസിലേക്ക് അപ്രതീക്ഷിതമായി വന്നുകയറിയ ഒരാള്‍. അയാള്‍ തന്നെ. അതുതന്നെ. എത്രയധികം മൂടിവയ്ക്കാന്‍ തുനിഞ്ഞിട്ടും പറ്റാത്ത ഒന്ന്. ഓഫീസില്‍ എച്ച്.ആറിനൊപ്പം എത്തിയതാണ്. തന്നെ കണ്ടു. ഒരു മിന്നായം പോലെ. ഒരേ ഒരു നോട്ടം. പിന്നെ തിരക്കുകള്‍ക്കിടയിലേക്ക് നൂണ്ടുപോയി.
അതെ, അവന്‍ തന്നെ. പക്ഷേ തന്നെ മനസ്സിലായില്ലേ. അതോ മറന്നതോ. ഇത്രനാളിനുശേഷം കണ്ടിട്ടും. അതും ഇന്ന് ഈ ദിവസം തന്നെ. പക്ഷേ, ഒന്നു ശ്രദ്ധിച്ചുകൂടിയില്ലെന്നു തോന്നി. ലഞ്ച് ബ്രേക്ക് സമയത്ത് തന്റെ ടേബിളിന്റെ അടുത്തേക്ക് വരുന്നതുവരെ നൂറായിരം ചോദ്യങ്ങളായിരുന്നു. എന്തേ തന്നോട് ഒന്ന് മിണ്ടിയില്ല. തന്റെ ഇത്രനാളത്തെ കാത്തിരിപ്പ്, വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ ഓരോ ഒഴികഴിവുപറഞ്ഞ് ഇത്രനാളും മറ്റൊരാളെ ജീവിതത്തിലേക്ക് കൂട്ടാതെയുള്ള തന്റെ കാത്തിരിപ്പ്, അവനുവേണ്ടിയായിരുന്നില്ലേ. അതൊ ഒരു ക്യാമ്പസ് പ്രണയത്തിന്‍റെ ലാഘവത്തോടെ എന്നില്‍നിന്നും അകന്നുപോയതാണോ. നൂറായിരം ചോദ്യങ്ങളായിരുന്നു. പക്ഷേ...
'ഇന്ദൂ...' നീ ഇവിടെയാണോ... തിരിച്ച് ഒന്നും പറയാന്‍ കഴിഞ്ഞില്ല. കണ്ണ് നിറഞ്ഞുവോ. ഛേ അതെന്തൊരു മോശമാണ്. ചില പൈങ്കിളി സീരിയലുപോലെ. പക്ഷേ റിയല്‍ലൈഫിൽ നടക്കുന്ന ഇമോഷന്‍സിന്റെ പകുതിപോലും ഒരിടത്തും അതേ എഫക്റ്റോടെ കാണിക്കാൻ കഴിയില്ലല്ലോ.
'അതെ', ഞാന്‍ കരുതി എന്നെ മനസ്സിലായില്ലെന്ന്. 'സുഖമാണോ'.
സുഖം. നിനക്ക്. 'ഓ അതെ.' ഇത്രനാളിനുശേഷം ഇങ്ങനൊരു കണ്ടുമുട്ടൽ ഞാൻ പ്രതീക്ഷിച്ചില്ല. പിന്നെ രണ്ടുപേര്‍ക്കുമിടയില്‍ മൗനമായിരുന്നു എത്രയോ നേരം.
'ഇവിടെ!'
"ഒരു ഫംഗ്ഷനുവേണ്ടി വന്നതാ.'
കുറച്ചുദിവസത്തേക്ക്. ഉടനെ പോകും. നീ എന്നാ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തത്?
കുറച്ചായി...
ഇന്ദുവിന്റെ മനസ്സിൽ ഒരു കടൽ ഇരമ്പുകയായിരുന്നു. എന്തെക്കെയോ ഉണ്ട് ചോദിക്കാനും പറയാനും. പക്ഷേ, അത്രനാളും പ്രതീക്ഷിച്ചിരുന്ന ഒരാളെ അപ്രതീക്ഷിതമായി കണ്ടാലും പെട്ടെന്ന് ഒന്നും പറയാനുണ്ടാവില്ലല്ലോ.
നമുക്ക് നാളെ കാണാം. നാളെ ഒഴിവാണല്ലോ. കാണാം.
മനസ്സിൽ എന്തൊക്കെയാ തോന്നിയത്. സന്തോഷത്തിന്റെ അങ്ങേയറ്റം ചെന്ന് തൊട്ടതുപോലെ. അതുവരെ സ്വപ്നം കണ്ടിരുന്ന ജീവിതമെല്ലാം തൊട്ടുമുന്നില്‍ യാഥാര്‍ത്ഥ്യമാകാൻ പോകുന്നപോലെ...
രാത്രി ഉറക്കത്തിലേക്കല്ല, ഓര്‍മ്മകളിലേക്കാണ് തന്നെ വലിച്ചടുപ്പിക്കുന്നത്. പ്രിയപ്പെട്ട ക്യാമ്പസ് കാലം. സീനിയേഴ്സിന്റെ റാഗിങ്ങിൽ നിന്ന് രക്ഷപ്പെടുത്തിയ ആളെ എന്തോ ശ്രദ്ധിച്ചു. പിന്നെ ആസ് യൂഷ്വല്‍ ആയി ഒരു പ്രണയം. ഒന്നിച്ചുകണ്ട അനേകം സ്വപ്നങ്ങള്‍. ചേര്‍ന്നുപോകാന്‍ ആഗ്രഹിച്ച യാത്രകള്‍. എന്തിന് വയ്ക്കേണ്ട വീടിന്റെ പ്ലാന്‍പോലും ഒന്നിച്ച് ചര്‍ച്ചചെയ്തിരുന്നു. പ്രായത്തിന്റെ തോന്നല്‍ പോലെയായിരുന്നില്ല തനിക്കും അവനും. അത്രമേല്‍ ആഴത്തില്‍പതിഞ്ഞത്. തന്റെ കഷ്ടപ്പാടുകള്‍ക്ക് താങ്ങായി നില്‍ക്കാൻ ഒരാൾ. നല്ല സുഹൃത്ത്, ഗൈഡ്, ഗുരു, അങ്ങനെ ആരൊക്കെയോ. അവനോടൊപ്പം കടല്‍ക്കരയിൽ പോയിരുന്ന് അസ്തമനം കാണാനായിരുന്നുവല്ലോ തനിക്കേറെ ഇഷ്ടം. കോളേജിൽ ഉണ്ടായ ഒരടിപിടിയെ തുടര്‍ന്ന് കോഴ്സ് പകുതി നിര്‍ത്തി ടി.സി.വാങ്ങി പോയതാണ്. രണ്ടു ഗ്രപ്പുകള്‍ തമ്മിലുള്ള പ്രശ്നമായതുകൊണ്ട് കൂടുതൽ റിസ്ക്ക് എടുക്കാതെ മാറിനില്‍ക്കാൻ എല്ലാവരും പറഞ്ഞതുകൊണ്ട് പോയതാണ്. അന്നാണ് അവനെ അവസാനം കണ്ടത്. പിന്നീട് വിളിച്ചിട്ട് കോൾ കിട്ടിയതുമില്ല. ആര്‍ക്കും കൃത്യമായ മറുപടിയും ഇല്ല. പക്ഷെ ഇന്ന് പെട്ടെന്ന് വീണ്ടും എന്റെ മുന്നില്‍ വന്നുനിന്നപ്പോള്‍... എന്തായാലും നാളെ കാണണം. താന്‍ ഇത്ര നാളും കാത്തിരുന്നത് ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് ഇനി എല്ലാര്‍ക്കും മനസ്സിലാകുമല്ലോ. എല്ലാവര്‍ക്കും എന്തായാലും സന്തോഷമേ ആകൂ... ഇത്രനാളും വിളിക്കാത്തതിന്റെ കാരണവും അവന്‍ നാളെ പറയും. എല്ലാറ്റിനും നാളെ ഉത്തരമാകുമല്ലോ. പിറ്റേന്ന് വൈകുന്നേരമായിട്ടും വെയിലിനു നല്ല ചൂടുണ്ടായിരുന്നു. എങ്കിലും ഇന്ദുവിന് അതൊന്നും ഒരു പ്രയാസമേ ആയില്ല. പ്രണയം മനുഷ്യനെ എങ്ങനൊക്കെ ഭ്രാന്തമാക്കും. അവനുവേണ്ടി എഴുതിയ കത്തുകള്‍, കവിതകള്‍. അവനോടൊപ്പം പോകാറുണ്ടായിരുന്ന പ്രിയപ്പെട്ട ഇടങ്ങള്‍. അവിടെ മിക്കപ്പോഴും പോയിരിക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നെങ്കിലും എവിടെങ്കിലും വച്ച് കണ്ടുമുട്ടിയാലോന്നുള്ള തോന്നല്‍. എങ്കിലും ഇത്രനാളുമെന്തേ എന്നെ ഓര്‍ത്തില്ല. അന്ന് കോളേജില്‍ നിന്ന് പോകുന്നനേരവും എന്നോടു പറഞ്ഞത് ഞാന്‍ വരുംന്ന് തന്നെയല്ലേ. നേരം എത്രം കഴിഞ്ഞുപോകുന്നു. ഓരോന്നാലോചിച്ചാല്‍ സമയം പോകുന്നതറിയില്ല. അവനെ പ്രതീക്ഷിക്കുന്നതിലും എത്രമാത്രം സന്തോഷമാണ്. വീണ്ടും അവനോടൊത്തിരുന്ന് അസ്തമയം കാണണം. ചുവന്ന മേഘങ്ങള്‍ക്കിടയിലൂടെ കടലിലേക്കു പരക്കുകന്ന ആ വെളിച്ചം എത്രനാളായി അവനോടൊപ്പം കാണാനാഗ്രഹിക്കുന്നു.
'ഇന്ദൂ... കുറേനേരായോ വന്നിട്ട്.'
ഏയ്...
സോറി. ഞാന്‍ കുറച്ച് ലേറ്റായി. കുറച്ചു തിരക്കിലായിരുന്നെന്നേ. നിന്നെ ഇങ്ങനെ കാണാന്‍ പറ്റുമെന്ന് കരുതിയില്ല.
ഞാന്‍ എത്രയിടത്ത് അന്വേഷിച്ചൂന്ന് അറിയോ..
ഒന്നും പറയണ്ട. അന്ന് നേരെ ഒരു ഫ്രണ്ടിനെ തേടിപ്പിടിച്ച് മുംബെയിലാ എത്തിയത്. ഒരു കത്തിക്കുത്തായിരുന്നല്ലൊ. ഫോണ്‍ ഒക്കെ ഓഫ് ചെയ്യാന്‍ പറഞ്ഞിരുന്നു. എന്തായാലും അതുവഴി അങ്ങ് ദുബായിലെത്തി. ഇപ്പൊ സുഖം. വീട്ടിലും നാട്ടിലുമൊക്കെ ഒരു വിലയായി. പണമുണ്ടെങ്കി പിന്നെ റെസ്പെക്ട് ഒക്കെ താനെ ഉണ്ടായിക്കൊള്ളും.
നീ ഒരുപാട് മാറിപ്പോയി.
മാറണമല്ലൊ ഇന്ദു. മാറ്റം എല്ലാര്‍ക്കും വേണം.
പക്ഷേ നിനക്ക് പ്രത്യേകിച്ച് മാറ്റോന്നും ഇല്ല. പഴയപോലെ തന്നെ.
നിന്റെ ഇഷ്ടങ്ങള്‍ക്കും മാറ്റം ഒന്നും കാണില്ലല്ലൊ. അതേ കടപ്പുറം, ഇവിടെത്തന്നെ കാണാന്നുപറഞ്ഞപ്പോ തോന്നി.
'ആഹ്...' ഇന്ദു വെറുതെ ചിരിച്ചു.
'പിന്നെ...' വിശേഷം എന്തൊക്കെയാ.
ആ ഒരു ചെറിയ വിശേഷം. എന്റെ വിവാഹമാണ്. ദുബായിലെ ഒരു ചങ്ങാതീടെ സിസ്റ്ററാ. നിന്നെപ്പോലൊക്കെ തന്നെ. എല്ലാം അങ്ങ് സെറ്റാക്കി. എന്തായാലും ഇപ്പൊ നിന്നെ കണ്ടത് കാര്യായി. അല്ലാ നിനക്ക് ഇതൊന്നും വേണ്ടേ...
അവന്‍ പറഞ്ഞത് മുഴുവനായി അവൾ കേട്ടില്ല.
കാതില്‍ കടലിന്റെ ഇരമ്പൽ മാത്രം.
ചില സമയങ്ങളില്‍ ചില കാര്യങ്ങൾ മനസ്സിനു മനസ്സിലാക്കിയെടുക്കാൻ ഇത്തിരി സമയമാകും.
വിവാഹം?
ആടോ. ഇനി ഇങ്ങനെ നിന്നാല്‍ പറ്റില്ലല്ലൊ. എല്ലാരും ചോദിച്ചുതുടങ്ങി. അല്ലാ ഇനിയും ഇങ്ങനെ സിംഗിള്‍ ലൈഫ് എന്‍ജോയ് ചെയ്യണ്ടല്ലോ. കൂടെ ഒരാളും കൂടി ഉണ്ടെ കൊറച്ചൂടെ കളര്‍ ആവില്ലെ.
ഇന്ദു അവന്റെ കണ്ണുകളിലേക്കു നോക്കി വെറുതെ നിന്നു.
പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല. എന്തോ ഒരു മരവിപ്പ് ബാധിച്ചിരിക്കുന്നു, മനസ്സിനും. പിന്നെ നിന്റെ കാര്യം നീ എന്താ ഇപ്പൊഴും ഇങ്ങനെ. ഇങ്ങനെ ഒറ്റയ്ക്ക് അടിച്ചുപൊളിച്ചാ മതിയൊ. അതോ വേറെ ആരെങ്കിലും...
അവന്റെ ചിരിക്ക് ഇപ്പൊഴും മാറ്റമൊന്നുമില്ല...
എന്തു പറയാന്‍. ആരോടു പറയാന്‍. ആര്‍ക്കോവേണ്ടി എന്തിനോവേണ്ടി കാത്തിരുന്നു പാഴാക്കിയ വര്‍ഷങ്ങള്‍. അത് അവസാനിക്കുമ്പോഴാണ് ശൂന്യത.
'ദേ നിനക്ക് ആളെ കാണണ്ടെ?'
'ഇതാ...'
ഫോണ്‍ സ്ക്രീനില്‍ ഒരു സുന്ദരിക്കുട്ടി.
'ആഹ് നന്നായിട്ടുണ്ട്. നീയായിട്ട് നല്ല ചേര്‍ച്ച'.
വാക്കുകള്‍ ചിലതൊക്കെ തൊണ്ടയില്‍ കുടുങ്ങിപ്പോകുന്നു. തികട്ടിവന്ന സങ്കടം കണ്ണില്‍ പ്രതിഫലിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. എത്ര നിസ്സാരമായി കാണുന്നു ജീവിതം. വെറുതെ ഉടച്ചുകളഞ്ഞ കണ്ണാടിത്തുണ്ടുകള്‍ പോലെ.
അടുത്തിരിക്കുന്നവരുടെ മനസ്സില്‍ എന്താണെന്ന് എത്ര ശ്രമിച്ചാലും നമുക്ക് ചിലപ്പോൾ മനസ്സിലാക്കാൻ സാധിക്കില്ല.
ചിലരെ നമ്മള്‍ എത്രമാത്രം പ്രിയപ്പെട്ടതായി കാണുന്നു. എന്നാല്‍ അവരുടെ ഉള്ളിൽ നമ്മൾ പലരിലൊരാളായി മാത്രം മാറുന്നത് അറിയാതെ പോകുന്നില്ലേ...
'ഇന്ദു എന്താ ആലോചിക്കുന്നെ?'
'ഏയ് എന്ത്..' മുഖത്തെ ചെറുചിരിയോടെ ഇരുന്നു.
'നീ പറയൂ. മുന്‍പും നീ പറയുന്നത് കേട്ടിരിക്കുന്നതായിരുന്നില്ലെ എനിക്ക് ഇഷ്ടം.'
'ഓഹ്. അതൊക്കെ ഒരു കാലം.'
ചായ കുടിച്ചാലോ, ഓ സോറി നീ കോഫി ആണല്ലൊ.
ഇപ്പൊഴും ഇഷ്ടത്തിനൊന്നും മാറ്റമില്ലല്ലൊ.
ചില ഇഷ്ടങ്ങളൊക്കെ മാറ്റാന്‍ പ്രയാസമാടോ...
പക്ഷേ പതിയെ മാറിക്കൊള്ളും.
ആഹ്..
ഇന്ന് നേരം വേഗം ഇരുട്ടിത്തുടങ്ങി അല്ലെ...
ആഹ് ചില ദിവസങ്ങള്‍ അങ്ങനാ പെട്ടെന്ന് ഇരുട്ടിലേക്കു വീഴും...'
നീ ഒന്നും വിചാരിക്കില്ലെങ്കില്‍ ഒരു കാര്യം ചോദിക്കട്ടെ...
എന്താ... ഇന്ദുവിന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടി..
അല്ലെടോ... എന്തായാലും ഇത്രയൊക്കെയായി....
എന്‍റെ ഓഫീസിൽ നല്ലൊരു ചേട്ടനുണ്ട്. പുള്ളിയെ ഒന്നു നോക്കട്ടെ. നിനക്ക് എന്തായാലും ഇത്രയൊക്കെയായില്ലേ... ആള് സെക്കന്‍റ് മാര്യജ് ആണ്. നീ ആലോചിച്ചിട്ട് പറഞ്ഞാ മതി... അല്ലാതിനിയിപ്പൊ...
എത്രയെളുപ്പം പറഞ്ഞുനിര്‍ത്തി. സിമ്പിൾ
പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരാള്‍ക്കുവേണ്ടി മാത്രം മാറ്റിവച്ച ജീവിതം എത്ര നിസ്സാരമാക്കിക്കളഞ്ഞു അയാള്‍തന്നെ.
അസ്തമയത്തിലേക്ക് കടൽ ഒരുങ്ങിക്കഴിഞ്ഞു. ഇരുട്ടാവുന്നു.
ആ നീ ആലോചിച്ചിട്ട് പറഞ്ഞാ മതി. അപ്പൊ പോകാം..
'ഒരു നിമിഷം ഈ അസ്തമയം കൂടി കണ്ടിട്ട് പോകാം.'
'ഇപ്പൊഴും ഈ വട്ടൊന്നും മാറിയില്ലേ നിനക്ക്?'
'ഇന്ന്... ഇന്ന് കൂടി ഇത് കാണണം. ഇനി ചിലപ്പൊ ഇങ്ങനെ നമ്മള്‍ ഒന്നിച്ച് ഈ കാഴ്ച കാണില്ലെങ്കിലോ? നിന്റെ കൂടെ ഒരുപാട് കാണാൻ ആഗ്രഹിച്ച ഒന്നായിരുന്നല്ലോ.... മൗനമായിരുന്നു പിന്നീട് കൂട്ടായത്.
അന്ന് ഇരുട്ടിന് കട്ടി കൂടുതലായിരുന്നു. തിളങ്ങിനിന്ന നക്ഷത്രങ്ങളിലേക്ക് കൂടി ഇരുട്ട് കനംവച്ച് പരന്നു തുടങ്ങിയിരുന്നു.
വീശിയടിക്കുന്ന കാറ്റില്‍ തിരമാലയുടെ ഇരമ്പൽ മാത്രം.
മറ്റൊന്നുമില്ല. നഷ്ടപ്പെട്ട വര്‍ഷങ്ങൾ, പ്രതീക്ഷകൾ, സ്വപ്നങ്ങൾ, കാത്തിരിപ്പുകള്‍. ഒക്കെയും ഇതാ ഇവിടെ ഒന്നിച്ച് അസ്തമിക്കുന്നു.
ചില വാക്കുകള്‍ ചിലര്‍ക്ക് മറന്നുകളയാൻ മാത്രമാണ്. പക്ഷേ കേട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് അതിന്മേലുള്ള വിശ്വാസം അത് കൊണ്ടെത്തിക്കുന്നത് ഒരുപക്ഷേ മറ്റാര്‍ക്കും അറിയാൻ കഴിയാതെപോന്ന ചില നഷ്ടങ്ങളും. ഈ വര്‍ഷമത്രയും കാത്തിരുന്നത് വെറുതെ ആയിരുന്നുവല്ലോ, ഓ തനിക്കെന്താണ് ഒന്നൂല്ല. തനിയെ നടന്ന് ശീലമായിരിക്കുന്നു. ഉള്ളില്‍ വന്നടിക്കുന്ന വലിയ തിരമാലകൾ പുറമെ ശാന്തമാക്കി ഒരു ചിരികൊണ്ടു മൂടിയാല്‍ എല്ലാം നന്ന്. ആര്‍ക്കും പ്രയാസമാകാതെ ഭാരമാകാതെ ജീവിതം വീണ്ടും മുന്നോട്ടേക്ക് അങ്ങനെ അങ്ങനെ.... ഒരുപക്ഷേ കേള്‍വിക്കാരനും നിസ്സാരമായിതോന്നുന്ന ചില കാര്യങ്ങൾ എന്നാൽ അനുഭവിക്കുന്നവനല്ലേ പലതിന്റെയും ആഴം തിരിച്ചറിയാനാകൂ. എന്നത്തെയും പോലെ വീണ്ടും ഒരധ്യായം കഴിയുന്നു. നാളെ ഓഫീസില്‍ പോകണം. അച്ഛന്റെ മരുന്ന് വാങ്ങാൻമറക്കരുത്...