Image

ചോര മണക്കുന്ന സത്യങ്ങള്‍; രുധിരം-റിവ്യൂ

Published on 17 December, 2024
ചോര മണക്കുന്ന സത്യങ്ങള്‍; രുധിരം-റിവ്യൂ

അപര്‍ണ്ണ ബാലമുരളി, രാജ് ബി.ഷെട്ടി എന്നിവരുടെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ് നവാഗത സംവിധായകനായ ലിഷോ ജോണ്‍ ആന്റണി സംവിധാനം ചെയ്ത 'രുധിരം' എന്ന ചിത്രം. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെആദ്യാവസാനം ചോരകൊണ്ടെഴുതപ്പെട്ട ഒരു ചിത്രമെന്ന് നിസ്സംശയം പറയാം. ചോര മണക്കുന്ന കഥയില്‍ പലയിടത്തും മനുഷ്യന്‍ ജീവന് വേണ്ടിയുള്ള പിടച്ചില്‍ കാണാം. ഇതില്‍ ആരാണ് വേട്ടക്കാരന്‍, ആരാണ് ഇര എന്നൊക്കെ ചിന്തിച്ച് ഉത്തരം കണ്ടെത്താനുളള ഉത്തരവാദിത്വം പ്രേക്ഷകന് വിട്ടു കൊണ്ടാണ് സംവിധായകന്‍ കഥ അവതരിപ്പിക്കുന്നത്. സംവിധായകനും ജോസഫ് കിരണ്‍ ജോര്‍ജ്ജും ചേര്‍ന്നെഴുതിയ കരുത്തുറ്റ തിരക്കഥയാണ് ചിത്രത്തിന്റെ പ്‌ളസ് പോയിന്റ്.

കാരണമൊന്നും അറിയാതെ, താന്‍ ചെയ്ത തെറ്റെന്താണെന്ന് അറിയാതെ ഒരു മുറിയില്‍ ബന്ധനസ്ഥയാക്കപ്പെടുകയാണ് അപര്‍ണ്ണ ബാലമുരളി അവതരിപ്പിക്കുന്ന സ്വാതി എന്ന കഥാപാത്രം. തടങ്കലില്‍ കഴിയുന്ന ദിവസങ്ങളില്‍ അതിഭീകരമായ രീതിയില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങളിലൂടെ കടന്നുപോവുകയാണ് ആ പെണ്‍കുട്ടി. എന്നാലും ആത്മധൈര്യം ഒന്നു കൊണ്ടു മാത്രം അവള്‍ മുന്നോട്ടു പോവുകയാണ്. താന്‍ അകപ്പെട്ട തടങ്കലില്‍ നിന്നും എങ്ങനെയും രക്ഷപെടുക എന്നതാണ് അവളുടെ ശ്രമം. ഒരു വിധത്തിലാണ് അവള്‍ അവിടെ ജീവിക്കുന്നത്. ജീവിക്കാനും രക്ഷപെടാനുമുള്ള അവളുടെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് അവളുടെ പ്രിയപ്പെട്ട വളര്‍ത്തു നായ പീക്കുവാണ്.

ഡോ. മാത്യു റോസിയായി എത്തുന്ന രാജ് ബി.ഷെട്ടി അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകനെ ഞെട്ടിച്ചു കളഞ്ഞു. അലിവും അറിവും ഉള്ള മാന്യനായ ഡോക്ടറായാണ് രാജ് എത്തുന്നതെങ്കിലും പലപ്പോഴും അയാളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സംവിധായകന്‍ ശ്രമിക്കുന്നത് എന്നു കാണാം.

ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം ആദ്യം മുതല്‍ തന്നെ ആവേശം നിനിര്‍ത്തിക്കൊണ്ടാണ് മുന്നേറുന്നത്. ഇതില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. എന്തു കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നു പ്രേക്ഷകര്‍ ചിന്തിക്കുമെങ്കിലും സംവിധായകന്‍ അതിന് ഉത്തരം നല്‍കുന്നില്ല. മറിച്ച് വര്‍ത്തമാനകാലത്തില്‍ ഉത്തരമില്ലാത്ത അനേകം സംഭവങ്ങള്‍ വീണ്ടും കഥയില്‍ നടന്നു കൊണ്ടേയിരിക്കും. കഥാപാത്രങ്ങളുടെ ഭൂതകാലത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അനേകം സംശയങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും സ്‌ക്രീനില്‍ അതിന് മറുപടി പറയാന്‍ നില്‍ക്കാതെ വര്‍ത്തമാനകാലത്ത് നടക്കുന്ന സംഭവ വികാസങ്ങളിലൂടെ ദരൂഹതയുടെ ചുരുള്‍ അഴിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍പലതിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭൂതകാലത്തിലേക്ക് ക്യാമറ തിരിക്കുന്നില്ലെങ്കിലും വളരെ ചുരുക്കത്തില്‍ തന്നെ അവരുടെ ഭൂതകാലത്തെ കുറിച്ച് പറയുന്നുണ്ട്. സിനിമയുടെ ദുരൂഹതയും നിഗൂഢതയും അതേ പടി നിലനിര്‍ത്താന്‍ സംവിധായകന് ഇതിലൂടെ കഴിയുന്നു.

ഗരുഡ ഗമന ഋഷഭ വാഹന, ടര്‍ബോ തുടങ്ങിയ ചിത്രങ്ങളില്‍ അതിഗംഭീര പ്രകടനവുമായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ വില്ലന്‍ രാജ് ബി.ഷെട്ടി തന്റെ പതിവ് ഈ ചിത്രത്തിലും തെറ്റിച്ചില്ല. തന്റെ മുന്ഡകാല ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് രാജിന്റെ മാസ്മരിക പ്രകടനം. ഡോ.മാത്യു റോസി എന്ന പാവം കഥാപാത്രമായി സ്‌ക്രീനില്‍ നിറയുമ്പോഴും വില്ലത്തരങ്ങള്‍ കാണിക്കുന്നത് അയാളുടെ കുറ്റമല്ല, അയാള്‍ക്കും ഉള്ളില്‍ പേറി നടക്കുന്ന ഭൂതകാലമാണ് അയാളെ കൊണ്ട് തെറ്റുകള്‍ ചെയ്യിക്കുന്ന യഥാര്‍ത്ഥ വില്ലനെന്നും പ്രേക്ഷകര്‍തിരിച്ചറിയുന്നു. അപര്‍ണ്ണയ്ക്കും രാജ് ബി ഷെട്ടിയും കൂടാതെ എണ്ണം പറഞ്ഞ പ്രകടനം കാഴ്ച വച്ച മറ്റു രണ്ടു പേര്‍ കൂടി ചിത്രത്തിലുണ്ട്. മെമ്പര്‍ വര്‍ഗ്ഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുമാര ദാസും ഉമ കെ.പിയും. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ വന്ന ഉമയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടാന്‍ കഴിയുന്ന കഥാപാത്രമാണ് രുധിരത്തിലേത്. ഇവരെ കൂടാതെ വേറെ രണ്ടു പേര്‍ കൂടിയുണ്ട്. പീക്കു എന്ന വളര്‍ത്തു നായയും ഒരു കുഞ്ഞനെലിയും. രണ്ടു പേരുടെയും നോട്ടം പോലും ഏറെ കാര്യങ്ങള്‍ പറയാതെ പറയുന്നതാണ്. കുഞ്ഞനെലിയെ ഇത്ര സ്വാഭാവികതയോടെ സ്‌ക്രീനില്‍ എത്തിച്ച വി.എഫ്.എക്‌സ് ടീം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയരാന്‍കഴിവുള്ള ചെറുപ്പക്കാരനാണ് താനെന്ന് തെളിയിക്കാന്‍ നവാഗത സംവിധായനായ ജിഷോ ലോണ്‍ ആന്റണിക്ക് കഴിഞ്ഞു. ഒരു റിവഞ്ച് ത്രില്ലര്‍ സിനിമയ്‌ക്ക്വേണ്ട എല്ലാ ചേരുവയും കൃത്യമായ അനുപാത്തതില്‍ കൂട്ടിക്കര്‍ത്തിയൊരുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. #്ത്ര സൂക്ഷ്മമായി മാത്രം നോക്കിയാല്‍ കാണുന്ന അല്‍പ്പം ലാഗിങ്ങ്. അതും രണ്ടാം പകുതിയില്‍. ഒതൊഴിച്ചു നിര്‍ത്തിയാല്‍ ശരിക്കും പിരിമുറുക്കത്തോടെ മാത്രം കണ്ടിരിക്കാവുന്ന ചിത്രമാണ് രുധിരം. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മനുഷ്യര്‍ തമ്മിലുള്ള സംഘടനം പോലും തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു. ഒട്ടും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് രുധിരം.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക