Image

നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു

Published on 11 December, 2024
നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു

നടിയെ ആക്രമിച്ച കേസിൻറെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. കേസിൻറെ സാക്ഷി വിസ്താരം ഒരു മാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും.

അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി അനുവദിച്ചിരുന്നില്ല. പ്രൊസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും.

കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളുണ്ട്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്.

2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക