കുന്നംകുളം ചീരൻ വീട്ടിൽ പോൾസൺ തോമസും വൈക്കം അക്കരപ്പാടം ചിറയിൽ വത്സ വർഗീസും കോളജ് പ്രൊഫസർമാരായിരുന്നു. നാല്പത്തെട്ടാം വിവാഹവാർഷികദിനത്തിൽ വത്സ കടന്നുപോകും വരെ അവർ ഒന്നിച്ചേ യാത്ര ചെയ്തിട്ടുള്ളു. എഴു ഭൂഖണ്ഡങ്ങളിലും പോയി-37 രാജ്യങ്ങളിൽ.
ബ്രസീലിൽ പോകാൻ ആലോചിക്കുന്നതിനിടയിലാണ് 2023 നവംബർ 23 നു വത്സ എന്നെന്നേക്കുമായി വിട പറഞ്ഞത്. അവരൊന്നിച്ച് ഒടുവിൽ പോയത് ഇൻഡോനേഷ്യയിലെ ബാലീ ദ്വീപിലേക്ക് . വൽസക്കു കടുത്ത ആസ്മ മൂലം ശ്വാസം മുട്ടൽ കലശമായതിനാൽ ഓക്സിജൻ കിറ്റുമായാണ് യാത്ര ചെയ്തത്. വീൽചെയറിൽ വൽസയെ കൊണ്ടുനടന്നു. മധുരിക്കും ഓർമകളുമായി മടങ്ങി വന്നു.
സിംഗപ്പൂരിൽ വെർട്ടിക്കൽ ഗാർഡനു മുമ്പിൽ
2003ൽ വിശുദ്ധ നാടുകൾ സന്ദർശിച്ചുകൊണ്ടായിരുന്നു തുടക്കം. ഇസ്‌റയേലും ജോർദാനും ഈജിപ്തും കണ്ടു മടങ്ങും വഴങ്ങി പത്തു ദിവസം ദുബൈയിൽ തങ്ങി. ഗൾഫ് കാണാതെയുള്ള ലോകപര്യടനത്തിനു എന്തർത്ഥം? യാത്രകൾക്കു എറണാകുളം ആസ്ഥാനമായ സോമൻസ് ലിഷർ ടൂർസിനെയാണ് ആശ്രയിച്ചത്. ചില യാത്രകളിൽ സോമൻ തന്നെ ഒപ്പമുണ്ടായിരുന്നു.
അച്ഛനും അമ്മയും ഒഴികെ എന്തും വാങ്ങാൻ കിട്ടുന്ന പട്ടണമെന്നാണ് കുന്നംകുളത്തെപ്പറ്റി പറയാറ്. 1947ൽ തുറന്ന അവിടത്തെ എച് ആൻഡ് സി സ്റ്റോറിന്റെ മുഴുവൻ പേര് ഹിമാലയം ടു കേപ്കൊമോറിൻ എന്നാണ്. ആസേതു ഹിമാചലം എന്തും കിട്ടുമെന്നർത്ഥം.
വലിയ ക്രിസ്തീയ പാരമ്പര്യം അവകാശപ്പെടുന്ന പട്ടണം കൂടിയാണ് കുന്നംകുളം. അവിടത്തെ പുലിക്കോട്ടിൽ, പനക്കൽ, പാറമേൽ, ചീരൻ കുടുംബങ്ങളിൽ ചീരൻ കുടുംബത്തിലെ അംഗമാണ് പോൾസൺ. 1666 മുതൽ ലിഖിത ചരിത്രമുള്ള കുടുംബം.
ഇൻഡോനേഷ്യയിലെ ബാലി ദ്വീപിൽ
ജബൽപൂരിൽ നിന്ന് കോമേഴ്‌സിൽ മാസ്റ്റേഴ്‌സ് എടുത്തുവന്ന അദ്ദേഹം 25 ആം വയസിൽ മണ്ണാർകാട് എംഇഎസ് കോളജിൽ സേവനം തുടങ്ങി. പൊന്നാനി കഴിഞ്ഞു കൊടുങ്ങല്ലുർ എംഇഎസ് കോളജിൽ വകുപ്പു മേധാവിയായി റിട്ടയർ ചെയ്തു. എൽഎൽബി ബിരുദവും നേടിയിട്ടുണ്ട്. വൽസയാകട്ടെ കേരള യുണിവേഴ്‌സിറ്റി യിൽ നിന്ന് ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ എംഎസ്സി എടുത്ത് തൃശൂർ വിമല കോളേജിൽ ബോട്ടണി വിഭാഗം എച്ച്ഒഡിയായി പിരിഞ്ഞു.
വത്സയുടെ സഹോദരങ്ങൾ ഉൾപ്പെടെ ഒരുപാടു ബന്ധുക്കൾ ഡാലസിലുണ്ട്. ഞങ്ങൾ ഒന്നിച്ച് അവരെയൊക്കെ കാണാൻ പോയി. വത്സയുടെ വലിയ പേരപ്പൻ വർക്കി ഐപ്പോര വൈക്കം മുനിസിപ്പൽ കൗൺസിലറും രണ്ടുതവണ തിരുവിതാംകൂർ പ്രജാ സഭയിൽ അംഗവും ആയിരുന്നു.
മനോരമ മാട്രിമോണിയൽ കോളത്തിൽ 35 രൂപ മുടക്കി പരസ്യം ചെയ്താണ് വൽസയെ കണ്ടെത്തിയത്. പാലക്കാട്, തൃശൂർ എഡിഷനുകളിൽ മാത്രമായിരുന്നു പരസ്യം. 'തൃശൂർ ജില്ലയിൽ ജോലിയുള്ള കോളജ് അദ്ധ്യാപികയെ വേണം' എന്ന പരസ്യത്തിനു വത്സയുടെ സഹപ്രവർത്തക ഫിസിക്സിലെ ഏലിയാമ്മ ഫിലിപ് മറുപടി നൽകി-ഇവിടെ ഒരാളുണ്ട്.
ഭൂട്ടാനിലെ പാരോ വിമാനത്താവളത്തിൽ
തൃശൂരിൽ കെട്ടിയ വീടും തൊടിയും ഉപേക്ഷിച്ച് ആലുവ യുസി കോളജിനോട് ചേർന്നുള്ള ചാക്കോ ഹോംസിലേക്ക് ചേക്കേറിയത് പത്തു വർഷം മുമ്പാണ്. വയസുകാലത്തു പരസ്പരം സ്നേഹിച്ചു സഹായിച്ചു ജീവിക്കുന്ന സമൂഹം. ഇടയ്ക്കിടെ കാറോടിച്ച് സ്വന്തം തൊടിയിൽ പോയി വിളയിച്ചെടുത്ത വാഴപ്പഴം കൊണ്ടുവന്നു പങ്കു വയ്ക്കും.
സീനിയർ സിറ്റിസൺസ് ഹോംസിൽ ആയിട്ടും അവിടത്തെ കൃഷിയിടത്ത് തൂമ്പയും കൈക്കോട്ടുമെടുത്ത് പണിയെടുക്കും. 2023ൽ ഹോംസിന്റെ രജത ജൂബിലിക്ക് നടത്തിയ പ്രശ്ചന്ന വേഷ മത്സരത്തിൽ 'മിസ്റ്റർ യൂണിവേഴ്‌സ്' വേഷം കെട്ടി ഒന്നാം സമ്മാനം നേടി.
യാത്രകൾ ഇത്രയൊക്കെ നടത്തിയിട്ടും യാത്രാനുഭങ്ങളെപ്പറ്റി പ്രസംഗിക്കുകയോ ഒരു വരിയെകിലും എഴുതുകയോ ചെയ്തിട്ടില്ല. കുടുംബത്തിൽ പെട്ട യുസി കോളജ് മുൻ പ്രൊഫസർ ഫാ. ഡോ. ജോസഫ് ചീരൻ എത്ര പ്രശസ്തനായ ചരിത്രകാരനാണ് എന്നൊക്കെ പറഞ്ഞു നോക്കി, ആ മനസ് ഒന്നിളക്കാൻ.
ഓസ്‌ട്രേലിയയിൽ ഹോട് എയർ ബലൂണിൽ
യാത്രകൾക്കിടയിൽ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. 2011ൽ 21 ദിവസത്തെ അമേരിക്കൻ പര്യടനത്തിനിടയിൽ സാൻഫ്രാൻസിസ്‌കോയിൽ എത്തി. തിരുവന്തപുരത്തു എസ്ബിഐ മാനേജരും രഞ്ജി ട്രോഫിക്യാപ്റ്റനുമായിരുന്ന തമ്പി ഒപ്പമുണ്ടായിരുന്നു. നല്ല ആരോഗ്യവാൻ. പോകുന്നിടത്തൊക്കെ ജിമ്മിൽ പോകും . ഞാൻ കൂടെപ്പോയി നോക്കി നിൽക്കും.
തമ്പിക്ക് കാലിനു നീരു വന്നു പൊട്ടി. പതിനഞ്ച് വയസുള്ളപ്പോൾ തനിക്കു ഫൈലേറിയാസിസ് (മന്ത്) വന്ന കാര്യം തമ്പി ഓർമ്മിച്ചു. ഞങ്ങൾ ഉടനെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഓടി. പക്ഷെ അവിടെയാർക്കും അങ്ങിനെയൊരു രോഗത്തെപ്പറ്റി അറിവില്ല. മെഡിസിന് പല തവണ നൊബേൽ സമ്മാനം നേടിയിട്ടുള്ള അമേരിക്കയിൽ യാത്രയിലുടനീളം ചികിത്സ കിട്ടാതെ തമ്പിക്ക് കഴിയേണ്ടി വന്നു.
മറ്റൊരിക്കൽ അഞ്ചു യൂറോപ്യൻ രാജ്യങ്ങളിലെ യാത്രക്കിടയിൽ ഡെന്മാർക്കിൽ എത്തിയപ്പോഴുള്ള മറ്റൊര നുഭവം. ഫോർ സ്റ്റാർ ഹോട്ടലിൽ യൂറോപ്യൻ ബ്രെക് ഫാസ്റ്റ്. അതു കഴിഞ്ഞാലുടൻ കപ്പലിൽ ഫിൻലണ്ടിലേ
ക്കു പോകാനുള്ളതാണ്. കാപ്പി കുടിക്കുന്നതിനിടയിൽ അൽപ്പം പഞ്ചസാര എടുക്കാൻ പോയി കൂട്ടത്തിലുള്ള ഒരു വനിത. തിരികെ വരുമ്പോൾ മേശയിൽ വച്ചിരുന്ന ഹാൻഡ് ബാഗ് കാണാനില്ല.
ന്യൂസിലാൻഡിൽ ജലവിമാനത്തിനരികെ
മണ്ണാർക്കാട് ആശുപത്രി നടത്തുന്ന ഡോക്ടറുടെ ഭാര്യയാണ്. ബാഗിൽ 3000 ഡോളറും ഒരുലക്ഷത്തോളം രൂപയും രണ്ടു സ്മാർട്ട് ഫോണും lആഭരണങ്ങളും ഉണ്ടായിരുന്നു. റിസപ്‌ഷനിൽ പരാതി പറഞ്ഞപ്പോൾ അവർ കൈമലർത്തി. അവിടെ സിസി ടിവി ഇല്ല. പോലീസ് സ്റ്റേഷൻ അന്വേഷിച്ചു പോയി. അതാണ് ഏറ്റവും വിചിത്രം. സ്റ്റേഷൻ പത്തു മണിക്കേ തുറക്കൂ. അഞ്ചു മണി വരെ. എന്നിട്ടും കാത്തു നിന്ന് പരാതി പറഞ്ഞു. പോലീസ് എല്ലാം കേട്ട് എന്തൊക്കെയോ എഴുതിയെടുക്കുകയും ചെയ്തു. പക്ഷെ ഇന്നിതു വരെ ബാഗിന്റെ പൊടിപോലും കിട്ടിയിട്ടില്ല.
പോൾസന്റെ ഹണിമൂൺ യാത്രകൾ യെസ്ദിമോട്ടോർ സൈക്കിളിലായിരുന്നു. പിന്നീട് ടിവിഎസിന്റെ ചെറിയൊരു ബൈക്ക് വാങ്ങി. പ്രീമിയർ പദ്മിനി കാറിൽ തുടങ്ങി മാരുതി റിറ്റ്സിൽ എത്തി നിൽക്കുന്നു കാറുകൾ. ബാംഗ്ളൂർ. മൈസൂർ. യേർക്കാട്, ബത്തേരി ഒക്കെ പോകാറുണ്ട്. സ്റ്റെർലിങ് ടൈം ഷെയർ അംഗമാണ്. മൂന്നാർ ചിന്നക്കനാലിലെ സ്റ്റെർലിങ് റിസോർട്ടിൽ 47 വർഷം പതിവായി പോകുമായിരുന്നു.
ഡെൻമാർക്ക് കൊട്ടാരത്തിനു മുമ്പിൽ
ഒന്നിച്ച് എല്ലാ മലയാള സിനിമയും കാണുന്ന പതിവുണ്ടായിരുന്നു. നസീറിന്റെയും സത്യന്റേയും ശാരദയുടെയും പദ്മരാജന്റെയും ഭരതന്റെയും ഒരു ചിത്രം പോലും വിടില്ലായിരുന്നു. പ്രായമായതോടെ സിനിമയയോടുള്ള കമ്പം കുറഞ്ഞു. വത്സ പോയതിൽ പിന്നെ ഒരു ചിത്രവും കണ്ടിട്ടില്ല. ഗുകേഷ് ലോക കിരീടം നേടിയതിനു പിറ്റേന്നു ഞാൻ വിളിക്കുമ്പോൾ ചെസ്സ് കളിയുടെ തിരക്കിലാണ് പോൾസൺ.
ആലുവ ഫെലോഷിപ് ഹൗസിന്റെ കീ ഴിൽ 1998ൽ ആരംഭിച്ചതാണു ചാക്കോ ഹോംസ്. നൂറിലേറെ അന്തേവാസികൾ. പോൾസൺ എത്തിയശേഷം 54 പേർ കടന്നു പോയി. വിദേശത്തുള്ള മക്കളുടെ വിളിയും സന്ദർശനവും നോക്കിപ്പാർത്തിരിക്കുന്നവർ. പലരും യുഎൻ പോലുള്ള വലിയ പ്രസ്ഥാനങ്ങളിൽ നിന്നു വിരമിച്ചവർ. സിവിൽ സർവീസി ൽനിന്നു വിരമിച്ച കുരുവിള ജോർജ്, എന്റെ ബാല്യകാലസുഹൃത്ത് എം ആർഎഫ് ആർ ആൻഡ് ഡി മേധാവിയായിരുന്ന വി.സി. ജേക്കബ് ഉൾപ്പെടെ
മകൾ മിനു, ഭർത്താവ് ശ്രീഹരി, മക്കൾ മിയ, ബെല്ല '
എനിക്ക് 77 വയസായി. വത്സ മരിക്കുബോൾ 76. ചാക്കോ ഹോംസിലെ സഹവാസികൾ 60-94 പ്രായക്കാർ. ജീവിതത്തിന്റെ വസന്തകാലം കഴിഞ്ഞു ഗോൾഡൻ എയ്ജിൽ നടക്കുന്നവർ,'-വെളുപ്പിന് അഞ്ചു മണിക്ക് റെഡിയായി എന്നെ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് കാറോടിച്ച് കൊണ്ടുപോകും വഴിപോൾസൺ പറഞ്ഞു. പതിനഞ്ചു മിനിറ്റിന്റെ ഡ്രൈവിനിടയിൽ ആലുവയുടെ ചരിത്രവും ഭൂമിശാസ്ത്രവും കൂട്ടിക്കലർത്തിയ റണ്ണിങ് കമന്ററി. നല്ല ശമരിയേക്കാരനായ ഇങ്ങിനെയൊരു സഹചാരിയെ എവിടെക്കിട്ടും!
പ്രശ്ചന്ന വേഷ മത്സരം--രാജിജോർജ്. ബീനമാത്യു, ആനി ജേക്കബ്,; മിസ്റ്റർ യൂണിവേഴ്‌സായി പോൾസൺ
ദമ്പതിമാർക്ക് ഒരു മകൾ. എംബിഎക്കാരി മിനു കോയമ്പത്തൂരിൽ കോട്ടക് മഹീന്ദ്രയിൽ ഉദ്യോഗസ്ഥയായി
രുന്നു. ഐടി കാരനായ ശ്രീഹരിയാണ് ഭർത്താവ്. അവർക്കു രണ്ടു പെൺകുട്ടികൾ- എറണാകുളം ചോയിസ് സ്‌കൂളിൽ പഠിക്കുന്ന മിയയും ബെല്ലയും.
യുസി കോളജ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത ശേഷം ആലുവ ഫെലോഷിപ് ഹൗസിന്റെ സെക്രട്ടറിയും സിഇഒയുമായി സേവനം ചെയ്യുന്ന ഡോ.എം ഐ പുന്നൂസിന്റെ 'ജർമനിയിൽ ചില ദിനങ്ങൾ' എന്ന യാത്രാ ഗ്രന്ഥത്തിന്റെ പ്രകാശനവേളയിലാണ് പോൾസനെ ഞാൻ ആദ്യമായി കണ്ടുമുട്ടിയത്.
ചാക്കോ ഹോംസിൽ വിളവെടുപ്പ്, ഒപ്പം ഡോ.എംഐ പുന്നൂസ്
ചാക്കോ ഹോംസിലെ എം തൊമ്മൻഹാളിൽ നടന്ന ചടങ്ങിൽ യുസി കോളജ് പ്രിൻസിപ്പൽ ഡോ മിനി ആലീസ് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം നിർവഹിച്ചതു പ്രശസ്ത നിരൂപകൻ പ്രൊഫ. എം.തോമസ് മാത്യു. പ്രൊഫ. മാത്യു കോശി, പികെ വത്സൻ, റവ. സിജു സി. ഫിലിപ് എന്നിവർ ആശംസകൾ നേർന്നു.
പുസ്തക പ്രകാശനം- മിനി ആലീസ്, എം. തോമസ് മാത്യു, ലേഖകൻ, എംഐ പുന്നൂസ്, റവ. സിജു സി. ഫിലിപ്