പാലക്കാട്: വാളയാർ ടോള്‍പ്ളാസയില്‍ രേഖകളില്ലാതെ കാറില്‍ കടത്താൻ ശ്രമിച്ച ഒരു കാേടി രൂപ പിടികൂടി. ഇന്നലെ രാത്രിയിലായിരുന്നു പണം പിടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബി ജെ പി പ്രാദേശിക നേതാവും കിഴക്കഞ്ചേരി സ്വദേശിയുമായ പ്രസാദ് സി നായർ, ഡ്രൈവർ പ്രശാന്ത് എന്നിവരെ ജാമ്യത്തില്‍ വിട്ടു.
കർണാടക രജിസ്ട്രേഷനുള്ള കാറില്‍ പഴം കൊണ്ടുവരുന്ന പെട്ടിയിലായിരുന്നു നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കച്ചവടത്തിന്റെ ആവശ്യത്തിനുള്ള പണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച് രേഖകളൊന്നും ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്ന് പണം പിടിച്ചെടുത്ത് കോടതിക്ക് കൈമാറാനുളള നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയായിരുന്നു. പ്രസാദിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. ഇവിടെനിന്ന് എന്തെങ്കിലും പിടിച്ചെടുത്തോ എന്ന് വ്യക്തമല്ല.