ബെംഗ്‌ളൂരു: രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്.
പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. രഞ്ജിത്തിനെതിരെ പരാതി നല്‍കിയ യുവാവ് പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ബംഗളുരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്ന് പറയുന്ന വര്‍ഷം 2012 ആണ്. എന്നാല്‍ എയര്‍പോര്‍ട്ടിന് അടുത്തുള്ള താജ് തുടങ്ങിയത് 2016-ല്‍ മാത്രമാണ്. അതിനാല്‍ ഈ താജ് ഹോട്ടലിന്റെ നാലാം നിലയില്‍ വെച്ച് നടന്നുവെന്ന് പറയുന്ന പരാതി വിശ്വസനീയമല്ല. പരാതിക്കാരന്‍ 12 വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയത്. എന്ത് കൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്നതിനും വിശദീകരണമില്ല. പരാതിയില്‍ പറയുന്ന എല്ലാ കാര്യങ്ങളും വ്യാജമെന്ന് കരുതേണ്ടി വരുമെന്നും അതിനാല്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിക്കുന്നുവെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.