തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ പി. ഭാസ്കരന്റെ സ്മരണകൾ ഉണർത്തി നീലക്കുയിലിന്റെ പ്രദർശനം നടന്നു. നീലക്കുയിലിൽ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനെ നിള തിയേറ്ററിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിൻ മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി. അജോയ് അർപ്പിച്ചു.
നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്കരൻ മാഷിന്റെ കൂടെ പ്രവർത്തിച്ചതിന്റെയും ഓർമ്മകളിൽ വിപിൻ മോഹൻ വാചാലനായി. ഭാസ്ക്കരൻ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തിൽ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്കരൻ നവോത്ഥാന കേരളത്തിന്റെ നായകനാണെന്ന് ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ അഭിപ്രായപ്പെട്ടു.
'മലയാള സിനിമയിലും ആകാശവാണിയിലെ പ്രവർത്തന രീതിയിലും സാഹിത്യ സംസ്ക്കാരത്തിന് രൂപം നൽകിയത് ഭാസ്കരൻ മാഷാണ്, മലയാള സിനിമയിൽ ആദ്യമായി തനതായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. എന്നാൽ ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓർമിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു' സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഭാസ്കരൻ മാഷിന്റെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടർന്ന് 'നീലക്കുയിൽ' പ്രദർശിപ്പിച്ചു.