കൊച്ചിയിലൂടെ കുതിച്ചു പായാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) കൂടുതൽ ഇലക്ട്രീക് ഫീഡർ ബസുകൾ വരുന്നു. മെട്രോ സ്റ്റേഷനുകളിൽനിന്ന് മെട്രോ സ്റ്റേഷനുകളിലേക്കും കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലേക്കുമാണ് സർവീസ്. കെഎംആർഎൽ വാങ്ങിയ 15 ഫീഡർ ബസുകൾ ഉടൻ സർവീസിനായി വിന്യസിക്കും. കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിലേക്കും ഫീഡർ ബസ് സർവീസ് നടത്തും. ഒക്ടോബർ ആദ്യവാരമാണ് കെഎംആർഎൽ വോൾവോ, ഐഷർ എന്നീ കമ്പനികളുടെ 32 സീറ്റുള്ള 15 ഫീഡർ ബസുകൾ വാങ്ങിയത്. 90 ലക്ഷം രൂപയാണ് ഒരു ബസിൻ്റെ ഏകദേശ വില. ഒറ്റത്തവണ ഫുൾ ചാർജ് ആകുന്ന ബസ് 160 കിലോമീറ്റർ വരെ സർവീസ് നടത്തും. ഡിസംബർ 15ന് ഫീഡർ ബസുകൾ സർവീസ് ആരംഭിക്കുമെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചത്തേക്ക് ട്രയൽ റണ്ണായാണ് സർവീസ് നടത്തുക. ബസുകളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് സർവീസ് വിന്യസിക്കാനുള്ള തീരുമാനം.
English Summary:
Kochi Metro Rail Limited's electric feeder buses to leap forward."