തിരുവനന്തപുരം:യുവതയുടെ ആഘോഷമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനം കൂടിയാണ് സിനിബ്ലഡിന്റെ വിജയമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.
മനുഷ്യ രക്തത്തിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഐഎഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടി മാനവികതടെയും മനുഷ്യ സ്‌നേഹത്തിന്റെയും പ്രതീകമാണ്. സ്‌നേഹത്തിന്റെ മാതൃകയാണു ചലച്ചിത്ര മേളയിൽ രക്തദാനത്തിലൂടെ കണ്ടത്. സിനിമ എന്നതു സാംസ്‌കാരിക പ്രവർത്തനത്തോടൊപ്പം ചേർന്ന സാമൂഹിക പ്രവർത്തനമായിമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിബ്ലഡിന്റെ പ്രവർത്തനം വരുംകാല ചലച്ചിത്ര മേളകളിലും തുടരും. രക്ത ദാന പ്രവർത്തനത്തിനു നേതൃത്വം നൽകിയ എല്ലാ പ്രവർത്തകരെയും ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും രക്തദാന പരിപാടിയിൽ പങ്കാളികളായി. ആർസിസി ബ്ലഡ് ബാങ്കിലെ ഡോ. വിജയലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു രക്തദാന പരിപാടി.
ആർസിസി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോൽബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്ത ദാന ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് ചലച്ചിത്ര അക്കാഡമി ചെയർമാൻ ഏറ്റുവാങ്ങി. ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ, കേരള പോലീസ് പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ, പോൽ ബ്ലഡ് സ്റ്റേറ്റ് കണ്ട്രോൾ റൂം സബ് ഇൻസ്പെക്ർ അനീഷ് എം.എസ്, ശ്യാം രാജ് എന്നിവർ പങ്കെടുത്തു.