കൊച്ചി: ആന എഴുന്നള്ളിപ്പിൽ മാർഗരേഖ ലംഘിച്ചതിന്
തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി. ദേവസ്വം ഓഫീസർ അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. ദേവസ്വം ഓഫീസറെ ശകാരിച്ച കോടതി മാര്‍ഗരേഖ ലംഘിക്കാന്‍ ആരാണ് നിര്‍ദേശിച്ചതെന്ന് ആരാഞ്ഞു. ദേവസ്വം ഓഫിസറുടെ വിശദീകരണം കോടതി തള്ളുകയും ചെയ്തു.
ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ പാലിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ നിർദേശത്തോട് ഭക്തർ സഹകരിച്ചില്ല എന്നുമായിരുന്നു ദേവസ്വം ഓഫിസർ കോടതിയെ അറിയിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിക്കാൻ താൻ ശ്രമിക്കുകയാണെന്ന് ഭക്തർ ആരോപിച്ചു. തൃക്കേട്ട ദിനത്തിൽ കനത്ത മഴയത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്നും, അപകടങ്ങൾ ഒഴിവാക്കാനാണ് ആനകളെ പന്തലിലേക്ക് മാറ്റി നിർത്തിയതെന്നുമാണ് ദേവസ്വം ഓഫീസർ വിശദീകരണം നൽകിയത്.
ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിനിടെ ആന എഴുന്നള്ളിപ്പിൽ മൂന്നു മീറ്റർ ദൂരം പാലിച്ചില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഹൈക്കോടതിയുടെ മാർഗ നിർദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.