Image

നിലാ (ഇ മലയാളി കഥാമത്സരം 2024: അരുണ ഹനാൻ)

Published on 11 December, 2024
നിലാ (ഇ മലയാളി കഥാമത്സരം 2024: അരുണ ഹനാൻ)

സ്വര്‍ണ്ണാബരണങ്ങള്‍ക്ക് പണിക്കൂലി സൗജ...
ആ നിര്‍ത്ത്...നിര്‍ത്ത്. ഇത് വേണ്ട ഇത് സ്ഥിരം കാണുന്നതല്ലേ.
അന്‍സാരി വായന നിര്‍ത്തിയപ്പോള്‍ മുരളിയുടെ കണ്ണുകള്‍ അവന് വായിക്കാന്‍ പറ്റുന്നതും, മലയാളത്തില്‍ ഉള്ളതുമായ പരസ്യബോര്‍ഡുകള്‍ക്കായി പരതി. പക്ഷേ മുന്നില്‍ കണ്ട രണ്ടുമൂന്നെണ്ണം ഇംഗ്ലീഷില്‍ ഉള്ളതായിരുന്നു. വേറെ എന്തെന്ന ആലോചനയോടെ തിരിഞ്ഞപ്പോള്‍ സമീപം കിടന്നിരുന്ന ഒരു പേപ്പര്‍ കഷ്ണം അയാള്‍ ശ്രദ്ധിച്ചു. അതെടുത് നോക്കിയ മുരളി സന്തോഷത്തോടെ പേപ്പര്‍ അന്‍സാരിക്ക് നേരേ നീട്ടി.
ഇതൊന്ന് വായിക്ക്. നോക്കട്ടെ
 പേപ്പര്‍ വാങ്ങിയ അന്‍സാരി അതിലേക്ക് കണ്ണോടിച്ച ശേഷം സംശയത്തോടെ മുരളിയെ നോക്കി. അവന് ആത്മവിശ്വാസം പകരുന്ന രീതിയില്‍ തന്റെ വലതുകൈ മുറുക്കി മുരളി തംസ് അപ്പ് കാണിച്ചുകൊണ്ട്‌
അന്‍സാരിയെ പ്രോത്സാഹിപ്പിച്ചു. പേപ്പറിലേക്ക് ഒന്നുകൂടി ശ്രദ്ധിച്ച്, തെറ്റുമോ എന്ന പേടി കാരണം ശബ്ദംതാഴ്ത്തി അന്‍സാരി വായിക്കുവാന്‍ തുടങ്ങി.
'നമ്മല്‍ മനുസ്യര് ജീവിതത്തില് പലപ്പോസും ജീവന്‍ ഉള്ളതിനേക്കാല്‍ വില കൊടുക്കണത് ജീവനില്ലാത്ത വസ്തുക്കല്‍ക്കാണ്.'
എന്റെ അന്‍സാരി... എന്നു വിളിച്ച് തന്റെ ബലിഷ്ടമായ വലതുകൈ മുരളി അവന്റെ തോളില്‍ അടിച്ചു. പണിക്കിടയില്‍ തെന്നി വീണതിനെ തുടര്‍ന്ന് നീര്‍ക്കെട്ട് ബാധിച്ചിരുന്ന തോള്‍ നല്ലവണ്ണം വേദനിച്ചുവെങ്കിലും താന്‍ മലയാളം വായിക്കാന്‍ പഠിച്ചു എന്ന തിരിച്ചറിവില്‍ ഭാവമാറ്റമൊന്നും കൂടാതെ തന്റെ മുതലാളി സമ്മാനിച്ച വേദന അവന്‍ കടിച്ചമര്‍ത്തി.
അവന്റെ ശ്രദ്ധ മാറിയപ്പോള്‍ കൈയിലെ പേപ്പര്‍ നിലത്തേക്ക് വീണു. അവന്‍ അതെടുക്കാന്‍ ആഞ്ഞതും
അതു പോട്ടെടാ എന്നുപറഞ്ഞ് അയാള്‍ അവനെ പിടിച്ചു കുലുക്കി.
ലോകത്ത് പഠിക്കാന്‍ പാടുള്ള ഭാഷകളില്‍ ഒന്നാ മലയാളം. സ്വരം, വ്യഞ്ജനം, ചില്ലക്ഷരം, കൂട്ടക്ഷരം
എന്നും പറഞ്ഞ് കൊറേ ഉണ്ട്. പക്ഷേ നമ്മള് മലയാളികള്‍ക്ക് അത് പറഞ്ഞാ മനസിലാവൂല്ല. അതാ നീ ഇപ്പോ പഠിച്ച് വായിച്ചത്.
അവരുടെ സംസാരം തുടരവേ രണ്ടുപേരുടെയും സമീപം നിന്നിരുന്ന മരത്തിന്റെ ചുവട്ടിലെ സിമന്റ് തിട്ടയില്‍ ആ സ്ത്രീ വന്ന് ഇരുന്നു.
സേട്ടാ... എന്തോ ഓര്‍ത്ത് അന്‍സാരി പറഞ്ഞു തുടങ്ങി.
നിന്റെ ഈ സേട്ടാ കൂടി മാറ്റണം. സേട്ടാ അല്ല ചേട്ടാ... ഓക്കെ. അവൻ തലയാട്ടി.
അത് നമുക്ക് ശരിയാക്കാം ഇത്രേം ആയില്ലേ? പിന്നെ ഇതാണോ കാര്യം. നീയെന്താ പറയാന്‍ വന്നത്?
മുരളി നടുനിവര്‍ത്തികൊണ്ട് ചോദിച്ചു.
സേട്ടാ ഞാന്‍ എന്റെ ഭാര്യ... കുട്ടികള്‍ ഇവിടേക്ക് കൊണ്ടുവരട്ടെ. അവിടെ ഗാവില്‍ നിന്നാ അവരുടെ പഠിപ്പ് ഒന്നും ആവില്ല സേട്ടാ. നിങ്ങടെ നാട് നല്ല സ്ഥലാ.
അതിനെന്താടാ നീ കൊണ്ടുവാ. നീ ഇനി എങ്ങും പോണ്ട. വീടൊക്കെ ഞാന്‍ ശരിയാക്കാം. നീ അടുത്ത
മാസം നാട്ടില്‍ പോയിട്ട് വരുമ്പോ അവരേം കൂട്ടിക്കോ.
അന്‍സാരി സന്തോഷത്തോടെ തല കുലുക്കി. രണ്ടു പേരും എഴുന്നേറ്റ് നടന്നു. അവരുടെ സംഭാഷണം
കൗതുകത്തോടെ ശ്രദ്ധിക്കുകയായിരുന്ന സ്ത്രീയുടെ ഉള്ളില്‍ അന്‍സാരിയുടെ വാക്കുകള്‍ കറങ്ങിക്കൊണ്ടിരുന്നു.
നിങ്ങടെ നാട് നല്ല സ്ഥലാ സേട്ടാ അവർ സ്വയം പറഞ്ഞു നോക്കി.  പുച്ഛം കലര്‍ന്നൊരു ചിരി അവരുടെ ചുണ്ടില്‍ തെളിഞ്ഞു. അതോടൊപ്പം തലേദിവസം മൂത്ത പേരക്കുട്ടി പറഞ്ഞ വാചകങ്ങളും അവര്‍ ഓര്‍ത്തു.
'എത്രയും പെട്ടെന്ന് ഈ നശിച്ച നാട്ടീന്ന് പോണം. പോയാ പിന്നെ ഞാന്‍ തിരിച്ചു വരത്തില്ല അമ്മേ... നോക്കണ്ട. ഒരു മലയാളി പയ്യന്മാരെയും കെട്ടത്തുമില്ല.'
എന്തായിരിക്കും അന്‍സാരി എന്ന ബംഗാളി യുവാവും, ഇവിടുത്തെ യുവതലമുറയും തമ്മിലുള്ള വ്യത്യാ
സമെന്ന് അവര്‍ ആലോചിച്ചു.  കൂടുതല്‍ മികച്ച ജീവിത സാഹചര്യങ്ങളിലേക്ക് പോകണമെന്നുള്ള മനുഷ്യന്റെ
ആഗ്രഹം തന്നെയല്ലേ?
അന്നേരം അന്‍സാരിയുടെ കൈയില്‍നിന്ന് നിലത്തുവീണ ആ പേപ്പര്‍ പാര്‍ക്കിലെ അനേകം മനുഷ്യര്‍ക്കിടയിലൂടെ പറന്നുനടന്ന ശേഷം കുഴിനഖം ബാധിച്ചതിനാല്‍ ഭംഗികെട്ടു പോയിരുന്ന അവരുടെ കാല്‍പ്പാദങ്ങളില്‍ വന്നു മുട്ടി. കാറ്റ് തള്ളി മാറ്റാന്‍ ശ്രമിച്ചിട്ടും പോകാതെ അത് അവരുടെ പാദത്തോട് കൂടുതല്‍ ഒട്ടിച്ചേര്‍ന്നു. ചിന്തകളില്‍ നിന്ന് നോട്ടം കാലിലേക്ക് മാറിയപ്പോള്‍ അവര്‍ അത് കൈയിലെടുത്തു.
പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് ലേഡി റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. (13000-16000) കാള്‍ 9539483158.
എത്രയോ വര്‍ഷങ്ങള്‍ താന്‍ ചെയ്തിരുന്ന ജോലി. അവര്‍ ചിരിച്ചു. ഒന്ന് വിളിച്ചു നോക്കിയാലോ? തനിക്കിപ്പോ ഒരു ജോലിയുടെ ആവശ്യമുണ്ട്. അല്ലെങ്കില്‍ വേണ്ട. അവര്‍ക്ക് ചെറിയ, സുന്ദരിമാരായ പിള്ളേരെ ആകും ആവശ്യം. അല്ലാതെ തന്നെപ്പോലെ പ്രായംചെന്ന്, തൊലിയൊക്കെ ചുളിഞ്ഞ, നരകയറിയ ആളിനെ അല്ല. തന്റെ എക്‌സ്പയറി ഡേറ്റ് ഏകദേശമായി.
കായലിലൂടെ നീങ്ങിക്കൊണ്ടിരുന്ന ചെറുബോട്ടില്‍ നിന്ന് ഒരു കൂട്ടം യുവാക്കള്‍ കൂകിവിളിച്ച ശബ്ദം കേട്ട് അവരുടെ നോട്ടം അവിടേക്കു പോയി. അവര്‍ കയ്യിലിരുന്ന പേപ്പര്‍ വെറുതെ ഒന്നുതിരിച്ചു. അന്‍സാരി
തന്റെ ബിഹാറി ചുവയില്‍ വായിച്ച ആ വരികളിലൂടെ അവരുടെ കണ്ണുകള്‍ സഞ്ചരിച്ച നിമിഷം എങ്ങു നിന്നെന്നറിയാത്ത ഒരു വിഷാദം അവരുടെ കണ്ണുകള്‍ നിറച്ച്, അതില്‍ നിന്ന് രണ്ടുതുള്ളികള്‍ അടര്‍ത്തി ആ വരികളെ നനച്ചു. തല ഉയര്‍ത്തിയപ്പോള്‍ അപ്പുറത്തിരുന്ന മധ്യവയസ്കന്‍ തന്നെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞ് മുഖം ഒന്നു മുകളിലേക്കുയര്‍ത്തി അവര്‍ സ്വയം നിയന്ത്രിച്ചു.
ആരാവും ഇത്രയും അര്‍ത്ഥവത്തായ വരികള്‍ എഴുതി ഉപേക്ഷിച്ചിട്ടുണ്ടാവുക. ഒരുള്‍പ്രേരണയില്‍ ഉടന്‍തന്നെ അവര്‍ ആ വരികളുടെ ഉടമ സമീപം എവിടെയെങ്കിലും ഉണ്ടോ എന്നറിയാന്‍ ചുറ്റും നോക്കി. ഇല്ല ആരുമില്ല. ഒറ്റയായും കൂട്ടംചേര്‍ന്നുമെല്ലാം മനുഷ്യര്‍ അവരുടെ ലോകത്താണ്.
ഒരാളും സന്തോഷത്തില്‍ ഇങ്ങനെ ഒരു വാചകം എഴുതില്ലല്ലോ? എഴുതിയത് ആരായാലും ആ വ്യക്തി
അതീവ സങ്കടത്തിലായിരിക്കും. അതിനേക്കാളുപരി വലിയൊരു തിരിച്ചറിവിലും.
കുതിരവാല്‍ പോലെ മുടി പിന്നിക്കെട്ടിയ, എട്ടോളം വയസ്സ് പ്രായമുള്ളൊരു പെണ്‍കുട്ടി അവരുടെ
കണ്‍മുന്നിലൂടെ നടന്ന് കായലിന് അഭിമുഖമായുള്ള ഇരുമ്പു ബെഞ്ചില്‍ ചെന്നിരുന്നു. ഇളംനീലയില്‍ വെള്ള പുള്ളികളുള്ള ഫ്രോക്കില്‍ അവളുടെ നിഷ്‌കളങ്കതയ്ക്ക് ഭംഗിയേറിയെങ്കിലും മുഖത്ത് ചുണ്ടുകോട്ടലിന്റേതായ ഒരു പരിഭവം അവര്‍ ശ്രദ്ധിച്ചു. പുറകെ അവളുടെ അമ്മയെന്ന് തോന്നുന്ന ഒരു സ്ത്രീ ഒക്കത്ത് മറ്റൊരു
കുഞ്ഞുമായി അവളുടെ സമീപത്തേക്ക് ചെന്നു.
അവളുടെ സമീപത്തിരുന്ന് തലയില്‍ തലോടി ആ സ്ത്രീ അവളോട് എന്തൊക്കെയോ പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമം തുടര്‍ന്നുവെങ്കിലും അമ്മയുടെ കൈ തട്ടി മാറ്റിക്കൊണ്ട് അവള്‍ തന്റെ ശാഠ്യത്തില്‍ ഉറച്ചുനിന്നു. രണ്ടുപേര്‍ക്കുമിടയില്‍ നടക്കുന്നതൊന്നും തിരിച്ചറിയാന്‍ തക്കവണ്ണം വളര്‍ച്ചയെത്തിയിട്ടില്ല ചെറിയ കുഞ്ഞ് തന്റെ കിലുങ്ങുന്ന കളിപ്പാട്ടം ഉയര്‍ത്തി വീശി ഉച്ചയുണ്ടാക്കി ചിരിച്ചുകൊണ്ടിരുന്നു. കുറച്ചു സമയത്തെ പരിശ്രമത്തിനുശേഷം വിലകുറഞ്ഞ, നിറം മങ്ങിയ തന്റെ സാരിത്തലപ്പുകൊണ്ട് മുഖം
തുടച്ച സ്ത്രീ, മകളുടെ മുഖത്തെ പരിഭവത്തിന്റെ തോത് അല്പംകൂടി കൂട്ടി സ്വന്തം മുഖത്ത് എടുത്തണിഞ്ഞ്,
അവളുടെ സമീപത്തുനിന്നും അല്പം മാറിയിരുന്നു.
അവള്‍ ഇളയ കുഞ്ഞിനോട് സംസാരിക്കാനും അവളെ കളിപ്പിക്കാനും തുടങ്ങിയപ്പോള്‍ ആദ്യം മൂത്തവള്‍ ഒളികണ്ണിട്ട് അവളെ നോക്കി. ശ്രദ്ധ കിട്ടുന്നില്ല എന്നായപ്പോള്‍ പതിയെ അവള്‍ക്കരികിലേക്ക് ചേര്‍ന്നിരുന്നു. പിന്നെ തോണ്ടി വിളിച്ചു. എന്നിട്ടും അമ്മ അവഗണന തുടര്‍ന്നപ്പോള്‍ സങ്കടം മൂടിയ മുഖത്തോടെ അവള്‍ അമ്മയുടെ തോളിലേക്ക് ചാഞ്ഞു. അമ്മയുടെ മനസ്സിലും മഞ്ഞുരുകി വാത്സല്യമായി ഖനീഭവിച്ചു. അവള്‍ മകളെ ചേര്‍ത്തുപിടിച്ചു. പിന്നെ ദൂരെ കായലിലേക്ക് കൈ ചൂണ്ടി മകളോട് എന്തൊക്കെയോ പറയാന്‍ തുടങ്ങി.
എല്ലാം കണ്ടുകൊണ്ടിരുന്ന അവരുടെ ഓര്‍മ്മകള്‍ മൂന്നരപതിറ്റാണ്ടോളം പുറകിലേക്ക് സഞ്ചരിച്ച് ആ രാത്രിയില്‍ ചെന്ന് നിലയുറപ്പിച്ചു. അവര്‍ക്കിന്നും വ്യക്തമായി ഓര്‍മ്മയുണ്ട് ഒരു ബുധനാഴ്ചയായിരുന്നു അന്ന്. രണ്ട് മക്കളോടുമൊപ്പം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ ചിത്രഹാര്‍ കണ്ടുകൊണ്ടിരുന്ന സമയത്താണ് ചുവരില്‍ വീണ് മദ്യക്കുപ്പി ചിതറിത്തെറിച്ചത്. അലറി വിളിച്ചു കൊണ്ട് അകത്തേക്ക് പാഞ്ഞുവന്ന അയാള്‍ അവരുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഇരു കവിളിലും മാറിമാറി അടിച്ച ശേഷം ഒന്‍പതു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് പോകുന്നു എന്നൊരു പ്രഖ്യാപനവും നടത്തി പുറത്തേക്കുപോയി.
 മദ്യപാനവും തല്ലും പതിവായിരുന്നെങ്കിലും ആദ്യമായി നടത്തിയ പ്രഖ്യാപനം അറംപറ്റിയതുപോലെ
പിന്നീടയാള്‍ വന്നില്ല. പുറകെ ഡിവോഴ്‌സ് നോട്ടീസ് വരികയും ചെയ്തു.
മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന വലിയൊരു ചോദ്യം മുന്നില്‍ തെളിഞ്ഞപ്പോള്‍ അതിനുമപ്പുറം പതിയെ കറങ്ങുന്ന സീലിങ്ഫാനും അയയില്‍ തൂങ്ങിയ അയാളുടെതന്നെ മുണ്ടും അവര്‍ കണ്ടു. അവരുടെ കൈകള്‍ അതിലേക്ക് നീണ്ടു തുടങ്ങിയതും അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു ഇളയ മകള്‍ നിലാ ഓടിവന്ന് അവരെ ചേര്‍ത്തുപിടിച്ചു.
വേണ്ട അമ്മേ... പോവല്ലേ. അമ്മയ്ക്ക് ഞാനില്ലേ?
ഒന്ന് നിര്‍ത്തിയ അവള്‍ ചേച്ചിയെ ഓര്‍ത്ത് സ്വയം തിരുത്തി.
അമ്മയ്ക്ക് ഞങ്ങളില്ലേ?
നീ എന്തെങ്കിലും സ്വപ്‌നം കണ്ടോ ? ഞെട്ടലോടെ അവര്‍ അവളോട് ചോദിച്ചു.
ഇല്ലമ്മേ... ഞാന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ കഴുത്തില്‍ ഒരു കുരുക്ക് മുറുകി,
അമ്മ പിടയ്ക്കുന്നതുപോലെ എനിക്കുതോന്നി. അതാ ഞാന്‍ ഓടി വന്നത്.
അന്ന് അവരെ പിടികൂടിയ അമ്പരപ്പ് പിന്നീടൊരിക്കലും വിട്ടൊഴിഞ്ഞില്ല. അവരുടെ മനസ്സിലെ ചിന്തകള്‍ക്ക് താളം തെറ്റുകയും, കടുത്ത നൈരാശ്യത്തിലും, വിഷാദത്തിലേക്കും വീഴുമ്പോള്‍ അതെല്ലാം അവളിലേക്കും  സംവേദം ചെയ്യപ്പെട്ടു. ആദ്യമൊക്കെ ഓരോന്നായി എണ്ണിപ്പറഞ്ഞ് അവള്‍ അവരെ ആശ്വസിപ്പിക്കുമ്പോഴെല്ലാം തന്റെ ചിന്തകളെല്ലാം ഇവള്‍ എങ്ങനെ മനസ്സിലാക്കുന്നു എന്നറിയാതെ അവര്‍ മിഴിച്ചിരുന്നിട്ടുണ്ട്. പിന്നീട് തങ്ങളുടെ മനസ്സുകള്‍ക്കിടയിലെ ആ രസതന്ത്രം തന്റെ ബാല്യ, കൗമാരം മുതല്‍ ഇതുവരെയും ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള വേദനകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും പകരമായി, അതിനെ ഒന്ന് തുലനം ചെയ്യാന്‍ ദൈവം തന്നതാണെന്നതില്‍ അവരുടെ മനസ്സ് ആശ്വാസം കണ്ടെത്തി.
ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ തന്റെ ശരീരത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമൊക്കെ മറന്നു പോയിരുന്ന അവരെ വീണ്ടും അതിനെക്കുറിച്ച് ചിന്തിക്കാനും ശ്രദ്ധിക്കാനും പ്രേരിപ്പിച്ചതും അവളായിരുന്നു. അത്യാവശ്യമായി സ്‌കൂളിലേക്ക് വരാന്‍ ഹെഡ്മിസ്ട്രസിന്റെ നിര്‍ദ്ദേശം കിട്ടിയപ്പോള്‍ ജോലിസ്ഥലത്തു നിന്നും പരിഭ്രമിച്ചാണ് അവര്‍ സ്‌ക്കൂളിലേക്ക് ഓടിയത്.
മൂക്കില്‍ ബാന്‍ഡേജുമിട്ട് നില്‍ക്കുന്ന സഹപാഠിയായ കുട്ടിയെ അവള്‍ തല്ലി എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനാകാതെ അവര്‍ക്ക് നിലായുടെ മുഖത്തേക്ക് നോക്കാനേ കഴിഞ്ഞുള്ളൂ. കാരണം അന്വേഷിച്ചുള്ള ഹെഡ്മിസ്ട്രസിന്റെ ചോദ്യം ചെയ്യലില്‍ ഇവള്‍ എന്റെ അമ്മ സുന്ദരിയാണെന്ന് പറഞ്ഞ കാര്യം അവള്‍ പറഞ്ഞു.  അതിനാരെങ്കിലും ഒരാളെ തല്ലുമോ?
കൂടെ എന്റെ അമ്മ മോശപ്പെട്ടവളാണെന്നും പറഞ്ഞു. എന്റെ അമ്മ സുന്ദരിയാണെന്ന് എനിക്കറിയാം മോശപ്പെട്ടവള്‍ അല്ലെന്നും.നിലാ അമ്മയെ നോക്കി.
ടീച്ചറോട് മാപ്പുപറഞ്ഞ്, ഇനി ഇതാവര്‍ത്തിക്കില്ല എന്ന ഉറപ്പില്‍ അവര്‍ അവളെയുംകൂട്ടി വീട്ടിലേക്ക് വന്നു. പക്ഷേ അവര്‍ ടീച്ചറിന് കൊടുത്ത ഉറപ്പ് നിലായില്‍ നിന്ന് ലഭിക്കാത്തതിനാല്‍ ആറു ദിവസം അമ്മയ്ക്കും മകള്‍ക്കുമിടയിലെ മൗനം നീണ്ടു. ഏഴാം ദിവസം അമ്മയുടെ മുഖത്തേക്ക് നോക്കി ഉറച്ചശബ്ദത്തില്‍ ഇനി ആവര്‍ത്തിക്കില്ല എന്ന് നിലാ പറഞ്ഞപ്പോള്‍ അതിന്റെ വിശ്വാസ്യതയില്‍ ബോധ്യമുള്ള അവര്‍ അവളെ ചേര്‍ത്തുപിടിച്ചു.
അന്നുരാത്രി വളരെക്കാലത്തിനു ശേഷം അവര്‍ കണ്ണാടിയുടെ മുന്നില്‍ കുറച്ചധികം സമയം നിന്നു. അകാലത്തില്‍ തന്നെ പിടികൂടിയ ജരാനരകളിലൂടെ ദീര്‍ഘ നിശ്വാസത്തോടെ വിരലുകളോടിച്ചു കൊണ്ട്‌ തിരിഞ്ഞ് ഉറങ്ങുന്ന നിലായെ നോക്കി.
വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതം കുറച്ചൊക്കെ താളം വീണ്ടെടുത്തു തുടങ്ങിയ കാലത്ത് ഒരിക്കല്‍ മകളുടെ ഈ അസാധാരണ കഴിവ് അവരില്‍ ഭയവും കുറ്റബോധവും സൃഷ്ടിച്ചു. ജോലിസ്ഥലത്ത് ഒരു സാധാരണ സൗഹൃദത്തില്‍ തുടങ്ങി, ഏതോ നിമിഷത്തില്‍ മനസ്സു കൈവിട്ടുപോയി, അവര്‍ ചെന്നുവീണ പ്രണയ
ബന്ധം മകള്‍ ഉറപ്പായും കണ്ടെത്തും എന്നോര്‍ത്തായിരുന്നു അത്. ആ കാരണം കൊണ്ടു തന്നെയാണ് ഇരുവര്‍ക്കും ഒരു ബാധ്യതയാകില്ലെന്ന് ഉറപ്പുണ്ടായിരുന്ന, അവര്‍ക്ക് ഇഷ്ടമായിരുന്ന അയാളെയും, ആ ജോലിയെയും തന്നെ അവര്‍ ഉപേക്ഷിച്ചത്. കാരണമായി  സ്വയം അവര്‍ കണ്ടെത്തിയ ന്യായം, താന്‍ ഇനി തന്റെ മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്നു എന്നുള്ളതായിരുന്നു.
പക്ഷേ അവര്‍ അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുന്നതിനുമുന്‍പ് തന്നെ മകള്‍ അമ്മയുടെ മനസ്സിന്റെ മാറ്റം ഏകദേശമൊക്കെ മനസ്സിലാക്കിയിരുന്നു. അതോ തന്റെ കഴിവുകൊണ്ടല്ല മറിച്ച് യാദൃശ്ചികമായി അമ്മയെയും അയാളെയും വളരെ സന്തോഷത്തോടെ ബസ്റ്റോപ്പില്‍ വച്ച് കണ്ടതില്‍ നിന്നായിരുന്നു താനും.   എന്നിട്ടും അതിനെക്കുറിച്ച് അമ്മയോട് തമാശയായി പോലും ഒന്നും അവള്‍ ചോദിച്ചില്ല. അത് അമ്മയുടെ സ്വാതന്ത്ര്യമാണെന്നും അവരുടെ ജീവിതമാണെന്നും മനസ്സിലാക്കുവാനുള്ള തിരിച്ചറിവ് അവള്‍ ചെറിയ പ്രായത്തില്‍ തന്നെ നേടിയിരുന്നു.
അവള്‍ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത, മറക്കാന്‍ ആഗ്രഹിക്കുന്ന അച്ഛനെ മൂന്നുതവണ കുടുംബ കോടതി
വളപ്പില്‍വച്ച് കണ്ടപ്പോഴും അവള്‍ മുഖം തിരിച്ചു. അപ്പോഴെല്ലാം ചേച്ചി അയാള്‍ക്കരികിലേക്ക് പോകുന്നതും, അയാളോട് സംസാരിക്കുന്നതുമെല്ലാം അവള്‍ പരിഭവമൊന്നുമില്ലാതെ ശ്രദ്ധിച്ചു.
കോടതി വളപ്പിലെ പുളിമരച്ചുവട്ടില്‍ അമ്മയ്ക്കും ചേച്ചിക്കുമൊപ്പം പൊതിച്ചോറുമായി ഇരിക്കവെ, താനൊരിക്കലും ജീവിതത്തില്‍ ഇങ്ങനെയൊരു സ്ഥലത്ത് നിയമത്തിന്റെ ആനുകൂല്യത്തിനായി കാത്തുനില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്നവള്‍ തീരുമാനമെടുത്തു.
ചാറ്റല്‍ മഴയുള്ള ആ ദിവസം ഒന്‍പതു വര്‍ഷത്തെ ഡിവോഴ്‌സ് കേസിന്റെ അവസാന നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നടന്നകലുന്ന അയാളെ നോക്കിനിന്ന അവരുടെ കണ്ണുകള്‍ ഈറനായപ്പോള്‍ അമ്മ ഇപ്പോഴും അയാളെ സ്‌നേഹിക്കുന്നുണ്ടോ എന്നവള്‍ ചോദിച്ചു.
ആരോടും വലിയ അടുപ്പമൊന്നും സൂക്ഷിക്കാത്ത, തന്റെതായ ലോകത്തില്‍ ജീവിക്കുന്ന, ചെറുപ്പത്തിലെ പഠിപ്പിസ്റ്റ് എന്ന ലേബലിലേക്ക് കയറിക്കൂടിയ ആളായിരുന്നു ചേച്ചി സരിഗ. ഡോക്ടര്‍ എന്ന ലക്ഷ്യത്തിലേക്ക് മനസുറപ്പിച്ച് സഞ്ചരിച്ചിരുന്ന അവള്‍ക്ക് എം ബി ബി എസിന് അഡ്മിഷന്‍ കിട്ടിയപ്പോള്‍ അവള് പഠിക്കട്ടെ അമ്മേ എന്നു പറഞ്ഞ് അമ്മയെ സഹായിക്കാനായി നിലായും തന്റെ പഠിപ്പിന്റെ ഇടവേളകളില്‍ ജോലിക്ക് പോയിത്തുടങ്ങി.
എനിക്ക് ഇളയവളോടൊപ്പം നില്‍ക്കുന്നതാ ചേച്ചി ഇഷ്ടം. എനിക്ക് അവളെ മിക്കവാറും കാണു. മൂത്തവള് പാവമൊക്കെയാണ് പക്ഷേ അവള്‍ക്ക് അവളുടെ കാര്യം മാത്രമേയുള്ളൂ.
 ജോലി സ്ഥലത്തെ അവരുടെ കൂട്ടുകാരിയോടൊത്ത് ഭക്ഷണത്തിന്റെ ഇടവേളയിലെ സംസാരത്തിനിടയില്‍ മക്കളെക്കുറിച്ചുള്ള കാര്യങ്ങള്‍ കടന്നു വന്നപ്പോള്‍ അവര്‍ പറഞ്ഞു. ചോറിനിടയില്‍ പരതി നടന്നിരുന്ന അവരുടെ വിരലുകള്‍ പെട്ടെന്ന് നിശ്ചലമായി.
മക്കളെ അങ്ങനെ കാണരുതെടീ. രണ്ടു മക്കളും നമ്മുടെ രണ്ട് കണ്ണുകള്‍ പോലെയല്ലേ?
ശരിയാ ചേച്ചി... പക്ഷേ നമ്മളെ മനസ്സിലാക്കി നമ്മളോട് ചേര്‍ന്ന് നില്‍ക്കുന്ന മക്കളോട് നമുക്ക് അടുപ്പം
കൂടുതല്‍ ഉണ്ടാവില്ലേ? അതുകൊണ്ട് പറഞ്ഞതാ.
മാസങ്ങള്‍ക്കുശേഷം അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടയില്‍ സമീപം നില്‍ക്കുന്ന അമ്മയോട് പെട്ടെന്ന് തമാശ രൂപേണ നിലാ പറഞ്ഞു
അമ്മേ... ചേച്ചിയോട് നല്ല സ്‌നേഹത്തിലൊക്കെ നിന്നോ കേട്ടോ. എന്നെ നോക്കണ്ട. കുറച്ചുനാള് കൂടി കഴിഞ്ഞാ ഞാന്‍ പോകും.
 എങ്ങോട്ട് പോകാന്‍? നീ എന്താ നാട് വിട്ട് പോകുന്നോ?
 ആ ഒരു പ്ലാന്‍ ഉണ്ട്. ഞാന്‍ പോയാ എന്താ ശരിയാവില്ലേ? അവള്‍ അമ്മയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.
എനിക്കറിയാടീ നീയൊക്കെ രണ്ടും പോകും. ഞാനീ കഷ്ടപ്പെടുന്നതൊക്കെ വെറുതെയാ. വയസ്സുകാലത്ത് ഞാന്‍ ഒറ്റയ്‌ക്കേ കാണു.
തന്റെ സമീപത്തിരുന്ന  ഫോണ്‍ ഡിസ്‌പ്ലേയുടെ വെളിച്ചം അപ്പോഴാണ് അവര്‍ ശ്രദ്ധിച്ചത്. ശബ്ദമില്ലാതെ അതില്‍ നിലാ കോളിംഗ് എന്ന് തെളിഞ്ഞുകാണുന്നതിലേക്ക് നിര്‍വികാരതയോടെ അവര്‍ നോക്കിയിരുന്നു. ചുറ്റും ഇരുട്ടുവീണു തുടങ്ങി. പാര്‍ക്കിലെ വെളിച്ചങ്ങള്‍ തെളിഞ്ഞു. അവര്‍ എഴുന്നേറ്റു കായലിനോട് കൂടുതല്‍ ചേര്‍ന്നു നിന്നു.
സരിഗയോടൊപ്പം അവര്‍ ഈ നഗരത്തിലേക്ക് വന്നിട്ട് കുറെക്കാലമായി. തന്റെ മേഖലയില്‍ നിന്ന് അവള്‍തന്നെ ഒരാളെ കണ്ടെത്തിയപ്പോള്‍ വിവാഹത്തിന് അവര്‍ എതിരൊന്നും പറഞ്ഞില്ല. പിന്നീട് കാലം, അവരുടെ ജീവിതത്തിന്റെ ആവര്‍ത്തനം പോലെ രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ മാതാവും, ഭര്‍ത്താവ് ഉപേക്ഷിച്ചവളുമായി സരിഗയെ മാറ്റിയപ്പോഴും അവളെ കുറ്റപ്പെടുത്താതെ അവര്‍ ഒപ്പം നിന്നു.
കൂടുതല്‍ ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അവരുടെ വാര്‍ദ്ധക്യവുമായി ചെറുമക്കളുടെ യുവത്വം കലഹത്തിലേര്‍പ്പെട്ടു. പ്രത്യേകിച്ചും മൂത്തവളുമായി. തന്റെ കാര്യങ്ങളില്‍ ഇടപെടുന്നു, അവളെ കൂടുതല്‍ ശ്രദ്ധിക്കുന്നു. ആവശ്യമില്ലാത്ത അഭിപ്രായങ്ങള്‍ പറയുന്നു  എന്നതിനൊക്കെ, ഇതെല്ലാം വീട്ടിലെ മുതിര്‍ന്നവര്‍ ചെയ്യുന്നതല്ലേ എന്നവര്‍ ചോദിച്ചപ്പോള്‍ ഞാനും ഇപ്പോ മുതിര്‍ന്നു എനിക്ക് പ്രായപൂര്‍ത്തിയായി എന്നവള്‍ തുറന്നടിച്ചു. പിന്നെ ബാത്‌റൂം വൃത്തികേടാക്കുന്നു. ഓര്‍മ്മയില്ലാതെ സാധനങ്ങള്‍ എല്ലായിടത്തും വലിച്ചുവാരി ഇടുന്നു. ഫ്‌ളാറ്റ് മുഴുവന്‍ എപ്പോഴും മൂത്രത്തിന്റെ ഗന്ധമാണ് അങ്ങനെ തൊട്ടു തൊട്ട് പരാതികളും കുറ്റപ്പെടുത്തലുകളും വന്നുകൊണ്ടിരുന്നു.
ടാ... എഴുന്നേറ്റ് വാ പോകാം. താഴെ പോയാപിന്നെ നിന്റെ ബോഡി പോലും കിട്ടില്ല.
അവര്‍ നിന്നിരുന്നതിന്റെ അപ്പുറത്തെ സിമന്റ് തിട്ടയില്‍ കിടന്നിരുന്ന പയ്യനോട് സമീപം നിന്ന മറ്റൊരുവന്‍ വിളിച്ചുപറഞ്ഞു. അവന്‍ എഴുന്നേറ്റു പോയപ്പോള്‍ അവര്‍ അവിടേക്ക് ചെന്നു. ഉയരത്തില്‍ നാട്ടിയിരിക്കുന്ന ഇരുമ്പ് തൂണിന്റെ മുകളില്‍ തൂങ്ങികിടക്കുന്ന ലൈറ്റില്‍ നിന്നുള്ള മഞ്ഞപ്രകാശം കായല്‍ജലത്തിലേക്ക് വീണുകൊണ്ടിരുന്നു.
അമ്മേ എനിക്ക് അമ്മയുടെ ആ മാല ഒന്ന് തരുമോ? ഇന്ന് ഒരു ദിവസത്തേക്ക്.
ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ നിലാ ചോദിച്ചു.
ഇന്നെന്താ പ്രത്യേകത? അല്ലാ നിനക്ക് സ്വര്‍ണ്ണത്തോടൊന്നും ഒരു താല്പര്യവുമില്ലാത്ത കൂട്ടത്തിലാണല്ലോ. പെട്ടെന്നെന്തുപറ്റി?
ഇടാന്‍ അല്ല. പക്ഷേ ഒന്നു വേണം. കാരണം പറഞ്ഞാ ചിലപ്പോ അമ്മ തരില്ല.
അവള്‍ ചിരിച്ചു.
ഇടാന്‍ അല്ലെങ്കില്‍ പിന്നെന്തിനാ?  ഇനി നീ കാരണം പറഞ്ഞാലും ഇല്ലെങ്കിലും ഞാന്‍ തരില്ല. ഇതേ ഞാന്‍ കഷ്ടപ്പെട്ട് വാങ്ങിയതാ. എനിക്ക് ആകെയുള്ള പൊന്നിന്റെ തരി.
അവള്‍ ഒന്നും പറഞ്ഞില്ല എന്നത്തേയും പോലെ അമ്മയ്ക്ക് ഒരുമ്മയും കൊടുത്ത് വേഗം പുറത്തേക്ക്
പോയി.
പാര്‍ക്കില്‍ ആളൊഴിഞ്ഞു തുടങ്ങി. താനിരിക്കുന്ന സ്ഥലം വിജനമാണെന്ന് അവര്‍ അറിഞ്ഞു. സമയമറിയാന്‍ അവര്‍ ഫോണ്‍ നോക്കി. അതില്‍ നിലാ ആറ് മിസ്ഡ് കോളുകള്‍, സരിഗ എട്ട് മിസ്ഡ് കോളുകള്‍ പിന്നെ പരിചയമില്ലാത്ത വേറെയും നമ്പറുകള്‍. അവര്‍ ഫോണ്‍ ബാഗിലേക്കിട്ടു. താഴെ വെള്ളത്തില്‍ ചെറു
മീനുകള്‍ ഏതോ ഒരു മാംസാവശിഷ്ടത്തില്‍ കൊത്തിവലിക്കുകയാണ്. അവര്‍ തന്റെ നിഴല്‍ വെള്ളത്തില്‍ കണ്ടു. പിന്നെ അതിന്റെ ആഴത്തില്‍ താന്‍ മുങ്ങിക്കിടക്കുന്നതും, തന്റെ മുഖത്തും ശരീരത്തിലും മീനുകള്‍ കൊത്തിവലിക്കുന്നതും കണ്ടു. അവരുടെ തല വെള്ളത്തിലേക്ക് തൊടാന്‍ ആഞ്ഞു.
അമ്മേ...
ഉച്ചത്തിലുള്ള വിളികേട്ട് അവര്‍ സാവധാനം തല ഉയര്‍ത്തി. വെപ്രാളത്തോടെ ഓടിക്കിതച്ച് സരിഗ അവരുടെ അരികിലേക്ക് വന്നു.
ഹൊ... ഇവിടെ വന്ന് കാറ്റും കൊണ്ടിരിക്കുകയാണല്ലേ?
ഞാന്‍ എവിടെയൊക്കെ നോക്കി എന്നറിയോ?
സരിഗ അവരുടെ സമീപത്തിരുന്ന് അമ്മയുടെ തോളില്‍ കൈവച്ചു. മൗനം നീണ്ടു.
അമ്മേ... എന്റെ മോള്‍ക്ക് അമ്മ കൊടുത്ത നിലാ എന്ന പേരു മാത്രമേയുള്ളൂ. നമ്മുടെ നിലായെപ്പോലെ
അല്ല അവള്. എന്നെപ്പോലെയോ അമ്മയെപ്പോലയോ ഒന്നുമല്ല. ദേഷ്യം വന്നാ എന്താ പറയുന്നതെന്നറിയാത്ത, ഒരു തലതെറിച്ചവളാ. ആ അവള് എന്തെങ്കിലും പറഞ്ഞു എന്നുവച്ച്.
എന്തെങ്കിലും അല്ല. വീട്ടീന്ന്  ഇറങ്ങി പോകാനാ പറഞ്ഞത്. ഇനി അവിടെ കണ്ടു പോകരുതെന്നും പറഞ്ഞു. അതും അവളുടെ മീന്‍ ഇല്ലാത്ത ആ ഫിഷ് ബൗള്‍ പൊട്ടിച്ചതിന്. കാല് തെന്നിയപ്പോ അറിയാതെ
കൈതട്ടി വീണുപോയതാ.
അവര്‍ തന്റെ കയ്യിലിരുന്ന പേപ്പര്‍ സരിഗയ്ക്കു നീട്ടി. അവള്‍ അതു നോക്കികൊണ്ടിരിക്കെ ദൂരെ അഴിമുഖത്ത് വലിയൊരു കപ്പല്‍ ഉച്ചത്തില്‍ സൈറണ്‍ മുഴക്കി.
അവള്‍ കപ്പലിനെ ശ്രദ്ധിച്ചു. കൃത്യമായ ഇടവേളകളില്‍ ഒരാവര്‍ത്തനം പോലെ അമ്മയുടെ ജീവിതം തന്റേതിലേക്ക് പകര്‍ത്തി കൊണ്ടിരുന്ന സൃഷ്ടാവിന് തന്റെ മകളുടെ കാര്യത്തില്‍ മാത്രം ആ കൃത്യത പുലര്‍
ത്താനായില്ല. അതോ മനഃപൂര്‍വ്വം അവളെപ്പോലൊരു കഥാപാത്രത്തെ സൃഷ്ടിച്ച് അതുണ്ടാക്കുന്ന അനിശ്ചിതത്വങ്ങള്‍ കണ്ടാസ്വദിച്ച് ഒരു സംതൃപ്തി അടയുന്നുണ്ടാവുമോ അയാള്‍.
അവള്‍ അമ്മയെ നോക്കി. അവര്‍ കണ്ണുകളടച്ചിരിക്കുകയാണ്. എന്തു പറഞ്ഞാണ് അമ്മയെ സമാധാനിപ്പിക്കുക എന്ന് സരിഗ ആലോചിച്ചുകൊണ്ടിരിക്കെ അവര്‍ പറഞ്ഞു.
എനിക്ക് അവളോട് ദേഷ്യമോ പിണക്കമോ ഒന്നുമില്ലെന്ന് നീ പറയണം. പക്ഷേ...
സരിഗയുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. ജോലി സംബന്ധമായ ഒരു പ്രധാനപ്പെട്ട കോള്‍ ആയിരുന്നതിനാല്‍ അമ്മേ ഒരു മിനിറ്റ് എന്നു പറഞ്ഞ് അവള്‍ കോള്‍ എടുത്തുകൊണ്ട് അപ്പുറത്തേക്ക് മാറിനിന്നു. സമയം കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അവര്‍ സരിഗയെ ശ്രദ്ധിച്ചപ്പോള്‍ അവള്‍ ഫോണ്‍ സംഭാഷണത്തില്‍ മുഴുകി തന്നില്‍നിന്നും കുറച്ചപ്പുറത്തേക്ക് പോയിരിക്കുന്നു. അല്ലെങ്കിലും എന്നും അവള്‍ തന്നില്‍ നിന്ന് അകലെതന്നെ ആയിരുന്നില്ലേ?
തന്റെ ബാഗില്‍ പരതിയ അവര്‍ ചെറിയയൊരു പൊതി കയ്യിലെടുത്ത് നിവര്‍ത്തി. കീറിയെടുത്തൊരു ഡയറിയുടെ പേജില്‍ പൊതിഞ്ഞ ഒരു മാല. അവര്‍ മാല കയ്യിലെടുത്തശേഷം ഡയറിയുടെ പേജ് നിവര്‍ത്തി.
സ്വന്തം മരണത്തിനും ആറ് മാസങ്ങള്‍ക്കു മുന്‍പ് തന്റെ  മരണദിവസം കൃത്യമായി, വെടിപ്പുള്ള കൈയ്യക്ഷരത്തില്‍ നിലാ എഴുതിയിരിക്കുന്നതിലൂടെ അവര്‍ വിരലോടിച്ചു. ഒരു തേങ്ങല്‍ അവരില്‍നിന്നുയര്‍ന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അതേ ദിവസം കത്തിയൊടുങ്ങിയൊരു ചിതയിലെ പുകയുടെ ഗന്ധം അവര്‍ അറിഞ്ഞു.
മാല ആ പേപ്പറിനുള്ളിലേക്ക് തിരികെ വച്ച് പൊതിഞ്ഞ അവര്‍ സരിഗയെ ഒന്നുനോക്കിയ ശേഷം അത് പതിയെ വെള്ളത്തിലേക്കിട്ടു. എന്തോ ഭക്ഷണമാണെന്ന് കരുതി ഓടിവന്ന മീനുകളുടെ കൊത്തുകളേറ്റു വാങ്ങിക്കൊണ്ട് അത് താഴ്ന്നു പോകുന്നത് അവര്‍ നോക്കിയിരുന്നു.  പിന്നെ നിലാ ഓര്‍മ്മക്കുറവാണെന്ന് പറഞ്ഞു പുച്ഛിച്ച തലച്ചോറിനോടു മല്ലിട്ട് അടുത്ത ഫ്‌ളാറ്റിലെ താമസക്കാരി കൊടുത്ത കെയര്‍ ഹോമിന്റെ നമ്പര്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കാന്‍ തുടങ്ങി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക