പ്രശസ്ത നാടക നടൻ തോപ്പിൽ കൃഷ്ണപിള്ള ഓർമ്മയായിട്ട് ഇന്ന് 36 വർഷം.
ആലപ്പുഴയിലെ വള്ളികുന്നത്ത് തോപ്പിൽ പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായ കൃഷ്ണപിള്ള, പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ തോപ്പിൽ ഭാസിയുടെ അനുജനാണ്.
സ്കൂൾ പഠനകാലത്ത് കാമ്പിശ്ശേരി കരുണാകരൻ എഴുതി അവതരിപ്പിച്ച 'ഭ്രാന്തൻ്റെ പരമാർത്ഥം അഥവാ വൈതരണി' എന്ന നാടകത്തിലൂടെ അഭിനയത്തിന് തുടക്കമിട്ട കൃഷ്ണപിള്ള പിന്നിട് സ്കൂൾ വാർഷിക വേദിയിലെ സ്ഥിരം നടനായി മാറി. കോളേജിൽ ചേർന്നപ്പോൾ കലാവിഭാഗത്തിൻ്റെ ചുമതലയേറ്റെടുത്ത ഇദ്ദേഹം വിജെടി ഹാളിൽ നടന്ന ഒരു മത്സരത്തിൽ സ്വയം സംവിധാനം ചെയ്ത് അവതരിപ്പിച്ച 'കോട്ടാത്തല സുരേന്ദ്രൻ്റെ അന്ത്യം' 'ബാലു സ്വാമിയുടെ ജീവിതം' എന്നീ ചലനാത്മക ദൃശ്യങ്ങൾ ഏറെ പ്രശംസ നേടി. ജനാധിപത്യ യുവജന സംഘടന ആലപ്പുഴയിൽ നടത്തിയ കലാപരിപാടികളിലും തിളങ്ങിയതോടെ ശ്രദ്ധേയനായി. അഭിനയത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായിരുന്ന കൃഷ്ണപിള്ള തിരുവന്തപുരം എം.ജി കോളേജിൽ ബി.കോമിന് പഠിക്കുമ്പോൾ വിദ്യാർത്ഥി ഫെഡറേഷൻ നേതാവായിരുന്നു.
'എൻ്റെ മകനാണ് ശരി' എന്ന നാടകത്തിൽ മറ്റൊരു നടന് പകരക്കാരനായി കവി ഒ.എൻ.വി. കുറുപ്പിൻ്റെ ക്ഷണപ്രകാരം കെ.പി.എ.സി യിലെത്തിയ കൃഷ്ണപിള്ള പിന്നീട് 'നിങ്ങളെെന്ന കമ്മ്യൂണിസ്റ്റാക്കി' യടക്കം കെ.പി.എ.സിയുടെ ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടു.
മുടിയനായ പുത്രൻ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഏണിപ്പടികൾ തുടങ്ങി ഒട്ടേറെ സിനിമകളിലും കൃഷ്ണപിള്ള അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും സഹോദരനായ തോപ്പിൽ ഭാസി എഴുതിയതോ സംവിധാനം ചെയ്തതോ ആയ ചിത്രങ്ങളായിരുന്നു.അവസാന ചിത്രം മോചനം.
കൃഷ്ണപിള്ളച്ചേട്ടൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!