Image

മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി യാഥാർഥ്യബോധത്തോടെ സ്ത്രീയെ വെളിപ്പെടുത്തുന്ന ചിത്രം: പൗളീന ബെർനിനി

എൻസി Published on 17 December, 2024
മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി യാഥാർഥ്യബോധത്തോടെ സ്ത്രീയെ വെളിപ്പെടുത്തുന്ന ചിത്രം: പൗളീന ബെർനിനി

 

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധേയമായി അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി'. മുഖമറിയാത്ത അനേകം സ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകളിലേക്ക് എത്താനുള്ള മാർഗം മാത്രമാവുകയായിരുന്നു താനെന്ന് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൗളീന ബെർനിനി പറഞ്ഞു.

മുഖം വെളിപ്പെടുത്താനാകാത്ത കുറേ സ്ത്രീകളുടെ യഥാർഥ ശബ്ദരേഖ മാത്രം കൈവശം വച്ചാണു സംവിധായികയായ ആന്റൊണെല്ല സുഡസാസി ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്കിറങ്ങുന്നത്. ഡോക്യുമെന്ററിയുടെ സ്വഭാവമുൾക്കൊണ്ട് നിർമിച്ച പരീക്ഷണ ചലച്ചിത്രമാണ് 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി'. ലൈംഗികതയെക്കുറിച്ചു രഹസ്യമായി മാത്രം സംസാരിക്കുന്ന, പുരുഷന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കുന്ന യാഥാസ്ഥിതിക സമൂഹത്തിലാണ് കഥ നടക്കുന്നത്. ഒരു സ്ത്രീ കഥാപാത്രത്തിലൂടെ മൂന്നു സ്ത്രീകളുടെ ശബ്ദം അവതരിപ്പിക്കപ്പെടുകയാണു ചിത്രത്തിൽ. 

ഒരു വീടിനുള്ളിൽ മാത്രമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ ഓർമകളുടെ കുമിളയ്ക്കുള്ളിൽ കഴിഞ്ഞുകൂടുന്ന ഓരോ സ്ത്രീയെപ്പറ്റിയും ചർച്ചചെയ്യുന്നുണ്ട്. ഐഎഫ്എഫ്കെയിൽ സിനിമ കാണുന്ന ഓരോരുത്തർക്കും ഇത് മനസിലാക്കാൻ സാധിക്കണമെന്നും ഓരോ മനുഷ്യനെയും ആഴത്തിൽ ഈ ചിത്രം സ്വാധീനിക്കണമെന്നും പൗളീന പറഞ്ഞു. നാളെ ഉച്ചയ്ക്ക് 2:15ന് ടാഗോർ തിയേറ്ററിലാണ് ചിത്രത്തിന്റെ അടുത്ത പ്രദർശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക