കോഴിക്കോട്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാറോടിച്ച മഞ്ചേരി സ്വദേശി സാബിത്ത് റഹ്മാനെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റുചെയ്തത്. ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
വടകര കടമേരി ആര്.എ.സി ഹൈസ്കൂളിന് സമീപം വേളത്ത് താഴെകുനി നെടുഞ്ചാലില്‍ സുരേഷിന്റെ ഏക മകന് ആല്‍വിനാണ് (21) മരിച്ചത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ പ്രമോഷനു വേണ്ടിയുള്ള ചിത്രീകരണത്തിനിടെയാണ് അപകടം. ഡിഫന്‍ഡര്‍, ബെന്‍സ് ജി ക്ലാസ് കാറുകളുടെ റേസിങ് വീഡിയോ ആല്വിന് റോഡില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തവേ വാഹനം ഇടിച്ചുകയറുകയായിരുന്നു.
ബെന്‍സ് ജി ക്ലാസ് കാറാണ് ഇടിച്ചതെന്ന് വ്യക്തമായതോടെയാണ് ഈ വാഹനം ഓടിച്ച സാബിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. അപകടം വരുത്തിയ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്നാണ് വിവരം. അപകടമുണ്ടാക്കിയ രണ്ടു കാറുകളും നിലവില്‍ വെള്ളയില്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
ഡിഫന്‍ഡര്‍ കാറിടിച്ചാണ് യുവാവ് മരിച്ചതെന്ന് ഡ്രൈവര്‍മാര്‍ ആ്ദ്യം മൊഴി നല്‍കിയിരുന്നു. ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതിനാലാണ് ഡിഫന്‍ഡര്‍ കാറാണ് ഇടിച്ചതെന്ന തെറ്റായ വിവരം സംഘം പോലീസിന് നല്‍കിയത്.
അതേസമയം റീല്‍സ് എടുത്ത മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതായി വെള്ളയില്‍ പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ചത്. വിദേശത്തായിരുന്ന ആല്വിന് മെഡിക്കല്‍ ചെക്കപ്പിനായി നാട്ടിലെത്തുകയായിരുന്നു.
മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടം. റോഡിന് നടുവില്‍ നിന്ന് ആല്വിന് രണ്ട് വാഹനങ്ങളുടെ ചേസിങ് ഷൂട്ട് ചെയ്യുമ്പോള്‍ ബെന്‍സ് നിയന്ത്രണം നഷ്ടമായി യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടേയും ബന്ധുവിന്റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.