Image

എയ്‍ഡഡ് സ്കൂളുകളിലെ സ്ഥിരം നിയമനം; വ്യക്തത വരുത്തിയ പുതിയ സർക്കുലർ ഉടൻ

രഞ്ജിനി രാമചന്ദ്രൻ Published on 11 December, 2024
എയ്‍ഡഡ് സ്കൂളുകളിലെ സ്ഥിരം നിയമനം; വ്യക്തത വരുത്തിയ പുതിയ സർക്കുലർ ഉടൻ

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം നിയമനം സംബന്ധിച്ച് നവംബർ 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.  എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. എയ്ഡഡ് സ്‌കൂളുകളിൽ കോടതി ഉത്തരവ് പ്രകാരമുള്ള ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതുവരെ 2021 നവംബർ 8ന് ശേഷമുള്ള മറ്റു നിയമനങ്ങൾ ദിവസവേതന അടിസ്ഥാനത്തിൽ മാത്രമേ മാനേജ്മെന്റുകൾ നടത്താൻ പാടുള്ളൂ എന്നും അല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കി നൽകണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. ഇതിനെയാണ് മാനേജ്‌മെന്റുകൾ എതിർത്തത്.

സർക്കുലറിൽ പറയുന്ന പ്രകാരം  അധ്യാപകരെ ദിവസവേതനക്കാരായി നിയമിച്ചാൽ അവർക്ക് പിന്നീടു സ്ഥിരനിയമനം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം. യോഗ്യതയ്ക്ക് അനുസരിച്ച് ഭിന്നശേഷിക്കാരെ കിട്ടാനില്ലാത്തതാണ് ഭിന്നശേഷി നിയമനം പൂർത്തിയാക്കുന്നതിനുള്ള പ്രധാന തടസ്സം.  ഭിന്നശേഷി സംവരണം പാലിച്ച ശേഷമേ സ്ഥിരനിയമനം നടത്തൂ എന്നാണെങ്കിൽ  ഈ നൂറ്റാണ്ടിൽ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം എന്നത് വെറും കാത്തിരുപ്പുമാത്രമായി അവശേഷിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽനിന്നു പട്ടിക വാങ്ങിയാണു ഭിന്നശേഷിക്കാരെ നിയമിക്കേണ്ടത്.  3 തവണ പത്രത്തിൽ പരസ്യം നൽകിയിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. താൽക്കാലികാടിസ്ഥാനത്തിൽ  നിയമിക്കുന്നവരെ ഭിന്നശേഷി  സംവരണം പൂർത്തിയാക്കിയാൽ മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമന അംഗീകാരം നൽകുമെന്നാണ്  സർക്കാർ ഉറപ്പുനൽകുന്നത്.

 

 

 

English Summary:
Permanent appointments in aided schools; new circular providing clarity to be issued soon."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക