Image

തണുപ്പണിഞ്ഞ് മുംബൈ (രാജൻ കിണറ്റിങ്കര)

Published on 10 December, 2024
തണുപ്പണിഞ്ഞ് മുംബൈ (രാജൻ കിണറ്റിങ്കര)

ചുട്ടുപൊള്ളിയിരുന്ന മുംബൈ നഗരം പെട്ടെന്നാണ് തണുപ്പിൻ്റെ ആവരണം എടുത്തണിഞ്ഞത്.  അവിചാരിതമായെത്തിയ പുലരി കുളിരിൽ നഗരം പുതപ്പിനുള്ളിലേക്കും സ്വെറ്ററിനുള്ളിലേക്കും ചുരുണ്ടു കൂടി .   എ. സി കോച്ചിൽ തണുപ്പ് സഹിക്കുന്നില്ല എന്ന് പറഞ്ഞ് കഴുത്തും തലയും മൂടി കെട്ടി പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ചിലർ. ഇത്ര ബുദ്ധിമുട്ടി എന്തിനാണ് എ.സി ലോക്കലിൽ പോകുന്നതെന്ന് ചോദിക്കാൻ പാടില്ല, മഹാനഗരത്തിന് മറുചോദ്യങ്ങൾ ഇഷ്ടമല്ല, ഇവിടെ എല്ലാവരും ഉത്തരം തേടുന്നവരാണ്.  ജീവിതത്തിൻ്റെ ഉത്തരം തേടുന്നവർ, നഗരവീഥികളിൽ വീണുടഞ്ഞ സ്വപ്നങളുടെ ഉത്തരം തേടുന്നവർ, മഹാനഗരം സമ്മാനിച്ച  നഷ്ടങ്ങളുടെ ഉത്തരം തേടുന്നവർ.  

തണുപ്പിന് അകമ്പടിയായി ഇളം കാറ്റിൻ്റെ സംഗീതം, ആ കാറ്റിൽ പറന്നു പോകുന്ന കരിയിലകൾ ഗ്രാമവീഥികളിലെ ബാല്യസ്മരണകളെ തൊട്ടുണർത്തി.  തണുപ്പ് വീഴുന്ന ഉത്സവക്കാലത്തിൻ്റെ നാട്ടുവഴികളിൽ പലവർണ്ണത്തിലുള്ള ബലൂണുകളുമായി പുഴകടന്നു വരുന്ന കച്ചവടക്കാർ,  വിൽപ്പനക്കാരൻ്റെ  കൈയകലത്തിൽ മാത്രം ആകാശത്ത് സ്വാതന്ത്ര്യം വിധിക്കപ്പെട്ട നൂലിൽ ബന്ധിച്ച ബലൂണുകൾ . ചിരിച്ചും  പറന്നും നൃത്തം ചെയ്തും  ഒരു പകലൊടുങ്ങുമ്പോൾ പൊട്ടിച്ചിതറുന്ന ക്ഷണിക ജീവിതത്തിൻ്റെ അർത്ഥശൂന്യത പറഞ്ഞു തരുന്ന ബലൂൺ പാവകൾ.

തിരുവാതിരക്കുളിരിൽ പുലർച്ചെ നാലു മണിക്ക് പെണ്ണുങ്ങൾ തുടികൊട്ടി പാടിയിരുന്ന അയലത്തെ തൊടിയിലെ കരിങ്കൽ പടവുകളുള്ള കുളം കാട് പിടിച്ചു കിടക്കുന്നു.   ഇടിഞ്ഞ പടവുകളിൽ പഴയ പ്രതാപത്തിൻ്റെ അടയാളങ്ങൾ പോലും അപ്രത്യക്ഷമായിരിക്കുന്നു. ഒരു കാലത്ത് ആൺ പെൺ ഭേദമന്യെ ഗ്രാമം നീരാട്ടിനെത്തിയിരുന്നത് തെക്കേലെ കുളം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ കുളത്തിലായിരുന്നു. പരൽ മീനുകളും കണ്ണൻ, മൊയ്യ് തുടങ്ങിയ വലിയ മീനുകളും പുളഞ്ഞു കളിക്കുന്ന സ്വിമ്മിങ് പൂളിലെ വെള്ളം പോലെ നീല തെളിനീരുള്ള കുളം.   വർഷക്കാലത്ത് പാടത്തെ വെള്ളം കയറുമ്പോൾ മാത്രമാണ് കുളത്തിലെ വെള്ളം അൽപ്പം കലങ്ങുക.

ട്രെയിനിനുള്ളിലും നഗരത്തിൻ്റെ  തണുപ്പു വാർത്തകളാണ്, കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടെമ്പറേച്ചർ ആയിരുന്നുവത്രെ ഇന്നലെ രാവിലെ മുംബൈയിൽ അനുഭവപ്പെട്ടത്.  അകത്ത് ചൂടുമായി നടക്കുന്ന നഗരവാസികൾ പലരും പുറത്തെ തണുപ്പ് അറിയാറില്ലെന്ന് മാത്രം .  അല്ലെങ്കിലും മുംബൈ നഗരം പഴയതിൻ്റെ  കണക്കെടുപ്പ് നടത്താറില്ലല്ലോ.

നഗരത്തിൽ  ഈയിടെ കൂണുപോലെ മുളച്ചുപൊന്തിയ അമൃത് തുല്യമെന്നും മറ്റും പേരിട്ട ചായകടകളിൽ ചൂട് നുകരാനെത്തിയവരുടെ തിരക്ക് .  10 രൂപയുടെ ഒരു കട്ടിങിൽ ഒരു പകലിൻ്റെ അധ്വാനത്തിന് നീരു പകരുന്നവർ.   ചായ എത്ര സ്വാദില്ലാത്തതാണെങ്കിലും അത് ആസ്വദിച്ച് കുടിക്കുന്നവരാണ് മുംബൈ വാസികൾ,  രണ്ട് സിപ്പിൽ തീരുന്ന കപ്പിലെ ചായ അവർ 5 മിനിറ്റെങ്കിലും എടുത്തേ മുഴുവിക്കൂ.  കുടിച്ച് കഴിഞ്ഞാലും ആ കപ്പ് കൈയിൽ പിടിച്ച് ഒരു ഇരിപ്പുണ്ട് അൽപ്പ നേരം .  ചായക്കും സൗന്ദര്യമുണ്ടെന്ന് അറിയുന്നത് ഇത് കാണുമ്പോഴാണ് .

ജനാലക്കമ്പികൾക്കിടയിലൂടെ ട്രെയിനിന് അകത്തേക്ക് സൂര്യവെളിച്ചം അടിക്കുവാൻ തുടങ്ങി, തണുപ്പടിക്കാതിരിക്കാൻ താഴ്ത്തിയിട്ട സൈഡ് ഗ്ലാസ് ഉയർത്താൻ ആരോ ആവശ്യപ്പെടുന്നുണ്ട്,  എഴുതിയത് സേവ് ചെയ്ത് ജനാല ഉയർത്തുമ്പോൾ നിൻ്റെയൊരു എഴുത്ത് എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത് .  അല്ലെങ്കിലും നഗരം അങ്ങനെയാണ്, നീരസവും പ്രതിഷേധവും അനിഷ്ടവും പ്രകടിപ്പിക്കുക വാക്കിലൂടെയല്ല, എക്സ്പ്രഷനിലൂടെയാണ് . തിരക്കും ബഹളവുമുള്ള  നഗര ജീവിതത്തിൻ്റെ ശാന്തതക്കും  കാരണം ഇതു തന്നെ .  

തണുത്തുറഞ്ഞ റെയിൽപ്പാളങ്ങൾക്ക് മീതെ ജീവിതച്ചൂടിൻ്റെ "ആഗെ ചലോ" യാത്രകളിൽ വസന്തവും ഗ്രീഷ്മവും ശിശിരവും നുള്ളി നോവിക്കാതെ മഹാനഗരം .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക