ഹ്യൂസ്റ്റൺ: ടെക്‌സാസിലെ സമ്പന്ന നഗരങ്ങളിലൊന്നായ ഷുഗർലാൻഡ് സിറ്റി കൗൺസിൽ അറ്റ് ലാർജ് പൊസിഷൻ ഒന്നിലേക്ക് മലയാളികൾക്ക് സുപരിചിതനായ ഡോ. ജോർജ് കാക്കനാട്ട് മത്സരിക്കുന്നു. മെയ് മൂന്നിനാണ് ഇലക്ഷൻ. ഏപ്രിൽ 21 മുതൽ 29 വരെ ഏർലി വോട്ടിംഗ്.
മേയറും ആറ് കൗണ്സിലർമാരുമാണ് നഗരത്തിന്റെ ഭരണം നടത്തുന്നത്. അതിൽ രണ്ടു പേർ അറ്റ് ലാർജ് കൗണ്സിലർമാരാണ്. അതായത് മൊത്തം വോട്ടർമാരാണ് അവരെ തെരഞ്ഞെടുക്കുന്നത്.
ആകെ 111,000 ൽ പരം ജനസംഖ്യയുള്ള ഷുഗർലാണ്ടിൽ 38 ശതമാനം വീതം ഏഷ്യക്കാരും വെള്ളക്കാരും ആണ് . 12 ശതമാനം ഹിസ്പാനിക്കുകയും 7 ശതമാനം കറുത്തവരും. വലിയ തോതിൽ മലയാളികളുണ്ട്. റിപ്പബ്ലിക്കൻ പക്ഷത്തുള്ള നഗരമെങ്കിലും സിറ്റി കൗൺസിൽ ഇലക്ഷൻ കക്ഷിരഹിതമാണ്.
സാമ്പത്തിക അച്ചടക്കം പാലിക്കുക , ജീവിത നിലവാരം ഉയർത്തുക, പൊതുസുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഡോ. ജോർജ് രംഗത്തിറങ്ങിയിരിക്കുന്നത്.
നഗരത്തിൻ്റെ ബജറ്റ് ഫലപ്രാപ്തിക്കും കാര്യക്ഷമതയ്ക്കും ലേസർ പോലെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നദ്ദേഹം നിർദേശിക്കുന്നു. നികുതികളും പിഴകളും ഫീസും മിനിമം ആക്കണം. ഏറ്റവും കുറഞ്ഞ ചെലവിൽ സേവനങ്ങൾ നൽകുന്നതിനായി നഗരത്തിന്റെ വളർച്ചയിലും വികസനത്തിലും എല്ലാ ഘട്ടങ്ങളിലും ജനപങ്കാളിത്തം ഉറപ്പാക്കണം.
പൊതു സുരക്ഷയ്ക്കാണ് മുൻഗണന. പോലീസ്, ഫയർ, റെസ്‌ക്യൂ, എമർജൻസി മെഡിക്കൽ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ തുടരണം. പാർക്കുകളും പൊതു സ്ഥലങ്ങളും എല്ലാവർക്കും ഉപകരിക്കത്തക്ക രീതിയിൽ പരിപാലിക്കണം .
കുടുംബങ്ങൾക്കും ബിസിനസ്സിനും മികച്ച അവസരങ്ങൾ നൽകുന്ന ടെക്‌സാസിലെ ഏറ്റവും നല്ല നഗരമായി ഷുഗർലാൻഡ് മാറണം-തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. മികച്ച നഗരമായി ഷുഗർലാൻഡ് കെട്ടിപ്പടുത്തവർക്കു അദ്ദേഹം നന്ദിയും പറയുന്നു.
ഏറ്റവും നല്ല റെസ്യുമെയുമായാണ് (ജീവചരിത്രക്കുറിപ്പ്) ഡോ. ജോർജ് രംഗത്തിറങ്ങുന്നത്. യു.എസ് എയർഫോഴ്സ് ക്യാപ്റ്റൻ ആയ അദ്ദേഹം ഇറാഖ് യുദ്ധം ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിൽ പങ്കെടുക്കുകയുണ്ടായി.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്ടായ ഡോ. ജോർജ്, ആഴ്ചവട്ടം പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ്.
താനും ഭാര്യ സാലിയും തങ്ങളുടെ ബിസിനസ്സ് കെട്ടിപ്പടുത്തതും മൂന്ന് മക്കളെ വളർത്തിയതും ഷുഗർ ലാൻഡിലാണ് എന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രകടനപത്രികയിൽ പറയുന്നു. മക്കൾ ഹൂസ്റ്റൺ സർവകലാശാലയിലും FBISD സ്കൂളുകളിലും പഠിച്ചവരാണ് .
'ഞങ്ങൾ ഈ നഗരത്തെ സ്നേഹിക്കുന്നു. എൻ്റെ ജീവിതം വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും കുടുംബത്തിനും സ്വതന്ത്ര സംരംഭത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമാണ്. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും നമ്മുടെ രാജ്യം, നമ്മുടെ സമൂഹം, നഗരം എന്നിവയാണ് എൻ്റെ മുൻഗണനകൾ.'
സൈനിക സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അദ്ദേഹം ബർണി റോഡ് മുനിസിപ്പൽ യൂട്ടിലിറ്റീസ് ബോർഡ് ഓഫ് ഡയറക്റ്ററായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗ്ലെൻ ലോറൽ ഹോം ഓണേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു.
ബിസിനസ് സംരംഭകൻ എന്ന നിലയിൽ, ഫോർട്ട് ബെൻഡ് ചേംബർ ഓഫ് കൊമേഴ്സ് അംഗമാണ്. ഷുഗർ ലാൻഡ് റോട്ടറി, ഷുഗർ ലാൻഡ് ലയൺസ് ക്ലബ്, സെൻ്റ് തെരേസാസ് കാത്തലിക് ചർച്ചിലെ നൈറ്റ്‌സ് ഓഫ് കൊളംബസ് എന്നിവയിലും അംഗമാണ് . മുൻ സൈനികൻ എന്ന നിലയിൽ ഷുഗർ ലാൻഡ് അമേരിക്കൻ ലീജിയൻ പോസ്റ്റ് 942 ൽ അംഗമെന്നതിലും അഭിമാനിക്കുന്നു.