Image

ഗുരുവായൂർ നടയിൽ (രാജൻ കിണറ്റിങ്കര)

Published on 13 December, 2024
ഗുരുവായൂർ നടയിൽ (രാജൻ കിണറ്റിങ്കര)

കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ ഇന്നലെ രാത്രി കണ്ണനെ കാണാൻ ഗുരുവായൂർ നടയിലെത്തിയത്, പകൽ മുഴുവൻ ഏകാദശി പുണ്യവും ദർശനവും നൽകിയ കണ്ണന് ഒട്ടും ക്ഷീണമില്ല, പതിവ് പുഞ്ചിരിയോടെ ക്ഷേത്രകുളക്കടവിൽ വച്ച് ഞങ്ങൾ കണ്ടു, കണ്ട പാടെ ഈ വഴിയൊക്കെ മറന്നോ എന്ന കണ്ണൻ്റെ ചോദ്യം.

എന്താ ചെയ്യ, ഇവിടെ സ്ഥിരതാമസം ആക്കാൻ ആഗ്രഹമുള്ള ആളാ ഞാൻ, ഇതിപ്പോൾ റിട്ടയറായിട്ടും ഓട്ടം നിന്നിട്ടില്ല.  ഞാൻ സങ്കടം പറഞ്ഞു

ഇതൊക്കെ നിർത്തി ഇനിയൊന്ന് വിശ്രമിച്ചൂടെ ?  പത്തിരുപത്തെട്ട് വർഷായില്ലേ ഓടാൻ തുടങ്ങിയിട്ട്?  കണ്ണന് എല്ലാം കൃത്യമായറിയാം.

ഒന്ന് തീരുമ്പോൾ മറ്റൊന്ന്, ഒരു ഓണം ബമ്പറോ വിഷു ബമ്പറോ , ഒരു രണ്ടാം സമ്മാനമെങ്കിലും എനിക്ക് തന്നൂടെ, എത്ര ടിക്കറ്റെടുത്തതാ ഈ നടയിൽ നിന്ന്, ഞാൻ
സങ്കടം പറഞ്ഞു.

അതിലൊന്നും കാര്യമില്ല, 25 കോടി അടിച്ചവനും ഭിക്ഷക്കാരുടെ പിച്ചപ്പാത്രത്തിൽ ഇടുന്നത് ഒരു രൂപയുടെ കോയിനാണ്, ഞാൻ നിത്യം കാണുന്നതല്ലേ.  ഭഗവാൻ പറഞ്ഞു

അതിപ്പോൾ ഒന്ന് പച്ച പിടിച്ചാൽ വന്ന വഴി മറക്കുന്നത് മലയാളിയുടെ  രക്തത്തിലുള്ളതല്ലേ, ഞാൻ പറഞ്ഞു

അല്ലെങ്കിലും വിജയം, സമ്പത്ത്,  അത് നൽകുന്ന സുഖം, അഹങ്കാരം എല്ലാം ക്ഷണികമാണ്.  പത്താം ക്ലാസിൽ റാങ്ക് കിട്ടിയ കുട്ടിയെ പറ്റി പിന്നീട് ആരെങ്കിലും ചിന്തിക്കാറുണ്ടോ, റിയാലിറ്റി ഷോയിൽ ഫസ്റ്റ് കിട്ടിയ ഗായകനെ ആരെങ്കിലും ഓർക്കാറുണ്ടോ, അതുപോലെയാണ് സമ്പത്തും , ഭഗവാൻ ഉപദേശിയായി

അമ്പലത്തിൽ ടി.വി ഒന്നും ഇല്ലല്ലോ പിന്നെങ്ങനെ കണ്ണന് റിയാലിറ്റി ഷോയുടെ ഒക്കെ വിവരം ? ഞാനൊരു സംശയം ചോദിച്ചു.

നടയടച്ചാൽ പിന്നെ ഞാൻ എല്ലാ വീടുകളും സന്ദർശിക്കില്ലേ, അവിടെയൊക്കെ ആരും എന്നെ ഗൗനിക്കാതെ ടി.വി യുടെ മുന്നിലായിരിക്കും.

എങ്കിൽ പിന്നെ മുംബൈയിലേക്കും ഒന്ന് വന്നു കൂടെ, എന്നാൽ എനിക്ക് ഇങ്ങോട്ട് വരാതെ കഴിക്കാലോ , ഞാൻ ടി വി യും മൊബൈലും ഒക്കെ ഓഫാക്കി വച്ചു കൊള്ളാം.  

ഇവിടെ ഈ അമ്പലവട്ടത്ത് സംസാരിക്കുന്ന പോലെ നമുക്ക് ഫ്രീയായി മുംബൈയിലെ 500 സ്ക്വയർ ഫീറ്റ് ബിൽറ്റപ് ഫ്ലാറ്റിൽ സംസാരിക്കാൻ പറ്റോ?  ഭഗവാൻ്റെ മറു ചോദ്യം

അതൊക്കെ പോട്ടെ, ഏകാദശി എങ്ങനെയുണ്ടായിരുന്നു ഇന്നലെ ? ഞാൻ വിഷയം മാറ്റി.

ഇവിടെ എന്നും തിരക്കല്ലേ?  ഇന്നലെ ഏകാദശി കാരണം വരിയിൽ കുറച്ച് പേർക്കേ നിൽക്കാൻ പറ്റിയുള്ളൂ, അതുകൊണ്ട് തിരക്കിത്തിരി കൂടുതൽ ആയിരുന്നു, ഭഗവൻ പറഞ്ഞു.

അതെന്താ, വരിയിൽ  പതിവിലും  കുറച്ചാളുകൾ ?

ഹേയ് ഇന്നലെ ഏകാദശിയല്ലേ, പുഴുക്കും പഴങ്ങളും വയറു മുട്ടെ കഴിച്ച് രണ്ടാൾ നിൽക്കുന്ന സ്ഥലമല്ലേ ഓരോരുത്തർ കൈയടക്കി വച്ചത്.  നമ്മുടെ ആളുകൾക്ക് ഏകാദശി എന്ന് വച്ചാൽ അരിഭക്ഷണം ഒഴിവാക്കൽ മാത്രമാണല്ലോ.

അതല്ല, ഏകാദശിക്ക് പതിവായി ഉണ്ടാവുന്ന ഉദയാസ്തമന പൂജ ഇത്തവണ തുലാമാസത്തിലേക്ക് മാറ്റി എന്ന് കേൾക്കാനുണ്ടല്ലോ.  ഞാൻ ചോദിച്ചു.

ഹാ, വേഷവും ശീലങ്ങളും മാറും പോലെ അവർ അവർക്കിഷ്ടം പോലെ ആചാരങ്ങളും മാറ്റുന്നു.

അങ്ങനെ പറയരുത്, ഉദയാസ്തമന പൂജ  ദിവസം, കൂടുതൽ വിധികളും പൂജകളും ഉണ്ടാവില്ലേ, ഇവിടുത്തെ തിരക്ക് കുറക്കാനല്ലേ അതൊക്കെ ചെയ്യുന്നത്. ഞാൻ ഒരു നിമിഷം ദേവസ്വംകാരനായി.

തിരക്കുണ്ടെന്ന് കരുതി ശബരിമലയിൽ മകരവിളക്ക് വൃശ്ചികത്തിൽ നടത്തുമോ ? ഞാൻ  ഒന്നിനും പ്രതികരിക്കില്ല എന്ന് കരുതിയാണ് ഇതൊക്കെ.

എന്തിനും പ്രതികരിക്കാത്ത ദേഷ്യപ്പെടാത്ത ഈ പുഞ്ചിരിയല്ലേ കണ്ണനോട് ഇത്ര ഇഷ്ടം ആളുകൾക്ക്. ഞാൻ ഭഗവാനെ സാന്ത്വനിപ്പിച്ചു.

പക്ഷേ, ആളുകൾ misuse ചെയ്യുകയാണ് എന്റെ  ഈ ശാന്തത.  ഭഗവാന് പുഞ്ചിരിയിലും ദേഷ്യം പടർന്നു.

മുംബൈയിലെ ലേഡീസ് കോച്ചിലെ ലഹള പോലെ ദേഷ്യം വന്നപ്പോൾ  ഭഗവാൻ ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിക്കാൻ  തുടങ്ങി.

അതൊക്കെ പോട്ടെ, നീയിപ്പോൾ എന്താ പെട്ടെന്ന് ഈ രാത്രി ഇങ്ങോട്ട്, ഭഗവാൻ നഷ്ടപ്പെട്ട പുഞ്ചിരി മുഖത്ത് വരുത്തി വീണ്ടും ചോദിച്ചു.

ഒന്നുമില്ല, ഉറക്കം വരാത്ത രാത്രികളിൽ, മനസ്സ് അശാന്തമാകുമ്പോൾ ഞാനിറങ്ങി നടക്കും, എങ്ങോട്ടെന്നില്ലാതെ.  ലക്ഷ്യമില്ലാത്ത ആ യാത്രകളൊക്കെ  എത്തിച്ചേരുന്നത് ഈ നടയിലാണ്.   ഞാൻ പറഞ്ഞു.

എന്റെ കണ്ഠം ഇടറിയത് അറിഞ്ഞോ എന്തോ, കണ്ണൻ എന്നെ തോളോട് ചേർത്ത് ഒരക്ഷരം ഉരിയാടാതെ സാന്ത്വനിപ്പിച്ചു,  ഞാൻ ഒരു വേള സുധാമയായി.  കണ്ണ് തുറന്നപ്പോൾ മുന്നിൽ ശൂന്യത,  മതിൽക്കെട്ടിനകത്തെ  നാഴികമണി നാലുവട്ടം ശബ്ദിച്ചു.   ഒരോടക്കുഴലൽ വിളിയുടെ നേരിയ ശബ്ദം അമ്പലക്കുളത്തിലെ ഓളങ്ങളിൽ പ്രതിധ്വനിച്ചു. ക്ഷേത്രം ദ്വാദശി പൂജകൾക്കായി ഒരുങ്ങുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക