ശിലാന്യാസം എന്ന സ്വന്തം കവിതാ സമാഹാരത്തിൻ്റെ പ്രതികൾ നിറച്ച തുണിസഞ്ചി തോളിലേന്തി സാഹിത്യ അക്കാദമി ഹാളുകളിലും, പുസ്തകപ്രസാധന ചടങ്ങുകളിലും മാറി മാറി അലയുകയായിരുന്നു ചന്ദനപുരം ദേവദാസൻ.
നിറഞ്ഞുകവിഞ്ഞിരുന്ന സാംസ്കാരിക സമ്മേളനങ്ങളിലെ കവികൾ പോലും 'ശിലാന്യാസം ' മറിച്ചു നോക്കാൻ മിനക്കെട്ടതേയില്ല.
പബ്ലിഷർക്ക് നല്ല പണം നൽകിയാണ് പാവം ചന്ദനപുരം പുസ്തകം പ്രസിദ്ധീകരിച്ചത്. അതിനായി പണം കണ്ടെത്തിയത്, കശുവണ്ടി തൊഴിലാളിയായ ഭാര്യ മകൾക്കായി കരുതിയിരുന്ന അരപ്പവൻ വള കവർന്നും .
അതൊരു നിർദോഷമായ കളവായിട്ടാണ് ചന്ദന പുരത്തിന് തോന്നിയത്.
ഒരു ചെറിയ തിരി മറി .
തല്ക്കാലം
പിടിക്കപ്പെടാതിരിക്കാൻ അതേ രൂപത്തിലൊരു മുക്കുപണ്ടം അവിടെ സൂക്ഷിച്ചു.
' ശിലാന്യാസം' അച്ചടിക്കട്ടെ!
നൂറ് നൂറ് പ്രതികൾ വിറ്റഴിക്കട്ടെ. ഭംഗി കവിട്ടുന്ന പല സ്വർണ്ണ വളകൾ അവൾക്കായി വാങ്ങി വയ്ക്കാം.
ശിലാന്യാസത്തിനു മുകളിൽ സ്വപ്നത്തിൻ്റെ സുവർണ്ണ ചിറകേറി ചന്ദനപുരം ദേവദാസൻ യാത്ര തുടരുകയാണ്.
പക്ഷേ, തുണിസഞ്ചി തോൾ വേദന കൂട്ടിക്കൊണ്ടേയിരുന്നു.
ശിലാന്യാസം കാശു നൽകി ആരും വാങ്ങിയില്ലെന്നു തന്നെ പറയാം.
ചില സമ്മേളനങ്ങളിൽ ചില കവികൾ ഒന്നോ രണ്ടോ പുസ്തമെടുത്തിട്ട്, അവരുടെ വിറ്റഴിക്കാത്ത ഒന്നോ രണ്ടോ തിരിച്ചു നൽകും. അത്രമാത്രം.
ദാഹിച്ചു വലഞ്ഞയാൾ അൽപ്പം കുടിവെള്ളം കിട്ടിയിരുന്നെങ്കിലെന്നാശിച്ചു.
പെട്ടെന്നാണ് അയാളുടെ കണ്ണിൽപ്പെട്ടത് : ദൂരെ മരത്തണലിൽ ഒരു ലോട്ടറി കച്ചവടക്കാരൻ സ്വസ്ഥം സമാധാനമായി ദാഹജലമൊക്കെ കുടിച്ച് ലോട്ടറി വിൽക്കുന്നു.
ചന്ദ്രനപുരം അങ്ങോട്ട് ചെന്ന്
ചോദിച്ചു:
"അൽപ്പം വെള്ളം "
ലോട്ടറിക്കാരൻ വെള്ളം കൊടുത്തിട്ട് ചോദിച്ചു.
" എങ്ങോട്ട് പോയി ?
എന്താ കിതയ്ക്കുന്നത് ?'
ചന്ദനപുരം എല്ലാം ലോട്ടറിക്കാരനോട്പറഞ്ഞു.
അപ്പോൾ ലോട്ടറിക്കാരൻ
നിർദ്ദേശിച്ചതിങ്ങനെയാണ്.
കാരുണ്യയുടെ അൻപത് ലോട്ടറികൾ ദിവസം വിൽക്കുക. സുഖമായി ജീവിക്കാം
സുഖമുള്ള വാക്കുകൾ കേട്ടതുപോലെ അയാൾക്ക് തോന്നി. തൊട്ടടുത്ത കടയിലെ ബഞ്ചിലൊന്നിരുന്നു.
അവിടുന്നു കേട്ട റേഡിയോ വാർത്തയിൽ ഇതു കൂടിയുണ്ടായിരുന്നു :
കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.
കവിതയ്ക്കുള്ള ഈ വർഷത്തെ പുരസ്കാരം,
ചന്ദനപുരം ദേവദാസൻ്റെ
'ശിലാന്യാസ ' ത്തിന്.