ന്യൂഡല്‍ഹി: പ്രമുഖ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ഇലോണ്‍ മസ്കിന്റെ ടെസ്‌ല ഇന്ത്യയിലേക്കെന്ന് റിപ്പോർട്ട്. ന്യൂഡല്‍ഹിയില്‍ ഷോറൂം സ്ഥാപിക്കാനുള്ള സ്ഥലത്തിനായി തിരച്ചില്‍ പുനരാരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ ഈ വർഷം ആദ്യം ടെസ്‌ല താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു.
നാഷണല്‍ ക്യാപിറ്റല്‍ റീജിയണില്‍ (എൻസിആർ) ഒരു സ്ഥലം കണ്ടെത്തുന്നതിനായി ടെസ്‌ല റിയല്‍ എസ്റ്റേറ്റ് കമ്ബനിയായ ഡിഎല്‍എഫുമായി പ്രാഥമിക ചർച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോർട്ട്. ദക്ഷിണ ഡല്‍ഹിയിലെ ഡിഎല്‍എഫിന്റെ അവന്യൂ മാള്‍, ഗുരുഗ്രാമിലെ സൈബർ ഹബ് സമുച്ചയം എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ കമ്ബനി പരിഗണിക്കുന്നുണ്ട്.
3,000-5,000 ചതുരശ്ര അടി സ്ഥലമാണ് നിലവില്‍ കമ്ബനി തേടുന്നത്. ഡെലിവറിക്കും സേവനത്തിനുമായി ഇതിനേക്കാള്‍ മൂന്നിരട്ടി വലിയ സ്ഥലം ആവശ്യമാണ്. ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്‌ലയുടെ പ്രവേശനം 2024 ന്റെ തുടക്കം മുതല്‍ വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ വർഷം ഏപ്രിലില്‍ തന്റെ ഇന്ത്യ സന്ദർശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തുമെന്ന് മസ്‌ക് സൂചന നല്‍കിയിരുന്നു.