കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തെച്ചൊല്ലിയുള്ള മുറുമുറുപ്പുകള്‍ പരസ്യമായ അരോപണ പ്രത്യാരോപണങ്ങളിലേയ്ക്ക് കടക്കുമെന്ന് ഉറപ്പായി. വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് ചുമതലകളൊന്നും തന്നില്ലെന്നും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് തന്നെ ഇറക്കിവിട്ടുവെന്നും കുറ്റപ്പെടുത്തി ചാണ്ടി ഉമ്മന്‍ എം.എല്‍.എ ആണ് നിഴല്‍യുദ്ധത്തിന് വെടിപൊട്ടിച്ചത്.
''ഞാന്‍ എം.എല്‍.എ ആയപ്പോള്‍ മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങിയതാണ്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങലിലെ 40-ലേറെ പഞ്ചായത്തുകളില്‍ ഒന്നില്‍പോലും എനിക്ക് ചുമതല തന്നില്ല. എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും എവിടെയെഹ്കിലും ചുമതല നല്‍കിയിട്ടുണ്ട്. എനിക്ക് മാത്രം അയോഗ്യത കല്‍പ്പിക്കുന്നതില്‍ വിഷമമുണ്ട്. എന്നിട്ടും പ്രവര്‍ത്തനത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല...'' ചാണ്ടി ഉമ്മന്റെ മനോവിഷമം ഇങ്ങനെ.
സംസ്ഥാന കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ പോക്ക് ശരിയല്ലെന്നും ഇങ്ങനെയായാല്‍ എന്തായിത്തിരുമെന്ന പേടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടെന്നും പറഞ്ഞ ചാണ്ടി ഉമ്മന്‍ കെ.പി.സി.സി പ്രസിഡന്റെ കെ സുധാകരനെ കുറ്റപ്പെടുത്താനാവില്ലെന്നും വ്യക്തമാക്കിയതോടെ ആരോപണങ്ങളുടെ കുന്തമുന ചെന്നു തറച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നെഞ്ചിലാണ്. കാരണം ഉപതിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത് സതീശനാണ്.
ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായയെത്തിയ ചാണ്ടി ഉമ്മന് അപ്രധാനമല്ലാത്ത ഒരു സ്ഥാനം നല്‍കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും വിജയിച്ചതും ഒഴിച്ച് ഒന്നുമുണ്ടായില്ല. ആ നിലയ്ക്ക് കോണ്‍ഗ്രസിന് വലിയ തിരച്ചടിയാണ് ചാണ്ടി ഉമ്മന്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍. കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ അവഗണിക്കുകയാണെന്ന നിലപാടിലാണ് അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഷാഫി പറമ്പില്‍ ഒഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന്‍ ആ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. ചാണ്ടി ഉമ്മനെ പരിഗണിച്ചില്ല എന്ന് മാത്രമല്ല ഒരു ചര്‍ച്ചയ്ക്ക് പോലും നേതൃത്വം ചാണ്ടി ഉമ്മനെ വിളിച്ചതുമില്ല. ഇതോടെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഇത് കാര്യമായ ഗുണം ചെയ്തില്ലെന്ന് മാത്രമല്ല നേതൃത്വത്തില്‍ നിന്ന് കൂടുതല്‍ അകലുകയും ചെയ്തു.
ഉമ്മന്‍ചാണ്ടിയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ തന്നെ കാര്യമായി പരിഗണിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന് ആദ്യം മുതല്‍ പരാതിയുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം കൂടി ഉണ്ടായതോടെ തനിക്ക് ഇനി കാര്യമായ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് ചാണ്ടി ഉമ്മന്‍ പരസ്യമായി വിമത ശബ്ദം ഉയര്‍ത്താന്‍ രംഗത്തെത്തിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനുശേഷം ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയപ്പോള്‍ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചാണ്ടി ഉമ്മന് പിന്നാലെ കെ സുധാകരനെ പിന്തുണച്ച് കെ മുരളീധരനും രംഗത്തുവന്നു. കെ സുധാകരന് പാര്‍ട്ടി നയിക്കാനുള്ള ആരോഗ്യമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷനെ മാറ്റേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലെന്നുമാണ് നേതൃമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മുഖത്തടി കൊടുക്കുന്ന മുരളീധരന്റെ പ്രസ്താവന. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചതാണ്. അതിനാല്‍ മാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ച് യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്ന് മുരളീധരന്‍ പറഞ്ഞു.
അതേസമയം ശശി തരൂരും രമേശ് ചെന്നിത്തലയും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവര്‍ ഷാഫി പറമ്പില്‍ പോലെയുള്ള യുവ നിരയുമായി അത്ര അടുപ്പത്തിലുമല്ല. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ പാര്‍ട്ടി പുനസംഘടന നടത്തി വീഴ്ചകള്‍ പരിഹരിച്ച പഞ്ചായത്ത് ഇലക്ഷനൊരുങ്ങാനുള്ള അനൗപചാരിക ചര്‍ച്ചകള്‍ സജീവമായി. ഇതിനിടെ അനാരോഗ്യം കണക്കിലെടുത്ത് കെ സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാന്‍ നീക്കം നടന്നെങ്കിലും താന്‍ മാറുന്നില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് എം.എം ഹസനെയാണ് താല്‍കാലികമായി കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് സുധാകരന്‍ സ്ഥാനം തിരികെ വാങ്ങിയത്. എന്നിട്ട് സ്വന്തം നിലയ്ക്ക് വീണ്ടും ചുമതല ഏല്‍ക്കുകയും ചെയ്തു. അന്ന് മുതല്‍ സുധാകരനെ പുകച്ച് പുറത്ത് ചാടിക്കാന്‍ സുധാകര വിരുദ്ധര്‍ കഠിന പരിശ്രമത്തിലായിരുന്നു.
പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച സ്ഥിതിക്ക് സുധാകരനെ മാറ്റുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചതെന്നും അദ്ദേഹത്തോട് താത്പര്യമുള്ള ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തെത്തണമെന്നുമാണ് മറുവിഭാഗത്തിന്റെ താത്പര്യം.
വി.ഡി സതീശനെതിരെയും പടപ്പുറപ്പാടുണ്ട്. അദ്ദേഹം പങ്കെടുക്കാത്ത യോഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കടുത്ത വിമര്‍ശനം ഉയര്‍ത്തി. കൂടാതെ ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തു. ഇതില്‍ സതീശന്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. സതീശനും സുധാകരനും തമ്മിലുളള ഐക്യമില്ലായ്മ പ്രകടമാക്കുന്ന സംഭവങ്ങളുമുണ്ടായി.
കെ സുധാകരന്‍ അല്ലെങ്കില്‍ പകരം ആര് എന്ന ചോദ്യം പ്രസക്തമാണിപ്പോള്‍. ചില പേരുകള്‍ കോണ്‍ഗ്രസിന്റെ അന്തരീക്ഷത്തില്‍ തത്തിക്കളിക്കുന്നുണ്ട്. സ്ഥാനമോഹികളും ചരടുവലികളുമായി കളത്തിലുണ്ട്. എം.പിമാരായ അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം ലിജു തുടങ്ങിയവര്‍ പ്രസിഡന്റ് സ്ഥാനത്തിനായി അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. പി.സി വിഷ്ണുനാഥ്, വി.ടി ബല്‍റാം, റോജി എം ജോണ്‍, കെ.എസ് ശബരീനാഥന്‍ എന്നിങ്ങനെ യുവനിരയിലുള്ളവരെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. പുനസംഘടനാ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുമ്പോള്‍ വിമത ശബ്ദങ്ങള്‍ കൂടുതല്‍ ശക്തമാകും. പുറമേ ശാന്തമെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ അപസ്വരങ്ങളുടെ പെരുമ്പറ മുഴങ്ങുന്നുണ്ട്.